നേര്‍ത്തു പോകുന്ന പ്രവാചക സ്വരങ്ങള്‍

നേര്‍ത്തു പോകുന്ന പ്രവാചക സ്വരങ്ങള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

പഴയനിയമ, പുതിയ നിയമ കാലഭേദമെന്യേ ദൈവജനത്തിന്റെ ശക്തമായ ഉള്‍പ്രേരകമാണ് അതിന്റെ പ്രവാചക ഗുണം. സഭയുടെ ചാലകശക്തിയായ പരിശുദ്ധാത്മാവിന്റെ ഗുണങ്ങള്‍ക്ക് ഈശോ കല്പിച്ചുകൊടുത്തത് പ്രവാചകഭാഷ്യമാണ്. അവന്‍ പാപത്തെക്കുറിച്ച് ലോകത്തെ വിധിക്കും… വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ പ്രഖ്യാപിക്കും… അവന്‍ മനുഷ്യരെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും… (യോഹ. 16:8-11). ദൈവ ജനസമൂഹങ്ങളില്‍ എല്ലാവരും പ്രകടമായ രീതിയില്‍ പ്രവാചകന്മാര്‍ ആയിരുന്നില്ല. പക്ഷേ, അവക്ക് ശക്തമായ പ്രവാചക ഗുണം ഉണ്ടായിരുന്നു. ദൈവ ഭരണത്തിനു വിരുദ്ധമായ എന്തിനെയും, ആരെയും അവര്‍ എതിര്‍ത്തു; തള്ളിപ്പറഞ്ഞു; വിധിച്ചു. സമകാലിക വിശ്വാസ സമൂഹങ്ങളിലും കുടുംബങ്ങളിലും ഇത്തരത്തിലുള്ള പ്രവാചക പ്രകാശവും ലവണാംശവും കുറഞ്ഞുപോകുന്നോ എന്ന് നാം ഭയപ്പെടണം.

എല്ലാ മതങ്ങളിലും അവരുടേതായ വിശ്വാസബോധ്യങ്ങളനുസരിച്ച് തിന്മയെ തള്ളിക്കളയുന്നതരം പ്രവാചക സ്വരമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ശക്തമായ രീതിയില്‍ സമരസ പ്പെടലിന്റെ (conformism) അരൂപി മതങ്ങളില്‍ വര്‍ത്തിക്കാറുണ്ട്. അധികാരകേന്ദ്രങ്ങളുടെ തീര്‍പ്പുകളോടും നാട്ടുനടപ്പുകളോടും ഭൂരിപക്ഷവികാരങ്ങളോടും പ്രയോജനകരമായ കൂട്ടുകെട്ടുകളോടും സമരസപ്പെടാനുള്ള പ്രലോഭനമാണത്. അണയാത്ത പ്രവാചകത്തീ ഉള്ളിലുള്ള മതങ്ങള്‍ക്കു മാത്രമേ ഈ പ്രലോഭനത്തെ മറികടക്കാന്‍ കഴിയൂ. ക്രിസ്തീയ സമൂഹങ്ങള്‍ക്ക് രക്ഷകനായ ക്രിസ്തുവിന്റെ പ്രവാചകശബ്ദം ബോധ്യമായും വഴികാട്ടിയായും മുന്നിലുണ്ട്. എന്നിട്ടും നിര്‍ ഭാഗ്യവശാല്‍ ക്രിസ്തീയസമൂഹങ്ങള്‍ അതിന്റെ പ്രവാചക ദൗത്യം മറന്ന് സൗകര്യപ്രദമായവയോട് സന്ധിചെയ്യാന്‍ പല ഘട്ടങ്ങളിലും ഇടയാകുന്നുണ്ട്.

ക്രിസ്തീയ യുവജനങ്ങളില്‍, യുവവൈദികര്‍ ഉള്‍പ്പെടെയുള്ളവരില്‍, പ്രവാചക ആഭിമുഖ്യം കുറയുകയാണോ കൂടുകയാണോ എന്ന് നാം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും വേവലാതിപ്പെടുന്നവരുടെ താളംതെറ്റിയ ഹൃദയമിടിപ്പ് സഭാസമൂഹത്തെ ചൂടുപിടിക്കുന്നുണ്ടോ എന്നതാണ് ഒരു വിഷയം. ഇത്തരം ആഭിമുഖ്യം ഉള്ളവര്‍ ആരുമില്ല എന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ, അവരുടെ എണ്ണം ഗണ്യമായി ഉയരുന്നില്ല എന്നത് സത്യമാണ്. ഇന്നാട്ടില്‍ നടക്കുന്ന നീതിലംഘനങ്ങളും ചൂഷണങ്ങളും കണ്ട് അസ്വസ്ഥമാകാത്ത ക്രിസ്തീയ സമൂഹങ്ങളില്‍ പ്രവാചകത്വം ഉറക്കത്തിലാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷകസമരത്തോട് കേരളത്തില്‍നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഇല്ലാത്തതിനു ഒരു കാരണമേയുള്ളൂ. അത് നമ്മെ ബാധിക്കുന്ന വിഷയമല്ല എന്ന തോന്നല്‍. പരിസ്ഥിതിലോല പ്രദേശങ്ങള്‍ വേര്‍തിരിച്ചു സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ കേരളത്തില്‍ പലയിടത്തും സമരങ്ങള്‍ നടന്നു; ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: സ്വന്തം ഭൂമി അപകടത്തിലാകും എന്ന നില വന്നപ്പോള്‍ തെരുവില്‍ ഇറങ്ങിയവരാണ് ഇതില്‍ അധികംപേരും. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും നിലകൊള്ളാനും നമുക്കുള്ള വിമുഖത പ്രവാചകത്വം ചത്തുമലച്ചിരിക്കുന്നു എന്നതിന്റെ ചീഞ്ഞ അടയാളമാണ്. നമ്മുടെ സംസ്ഥാനത്ത് പ്രാദേശികമായി ഒട്ടേറെ ജനകീയസമരങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ സജീവമായി പങ്കെടുക്കുന്നവരുണ്ട്. അവരുടെ സാന്നിധ്യവും ശ്രമവും കണ്ട് ഇവനൊന്നും വേറെ പണിയില്ലേ എന്ന് ചോദിക്കുന്നവര്‍ ദൗത്യത്തെ സ്വാര്‍ത്ഥതയ്ക്ക് പണയം വച്ച തലമുറയാണ്. പ്രവാചകത്വം നഷ്ടപ്പെട്ടാല്‍ സഭ ലോകത്തില്‍ ഉറകെട്ടുപോയ ഉപ്പാണ്.

മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി
സംസാരിക്കാനും നിലകൊള്ളാനും
നമുക്കുള്ള വിമുഖത പ്രവാചകത്വം
ചത്തുമലച്ചിരിക്കുന്നു എന്നതിന്റെ
ചീഞ്ഞ അടയാളമാണ്.
നമ്മുടെ സംസ്ഥാനത്ത് പ്രാദേശികമായി
ഒട്ടേറെ ജനകീയസമരങ്ങള്‍ നടക്കുന്നുണ്ട്.
അതില്‍ സജീവമായി പങ്കെടുക്കുന്നവരുണ്ട്.
അവരുടെ സാന്നിധ്യവും ശ്രമവും കണ്ട്
ഇവനൊന്നും വേറെ പണിയില്ലേ എന്ന്
ചോദിക്കുന്നവര്‍ ദൗത്യത്തെ
സ്വാര്‍ത്ഥതയ്ക്ക് പണയം വച്ച
തലമുറയാണ്. പ്രവാചകത്വം
നഷ്ടപ്പെട്ടാല്‍ സഭ ലോകത്തില്‍
ഉറകെട്ടുപോയ ഉപ്പാണ്.

മൂന്ന് കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പ്രവാചകത്ത്വത്തെക്കുറിച്ചുള്ള ഏത് പരാമര്‍ശവും അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും. ഒന്ന്, എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതുന്നവരുടെ എടുത്തുചാട്ടമല്ല പ്രവാചകഗുണത്തിന്റെ കാതല്‍. സമരമൊന്നുമില്ലാത്തതു കൊണ്ട് ഒരു രസമില്ല എന്ന മട്ടില്‍ കഴിയുന്നവരുടെ നേരമ്പോക്കല്ല പ്രവാചകത്വം. സത്യത്തോടും നീതിയോടും മനുഷ്യമഹത്വത്തോടുമുള്ള പ്രതിബദ്ധതയാണത്.

രണ്ട്, പ്രവാചകന്‍ എന്നാല്‍ ജന്മനാ സമരസന്തതി, വളയമില്ലാതെ ചാടുന്നവന്‍, എല്ലാ സംവിധാനങ്ങളും തകര്‍ക്കണം എന്ന് വാദിക്കുന്ന വിപ്ലവകാരി (anarchist) എന്നല്ല അര്‍ത്ഥം. പ്രവാചകത്വം ഒറ്റയ്ക്കു നില്ക്കുന്ന പുണ്യമല്ല. സത്യം, നീതി എന്നിവയോടൊപ്പം സ്‌നേഹം, കരുണ, അനുരഞ്ജനം എന്നിവകൂടി പരിഗണിക്കുന്നതാണത്. തീപ്പൊരി പ്രവാചകന്മാരെ ഇത് അസ്വസ്ഥരാക്കും എന്നറിയാം. വാളെടുത്തോ, പക്ഷേ വെട്ടരുത് എന്ന് പറഞ്ഞാലെങ്ങനെയാണ് എന്ന് ചോദിക്കുന്നവരുണ്ടാകും. ഇതിനുള്ള ഉത്തരമാണ് അടുത്ത കാര്യം.

മൂന്ന്, ക്രിസ്ത്യാനിയുടെ പ്രവാചകഗുണത്തിന്റെ പ്രേരണയും മാതൃകയും ക്രിസ്തുവാണ്. അവനെ പ്രവാചകനായാണ് അവന്റെ സമകാലികര്‍ കൂടുതലും മനസ്സിലാക്കിയത്. അവന്റെ ഏറ്റവും വലിയ പ്രവാചകപ്രവൃത്തിയായിരുന്നു കുരിശിലെ മരണം. എതിരാളികളെ അരിഞ്ഞുവീഴ്ത്തി ധര്‍മ്മം സ്ഥാപിച്ച പ്രവാചകവിജയി അല്ലവന്‍. കൊല്ലുന്നതിനേക്കാള്‍ കൊല്ലപ്പെടാന്‍ തയ്യാറായവനാണ്. ക്രിസ്തുവിനുവേണ്ടി തോല്‍ക്കാനും നാണം കെടാനും വിലകെട്ടവരായി അവഗണിക്കപ്പെടാനും മനസ്സുള്ളവര്‍ക്കുള്ളതാണ് ക്രിസ്തുവിന്റെ പ്രവാചകത്വം. വ്യക്തികള്‍ക്കും സഭാസമൂഹത്തിനും ക്രിസ്തുവിന്റെ പ്രവാചകഗുണം പോരേ? അതുമതി. പക്ഷേ, അതുവേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org