കുട്ടികളില്ലാതെ ഭാവിയില്ല

കുട്ടികളില്ലാതെ ഭാവിയില്ല

പോള്‍ തേലക്കാട്ട്

ഉത്തര്‍പ്രദേശ് സംസ്ഥാനം ജനനനിയന്ത്രണം സംബന്ധിച്ച ബില്ലിന്റെ കരടുരേഖയില്‍ രണ്ടു കുട്ടികളായി കുടുംബങ്ങളെ നിയന്ത്രിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമടക്കം പല പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ രണ്ടു കുട്ടികള്‍ എന്ന നിര്‍ബന്ധം പാലിക്കാത്തവര്‍ക്ക് ശിക്ഷാനടപടികളും ഉള്‍ക്കൊള്ളുന്നു.

പാലാ രൂപത നാലും നാലില്‍ കൂടുതലും കുട്ടികള്‍ ജനിപ്പിക്കുന്ന ദമ്പതികള്‍ക്കു മാസം 1500 രൂപ സഹായം, ആ കുട്ടികള്‍ക്കു പാലാ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തുടങ്ങിയ പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യത്തേതു ബി.ജെ.പി. സര്‍ക്കാരിന്റെ മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ളതും മനുഷ്യജന്മം നിഷേധിക്കുന്നതു സമ്മാനാര്‍ഹമാക്കുന്നതുമായ നിയമനിര്‍വ്വഹണത്തിന്റെ ആരംഭം. കേരളത്തിലെ ഈ കത്തോലിക്കാ രൂപതയില്‍ നേരെ വിപരിതമായ സമീപനം. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പവിത്രമായ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഇടിച്ചുകയറുമ്പോള്‍ രൂപത പ്രോത്സാഹനം എന്ന പേരില്‍ കടന്നുകയറുന്നുണ്ടോ എന്നു സംശയിക്കുന്നവര്‍ അതിനെതിരെ വിമര്‍ശനവുമായി പൊതുസമൂഹത്തിലുണ്ട്. ഇത് സഭയുടെ സ്വാകാര്യപ്രശ്‌നമാണെന്നും അതില്‍ പൊതുസമൂഹം ഇടപെടാന്‍ പാടില്ല എന്നും കത്തോലിക്കാസഭയിലെ മാധ്യമ ജാഗ്രതക്കാര്‍ പറയുന്നതായി കണ്ടു. ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീപ്രവേശനം അവരുടെ മാത്രം സ്വകാര്യപ്രശ്‌നമല്ലേ? ഒരു കൂട്ടം ആളുകള്‍ പശുമാംസം കൈയില്‍ വച്ചവരെ തല്ലിക്കൊല്ലുന്നതും സ്വകാര്യപ്രശ്‌നമാണോ? ജനനനിയന്ത്രണത്തെ സംബന്ധിച്ചും ജനനനിരക്കിന്റെ കാര്യത്തിലും കത്തോലിക്കാ സഭയ്ക്കു പൊതുസമൂഹത്തോട് ഒന്നും പറയാനില്ലേ?

ജനനനിരക്കില്‍ കാര്യമായ കുറവുണ്ടാകുന്നു എന്നത് ആരേയും ആശങ്കെപ്പടുത്തേണ്ടതാണ്. ഇന്ത്യയില്‍ 1941-ല്‍ 1,14,000 പാര്‍സികള്‍ ഉണ്ടായിരുന്നെങ്കില്‍ 2011-ല്‍ അവര്‍ 57,264 പേര്‍ മാത്രമായി മാറി. പാര്‍സികളുടെ ജനനനിരക്ക് 0.8 ആണ്. അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കാത്തത് അവര്‍ ദരിദ്രരായതുകൊണ്ടാണോ? ഇന്ത്യയിലെ ഏറ്റവും സമ്പന്നവിഭാഗമാണവര്‍. 2021 മേയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: "ജീവനെ സ്വാഗതം ചെയ്യാത്തവര്‍ ജീവിക്കുന്നില്ല." "പ്രജനനപരമായ ഗ്രീഷ്മം" നേരിടുന്ന ഇറ്റലിയെ സംബന്ധിച്ചും യൂറോപ്പിനെക്കുറിച്ചുമായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. മാര്‍പാപ്പ കത്തോലിക്കരുടെ ജനനനിരക്ക് താഴുന്നതിനെക്കുറിച്ചല്ല പറഞ്ഞത്. ഓരോ സമൂഹത്തിന്റെയും ഭാവി അവരുടെ മക്കളിലാണ്.

