പൊതിച്ചിലില്ലാത്ത സത്യം!

പൊതിച്ചിലില്ലാത്ത സത്യം!

പോള്‍ തേലക്കാട്ട്

വിശുദ്ധ അഗസ്റ്റിന്‍ തന്റെ പള്ളിപ്രസംഗങ്ങളില്‍ നിരന്തരം പ്രയോഗിക്കുന്ന ഒരു പദമാണ് "പൊതിച്ചില്‍" (Involucrum) ഇന്ന് നാം ജീവിക്കുന്ന ലോകത്തില്‍ എല്ലാം പൊതിഞ്ഞു കൊടുക്കണം. പൊതിച്ചിലാണ് പ്രാധാന്യം. എല്ലാ കലകളും പൊതിച്ചിലിനു ഉപയോഗിക്കുന്നു. പൊതിച്ചിലിന്റെ പ്രത്യക്ഷമില്ലാത്ത ചരക്കുകളില്ല. അഗസ്റ്റിന്റെ ഈ പ്രയോഗം ഭാവനാപൂര്‍വ്വകവും അലങ്കാരപ്രദവുമാണ്. സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒന്‍പതു പ്രാവശ്യവും ജനങ്ങളോടുള്ള പ്രസംഗങ്ങളില്‍ ആറ് പ്രാവശ്യവും ഇതാവര്‍ത്തിക്കുന്നു. ഈ വാക്കിനര്‍ത്ഥം, മറ, പൊതിച്ചില്‍ എന്നിവയാണ്. എല്ലാം പൊതിഞ്ഞു പറയുന്നു. ബൈബിളിന്റെ ലത്തീന്‍ ഭാഷയിലുള്ള തര്‍ജ്ജമയായ വുള്‍ഗാത്ത ബൈബിളില്‍ ഈ പദമുണ്ട് പലയിടങ്ങളിലായി. (ഉദാ. എസക്കിയേല്‍ 27:20).

ഒരു പരിധിവരെ പൊതിച്ചില്‍ വ്യാജ പ്രകടനമായി മാറും. അംബ്രോസ് ശരീരത്തെ ആത്മാവിന്റെ പൊതിച്ചിലാണ് എന്നു വിവക്ഷിക്കുന്നു. ദൈവവചനം അതിന്റെ വശ്യതയോ മഹത്വമോ ഇല്ലാതെ പ്രത്യക്ഷമാകുന്നു. ക്രിസ്തുവിന്റെ പ്രത്യക്ഷം ഇങ്ങനെ മഹത്വപ്രഭയില്ലാത്ത പ്രത്യക്ഷമായി കാണാം. ഒരു എഴുത്ത് കൂട്ടില്‍ അടക്കം ചെയ്തുവരുമ്പോള്‍ അതിന്റെ ശോഭ പ്രകടമല്ല. അലെപിയൂസ് മനിക്കേയന്‍ അന്ധവിശ്വാസത്തിന്റെ പൊതിച്ചിലില്‍ പ്രത്യക്ഷമാകുന്നതിനെപ്പറ്റി അഗസ്റ്റിന്‍ പറയുന്നു. ദൈവം എല്ലാം പ്രാഥമികമായ പൊതിച്ചിലിലാണ് സൃഷ്ടിക്കുന്നത്. വ്യാഖ്യാന നടപടി പൊതിച്ചില്‍ അഴിച്ചുമാറ്റി കാണലാണ്. കുരിശും ക്രൂശിതനും അദ്ദേഹത്തിനു പൊതിച്ചിലാണ്. അവയില്‍ "ജ്ഞാനത്തിന്റെയും അറിവിന്റെ നിധികള്‍ ഒളിഞ്ഞു കിടക്കുന്നു" (കൊറോ. 2:3).

അഗസ്റ്റിന്‍ ക്രിസ്തുവിനെ പരിഹസിക്കുന്നവര്‍ക്കെതിരെ എഴുതി. "അവര്‍ എന്തിനാ പരിഹസിക്കുന്നേ? പുറത്തു ചുറ്റിയിരിക്കുന്ന അര്‍ത്ഥശൂന്യമായ പഴംതുണിയാണ്. അകത്തു ഒളിഞ്ഞിരിക്കുന്ന നിധി അവര്‍ കാണുന്നില്ല. മാംസം കാണുന്നു, മനുഷ്യനെ കാണുന്നു, കുരിശു കാണുന്നു, മരണം കാണുന്നു, അവ അവര്‍ വെറുക്കുന്നു." എങ്കിലും പൊതിച്ചില്‍ എറിഞ്ഞു കളയാനുള്ളതല്ല, അവ അടയാളങ്ങളാണ്. ക്രിസ്തുവിന്റെ തനിമയിലേക്കു കടന്നുചെല്ലാനുള്ള അടയാളങ്ങള്‍. അടയാളങ്ങളുടെ പൊതിച്ചിലിന്റെ ഭാഷയെക്കുറിച്ച് ലൂഥര്‍ എഴുതി "ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആരും ഈ പുറംരൂപങ്ങളും അടയാളങ്ങളും പൊതിച്ചിലുകളും മുറുകെപിടിക്കുന്നു. അവ ദൈവത്തിന്റെ വചനങ്ങളും കര്‍മ്മങ്ങളുമാണ്. ഈ പൊതിച്ചില്‍ കൂടാതെ ദൈവത്തിലേക്കു നേരിട്ട് എത്താന്‍ ശ്രമിക്കുന്നവര്‍ അവ കൂടാതെ, കോവണിയില്ലാതെ ഉയരട്ടെ. അവിടത്തെ മഹത്വങ്ങള്‍ അത്ഭുതകരമായി ഈ പൊതിച്ചിലില്ലാതെ ഗ്രഹിക്കുന്നു, പൊതിച്ചിലുകള്‍ വീണു തകരുന്നു. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ ഈ തിരശ്ശീലയും പൊതിച്ചിലും ദൈവത്തിനു ആവശ്യമാണ്. അവന്‍ പറയുന്നു. "നോക്കൂ, നീ പൊതിച്ചിലിന്റെ പിന്നില്‍ തീര്‍ച്ചയായും എന്നെ ലഭിക്കും. നാം പൊതിച്ചില്‍ ആലിംഗനം ചെയ്യുമ്പോള്‍, ആരാധിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ബലിയര്‍പ്പിക്കുമ്പോള്‍ നാം ദൈവത്തോടാണ് ശരിക്കും പ്രാര്‍ത്ഥിക്കുന്നതും ബലിയര്‍പ്പിക്കുന്നതും."

