ദൈവത്തിനു ശരീരം കൊടുക്കുന്നവര്‍

ദൈവത്തിനു ശരീരം കൊടുക്കുന്നവര്‍

പോള്‍ തേലക്കാട്ട്

പൗരസ്ത്യസഭകള്‍ പ്രതേകിച്ച് ഗ്രീക്കു സഭകള്‍ യേശുവിന്റെ അമ്മയെ "ദൈവമാതാവ്" എന്ന പേരു നല്കി ആദരിക്കുന്നു. ദൈവമാതാവിന്റെ ഉറക്ക(Dormition)ത്തിനു സാക്ഷിയായവരില്‍ അരെയോപാഗസിലെ ദിവന്നാസിയോസിന്റെ പേരു കാണുന്നു, പൗലോസ് ആഥന്‍സിലെ അരയോപാഗസ്സില്‍ പ്രസംഗിച്ച ശേഷം അദ്ദേഹത്തോടു കൂടെ ചേര്‍ന്നവരില്‍ ഒരുവന്റെ പേരാണ് അരെയോപാഗസുകാരന്‍ ദിവന്നാസിയോസ്. എന്നാല്‍ ചരിത്രത്തില്‍ ഡയനീഷ്യസ് എന്ന പേരു പറയുന്ന ആളാണ് അഞ്ച്-ആറ് നൂറ്റാണ്ടുകളുടെ ഇടയില്‍ സുറിയാനി സഭയില്‍ ഗ്രീക്കു ഭാഷയില്‍ ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവ് എന്നു കാണുന്നു. അദ്ദേഹം ഈ ആഥന്‍സുകാരന്റെ പേരിലാണ് എഴുതിയത്. അദ്ദേഹത്തില്‍ നിന്നാണ് ഹയരാര്‍ക്കി എന്ന പദം ക്രൈസ്തവസഭയില്‍ ഉണ്ടായത്. ഹയരാര്‍ക്കി എന്ന ഗ്രീക്കുപദത്തിന്റെ അര്‍ത്ഥം ദൈവികമായ ക്രമം, വൈദികക്രമം, ആദിയുടെ ക്രമം എന്നൊക്കെയാണ്.

എന്നാല്‍ ഇദ്ദേഹത്തിന്റെ കൃതികളിലൊന്നിലും യേശുവിന്റെ അമ്മയെ "ദൈവമാതാവ്" എന്നു വിളിക്കുന്നില്ല. യേശുവിന്റെ അമ്മയുടെ പേരു പറയാത്ത സുവിശേഷമാണ് യോഹന്നാന്റേത്. യേശുവിന്റെ അമ്മയും യേശുവും തമ്മിലുള്ള ബന്ധത്തിന്റെ രണ്ടു സുന്ദര ദൃശ്യങ്ങള്‍ യോഹന്നാന്‍ നല്കുന്നു. കാനായിലെ കല്യാണത്തില്‍ വെള്ളം വീഞ്ഞാക്കുന്നതും, കുരിശിന്‍ചുവട്ടില്‍ യേശുവിന്റെ അമ്മയെ അമ്മയായി യോഹന്നാനെ ഏല്പിക്കുന്നതും, മകനായി യോഹന്നാനെ പ്രഖ്യാപിക്കുന്നതും. ഒരു രക്തബന്ധവുമില്ലാത്തവരാണ് ഇവര്‍ രണ്ടുപേരും. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷത്തില്‍ സെബദിപുത്രന്മാരുടെ അമ്മ – അതായതു യോഹന്നാന്റെ അമ്മ കുരിശിന്‍ ചുവട്ടിലുണ്ടായിരുന്നു എന്നു പറയുന്നു. എന്നാല്‍ യോഹന്നാന്റെ അമ്മ യോഹന്നാന്റെ സുവിശേഷത്തില്‍ കുരിശിന്റെ ചുവട്ടിലില്ല. എന്തുകൊണ്ടു യോഹന്നാന്‍ അമ്മയെ കുരിശിന്‍ചുവട്ടില്‍ നിന്നു മാറ്റി? മര്‍ക്കോസിന്റെ സുവിശേഷത്തിലും യേശുവിന്റെ അമ്മയ്ക്കു പേരില്ല. പൗലോസിന്റെ ലേഖനങ്ങളിലൊരിടത്തും യേശുവിന്റെ അമ്മയെക്കുറിച്ച് പരാമര്‍ശങ്ങളോ പേരോ പറയുന്നില്ല. മത്തായിയും ലൂക്കായും മാത്രമാണ് പേരു പറയുന്നത്.

യോഹന്നാന്റെ സുവിശേഷം ബിംബ പ്രാധാന്യമുള്ള ആഴമായ അര്‍ത്ഥധ്വനികളുള്ളതുമാണ്. പേരു പറയാത്തതിന്റെ പൊരുള്‍ എന്ത്? ഗലീലിയിലെ കാനായില്‍ ചെയ്ത രണ്ട് അത്ഭുതങ്ങള്‍ അക്കമിട്ട് പറയുന്നു. രണ്ടും പ്രത്യക്ഷത്തില്‍ രക്തബന്ധമുള്ളവര്‍ക്ക് അത്ഭുതം ചെയ്യാനുള്ള പ്രാര്‍ത്ഥനയാണ്. ഒന്നാമത്തേതു യേശുവിന്റെ അമ്മയുെട ബന്ധുവീട്ടില്‍ വെള്ളം വീഞ്ഞാക്കാന്‍. രണ്ടാമത്തേതു ശതാധിപന്റെ മകനെ സുഖപ്പെടുത്താന്‍. മത്തായിയുടെ സുവിശേഷത്തില്‍ ഇതു ശതാധിപന്റെ ഭൃത്യനാണ്. രണ്ടിടത്തും അങ്ങനെ ഒരാവശ്യം ഉന്നയിച്ചതില്‍ യേശു അനിഷ്ടം പ്രകടിപ്പിക്കുന്നു. അതു വിശ്വാസക്കുറവായി കാണുന്നു. കുരിശിന്‍ചുവട്ടില്‍ ഒരു ബന്ധവുമില്ലാത്തവനെ മകനാക്കുന്നു, അമ്മയാക്കുന്നു. യേശുവിന്റെ അമ്മ ആരാണ്? യോഹന്നാനില്‍ ഇതു ആര്‍ക്കുമാകാം. മാതൃത്വവും പുത്രസ്ഥാനവും ആത്മീയമാകുന്നു. അതുകൊണ്ട് തന്നെ പേരു പറയുന്നില്ല. ആര്‍ക്കും ആ പേരില്‍ പ്രവേശിച്ച്, യേശുവിന്റെ അമ്മയാകാം.

