ശവകുടീര മനഃശാസ്ത്രം

ശവകുടീര മനഃശാസ്ത്രം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനം 'സുവിശേഷത്തിന്‍റെ ആനന്ദം' 83-ാം ഖ ണ്ഡികയിലാണു ശവകുടീര മനഃശാസ്ത്രം (Tomb Psychology) അവതരിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യത്തെയും സഭയെയും തങ്ങളെത്തന്നെയും സംബന്ധിച്ച് ഒരുതരം മോഹഭംഗം… വിശ്വാസത്തെ സംബന്ധിച്ച് ഒരു വിഷാദഭാവം… പ്രേഷിതത്വത്തിന്‍റെ എല്ലാ തീക്ഷ്ണതയും സാവധാനം നശിക്കുന്ന അവസ്ഥ.
എന്തു സഭ? എന്തു വിശ്വാസം? എന്തു കുര്‍ബാന? എല്ലാറ്റിനോടും ഒരു നിസ്സംഗത. സഭയില്‍ ആകെ അഴിമതിയാണ്… സുഖലോലുപതയാണ്… ഭൂഖണ്ഡങ്ങളോളം നീണ്ടുകിടക്കുന്ന സഭയിലെ ഏതെങ്കിലുമോ ആരുടെതെങ്കിലുമോ ആയ പ്രശ്നങ്ങളെ പര്‍വതീകരിക്കുന്നവരാണു ശവകുടീര മനഃശാസ്ത്രക്കാര്‍. ഇതു വിശദീകരിച്ചിട്ട് പാപ്പാ പറയുന്നു നമ്മുടെ ലോകത്തിന്‍റെ തിന്മകള്‍ അഥവാ സഭയില്‍ കാണുന്ന തിന്മകള്‍ സഭയോടുള്ള നമ്മുടെ പ്രതിബദ്ധതയും വിശ്വാസത്തിലുള്ള നമ്മുടെ തീക്ഷ്ണതയും കുറയ്ക്കാനുള്ള ഒഴികഴിവുകളായി കാണരുത് (സുവിശേഷത്തിന്‍റെ ആനന്ദം 84).
മോഹഭംഗത്തോടെ കാര്യങ്ങളെ നോക്കിക്കണ്ടു നിരാശയോടെ ഇന്നത്തെ അവസ്ഥകളെ വിശകലനം ചെയ്തു ശവകുടീര മനഃശാസ്ത്രത്തിന്‍റെ അടിമകളാകുന്നത് ആര് എന്നു ചോദിച്ചാല്‍… ഏതു വിഭാഗത്തില്‍ നിന്നും അതുണ്ടാകാം എന്നതാണു വാസ്തവം. എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പു സഭയിലെ ഒരു മെത്രാന്‍ പ്രസംഗിക്കുന്നതു കേട്ട് അന്ധാളിച്ചുപോയി. മോഹഭംഗത്തോടെയാണു പ്രസംഗം. അദ്ദേഹം പറഞ്ഞു: ഇത്തരത്തില്‍ പോയാല്‍ ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍ കേരളത്തില്‍ സഭയുണ്ടാവില്ല. നമ്മുടെ പള്ളികളിലൊന്നും ആരും വരില്ല!!! എന്തായാലും എട്ടു കൊല്ലം കഴിഞ്ഞിട്ടും പള്ളിയില്‍ ആളുകള്‍ കൂടിയിട്ടേയുള്ളൂ, സഭയിലെ തിന്മകള്‍ മുഴുവനായി മാറാതെതന്നെ! ഇനി രണ്ടു വര്‍ഷംകൂടിയുണ്ട് ഒരു മോഹഭംഗപ്രസംഗത്തിന്‍റെ കാലാവധി തീരാന്‍!! സഭയില്‍ എല്ലാവരെയും ഉന്മേഷഭരിതരാക്കാന്‍… പ്രേഷിതതീക്ഷ്തണയാല്‍ ജ്വലിപ്പിക്കാന്‍ ഓരോ വാക്കും ഉപയോഗിക്കേണ്ട  അപ്പസ്തോലന്മാരുടെ ഈ പിന്‍ഗാമി പലപ്പോഴും നിരാശയുടെ അഗ്നിഗോളങ്ങള്‍ തുപ്പുന്നതു കേട്ടിട്ടുണ്ട്.
ഫ്രാന്‍സിസ് പാപ്പാ പറയുന്നു: ധൈര്യത്തെയും പ്രേഷിതതീക്ഷ്ണതയെയും ശ്വാസംമുട്ടിക്കുന്ന ഗൗരവതരമായ പ്രലോഭനമാണു നമ്മെ അശുഭാപ്തി വിശ്വാസികളാക്കുന്ന പരാജയബോധം. വിജയത്തെക്കുറിച്ചു മുന്‍കൂട്ടി തന്നെ തികഞ്ഞ ബോദ്ധ്യമില്ലാതെ ആര്‍ക്കും യുദ്ധത്തിനു പോകാനാവില്ല. ആത്മവിശ്വാസമില്ലാതെയാണു നാം പുറപ്പെടുന്നതെങ്കില്‍ പുകുതി യുദ്ധം നാം തോറ്റുകഴിഞ്ഞു (സുവിശേഷത്തിന്‍റെ സന്തോഷം 85).
