12 മണി ആരാധന

12 മണി ആരാധന

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചരിച്ച ഒരു ഭക്താനുഷ്ഠാനമാണു 12 മണി ആരാധന. ഇതിനെ 13 മണി ആരാധനയെന്നും വിശേഷിപ്പിക്കാറുണ്ട്. 40 മണി ആരാധന നടത്തുക അത്ര എളുപ്പമല്ലായിരുന്നു. എന്തെന്നാല്‍ 40 മണി ആരാധന നടത്തുന്നതിന് ഏറെ ചട്ടവട്ടങ്ങള്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, സാമ്പത്തിക ചെലവുകളും ഏറെയാണ്. 40 മണി ആരാധന, 13 മണി ആരാധന എന്നിവയുടെ ആചരണം സംബന്ധിച്ചു 1899-ല്‍ വത്തിക്കാന്‍ 37 നിര്‍ദ്ദേശങ്ങള്‍ (ലത്തീന്‍ ഭാഷയില്‍) നല്കിയിരുന്നു. എറണാകുളം മിസ്സത്തില്‍ അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 മണി ആരാധന ശരിയായി നടത്തുന്നതിനു സൗകര്യമില്ലാത്ത ദേവാലയങ്ങളില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ മാത്രം നിശ്ചിത ക്രമങ്ങളോടുകൂടി ആരാധന നടത്തുന്നതിനു സാധിക്കുമെന്നതിനാല്‍ 40 മണി ആരാധനയ്ക്കു പകരം 12 മണി ആരാധന സംഘടിപ്പിക്കുക കൂടുതല്‍ എളുപ്പമായി. അതോടെ പള്ളികളിലും സ്ഥാപനങ്ങളിലും 12 മണി ആരാധന സ്ഥാനം പിടിച്ചു. 13 മണി ആരാധന അഥവാ 12 മണി ആരാധന എന്ന ഭക്താനുഷ്ഠാനത്തിനു തുടക്കം കുറിച്ചതും അതിനുള്ള ശ്രമങ്ങള്‍ നടത്തിയതും എറണാകുളം വികാരിയപ്പസ്‌തോലിക്കയായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാനാണ്. 1896-ല്‍ മെത്രാനായി എറണാകുളം വികാരിയാത്തിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം ദിവ്യകാരുണ്യ ഭക്തന്‍ കൂടിയായിരുന്നു. ആകയാല്‍ തന്റെ വികാരിയാത്തിലുള്ള എല്ലാ ദേവാലയങ്ങളിലും ഒരു ദിവസത്തെ ദിവ്യകാരുണ്യാരാധന സമയവും സന്ദര്‍ഭവും പോലെ ആണ്ടിലൊരിക്കലെങ്കിലും നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ദിവ്യകാരുണ്യ തിരുനാളില്‍ (Corpus Christi) ദിവ്യകാരുണ്യാരാധന ചില ദേവാലയങ്ങളില്‍ നടത്തിയിരുന്നുവെങ്കിലും ഇത് എല്ലാ പള്ളികളിലും നടത്തിയിരുന്നില്ല.

