ക്രിസ്തുശരീരത്തിന്റെ സാന്നിദ്ധ്യം

ക്രിസ്തുശരീരത്തിന്റെ സാന്നിദ്ധ്യം

പോള്‍ തേലക്കാട്ട്

"വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു" (യോഹ. 1:14) എന്നതു യോഹന്നാന്റെ സുവിശേഷത്തിന്റെ ദൈവശാസ്ത്ര ആധാരശിലയാണ്. ആദിയില്‍ ഉണ്ടായിരുന്ന വചനം ദൈവത്തോടുകൂടിയായിരുന്നു. ആ വചനം യേശുവില്‍ മാംസമായി. ശരീരവും ഭാഷയും തമ്മിലുള്ള ബന്ധമാണിവിടെ ശ്രദ്ധേയം. ക്രിസ്തുവാണു പ്രാഥമിക കൂദാശയെന്നു സഭ പഠിപ്പിക്കുന്നു. ഭാഷയാണു ശരീരമായി മാറുന്നത്. ദൈവം ലോകത്തില്‍ ശരീരമെടുത്തു. ദൈവികമായതു ലൗകികമായി. കൂസായിലെ നിക്കോളാസ് പഠിപ്പിച്ചതുപോലെ വിരുദ്ധങ്ങള്‍ ഇവിടെ സഹവസിക്കുന്നു. കൗദാശികതയും ഭാഷയുടെ പ്രശ്‌നമാകുന്നു. ഇതില്‍ ഉതപ്പുണ്ട്. ക്രൂശിക്കപ്പെട്ട ക്രിസ്തു ഉതപ്പായിരുന്നു. ദൈവം മരിക്കുന്ന ഭീകര ഉതപ്പ്.
ശരീരമെടുത്ത യേശു കുരിശില്‍ മരിച്ച് അടക്കപ്പെട്ടു. മഗ്ദലേന മറിയമാണു യോഹന്നാന്റെ സുവിശേഷത്തില്‍ അവന്റെ ശരീരം അന്വേഷിച്ചത്. അവള്‍ തോട്ടക്കാരനെ കണ്ടു. അവന്റെ ശരീരം എവിടെ വച്ചു എന്നുപറഞ്ഞാല്‍ താന്‍ അത് എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം എന്നും പറയുന്നു. ആകസ്മികമായി തോട്ടക്കാരന്‍ അവളെ വിളിച്ചു: "മറിയം." അവള്‍ ആ ഭാഷയില്‍ അവനെ തിരിച്ചറിഞ്ഞു. "എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക." ശരീരം കാണാതായ വിവരം അപ്പസ്‌തോലരെ അറിയിച്ചു. അവര്‍ക്കു യേശു പ്രത്യക്ഷമായി. പക്ഷേ, അതു സംശയിച്ച് അവന്റെ ശരീരത്തില്‍ തൊടണമെന്നു വാശി പിടിച്ചതു തോമസ് മാത്രമാണ് യോഹന്നാന്റെ സുവിശേഷത്തില്‍. സുവിശേഷങ്ങള്‍ നാലും അവസാനിക്കുന്നത് അവന്റെ ശരീരത്തിന്റെ അപ്രത്യക്ഷമാകലിലാണ്. "കാണാതെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍" എന്ന യേശുവാക്യത്തിലാണു യോഹന്നാന്റെ സുവിശേഷം അവസാനിക്കുന്നത്.
ശൂന്യമായ കല്ലറയും സ്വര്‍ഗാരോഹണവുംകൊ ണ്ട് അവസാനിക്കുന്ന സു വിശേഷങ്ങള്‍. പക്ഷേ നാ ലു സുവിശേഷങ്ങളും എഴുതിയത് ആ ശൂന്യതാബോധത്തിന്റെ സങ്കടത്തിലാണ്. അവര്‍ നാലുപേരും അവ ന്റെ ശരീരം ഉണ്ടാക്കുകയായിരുന്നു. വചനം മാംസമായവന്‍ അസന്നിഹിതിനായപ്പോള്‍ മാംസത്തെ അവര്‍ വചനമാക്കി സുവിശേഷങ്ങളെഴുതി. സുവിശേഷങ്ങള്‍ അവന്റെ വാക്കുകളും ചെ യ്തികളുമാണ്. യേശുവി ന്റെ കഥ കഴിഞ്ഞു എന്നു കരുതിയവര്‍ക്കു തെറ്റി. അ വന്റെ കഥ അവരുണ്ടാക്കി. ശരീരം അക്ഷരങ്ങളുടെ ശ രീരമായി. കൃതിയുടെ ശരീരവും ശരീരത്തിന്റെ കൃതി യും ഒന്നാകുന്നു. ഭാഷയെ പൂര്‍ണമായി ലൗകികമാക്കാനാവില്ല. ദൈവത്തെ നിശ്ശബ്ദനാക്കാനാവില്ല. ഭാഷ എന്തായിരിക്കുന്നു വോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതിന്റെ പിന്നില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ട്. യേശുവിന്റെ ശരീരത്തിന്റെ അസാന്നിദ്ധ്യത്തില്‍ അയയ്ക്കപ്പെട്ട അവന്റെ ആശ്വാസകന്‍ അവന്റെ ആത്മാവായിരുന്നു. പക്ഷേ, അത് അവന്റെ പ്രേതമായിരുന്നു (ഴവീേെ) എന്നും വായിക്കാം. അവന്റെ പിന്‍ഗാമികളെ അവന്‍ ആവസിച്ചു. അവര്‍ക്ക് അത്ഭുതകരമായ മാറ്റമുണ്ടായി. അവര്‍ക്കു ഭാഷാവരമുണ്ടായി.