പേരുകളുടെ കടലില്‍നിന്നു നമുക്കു മുക്തിയുണ്ടോ? അറിവിന്റെ സാമൂഹ്യശാസ്ത്രപ്രകാരം അറിവ് സാമൂഹികമായി നാം പരുവപ്പെടുത്തി ഉണ്ടാക്കുന്നതാണ്. അര്‍ത്ഥഘടന ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. ഒരുവനെക്കുറിച്ച് സമൂഹം ഉണ്ടാക്കുന്ന ധാരണകളാണ് ലഭിക്കുന്നത്. അയാള്‍ അജ്ഞാതനായി തുടരും. ഭാഷ ജനിക്കുന്നതു അനുദിനബന്ധങ്ങളിലൂടെയാണ്. സാമൂഹികമായ ഭാഷയിലൂടെ മാത്രമേ അതു പറയാനാകൂ. നിരന്തരമായ പൊതിച്ചിലുകള്‍ അടിസ്ഥാനമായി തീരുമാനിക്കുന്ന വിധികളാണ്. അന്ത്യവിധികളാണ് എല്ലാം. ആ വിധി ഒരു കാഴ്ചപ്പാടാണ്. അതു പ്രസ്താവന മാത്രമല്ല, ഒരു ജീവിതനിശ്ചയമാണ്. അതിന്റെ അടിസ്ഥാനം പൊതിച്ചില്‍ ഇല്ലാതെയും അവ മാറ്റിയും അറിയാനാവുമോ? കാന്റ് പറഞ്ഞിട്ടുള്ളതുപോലെ ഏതു കാര്യവും കാണുകയും അറിയുകയും ചെയ്യുന്നതു മനസ്സിന്റെ കാലാസ്ഥലം പോലുള്ള അടിസ്ഥാന ഘടനകളിലൂടെയാണ്. ഇവയിലൂടെയല്ലാതെ ഒന്നും അറിയാനാവില്ല. പ്രത്യക്ഷങ്ങളുടെ പൊതിച്ചിലിലൂടെ മാത്രമേ കാര്യം കാണാനാകൂ. പൊതിച്ചിലാണ് സാധാനം ഉണ്ടാകുന്നത്. സാധാരണങ്ങള്‍ ഉണ്ടാക്കിയ പൊതിച്ചിലാണെങ്കില്‍ അറിവും കൂടുതല്‍ സത്യസന്ധമാകും. പൊതികള്‍ കൊണ്ട് കാര്യത്തെ മറയ്ക്കുന്ന തട്ടിപ്പും നടക്കാം. പൊതിച്ചില്‍ വഴി തെറ്റിക്കാനുള്ള തട്ടിപ്പിന്റെയാകാം.

ഒരു പിരിധികഴിയുമ്പോള്‍ പൊതിച്ചിലും അതിന്റെ ഭാഷയും വിക്കാന്‍ തുടങ്ങും. പ്രത്യക്ഷം അര്‍ത്ഥപൂര്‍ണ്ണമായ മൗനത്തിലാകും. അവസാനം വിശദീകരിക്കാനാവാത്തതില്‍ എത്തുമ്പോള്‍ പൊതിച്ചിലുകള്‍ അപ്രസക്തമാകും. പറച്ചിലും അറിവും പേരും ഇല്ലാതാകും. കാണാന്‍ നാം ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കാണപ്പെടുന്ന യാഥാര്‍ത്ഥ്യത്തെ കാണിക്കുകയാണ്. ഈ മാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് കാണാനാവില്ല. ആ മാര്‍ഗ്ഗങ്ങള്‍ ഒരു പരിധി വരെ കാണുന്നതിനെ കാണിക്കുകയാണ്. ഈ മാര്‍ഗ്ഗങ്ങള്‍, ഉപാധികള്‍, കാണപ്പെടുന്നതിനെ നിശ്ചയിക്കാന്‍ കാരണമാകുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നുതന്നെയാണ് മറുപടി. അറിവിന്റെ വസ്തുനിഷ്ഠത പരിശോധിച്ചാലും യാഥാര്‍ത്ഥ്യം നമ്മോടു സംസാരിക്കുമ്പോള്‍ അതിന്റെ ഭാഷയിലാണോ നമ്മുടെ ഭാഷയിലാണോ അതു ചെയ്യുന്നത്? എല്ലാ അറിവിലും അറിയാത്ത ഒരു രഹസ്യമുണ്ട്. അറിവില്‍ ഒരു വിശ്വാസവുമുണ്ട്. ഇതൊക്കെ പൊളിച്ചുമാറ്റി അറിവില്ല. അറിഞ്ഞ ദൈവം ദൈവമല്ല. ഇത് പല മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാം. അറിഞ്ഞതൊക്കെ ആപേക്ഷികമാണ് എന്നതാണ് സത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org