ആകയാല്‍ മാര്‍പാപ്പയുടെ അനുവാദത്തോടെ ഏകദിനാരാധന – 12 മണി ആരാധന – നടത്തുന്നതിനും അപ്രകാരം ആരാധന നടത്തുമ്പോള്‍ 40 മണി ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ ലഭിക്കുന്ന ദണ്ഡവിമോചനം പ്രാപിക്കുന്നതിനും കല്പന ലഭിക്കാന്‍ മാര്‍ ളൂയിസ് മെത്രാന്‍ 1899 ഫെബ്രുവരി 16-നു പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ലെഡ്‌കോവിസ്‌ക്കിക്കു (Ledochowski) കത്തയച്ചു. മാര്‍പാപ്പയുടെ അനുവാദകല്പന അയയ്ക്കുന്നതായി അറിയിച്ചു 14-03- 1899-ല്‍ തിരുസംഘം മാര്‍ പഴേപറമ്പിലിനു മറുപടി അയച്ചു. 1899 മാര്‍ച്ച് 10-നു പുറപ്പെടുവിച്ച മാര്‍പാപ്പയുടെ കല്പനയും (13 മണി ആരാധന നടത്തുന്നതിനും അതിനു പ്രത്യേകാല്‍ ദണ്ഡവിമോചനം കല്പിച്ചും നല്കിയത്) തിരുസംഘ സെക്രട്ടറിയുടെ കത്തും ഏപ്രില്‍ മാസത്തില്‍ മാര്‍ ളൂയിസ് മെത്രാനു ലഭിച്ചു. മാര്‍ ളൂയിസ് മെത്രാന്‍ തിരുസംഘത്തിനയച്ച ലത്തീന്‍ ഭാഷയിലുള്ള കത്തും തിരുസംഘത്തില്‍ നിന്നയച്ച ഇറ്റാലിയന്‍ ഭാഷയിലുള്ള കത്തും തിരുസംഘ സെക്രട്ടറിയുടെ ലത്തീന്‍ ഭാഷയിലുള്ള കത്തും ലത്തീനിലുള്ള മാര്‍പാപ്പയുടെ അനുവാദ കല്പനയും 1934 മെയ് മാസത്തിലെ എറണാകുളം മിസ്സത്തില്‍ (Vol. VIII, No. 5, pp. 76-78) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ കല്പനയില്‍ പറഞ്ഞിട്ടുള്ള 37 നിബന്ധനകള്‍ (ലത്തീന്‍ ഭാഷയില്‍) എറണാകുളം മിസ്സം Vol. IV, pp. 79-83, 96-101 പേജുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ കല്പനയുടെ വെളിച്ചത്തില്‍ എറണാകുളം വികാരിയാത്തിലെ എല്ലാ പള്ളികളിലും ആണ്ടുവട്ടത്തില്‍ ഒരു ദിവസം 12 മണി ആരാധന തക്ക ഭക്തിയോടും ഒരുക്കത്തോടും കൂടി നടത്തണമെന്നു മാര്‍ ളൂയിസ് മെത്രാന്‍ കല്പന പുറപ്പെടുവിച്ചു. കല്പനപ്രകാരം 1899 മുതല്‍ വികാരിയാത്തിലെ പള്ളികളില്‍ 13 മണി ആരാധന ആരംഭിച്ചു. എന്നാല്‍ എല്ലാ പള്ളികളിലും എല്ലാ വര്‍ഷവും കൃത്യമായി 13 മണി ആരാധന നടത്തിയിരുന്നില്ല. "സാഹചര്യവും സന്ദര്‍ഭവും പോലെ" ചില പള്ളികളില്‍ 40 മണി ആരാധനയും ചില പള്ളികളില്‍ 13 മണി ആരാധനയും നടത്തിയിരുന്നു എന്നു മാത്രം.

40 മണി ആരാധന ശരിയായി നടത്തുന്നതിനു സൗകര്യമില്ലാത്ത ദേവാലയങ്ങളില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ മാത്രം നിശ്ചിത ക്രമങ്ങളോടുകൂടി ആരാധന നടത്തുന്നതിനു സാധിക്കുമെന്നതിനാല്‍ 40 മണി ആരാധനയ്ക്കു പകരം 12 മണി ആരാധന സംഘടിപ്പിക്കുക കൂടുതല്‍ എളുപ്പമായി.

