പറക്കാനാവാതെ മരിക്കുന്നവര്‍

പറക്കാനാവാതെ മരിക്കുന്നവര്‍

മാണി പയസ്സ്

ലോകം കണ്ട മഹാദുരന്തങ്ങളില്‍ ഒന്നായ സ്പാനിഷ് ഫ്‌ളൂവില്‍നിന്ന് രക്ഷപ്പെട്ടവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ചിലത് വളരെ വിചിത്രമായി തോന്നും. ഏദല്‍ ഹബിള്‍ ഹാര്‍ട്ടര്‍ക്ക് എട്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് പിതാവിനും മാതാവിനും ഫ്‌ളൂ പിടിപ്പെട്ടത്. ആദ്യം അമ്മയ്ക്ക്, പിന്നെ അച്ഛന്. കുട്ടിക്ക് അസുഖം ബാധിച്ചില്ല. അച്ഛന്റെ അസുഖത്തിനു കാഠിന്യം കൂടുതലായിരുന്നു. മുറിയിലിരുന്നു തീ കായുന്ന അച്ഛന്റെ സമീപത്തു കുട്ടിയെ കിടത്തി അമ്മ എന്തോ ജോലി ചെയ്യാന്‍ പോയി. അമ്മ തിരിച്ചു വരുമ്പോള്‍ കാണുന്നത് കുട്ടിയെ തീക്കുണ്ഡത്തിലേക്ക് എറിയാന്‍ തുനിയുന്ന അച്ഛനെയാണ്. അവര്‍ ഓടിവന്ന് പിടിച്ചുവാങ്ങിയതിനാല്‍ കുട്ടി രക്ഷപ്പെട്ടു. ജ്വരത്തിന്റെ മൂര്‍ധന്യത്തില്‍ തന്നെ കാട്ടുപൂച്ചയായി അച്ഛന്‍ തെറ്റിദ്ധരിച്ചുവെന്നാണ് ഏദല്‍ എഴുതിയിരിക്കുന്നത്. ഏതാണ്ട് ഇതുപോലെയാണ് കോവിഡ് മഹാമാരിയുടെ കൊടുങ്കാറ്റുപോലുള്ള രണ്ടാം വരവില്‍ ഇന്ത്യക്കാരുടെ അവസ്ഥ. കോവിഡിന്റെ ഒന്നാം വരവാകുന്ന വറചട്ടിയില്‍ നിന്ന് രണ്ടാം വരവാകുന്ന എരിതീയില്‍ എറിയപ്പെട്ട ഹതഭാഗ്യര്‍. ഏദലിനെ അമ്മ രക്ഷിച്ചു. നമ്മെ ആരും രക്ഷിച്ചില്ല. ആ ചുമതല മുഖ്യമായി നിര്‍വ്വഹിക്കേണ്ടിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി പീലാത്തോസിനെപ്പോലെ കാഴ്ചക്കാരനായി നില്‍ക്കുന്നു.

ഓക്‌സിജന്‍ കിട്ടാതെ കൂട്ടത്തോടെ രോഗികള്‍ മരിക്കുന്നു. മരുന്നു കമ്പനികള്‍ വാക്‌സിനുകളുടെ വില കൂട്ടുന്നു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിനു വാക്‌സിന്‍ ലഭിക്കുന്നില്ല. പരിഭ്രാന്തരായ ജനങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും സൃഷ്ടിക്കുന്നു. മുന്നറിയിപ്പുകള്‍ അപ്രസക്തങ്ങളാകുന്നു. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് വിതരണ കേന്ദ്രങ്ങളാവുമോയെന്ന ആശങ്ക വളരുന്നു.

