വിനയപൂര്‍വം മാറിനില്ക്കുന്നവര്‍

വിനയപൂര്‍വം മാറിനില്ക്കുന്നവര്‍

പോള്‍ തേലക്കാട്ട്

"ഞാന്‍ ആരാണ്, സംസാരിക്കാന്‍, ഇടപെടാന്‍, എഴുന്നേറ്റു നില്ക്കാന്‍… അത്രമാത്രം അഹംഭാവിയാകണോ?" – സഭാസമ്മേളനത്തിലെ ഒരുവന്റെ ചോദ്യമാണ്. പക്ഷേ, യോഗത്തില്‍ അംഗമാകാന്‍ കഴുതക്കാലും പിടിച്ചവനുമാണ്. അംഗമാകാന്‍ ആഗ്രഹിക്കുന്നു, മത്സരിക്കുന്നു. അംഗമായിക്കഴിയുമ്പോള്‍ മിണ്ടാതിരിക്കുന്നു, എളിമയിലാകുന്നു. നമ്മുടെ സഭായോഗങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണിത്. സഭായോഗങ്ങളില്‍ വിവാദവിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരും. അവയെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ അതു നിലപാടു വ്യക്തമാക്കലാണ്. പറയാതിരുന്നാല്‍ ഒരു പക്ഷത്തിലുമാകാതെ ശരീരം സംരക്ഷിക്കാം. അങ്ങനെ ശരീരം സംരക്ഷിക്കുന്നവര്‍ ധാരാളം. വ്യക്തിപരമായ നിലപാടുകള്‍ എടുക്കുന്നത് അഹന്തയാണോ? മിണ്ടാതിരിക്കുന്നതല്ലേ സ്വാര്‍ത്ഥത? ജീവിതം നാട്യമാക്കുന്നവരുണ്ട്. അവര്‍ ഉത്തരവാദികളാകാന്‍ മടിക്കുന്നു. ചോദ്യം കേട്ടു, ഉത്തരം പറയില്ല. കാരണം അത് അലോസരമുണ്ടാക്കും. അലോസരങ്ങള്‍ സഹിച്ചു ധാര്‍മികമായി നിലപാടെടുക്കുന്നത് എളിമയല്ലാതായി മാറുന്നു! മിണ്ടാതെ ധാര്‍മികപ്രതിസന്ധിയില്‍ നാട്യക്കാരനാകുന്നു!

വിഷയം ചര്‍ച്ചയ്ക്കു വന്നു. ഒന്നും ആരും മിണ്ടിയില്ല. നിലപാടു പൊതുസമൂഹം അപലപിച്ചു. ഇത്ര മണ്ടത്തരം കാണിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു? ശബ്ദിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നോ? സ്വാതന്ത്ര്യം പോയതു പ്രശ്‌നമായി ആരെങ്കിലും പറഞ്ഞോ? പൊതുസമൂഹം വിമര്‍ശിച്ചപ്പോഴും എന്റെ പേരു വന്നില്ലല്ലോ. പേരു കാക്കുന്നവരാണു പലരും. പേരുദോഷത്തിനു തയ്യാറില്ലത്തവര്‍ അക്രമവും അന്യായവും നടന്നാലും എന്റെ പേരിനു പരിക്കു പറ്റരുത്. ഇവര്‍ക്കു സ്വന്തം പേരിനു പരിക്കു പറ്റാന്‍ പാടില്ല. പക്ഷേ, എന്തിനാണ് ഇവിടെ വന്നത്? എന്തിനാണ് ഈ വിധം ജീവിക്കുന്നത്?

ഞാന്‍ ജീവിതത്തിലേക്കു വിളിച്ചുണര്‍ത്തെപ്പട്ടവനാണ്. ഞാന്‍ എന്നതു വെറും ദാനമാണ്. അതില്‍ എന്റെ മിടുക്കോ കഴിവോ ഒന്നും മാനദണ്ഡങ്ങളല്ല. ഞാന്‍ വെറും ദാനം. പക്ഷേ, ഒരു സാദ്ധ്യതയാണ്. ഞാന്‍ ആയിട്ടില്ല, വിടരാനുണ്ട്, വികസിക്കാനുണ്ട്, ആയിത്തീരാനുണ്ട്. ഇതാണ് ആയുസ്സുകൊണ്ടു നടക്കേണ്ടത്; എന്റെ ആയിത്തീരല്‍ അഥവാ ഞാന്‍ എന്നതിന്റെ വെളിപാട്. എന്റെ വ്യത്യസ്തമായ തനിമ ദാനമായി വന്നിരിക്കുന്നതാണ്. അതു മറ്റാര്‍ക്കുമില്ലാത്തതുമാണ്. അതുകൊണ്ടു ഞാന്‍ മാത്രം നിര്‍വഹിക്കേണ്ട കാര്യങ്ങളുണ്ട്. അതാണ് എന്റെ വിളി – ദൈവവിളി. എനിക്കു പകരക്കാരില്ല. ഇതാ ണ് എന്റെ തനിമയുടെ അനന്യത. ഞാന്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്നു പിന്തിരിയുന്നതാണ് എന്റെ അസ്തിത്വനിഷേധം. അതാണ് എന്റെ ആദിപാപം. ഞാന്‍ അ പ്പോള്‍ മുഖംമൂടി ധരിച്ചു ഞാനല്ലാതാകാന്‍ ശ്രമിക്കുന്നു; ഞാന്‍ മറ്റാ രോ ആണെന്നു കാണിക്കുന്നു. എന്റെ നശ്വരത, അഥവാ മരണം ജീവിതത്തില്‍ അടിയന്തിരാവസ്ഥ ഉണ്ടാക്കുന്നു. അത് എന്റെ സ്ഥലക്കാലത്തു എന്റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ നിര്‍വഹിക്കേണ്ട കടമകളാണ്. ഞാന്‍ എന്റെ സ്ഥലകാലങ്ങളില്‍ പ്രത്യക്ഷമാകുന്നത് എന്റെ ശരീരത്തിലാണ്. അത് എന്റെ ശബ്ദവും എന്റെ നിലപാടുമാണ്. എനിക്കു ചോരയും നീരും ഞാന്‍ നല്കുന്നത് എന്റെ ഭാഷയിലാണ്, എഴുത്തിലാണ്. അതില്‍ നിന്ന് ഒളിച്ചോടുന്നത് ആത്മഹത്യയാണ്. ഈ നടപടി എളിമയല്ല, സ്വയം നശിക്കലാണ്.

