Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> തിരുസ്വരൂപങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും പിന്നാലെ?

തിരുസ്വരൂപങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും പിന്നാലെ?

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

കന്യാസ്ത്രീയുടെ വേഷത്തിലുള്ള ഒരാളുമായി വേറൊരു സ്ത്രീ നടത്തുന്ന അഭിമുഖത്തിന്‍റെ ഭാഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതാവിന്‍റെയും വിശുദ്ധരുടെയും മദ്ധ്യസ്ഥത തേടുന്നത് അബദ്ധമാണെന്നു തിരിച്ചറിയാനുള്ള കൃപ കര്‍ത്താവു നല്കിയെന്നാണു കന്യാസ്ത്രീ വേഷത്തിലിരിക്കുന്ന ആള്‍ അവിടെ പറയുന്നത്. മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്പിനായി കാത്തിരിക്കുകയാണെന്നും ഇതുവരെ ആരും സ്വര്‍ഗത്തിലേക്കു പ്രവേശിച്ചിട്ടില്ലെന്നും മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്കു പോയി എന്നു പറയുന്നതു തെറ്റാണെന്നും തിരിച്ചറിയാനുള്ള കൃപയും അവര്‍ക്കു കിട്ടിയത്രേ.

ആത്മീയരംഗത്തുള്ള വലിയ ഉദാരവത്കരണം ബന്ധപ്പെട്ടവര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. ബൈബിള്‍ വായിച്ചും പ്രാര്‍ത്ഥിച്ചും ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ തങ്ങള്‍ നേരിട്ടു സ്വീകരിക്കുന്നുവെന്നു ചിലര്‍ അവകാശപ്പെടുന്നു. വ്യക്തികളുടെ ആത്മീയവും ഭൗതികവുമായ പ്രശ്നങ്ങള്‍ക്ക് അവര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ചില ധ്യാനഗുരുക്കന്മാര്‍ അവര്‍ക്കു പ്രചോദനമാകുന്നു. ധ്യാനകേന്ദ്രങ്ങളുടെ തണലില്‍ ചില വ്യക്തികള്‍ ആത്മീയശുശ്രൂഷ നടത്തുകയും പ്രസ്ഥാനങ്ങള്‍ നയിക്കുകയും ചെയ്യുന്നു. ഇവരുടെ പ്രബോധനങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ നിരീക്ഷിക്കാന്‍ സംവിധാനമില്ല. സഭയുടെ പഠനങ്ങള്‍ തെറ്റാണെന്നു തിരിച്ചറിയുന്ന അല്മായരും സമര്‍പ്പിതരും ധാരാളമായി ഉണ്ടാകുവാന്‍ പോകുകയാണ്.

മറുവശത്ത് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കു ശക്തി പകരുന്ന പലതും സഭയില്‍ നടക്കുന്നുണ്ട്. ധ്യാനം മറന്ന ഒരു സമൂഹമായി കേരളത്തിലെ കത്തോലിക്കാസഭ മാറുകയാണോ എന്നു സംശയിക്കണം. നിശ്ശബ്ദതയില്‍ ദൈവത്തെ കണ്ടെത്താമെന്ന ചിന്തയൊന്നും ഭൂരിപക്ഷം പേര്‍ക്കുമില്ല. ഉച്ചഭാഷണിയുടെ ശക്തിയുമായി ബന്ധപ്പെട്ട ഒന്നാണ് ആത്മീയാനുഭവം എന്നു വന്നിരിക്കുന്നു. പ്രകടനപരത അത്തരം ആത്മീയതയുടെ മുഖമുദ്രയാണ്. ധ്യാനത്തിനും കണ്‍വെന്‍ഷനും ബഹുവര്‍ണ പോസ്റ്ററുകളും ഫ്ളെക്സുകളും നിര്‍ബന്ധമാണ്. അവയില്‍ ‘ദൈവമനുഷ്യ’രുടെ ചിത്രങ്ങള്‍ അനിവാര്യമാകുന്നു.