ഒരു സമൂഹത്തിന്റെ പ്രജനന നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ മൂന്നാണ്. സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസപരമായ ഉയര്‍ച്ച, മതപരമായ മൂല്യങ്ങള്‍. സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും കൂടുന്നതിനനുസരിച്ചു ജനനനിരക്ക് കുറയുകയാണ്. പല സമ്പന്ന രാജ്യങ്ങളിലേയും സ്ഥിതി മരിക്കുന്നിടത്തോളം പേര്‍ ജനിക്കുന്നില്ല എന്നതാണ്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ ഏറ്റവും താഴ്ന്ന ജനനനിരക്കുള്ളവര്‍ മാര്‍ത്തോമ്മ സഭയിലെ ജനങ്ങളാണ്. ഏറ്റവും ഉയര്‍ന്ന ജനനിരക്കുള്ളതു ലത്തീന്‍ കത്തോലിക്കരുടെ ഇടയിലുമാണ്.

ജനന നിരക്കു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ് കരിയര്‍ സംബന്ധമായ താത്പര്യങ്ങള്‍. പ്രത്യേകിച്ചു സ്ത്രീകളുടെ ഇടയില്‍ ഉദ്യോഗം, പദവികള്‍ എന്നിവയിലുള്ള വ്യഗ്രതയും താത്പര്യങ്ങളും കുട്ടികളെ പ്രസവിച്ചു പോറ്റാന്‍ സമയമില്ലാതാകുന്ന പ്രതിസന്ധിയുള്ളവരുണ്ട്. ഒപ്പം കുട്ടികള്‍ ഒരു ശല്യമായി മാറുന്ന മാനസ്സിക പ്രതിസന്ധിയും സമൂഹത്തിലുണ്ട്. ഇതു സൂചിപ്പിച്ചുകൊണ്ടാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരണസംസ്‌ക്കാരത്തെക്കുറിച്ചു പറഞ്ഞത്. ഈ മരണസംസ്‌ക്കാരത്തിന്റെ കടന്നുവരവ് നമ്മുടെ സമൂഹത്തിലും കത്തോലിക്കരുടെ ഇടയിലും ഇല്ല എന്നു പറയാനാവില്ല.

ജനനനിരക്കിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് മതവിശ്വാസങ്ങളും മൂല്യബോധവും. ഈ മൂല്യപരിഗണന നടത്തിയ 73 രാജ്യങ്ങളില്‍ വളരെ സെക്കുലര്‍ രാജ്യങ്ങളില്‍ ജനനനിരക്ക് 2.8, സാധാരണ മതവിശ്വാസികളുടെ ഇടയില്‍ അതു 3.3, വളരെ തീക്ഷ്ണമായ മതബോധമുള്ളവരുടെ ഇടയില്‍ 5.4 എന്നതാണ്. കത്തോലിക്കാ സഭയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും ഗര്‍ഭനിരോധന ഉപാധികള്‍ എന്നിവയെക്കുറിച്ച് സ്വാധീനം എത്രമാത്രമുണ്ട് എന്ന് അന്വേഷിക്കുന്നത് ഈയവസരത്തില്‍ ഉചിതമായിരിക്കും. മതസ്വാധീനം മൂല്യസ്വാധീനമാണ്. അതു സമുദായപ്രശ്‌നമോ ഗോത്രപ്രശ്‌നമോ ആക്കരുത്. മൂല്യങ്ങളുടെ തലത്തിലാണ് സഭ പ്രവര്‍ത്തിക്കേണ്ടതും; ക്രിസ്തുവിന്റെ ത്യാഗത്തിന്റെ വഴിയിലാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിക്കേണ്ടതും.