യേശു കടന്നുപോയ ലോകം, യേശു ഉണ്ടായിരുന്ന ലോകമായിരിക്കില്ല. യേശുവിന്റെ ശരീരമില്ലാത്ത ലോകമാണു നമ്മുടേത്. എന്റെ തനതായ ജീവിതം ഞാന്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അതു ഞാന്‍ എനിക്കു വേണ്ടി ജീവിക്കുന്നതല്ല, എന്റെ വിളിക്കനുസൃതമായി എന്റെ ജീവിതം സമര്‍പ്പിക്കുന്നതാണ്. അതില്‍ എന്റെ ആത്മത്യാഗമുണ്ട്. അതാണു ദരീദ എഴുതിയ "മരണദാനം" (ഠവല ഏശള േീള ഉലമവേ). ജീവിതം ദാനമായി ലഭിച്ചവന്‍ സ്വന്തം മരണം ദാനമായി സമര്‍പ്പിക്കുന്നു. എന്റെ നിയോഗം നിറവേറ്റുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന തത്രപ്പാടുകള്‍ എന്റെ ജീവിതഭാരം ഒഴിവാക്കി ജീവിക്കലാകും.

സത്യം അമൂര്‍ത്തമായതല്ല. സത്യം ശരീരമെടുക്കണമെങ്കില്‍ സത്യത്തി നു ശരീരം കൊടുക്കാന്‍ സന്നദ്ധമാകണം. എന്റെ വാക്കിലൂടെ സത്യം വരുമ്പോള്‍ അത് എന്റെ ശരീരത്തെ ബാധിക്കും, അശരീരിയായ ദൈവത്തിന്റെ സത്യം ശരീരമെടുക്കണമെങ്കില്‍ എന്നെപ്പോലുള്ള ബലഹീനനായ മനുഷ്യര്‍തന്നെ വേണം. ഞാന്‍ എന്നെയല്ല സ്‌നേഹിക്കേണ്ടത് അപരനെയാണ്. എന്റെ കാര്യത്തിലല്ല നിന്റെ കാര്യത്തിലാണു ഞാന്‍ മൃദുവാകേണ്ടത്, അവന്റെ ഭാരം വഹിക്കാന്‍ ഞാന്‍ ശരീരം കൊടുക്കുമ്പോഴാണ് എന്റെ ജീവിതം നീതിയുടേതാകുന്നത്. അതാണ് എന്റെ ജീവിതത്തിനു മൂല്യം നല്കുന്നത്. എന്റെ ന്യായീകരണം എന്റെ ഭാവിയുടെ പ്രശ്‌നമാണ്. എന്നെ ന്യായീകരിക്കാന്‍ ഞാന്‍ വിമുഖനാകുമ്പോള്‍ ഞാന്‍ അഭിനയിക്കുകയാണ്, മുഖംമൂടി അണിയുകയാണ്. ഉച്ചരിക്കുന്ന വാക്കുപോലെയാണു ഞാന്‍. ഉച്ചരിച്ചാല്‍ പോരാ, ആ വാക്കു മാംസമെടുക്കണം. എന്റെ ജീവിതം മൂര്‍ത്തമാകുന്നത് എന്റെ ദൗത്യത്തിന്റെ മാംസധാരണമാകണം. അതിനു ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ നഗ്നനാകണം. എന്റെ ആയിത്തീരല്‍ ഈ നഗ്നതയിലാണ്. ആദവും ഹവ്വയും ദൈവത്തിന്റെ മുമ്പില്‍ നഗ്നമായതില്‍ നാണിച്ചു. ആ നാണമാണു പതനം, അതു ആവരണമിടലാണോ, മുഖംമൂടിയണിഞ്ഞു ഞാനല്ലാതാകലാണ്. ഈ നാണം അസ്തിത്വ നുണയാണ്. ഞാന്‍ ആകേണ്ടത് ആകാന്‍ മനസ്സില്ലാത്ത തട്ടിപ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org