പതിമൂന്നു മണി ആരാധന എല്ലാ പള്ളികളിലും ആണ്ടുതോറും കൃത്യമായി നടത്തണമെന്നു കല്പിച്ചതും അതിനുവേണ്ടി പള്ളികള്‍ക്കു അവരുടെ സൗകര്യം കൂടി കണക്കിലെടുത്തു ദിവസം നിശ്ചയിച്ചു നല്കിയതും മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയാണ്. 1926 മെയ് 17-നു നല്കിയ ഇടയലേഖനത്തിലാണ് അതിരൂപതയിലെ എല്ലാ പള്ളികളും 13 മണി ആരാധന നടത്തിയിരിക്കണം എന്നു കല്പിച്ചത്. ഇടയലേഖനത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു: "എത്രയും പരിശുദ്ധമായ കുര്‍ബാനയുടെ നേര്‍ക്കുള്ള ഭക്തിയും വണക്കവും സര്‍വ്വലോകത്തിലും പ്രചരിച്ചു വരുന്നതനുസരിച്ചു നമ്മുടെ അതിരൂപതയില്‍ നിവര്‍ത്തിയുള്ള എല്ലാ ദേവാലയങ്ങളിലും 13 മണി ആരാധന എന്ന ഉന്നത ഭക്തകൃത്യം നടത്തണമെന്നു നമുക്കു ഉദ്ദേശമുണ്ട്. നാം നിശ്ചയിച്ചിരിക്കുന്ന പട്ടികയില്‍ കാണിക്കുന്ന ദിവസങ്ങളില്‍ അവ ശരിയായ ഭക്ത്യാദരവോടുകൂടി ആഘോഷിക്കുന്നതിനു എല്ലാവരേയും നാം പ്രത്യേകം താല്പര്യപ്പെടുത്തുന്നു. കുമ്പസാരം, പൊതുവായ കുര്‍ബാന കൈക്കൊള്ളല്‍, മുടങ്ങാതെയുള്ള ആരാധന, പരിഹാര ജപങ്ങള്‍, വാഴ്‌വ് ആദിയായവ ആ ദിവസത്തെ പ്രത്യേക ആഭ്യസനങ്ങളായിരിക്കണമെന്നു വിശേഷാല്‍ പറയണമെന്നില്ലല്ലോ. ദര്‍ശനസമൂഹത്തില്‍ പെട്ടവരും മറ്റു സഭാംഗങ്ങളും അവരുടെ സഭാ ചിഹ്നങ്ങളോടുകൂടി ഈ രാജാധിരാജാവിനെ യഥാക്രമം മാറിമാറി വന്നാരാധിച്ചു വന്ദിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കണം. ഇടവക പ്രമാണികള്‍ വൈദികരൊടൊന്നിച്ചു പ്രസ്തുത ദിവസം തങ്ങളുടെ ഇടവകയില്‍ ഓരോരുത്തരുടെയും, പൊതുവെയുമുള്ള ഏറ്റം പ്രധാന തിരുനാള്‍ ദിവസമാക്കിത്തീര്‍ക്കുമെന്നു നാം പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ആരാധനയ്ക്കു മുമ്പു രണ്ടുമൂന്നു ദിവസത്തെ ധ്യാനം നടത്തുന്നതു നന്നായിരിക്കും. കുമ്പസാരം മുതലായതു നടത്തുന്നതിനു അയല്‍പള്ളികളിലെ പട്ടക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്" (എറണാകുളം മിസ്സം, 1926 മെയ്, Vol. III, No. 12, p. 238).

മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത 1940-ല്‍ അതിരൂപതയിലെ നിയമങ്ങള്‍ ക്രോഡീകരിച്ചു അതിരൂപതാ നിയമസംഗ്രഹം പ്രസിദ്ധീകരിച്ചപ്പോള്‍ 12 മണി ആരാധനയെ സംബന്ധിച്ചു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി (എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം, 1940, pp. 9-10). വിവിധ സമയങ്ങളില്‍ എറണാകുളം മിസ്സത്തിലൂടെയും പള്ളികള്‍ക്കു വ്യക്തിപരമായും നല്കിയ നിര്‍ദ്ദേശങ്ങളും കല്പനകളും ക്രോഡീകരിച്ചാണ് നിയമസംഗ്രഹത്തില്‍ 12 മണി ആരാധനയെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഇടവകപ്പള്ളികളില്‍ 12 മണി ആരാധന നടത്തിയിരിക്കണമെന്നു മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. 1926 മുതലുള്ള എറണാകുളം മിസ്സങ്ങളില്‍ 12 മണി ആരാധന നടക്കുന്ന പളളികളുടെയും ആരാധന നടക്കുന്ന ദിവസത്തിന്റെയും ലിസ്റ്റ് (തീയതി) കുറേക്കാലത്തേക്കു പ്രസിദ്ധീകരിച്ചിരുന്നു. ആരാധനയില്‍ ഒരുക്കത്തോടും ഭക്തിയോടും കൂടി സംബന്ധിക്കുന്നവര്‍ക്കു മാര്‍പാപ്പ കല്പിച്ചരുളിയിരിക്കുന്ന പൂര്‍ണ്ണ ദണ്ഡവിമോചനവും ദൈവാനുഗ്രഹങ്ങളും പ്രാപിക്കുന്നതിനു ഇതു സഹായകമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org