വേദോപദേശ അധ്യാപകരും ഗുണനിലവാരം ഉറപ്പാക്കലും

വേദോപദേശ അധ്യാപകരും ഗുണനിലവാരം ഉറപ്പാക്കലും

ഇരുപത്തഞ്ചു വര്‍ഷമായി വേദോപദേശ അധ്യാപകനായി സേവനം ചെയ്യുന്ന ഒരാളെപ്പറ്റി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധു പറഞ്ഞതു കേട്ടപ്പോള്‍ സങ്കടം തോന്നി. നിസ്സാര കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അടുത്ത ബന്ധുവിന്‍റെ മകന്‍റെ കല്യാണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മറ്റു ബന്ധുക്കളെ മുടക്കുവാന്‍ വേദോപദേശ അധ്യാപകന്‍ പരിശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തുവത്രെ! വേദോപദേശ അധ്യാപകനൊക്കെ ഇങ്ങനെ ചെയ്യാമോ, എന്നാണ് ഇക്കാര്യം പറഞ്ഞശേഷം ദുഃഖത്തോടെ ആ മനുഷ്യന്‍ ചോദിച്ചത്.

വേദോപദേശം പഠിപ്പിക്കുന്നവര്‍ക്ക് മിനിമം യോഗ്യതകള്‍ വേണ്ടതല്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ വേദോപദേശം അധ്യാപകരായുണ്ട്. അതുപോലെ മിനിമം യോഗ്യതകള്‍ ഇല്ലാത്തവരുമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ആധ്യാത്മികജ്ഞാനത്തിന്‍റെ രംഗത്തും സാമൂഹിക സ്വീകാര്യതയുടെ കാര്യത്തിലും മറ്റും പിന്നിലായിട്ടുള്ളവര്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

പള്ളിയെയും പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും സാമുദായികവും സാമൂഹികവു മായ സ്വീകാര്യത നേടിയെടുക്കാനുള്ള എളുപ്പവഴിയായി കാണുന്ന തന്ത്രശാലികളുണ്ട്. ഇവര്‍ക്ക് സ്വന്തം ധാര്‍മ്മികതയിലുള്ളതിനേക്കാള്‍ ഉത്കണ്ഠ അപരന്‍റെ ധാര്‍മ്മികതയിലായിരിക്കും. 'എന്‍റെ പിഴ' യേക്കാള്‍ 'നിന്‍റെ പിഴ'യെക്കുറിച്ചാണ് അവര്‍ വ്യാകുലപ്പെടുന്നത്. വാചകമടിക്കാനുള്ള കഴിവുകൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട.

ആചാരാനുഷ്ഠാനങ്ങളില്‍ വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇവരുടെ വിശ്വാസം. അനുഷ്ഠാനങ്ങള്‍ ഓരോന്നായി എടുത്തുകാണിച്ചുകൊണ്ട് മറ്റാരെയുംകാള്‍ വിശ്വാസതീക്ഷ്ണതയുള്ളവരും ദൈവത്തിന്‍റെ സ്വന്തം ആളുകളുമാണ് തങ്ങളെന്ന് ഇവര്‍ ഭാവിക്കുകയും വാക്കുകള്‍കൊണ്ട് ഉദ്ഘോഷിക്കുകയും ചെയ്യും. എല്ലാം ദൈവം കാണുന്നുണ്ടെന്ന് അപരനെ ഭീതികലര്‍ത്തി ഓര്‍മ്മിപ്പിക്കുന്ന ഇക്കൂട്ടര്‍ സ്വന്തം മനസിലെ വ്യാപാരങ്ങളും ദൈവം കാണുന്നുണ്ടെന്ന കാര്യം ഓര്‍മ്മിക്കാറില്ല. പ്രകടനപരതയുടെ ഈ ആശാന്മാരെയാണല്ലോ ഈശോ കപടനാട്യക്കാര്‍ എന്നു വിളിച്ചത്.

സെക്കുലര്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെപ്പോലെയല്ല ദൈവത്തെ പകര്‍ന്നു കൊടുക്കുന്ന വേദോപദേശം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടത്. നാട്യങ്ങള്‍ അയാള്‍ക്ക് ഒട്ടും ഭൂഷണമല്ല. ഓര്‍ക്കുക, യഥാര്‍ത്ഥ മൂല്യമുള്ള വേദോപദേശ അധ്യാപകനാകുക എളുപ്പമല്ല. അതിനായി ഏറെ പരിശ്രമിക്കേണ്ടതുണ്ട്. വിശ്വാസസംബന്ധമായ സെമിനാറുകളില്‍ പങ്കെടുത്ത് അയാള്‍ നിരന്തരം സ്വയം നവീകരിക്കേണ്ടതുണ്ട്. ബൈബിള്‍ വീണ്ടും വീണ്ടും വായിച്ച് ഉറപ്പിക്കണം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ പോലും വിശ്വാസ സംബന്ധമായ ചര്‍ച്ചകള്‍ക്ക് ആവശ്യമായ വിജ്ഞാനമുള്ള ആളായിരിക്കണം. ഭാഷ ഉപയോഗിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കണം. ശാപവാക്കുകള്‍ ഉച്ചരിക്കുകയോ ദൈവനാമം ഉപയോഗിച്ച് ആണയിടുകയോ ചെയ്യരുത്. അയാള്‍ മികച്ച ജീവിതമാതൃകയാവണം. അടിമുടി ക്ഷമാശീലം വേണം. തന്‍റെ വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. സര്‍ഗ്ഗാത്മകമായ ജീവിത സമീപനം നിലനിര്‍ത്തണം.