ജനങ്ങള്‍ മാത്രമല്ല ജനനായകന്മാരും അധികാരികളും ഉദ്യോഗസ്ഥരുമെല്ലാം ചരിത്രം മറന്നതാണ് കാര്യങ്ങള്‍ ദയനീയമാക്കിയത്. സ്പാനിഷ് ഫ്‌ളൂവിന്റെ രണ്ടാം വരവിലാണ് ജനങ്ങള്‍ ഈയാംപാറ്റകള്‍ പോലെ മരിച്ചുവീണതെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടു. അധികാര കസേരയില്‍ ഇരിക്കാന്‍ റാലികളും മറ്റു പ്രചാരണ കോലാഹലങ്ങളും വേണമെന്ന് ഒരിടത്തും എഴുതിവച്ചിട്ടില്ല. ശാസ്ത്രത്തോടും തങ്ങള്‍ 'ഉദ്ധരിക്കാന്‍' പോകുന്ന ജനങ്ങളോടും ആത്മാര്‍ത്ഥമായ പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍, മറ്റു പ്രചാരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമായിരുന്നു. റാലികള്‍ വേണ്ടെന്ന പൊതുവായ ധാരണയിലെത്തുമായിരുന്നു. ഡല്‍ഹിയില്‍ ജനങ്ങള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ പ്രധാനമന്ത്രി ബംഗാളില്‍ റാലി നയിക്കുകയായിരുന്നു. നീറോയും മോദിയും താരതമ്യം അര്‍ഹിക്കുന്നെങ്കില്‍ കാലമേ, പൊറുക്കുക.

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലെ രഥചക്രമുരുളുമ്പോള്‍ അതിനു കീഴില്‍ അരഞ്ഞു മരിക്കുന്ന മനുഷ്യരെയും പാഴായ ദിനങ്ങളെയും ഓര്‍ത്ത് നമ്മള്‍ ഖേദിക്കണം. സുരക്ഷിതത്വ സങ്കല്പത്തിന്റെ സ്ഫടിക കവചത്തില്‍ കഴിയുകയായിരുന്നു ഇന്ത്യ. ഇപ്പോള്‍ ആ കവചം തകര്‍ന്നിരിക്കുന്നു.

പരസ്പരം പഴിചാരി സമയം കളഞ്ഞാല്‍, വിലയേറിയ മനുഷ്യജീവനുകള്‍ ഇനിയും നഷ്ടമാകും. എല്ലാവര്‍ക്കും വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാര്‍ഗ്ഗം. 45 വയസ്സിനു മുകളിലുള്ളവരെല്ലാം വാക്‌സിനുകള്‍ എടുത്തുവോ, രണ്ടാം ഡോസ് കാലപരിധിക്കുള്ളില്‍ എല്ലാവര്‍ക്കും കൊടുക്കാനാകുമോ എന്നീ ആലോചനകള്‍ കൂടാതെ പതിനെട്ട് വയസ്സിനു മുകളില്‍ 44 വയസ്സുവരെ ഉള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്കാന്‍ തീരുമാനിച്ചത് സാമൂഹിക രോഗ പ്രതിരോധശക്തി (herd immunity) സൃഷ്ടിക്കാനാണ്. ഇവര്‍ പണം നല്കി വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേരളം ഇവര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്കാനാണ് ആലോചിക്കുന്നത്. ഇതിനായി 1300 കോടി രൂപ കണ്ടെത്തണം.

ഈ സാഹചര്യത്തില്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. സൗജന്യമായാലേ കുറഞ്ഞ കാലത്തിനുള്ളില്‍ സാമൂഹിക പ്രതിരോധം സാധ്യമാക്കാന്‍ കഴിയൂവെന്ന ചിന്തയാണ് മുന്നിട്ടു നില്ക്കുന്നത്. ഇല്ലെങ്കില്‍ പണമുള്ളവര്‍ പോലും മാറി നിന്നേക്കാം. സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുള്ളവരില്‍ നിരവധിയാളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഇവരെ വാക്‌സിനേഷന്റെ പൊതു ധാരയിലേക്കു കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും.