അവന്റെ അന്ത്യഅത്താഴം ശിഷ്യഗണം അവന്റെ ഓര്‍മയാചരണത്തിന്റെ കര്‍മമാക്കി – അത് അവന്റെ സമ്മേളനങ്ങളുടെ അടിസ്ഥാന അനുഷ്ഠാനമായി. സഭ അവന്റെ മൗതികശരീരമായിരുന്നു. ആചാരാനുഷ്ഠാനം അവന്റെ ശരീരസാന്നിദ്ധ്യത്തിന്റെ കൂദാശയായി. അവന്റെ ശരീരത്തിന്റെ അസാന്നിദ്ധ്യത്തെ തരണം ചെയ്യുന്ന കൂദാശയാണിത്. കുര്‍ബാനയില്‍ വൈദികന്‍ അപ്പമെടുത്ത് ഉച്ചരിക്കുന്നു: "ഇത് എന്റെ ശരീരമാകുന്നു… വാങ്ങി ഭക്ഷിക്കുവിന്‍", "ഇത് എന്റെ രക്തമാകുന്നു… വാങ്ങി പാനം ചെയ്യുവിന്‍." ഇവിടെ വൈദികന്‍ യേശുക്രിസ്തുവിന്റ പാദുകങ്ങളില്‍ നിന്നാണ് ഇതു പറയുന്നത്. "പ്രകാശം ഉണ്ടാകട്ടെ" എന്നു ദൈവം പറഞ്ഞു; പ്രകാശം ഉണ്ടായി എന്നതുപോലുള്ള ഒരു ഭാഷ. അഥവാ സൃഷ്ടിയുടെ ഭാഷ. ഇവിടെ രൂപകങ്ങളും ബിംബങ്ങളും ഭരിക്കുന്നു. ബിംബങ്ങളുടെ ഭാഷണത്തിലൂടെ യാഥാര്‍ത്ഥ്യത്തെ പുനര്‍നിര്‍ണയിക്കുന്ന അധികാരം ഉണ്ടാകുന്നു.
ഇവിടെ അപ്പവും വീഞ്ഞും വസ്തുഭേദത്തിനു വിധേയമാകുന്നു. അതുെകാണ്ട് അവയുടെ ഫിസിക്‌സോ കെമിസ്ട്രിയോ മാറുന്നില്ല. അവയുടെ സത്യം മാറ്റപ്പെട്ടു. വിവാഹകര്‍മം ആശീര്‍വദിക്കുന്ന വൈദികന്‍ ഇതേ കര്‍മമാണു നിര്‍വഹിക്കുന്നത്. അന്യരായിരുന്ന സ്ത്രീയും പുരുഷനും ഭാര്യയും ഭര്‍ത്താവുമാകുന്നു. അവരില്‍ എന്തു മാറ്റമുണ്ടായി? അവരുടെ ലോകം മാറി, അവര്‍ മാറി. ഈ വസ്തുഭേദം ഭാഷയിലാണ്, അതു ലോകത്തിലാണ്. നമ്മുടെ ഭാഷയാണു നമ്മുടെ ഭവനം, അതാണു നമ്മുടെ ലോകമുണ്ടാക്കുന്നത്. പണിക്കാര്‍ ഉപേക്ഷിച്ച കല്ലു മൂലക്കല്ലായി (മര്‍ക്കോ. 12;10). അതു "തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയുടെ പാറയു"(1 പത്രോ. 2:8)മായി. തട്ടിവീഴുന്ന പാറയായി മാറുന്നത് അവന്റെ കൂദാശയാണ്, അവന്റെ ശരീരമാണ്, അവന്റെ ശരീരത്തിന്റെ സ്ഥാപനമാണ്, അവന്റെ വചനങ്ങളാണ്, ചരിത്രത്തിലെ സംഭവങ്ങളാണ്. എല്ലാറ്റിനെയും തട്ടിമറിക്കാന്‍ കഴിയുന്ന സാന്നിദ്ധ്യമാണ് അവന്റെ പേരിലുള്ള കൂട്ടായ്മയുണ്ടാക്കുന്നത്. ഈ കൂദാശ നഷ്ടപ്പെട്ട സാന്നിദ്ധ്യത്തെ വീണ്ടെടുക്കുന്നു. നിരാശയെയും ശൂന്യതയെയും തുടച്ചുനീക്കുന്നു. കാല്പനികമായതും സത്യമാണ്. പുതിയ നിയമം സാഹിത്യ ഭാഷയിലായതുകൊണ്ട് അതില്‍ സത്യമുണ്ട്. അതില്‍ വസ്തുതകളുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org