ചിലരെ ഇത് ഒരു രോഗംപോലെയോ പാപംപോലെയോ ബാധിക്കുന്നുവെങ്കില്‍ ചിലര്‍ക്ക് ഇത് ഒരു സന്തോഷമാണ്. എല്ലാവരും ഒരുമിച്ചിരുന്നു നാമെല്ലാം നശിക്കാന്‍ പോകുന്നു എന്നു പരിതപിക്കുന്നതിലെ സന്തോഷം. സഭയുടെ ഒരു പ്രധാന പ്രമാണരേഖയെപ്പറ്റി വിവിധ ദിവസങ്ങളിലായി ക്ലാസ്സെടുക്കാന്‍ സമ്മതിച്ചു. ആദ്യദിവസം വളരെ ഒരുക്കത്തോടെ ക്ലാസ്സ് ആരംഭിച്ചു. തുടര്‍ന്നപ്പോള്‍ മനസ്സിലായി അതു പരിതാപികളുടെ ഒരു കൂട്ടായ്മയാണ്. 'ഡോക്കുമെന്‍റിന്‍റെ' പഠനം എന്നതിനേക്കാള്‍ അതില്‍ പറഞ്ഞ ഏതെങ്കിലും ഒരു വാചകം ഇന്നു നടക്കുന്നില്ലല്ലോ എന്നോര്‍ത്തു ദുഃഖിക്കാനാണ് അവര്‍ക്കിഷ്ടം. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്പംപോലും ക്ലാസ്സ് ഒരുങ്ങാതെ അവിടെനിന്നും ഇവിടെനിന്നും ചില വാചകങ്ങളൊക്കെ എടുത്തു കുറേ ശവകുടീര മനഃശാസ്ത്രം തട്ടിവിട്ടു മോഹഭംഗത്തോടെ നിന്നപ്പോള്‍ അവര്‍ പറഞ്ഞു, അച്ചന്‍റെ ക്ലാസ് ഗംഭീരമായിരുന്നു എന്ന്!! കളകളില്‍നിന്നു ഗോതമ്പിനെ വേര്‍തിരിച്ചേ അടങ്ങൂ എന്ന പിടിവാശിയാണ് ഇത്തരക്കാര്‍ക്ക് (മത്താ. 13:14-20). ഉത്ഘണ്ഠാഭരിതവും തന്നില്‍ത്തന്നെ കേന്ദ്രീകൃതവുമായ ഒരു വിശ്വാസരാഹിത്യത്തിന്‍റെ ഫലമാണിതെന്നു പാപ്പ പറയുന്നു (നമ്പര്‍ 55).
മൂന്നാമതൊരുകൂട്ടര്‍ക്ക് ഇത് ഒരു അഭിനയമാണ്. സ്വന്തം സ്ഥലമോ, പാര്‍പ്പിടമോ, ഇരിപ്പിടമോ ലക്ഷങ്ങള്‍ മുടക്കി ഗംഭീരമാക്കിയിട്ട് സഭയില്‍ ലാളിത്യമില്ല എന്ന് പരിതപിക്കുന്നവര്‍… കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ട് സഭയിലെ അഴിമതിയെപ്പറ്റി കരയുന്നവര്‍…. ഇത്തരം ചാരിത്രപ്രസംഗം നടത്തുന്ന വേശ്യകളെ വിടാം.
രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട് ഈ സഭ യ്ക്ക.് ഇതില്‍ ഏറെ നന്മകളും കുറവുകളുമുണ്ട്. നാം എന്താണു ചെയ്യേണ്ടത്? നിസ്സംഗതയോടെ ശവകുടീര മനഃശാസ്ത്രത്തിന്‍റെ അടിമകളാകാനല്ല… ആവേശത്തോടെ വിശ്വാസ തീക്ഷ്ണതയോടെ… പ്രേഷിതദൗത്യത്തിനായി ഇറങ്ങിതിരിക്കുകയാണു വേണ്ടത്. വീട്ടിലും നാട്ടിലും ഇടവകയിലും പ്രവര്‍ത്തനമേഖലയിലും എല്ലാം… എല്ലാം. ഈ പാറമേല്‍ സഭ സ്ഥാപിക്കും എന്നു പറഞ്ഞവനെ അവിശ്വസിച്ച് കറഞ്ഞുകൊണ്ടിരിക്കാതെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. അങ്ങനെ സഭയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാവുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org