ചില പദ്ധതികളുടെ ലക്ഷ്യപ്രാപ്തി ജനങ്ങളുടെ പ്രതിബദ്ധതയില്ലായ്മയും സഹകരണമില്ലായ്മയും കൊണ്ട് പാഴായിപ്പോകുന്നത് ഇന്ത്യയില്‍ പുതുമയല്ല. കേരളത്തില്‍ ബി.പി.എല്‍കാര്‍ക്ക് വിതരണം ചെയ്യുന്ന ഗോതമ്പ് ഏറെ പാഴിലാകുന്നുണ്ട്. ആവശ്യത്തിലേറെ അരി ലഭിക്കുമ്പോള്‍ പൊതുവെ ഇഷ്ടമില്ലാത്ത ഗോതമ്പ് അവര്‍ നശിപ്പിച്ചു കളയുന്നു. ഉത്തരേന്ത്യയിലെ പാവങ്ങള്‍ കൈനീട്ടി സ്വീകരിക്കുന്ന ഗോതമ്പാണ് ഇങ്ങനെ പാഴാകുന്നത്. ഒരു പരിധിയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് കിറ്റ് കൊടുക്കുന്നതും അനാവശ്യ ചെലവാണ്. ഇവ നിയന്ത്രിച്ചാല്‍ സൗജന്യ വാക്‌സിനേഷന് കുറച്ചുപണം കണ്ടെത്താനാകും. മറ്റുള്ളവരോട് കൈനീട്ടുന്നതിനു പകരം കുടുംബത്തിലെ ധൂര്‍ത്തും ചെലവും വെട്ടിച്ചുരുക്കി മുണ്ട് മുറുക്കി ഉടുക്കാനാണ് പഴയ തലമുറ, പഠിപ്പിച്ചിട്ടുള്ളത്. പക്ഷേ, കടംവാങ്ങുന്നത് ശീലമായിട്ടുള്ളവര്‍ അത് ഓര്‍ക്കാറില്ല. അതുപോലെയാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നത്.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 40 ശതമാനത്തോളം പാഴാകുന്നു എന്നാണ് കണക്ക്. നമ്മുടെ ചുറ്റും സംഭവിക്കുന്ന പാഴാക്കലും നശീകരണവും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഈ ശതമാനം വീണ്ടും ഉയരും.

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലെ രഥചക്രമുരുളുമ്പോള്‍ അതിനു കീഴില്‍ അരഞ്ഞു മരിക്കുന്ന മനുഷ്യരെയും പാഴായ ദിനങ്ങളെയും ഓര്‍ത്ത് നമ്മള്‍ ഖേദിക്കണം. സുരക്ഷിതത്വ സങ്കല്പത്തിന്റെ സ്ഫടിക കവചത്തില്‍ കഴിയുകയായിരുന്നു ഇന്ത്യ. ഇപ്പോള്‍ ആ കവചം തകര്‍ന്നിരിക്കുന്നു. വൈറസിനു ജനതികമാറ്റം സംഭവിച്ചതു മാത്രമല്ല കാരണം. വാക്‌സിനേഷന്റെ വേഗത കൂട്ടാതിരുന്നതും, വൈറസ് ഗറിലയെപ്പോലെ പമ്മി കിടന്നപ്പോള്‍ കീഴടങ്ങിയെന്നു സങ്കല്പിച്ചതും, പൊതുവായ അലംഭാവവും ഇന്ത്യയെ ദാരുണമായ ദുരന്തത്തില്‍ എത്തിച്ചിരിക്കുന്നു. നമുക്കു കര കയറണം, കയറിയേ പറ്റൂ. എന്താണു മാര്‍ഗ്ഗം, എവിടെയാണു രക്ഷ, അന്വേഷിച്ചേ മതിയാകൂ. കണ്ണടച്ചാല്‍ ഇരുട്ടാകില്ലെന്നു മാത്രമല്ല വൈറസ് കത്തിപ്പടരുകയും ചെയ്യും. ആ ജ്വാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലെ വമ്പന്‍ പണക്കാര്‍ ചെയ്തതുപോലെ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു വിദേശത്തേക്കു പറക്കാന്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് കഴിയില്ലല്ലോ.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org