കുഞ്ഞുങ്ങള്‍ ദമ്പതികള്‍ക്കു ദൈവദാനമാണ്. ഈ ദാനം സ്വീകരിക്കുന്ന ദമ്പതികള്‍ അതിന്റെ ഉത്തരവാദിത്വമാണ് ദൈവതിരുമുമ്പില്‍ നടത്തുന്നത്. വിശുദ്ധമായ ഈ മൗലികസ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും മണ്ഡലത്തിലേക്ക് ആരും പണത്തിന്റെ സ്വാധീനവും പ്രലോഭനവുമായി കടന്നുചെല്ലരുത്. സഭയുടെ ഏറ്റവും മൗലികമായ ഉത്തരവാദിത്വം ദമ്പതികളുടെ ഈ ഉത്തരവാദിത്വ മണ്ഡലം ഏറ്റവും പവിത്രമായി സംരക്ഷിക്കുകയാണ്. സഭ ഒരു കാരണവശാലും ഈ വിശുദ്ധ വേദിയിലേക്ക് പണത്തിന്റെ സഹായവുമായി കടന്നു ചെല്ലാതിരിക്കുന്നതാണ് മഹത്വപരം. പ്രത്യക്ഷമായോ പരോക്ഷമായോ ആര് കടന്നുചെല്ലാന്‍ ശ്രമിച്ചാലും അതിനെതിരെ ശബ്ദിക്കാനും സഭയ്ക്കു കഴിയണം. സഭാ സമൂഹത്തില്‍ സാമ്പത്തിക ക്ലേശങ്ങള്‍ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും ഉള്ളിടങ്ങളില്‍ സഭ സഹായവുമായി എത്തേണ്ടതാണ്. പക്ഷെ ഈ സഹായം പ്രജനനത്തിന്റെ ഒരു പാരിതോഷികമായി അവതരിപ്പിക്കപ്പെടാതിരിക്കുന്നതാണ് വിവേകപരമായ വിശുദ്ധ സമീപനം. ആരേയും സഹായിക്കുമ്പോള്‍ അവര്‍ക്കു അഭിമാനക്ഷതം വരാതിരിക്കാന്‍ സഹായിക്കുന്നവര്‍ ശ്രദ്ധക്കേണ്ടതാണ്. ആ രൂപതയില്‍തന്നെ കത്തോലിക്കാ സഭയില്‍ അംഗമല്ലാത്തവരും കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തിക വിഷമതകള്‍ അനുഭവിക്കുന്നവരുമില്ലേ? അവര്‍ ഇതിനെ എങ്ങനെ കാണും? ബോധപൂര്‍വ്വം ഞങ്ങള്‍-നിങ്ങള്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ഇടകൊടുക്കുന്നതായി ഇത് വായിക്കപ്പെട്ടു. സഭ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഷയില്‍ നാര്‍സിസിസ്റ്റ് ആയി – സഭ സഭയ്ക്കു വേണ്ടി മാത്രമാണ് എന്ന പ്രതീതി ജനിപ്പിച്ചു. സഭയ്ക്ക് ലോകത്തോടും ഒരു ബാധ്യതയുണ്ട്, സഭ വെറും സമുദായമാകരുത്. മൂല്യങ്ങളും മൂല്യബോധവും ഉണ്ടാക്കാന്‍ കഴിയാത്തതും പണം അതിനു പകരമാകുന്നതുമായ ഒരു സഭയായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ സഭാനേതൃത്വം ശ്രദ്ധിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org