തങ്ങളുടെ പാര്‍ട്ടിയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും നയപരിപാടികള്‍ വിശദീകരിക്കാനും നിലപാടുകള്‍ ഉറപ്പിക്കുവാനും രാഷ്ട്രീയപാര്‍ട്ടികള്‍ പല പരിപാടികളും നടത്താറുണ്ട്. അത്തരം പരിപാടികള്‍ ആളുകളെ ആവേശം കൊള്ളിക്കുകയും പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പൊളിറ്റിക്കല്‍ മൊബിലൈസേഷന്‍ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അതിനു സമാന്തരമായി സഭ റിലീജിയസ് മൊബിലൈസേഷന്‍ നടത്തുന്നു. തുടര്‍ച്ചയായ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും ഒരു വശത്തു നടക്കുന്നു. മറുവശത്തു നൊവേനകളും ഊട്ടുനേര്‍ച്ചകളും. പുതിയ ചില പ്രവണതകള്‍ ഇപ്പോള്‍ തലപൊക്കിയിട്ടുണ്ട്. മാതാവിന്‍റെയോ വിശുദ്ധരുടെയോ തിരുസ്വരൂപങ്ങള്‍ വീടുകള്‍ തോറും കൊണ്ടുപോകുന്നതാണ് ഒന്ന്. വെറുതെയങ്ങു കൊണ്ടുപോകുകയല്ല; ചെണ്ടയും തപ്പും പടക്കവുമായി ആളുകള്‍ അണിനിരക്കുകയാണ്. ആളുകളെ ഇളക്കണമെന്നുതന്നെയാണ് ഉദ്ദേശ്യം. വിവിധ മതക്കാര്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങളിലെ ഇത്തരം മൊബിലൈസേഷന്‍ മറ്റു മതസ്ഥരില്‍ എന്തു പ്രതികരണമുണ്ടാക്കുമെന്ന് ഇതിന്‍റെ പ്രയോക്താക്കള്‍ ചിന്തിക്കുന്നേയില്ല. അതിലും അപകടകമാണു പെന്തക്കോസ്തുവിഭാഗങ്ങളുടെ മുതലെടുപ്പ്, വിഗ്രഹാരാധനയാണിതെന്നു പറഞ്ഞാല്‍ ആ വാദത്തെ പ്രതിരോധിക്കുക എളുപ്പമല്ല. ഇത്തരം തിരുസ്വരൂപങ്ങള്‍ക്ക് അത്ഭുതസിദ്ധികളുണ്ട് എന്നുകൂടി പറഞ്ഞുവച്ചാല്‍ പെന്തക്കോസ്തുകാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാകും.

വേറൊരു മൊബിലൈസേഷന്‍ തന്ത്രമാണു തിരുശേഷിപ്പ് എഴുന്നള്ളിക്കല്‍. അടുത്തകാലത്ത് വി. അന്തോണീസിന്‍റെ തിരുശേഷിപ്പ് പള്ളികള്‍തോറും എഴുന്നളളിക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഇറ്റലിയില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് അന്തോണീസ്. അദ്ദേഹത്തിന്‍റെ തിരുശേഷിപ്പുകള്‍ എവിടെനിന്നാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് അറിഞ്ഞുകൂടാ. തിരുശേഷിപ്പുകളുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഇനി ആധികാരികമാണെങ്കില്‍ത്തന്നെ തിരുശേഷിപ്പുകള്‍ ഇങ്ങനെ എഴുന്നള്ളിക്കേണ്ടതുണ്ടോ?

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചുമരിച്ച ഒരു വിശുദ്ധയുണ്ട്; മിലാനാണു നാട്. ഒരു മലയാളി വൈദികന്‍ വിശുദ്ധയുടെ വീട് അന്വേഷിച്ചു നഗരം മുഴുവന്‍ നടന്നത്രേ. അവിടെയാര്‍ക്കും അങ്ങനെയൊരു വിശുദ്ധയെപ്പറ്റി അറിഞ്ഞുകൂടാ. അവസാനം വളരെ പണിപ്പെട്ടു സ്ഥലം കണ്ടെത്തി. ആ വിശുദ്ധയുടെ അടുത്ത ബന്ധു മിലാനില്‍ ഒരു കട നടത്തുന്നുണ്ട്. അവരാരും ആ വിശുദ്ധയെപ്പററി ആവേശം കൊള്ളുന്നില്ല, തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുമില്ല. കേരളത്തിലെ വൈദികര്‍ തിരുശേഷിപ്പുകള്‍ സംഘടിപ്പിക്കുന്നു, ഭക്തി വളര്‍ത്തുന്നു, മൊബിലൈസേഷന്‍ നടത്തുന്നു. ഇതൊന്നും വലിയ തെറ്റല്ലെങ്കിലും പരിധികള്‍ കല്പിക്കേണ്ടത് അത്യാവശ്യമാണ്.

വിശ്വാസികള്‍ തിരുസ്വരൂപങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും പിന്നാലെ പോകുമ്പോള്‍ കാതലായ വിശ്വാസത്തില്‍ നിന്ന് അകന്നുപോകുകയാണെന്നു സഭാധികാരികളെങ്കിലും തിരിച്ചറിയണം. വിശ്വാസക്കാതല്‍ ചിതലരിക്കുവാന്‍ അനുവദിച്ചുകൂടാ.

Comments

3 thoughts on “തിരുസ്വരൂപങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും പിന്നാലെ?”

  1. Adv Philip Pazhempally says:

    No need of writing a word….No one gives any attention to that..

  2. JOBY JOHN says:

    വളരെ സത്യം. March19ന് കണണമാലി പളളിയുടെ സമീപമുള്ള ചാപപലുകളിൽ പോലും സദ്യ നടത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല..

  3. Tony George says:

    Sathyam namme swathanthrakkatte…. itharam mobilization moolam sathyam velipedunnilla. Daivavum puthranum nammil ninnum agaleyagunnu.

Leave a Comment

*
*