ദൈവത്തിന്‍റെ മക്കളും സുഹൃത്തുക്കളുമാണെന്ന തോന്നല്‍ കുട്ടികളില്‍ ഉണര്‍ത്താന്‍ കഴിയുന്ന വേദോപദേശ അധ്യാപകനെ എത്ര നമിച്ചാലും അധികമാവില്ല. മനുഷ്യരെന്ന നിലയിലുള്ള പരിമിതികളെക്കുറിച്ചുള്ള അവബോധവും ഉണര്‍ത്തണം. ദൈവതിരുമുമ്പില്‍ എത്രയോ നിസ്സാരമാണ് മനുഷ്യ ജന്മം. ഈ സത്യം വ്യക്തിയില്‍ വിനയവും പുഞ്ചിരിയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിയാണത്. ഈ പുഞ്ചിരി യഥാര്‍ത്ഥ വേദോപദേശ അധ്യാപകന്‍റെ ചിഹ്നമാണ്. ദൈവത്തെ അറിയുകയും പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന അയാളുടെ മുഖത്ത് സദാ പുഞ്ചിരി കളിയാടും. അയാള്‍ ഒരാളെ നോക്കി ചിരിക്കുമ്പോള്‍ അപരനു തിരിച്ചു ചിരിക്കാതിരിക്കാന്‍ കഴിയില്ല.

യഥാര്‍ത്ഥ വേദോപദേശ അധ്യാപകന്‍ പ്രതീക്ഷയുടെ പ്രവാചകനായിരിക്കും. അയാളുടെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന പ്രതീക്ഷ ചുറ്റും പ്രസരിക്കാതെ വയ്യ. ഇസ്രായേല്‍ ജനതയുടെ വിഷമം പിടിച്ച കാലങ്ങളില്‍ ഏശയ്യ, ജെറമിയാ പ്രവാചകന്മാര്‍ അവരില്‍ നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജ്വലിപ്പിച്ചതുപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാവണം വേദോപദേശ അധ്യാപകന്‍. പശ്ചാത്തപിക്കാനും ദൈവകാരുണ്യത്തില്‍ ആശ്രയിക്കാനും പ്രവാചകന്മാര്‍ നിരന്തരം ഉദ്ബോധിപ്പിച്ചു. യേശു കുരിശുമരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും രക്ഷാകര ദൗത്യം സാക്ഷാത്ക്കരിച്ചപ്പോള്‍ പ്രവാചകദൗത്യവും പൂര്‍ത്തിയാവുകയായിരുന്നു.

ഗൗരവത്തിലും ആഴത്തിലുമുള്ള ഒരുക്കം വേദോപദേശ അധ്യാപകന് അനിവാര്യമാണ്. വിശ്വാസത്തിന്‍റെ അടിസ്ഥാനശിലകളെക്കുറിച്ച് അയാള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാവണം. സഭയുടെ പഠനങ്ങള്‍ അര്‍ത്ഥവിപര്യയം സംഭവിക്കാതെ പഠിപ്പിക്കാനുള്ള അവബോധം വേണം. വേദോപദേശ അധ്യാപകരെ കുട്ടികളും സഭാധികാരികളും ഇടയ്ക്കിടയ്ക്കു വിലയിരുത്തി മാര്‍ക്ക് കൊടുക്കുന്ന സമ്പ്രദായം കൊണ്ടുവരുന്നതു നല്ലതാണ്. ഒരിക്കല്‍ വേദോപദേശ അധ്യാപകനായാല്‍ ആജീവനാന്തം ആ സ്ഥാനത്തു തുടരുന്ന അവസ്ഥയുണ്ട്. സ്വയം നവീകരിക്കാന്‍ കഴിയാത്ത ഒരാള്‍ക്കും നല്ല അധ്യാപകനാവാന്‍ കഴിയില്ല എന്ന കാര്യം വേദോപദേശ അധ്യാപകനെ സംബന്ധിച്ചും സത്യമായ കാര്യമാണ്.

ഇങ്ങനെ കര്‍ശനമായ ഗുണനിലവാര നടപടികളിലൂടെ കടന്നു പോയാല്‍ വേദോപദേശം പഠിപ്പിക്കാന്‍ ആളെ കിട്ടുകയില്ല എന്ന ഭയം അസ്ഥാനത്താണ്. അല്പവിഭവന്മാര്‍ മുന്നോട്ടു കുതിച്ചുവന്ന് സ്ഥാനങ്ങള്‍ കയ്യടക്കുന്നതു കൊണ്ടാണ് പലപ്പോഴും പള്ളിക്കാര്യങ്ങളില്‍ കഴിവും ശേഷിയുമുള്ളവര്‍ മുന്നോട്ടിറങ്ങി വരാത്തത്. കുട്ടികളുടെ വേദോപദേശപഠനം പ്രതിസന്ധിയിലാണെന്നു കണ്ടാല്‍ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്തു വരുവാന്‍ ഇടവകകളില്‍ ധാര്‍മ്മികതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍ നില്ക്കുന്ന വ്യക്തികള്‍ ഉണ്ടാകും. കഴിവുള്ളവര്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ അവരെ അങ്ങോട്ടു ചെന്നു വിളിക്കാനുള്ള വിനയവും ആര്‍ജ്ജവവും ഇടവക വികാരിമാര്‍ക്ക് ഉണ്ടായാല്‍ മതി. ജീവിതം ദൈവത്തിനു സമര്‍പ്പിക്കുകയും വേദോപദേശം പഠിപ്പിക്കുന്നത് ജീവിത സാക്ഷാത്ക്കാരമായി കരുതി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വേദോപദേശ അധ്യാപകരെയും സ്നേഹത്തോടെ സ്മരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org