ഡയനീഷ്യസിന്റെ കൃതികളില്‍ ഒരേ ഒരു സ്ഥലത്താണ് മറിയത്തെക്കുറിച്ചു പറയുന്നത്. ഒരു കൊച്ചു ഗ്രീക്കു വാചകത്തില്‍. "അവര്‍ണ്ണനീയമായ ദൈവികതയ്ക്കു രൂപം നല്കുന്ന രഹസ്യം ഗബ്രിയേല്‍ മേരിയില്‍ ആരംഭിച്ചു." ഡയനീഷ്യസ് എന്ന പേരില്‍ എഴുതിയ ക്രൈസ്തവ സന്യാസിക്ക് രണ്ട് ഗുരുക്കന്മാരുണ്ട്. ഒന്ന് പൗലോസ്. പൗലോസിന്റെ ആഥന്‍സിന്റെ "അജ്ഞാതദൈവ"ത്തിന്റെ അള്‍ത്താര എന്നത് വളരെ താത്വികമായി മനസ്സിലാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഡയനീഷ്യസ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗുരു പ്ലേറ്റോയുടെ കൃതികള്‍ക്ക് വ്യാഖ്യാനമെഴുതിയ പ്രോക്കുളസാണ്. തികഞ്ഞ ഗ്രീക്കു ചിന്തയും ക്രൈസ്തവ വിശ്വാസവും ഒന്നിപ്പിക്കുന്ന ചിന്തകനായിരുന്നു ഡയനീഷ്യസ്. ആത്മീയജീവിതം അദ്ദേഹത്തിനു ദൈവികമാകലായിരുന്നു. ദൈവനാമങ്ങളെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹം ദൈവത്തിനു നാമമില്ല എന്ന നിഗമനത്തിലാണ്. ക്രിസ്ത്യാനി പൗലോസിനെപ്പോലെ പറയുന്നവനാണ് "ഞാനല്ല ജീവിക്കുന്നതു ക്രിസ്തു എന്നില്‍ ജീവിക്കുന്നു" (ഗലാ. 2:20). അതുകൊണ്ട് സ്വന്തം പേര് എന്നതു മൗഢ്യമാണ്. അദ്ദേഹം പേര് വെട്ടിനീക്കി. പൗലോസിന്റെ ശിഷ്യന്റെ പേര് സ്വീകരിച്ചു.

ഇദ്ദേഹം ദൈവനാമങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ യേശുവിന്റെ അമ്മയെ "ദൈവത്തിന്റെ പാത്രം" എന്നു വിശേഷിപ്പിക്കുന്നു. പാത്രം എന്നതു പ്ലേറ്റോയുടെ ഇടം (Chora) എന്ന വളരെ സങ്കീര്‍ണ്ണമായ ആശയമാണ്. അദൃശ്യമായതിനെ ദൃശ്യമാക്കുന്നത് ഇടത്തിലാണ്. അദൃശ്യനായ ദൈവത്തിനു ദൃശ്യത ഉണ്ടാക്കുന്നതാണ് ക്രൈസ്തവജീവിതം.

ഇതേ പുസ്തകത്തില്‍ അദ്ദേഹം കലയെ സംബന്ധിച്ചും കലാരൂപങ്ങളെ സംബന്ധിച്ചും പ്രതിപാദിക്കുമ്പോള്‍ ക്രൈസ്തവജീവിതം കലാകാരന്റെ ജീവിതമാണ് എന്നു സൂചിപ്പിക്കുന്നു. ഒരു ശില്പി അഥവാ രൂപം കൊത്തുന്നവന്‍ രൂപം മറഞ്ഞിരിക്കുന്ന മരം അഥവാ കല്ല് കൊത്തിമാറ്റിയാണ് രൂപം ഉണ്ടാക്കുന്നത്. അയാള്‍ ചെയ്യുന്നതു രൂപത്തെ ദൃശ്യമാക്കാന്‍ സാധിക്കാതെയുള്ള ഭാഗങ്ങള്‍ കൊത്തി മാറ്റുകയാണ്. ആ കല്ലില്‍ നിന്നു രൂപത്തെ ദൃശ്യമാക്കുകയാണ്; അതിന്റെ ദൃശ്യതയെ വിമോചിപ്പിക്കുകയാണ്. മറഞ്ഞിരുന്ന രൂപത്തെ ദൃശ്യമാക്കുന്നു. അദൃശ്യമായിരുന്നതു ദൃശ്യമാക്കുന്നു. ദൈവത്തിനു രൂപം നല്കുന്നു, ദൈവത്തിനു ശരീരമുണ്ടാക്കിക്കൊടുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org