പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍

പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍

ഓങ്കോളജി ഡോക്ടറുടെ മുറിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ രണ്ടര വയസ്സുകാരി അച്ഛനോടു ചോദിച്ചു: "എപ്പഴാ, കീമോ തുടങ്ങുക?" കൊച്ചുകുട്ടിയുടെ ആ ചോദ്യം കിണറ്റിലേക്കെറിഞ്ഞ തൊട്ടിപോലെ എന്‍റെ മനസ്സില്‍ ചലനങ്ങള്‍ ഉളവാക്കി.

എത്ര നിഷ്കളങ്കമായ ചോദ്യം! "എപ്പഴാ ഐസ്ക്രീം മേടിച്ചുതരിക?" എന്ന ചോദ്യത്തിലുള്ള ആ കാംക്ഷയുടെ അനുരണനങ്ങള്‍ ആ ചോദ്യത്തിലും ഉണ്ടായിരുന്നോ? അസുഖം അവള്‍ക്കാണ്. മുഖത്തു മാസ്കുണ്ട്. കണ്ണുകള്‍ വെളിയില്‍ കാണാം. നല്ല തിളക്കമുള്ള കണ്ണുകള്‍. മുടി പനമരത്തിന്‍റെ ശാഖകള്‍പോലെ മുകളിലേക്കു കെട്ടിവച്ചിരിക്കുന്നു. നടത്തത്തില്‍ നല്ല ഉത്സാഹം.

നിങ്ങള്‍ കുട്ടികളെപ്പോലെയാകുവിന്‍ എന്ന് ഈശോ പറഞ്ഞത് ജീവിതത്തിന്‍റെ എല്ലാ സന്ദര്‍ഭങ്ങളിലും പ്രതിസന്ധികളിലും രോഗാവസ്ഥകളിലും കുട്ടികളെപ്പോലെയാകാനാണ്. അജ്ഞതയുടെ അനുഗ്രഹമല്ല, ദൈവികതയുടെ തലോടലാണ് അവരില്‍ കാണാനാകുന്നത്.

ഓരോ നവജാതശിശുവും മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹപ്രകടനമാണ്. മനുഷ്യനിലുളള പ്രതീക്ഷയുടെ പ്രഖ്യാപനമാണ്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നതുകൊണ്ടാണ് സൃഷ്ടിക്കുന്നത്.

സ്നേഹമുള്ളിടത്തു പ്രകാശമുണ്ടാകും. പ്രകാശം പരത്തുന്ന മറ്റൊരു പെണ്‍കുട്ടിയെ കണ്ടത് ഇടവകപ്പള്ളിയില്‍വച്ചാണ്. മുതിര്‍ന്ന പുരുഷന്മാരും പ്രായമായവരും ഇരിക്കുന്ന സ്ഥലത്ത് ഏറ്റവും പിറകിലെ ബെഞ്ചിലേക്കാണ് അവള്‍ വന്നത്. വേദോപദേശ ക്ലാസ്സിലേക്ക് പോകാനുള്ള സഞ്ചി കയ്യില്‍ പിടിച്ചിട്ടുണ്ട്. കുട്ടിയെ വേദനിപ്പിക്കേണ്ടെന്നു കരുതിയാവാം ആരുമൊന്നും പറഞ്ഞില്ല. കുട്ടികള്‍ക്കുള്ള സ്ഥലമല്ല അത്. അവള്‍ക്ക് ഒമ്പതോ പത്തോ വയസ്സുണ്ടാകും. ഇടയ്ക്കിടയ്ക്ക് വാതില്ക്കലേക്കു നോക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ വൃദ്ധനായ ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഓടിച്ചെന്നു കൈപിടിച്ചു ബെഞ്ചില്‍ കൊണ്ടുവന്നിരുത്തി. തൊട്ടുമുന്നില്‍ അവള്‍ മട്ടുകുത്തി നിന്നു. അപ്പാപ്പനു ബെഞ്ചില്‍ സ്ഥലം റിസര്‍വ് ചെയ്യാനും സഹായിക്കാനുമാണ് അവള്‍ മുന്നേ വന്നു നിന്നത്. സ്തോത്രക്കാഴ്ചയായി ഇടാനുള്ള പണം അപ്പാപ്പന്‍ അവളെയാണ് ഏല്പിച്ചത്. അവള്‍ അതു സൂക്ഷ്മതയോടെ കയ്യില്‍ പിടിച്ചു വിശ്വാസപൂര്‍വമാണു നിക്ഷേപിച്ചത്.

വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ അവള്‍ അപ്പാപ്പനോടു പറഞ്ഞു: "അപ്പാപ്പാ, ഞാന്‍ വേദപാഠത്തിനു പോവുകയാ. അമ്മാമ്മ വന്നശേഷം അപ്പാപ്പന്‍ എഴുന്നേറ്റാല്‍ മതി."

പോകുംമുമ്പ് അവളുടെ കൈകളില്‍ പിടിച്ചുകൊണ്ടു ഞാന്‍ ചോദിച്ചു: "കുട്ടിയാണോ അപ്പാപ്പനെ നോക്കുന്നത്?" സന്തോഷം നിറഞ്ഞ ചിരിയായിരുന്നു അവളുടെ മറുപടി. കുട്ടികളുടെ നന്മകള്‍ പരസ്യമായി അംഗീകരിക്കപ്പെടുമ്പോള്‍ അവര്‍ക്കു സന്തോഷവും അഭിമാനവുമുണ്ടാകുന്നു.

സ്നേഹവും നിഷ്കളങ്കതയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണു നമ്മള്‍ ജീവിക്കുന്നത്. വെട്ടിപ്പിടിക്കാനാണു നെട്ടോട്ടം. ഓരോരുത്തരുടെയും ആ ഗ്രഹം, മറ്റുള്ളവര്‍ തങ്ങളെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ്. അതിനായി അപരനെയും അംഗീകരിക്കണമെന്ന കാര്യം മറന്നുപോകുന്നു.

അധികാരമുള്ളപ്പോള്‍ കടുത്ത ഈഗോയിസ്റ്റുകളായി മാറുന്നു. എന്തെങ്കിലും ചോദിച്ചാല്‍പ്പോലും തന്‍റെ അധികാരത്തോടുള്ള വെല്ലുവിളിയായി കാണുന്നു. വഴി വിലങ്ങിക്കിടന്ന വണ്ടി മാറ്റാന്‍ പിറകില്‍ നിന്നു ഹോണടിച്ച എന്‍ജിനീയറുടെ കൈകള്‍ തല്ലിയൊടിക്കുവാന്‍ അഭിഭാഷകന്‍ ഗുണ്ടകളെ ഏര്‍പ്പാടു ചെയ്യുന്ന നാടായി 'ദൈവത്തിന്‍റെ സ്വന്തം നാട്' മാറിയിരിക്കുന്നു. പണത്തിനു മീതെ പരുന്തുകളല്ല ഗുണ്ടകളാണ് ഇന്നു പറക്കുന്നത്.

ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തില്‍പ്പോലും നമ്മുടെ നാട്ടില്‍ അധികാരത്തിന്‍റെ സ്പര്‍ശം കടന്നുവന്നിരിക്കുന്നു. മനുഷ്യസ്നേഹികളായ ഡോക്ടര്‍മാരുടെ പേരു ചീത്തയാക്കാന്‍ ന്യൂ നപക്ഷ ഡോക്ടര്‍മാര്‍ക്കു കഴിയുമെന്ന് ആരോഗ്യരംഗത്തു സേവനമനുഷ്ഠിക്കുന്നവര്‍ ഓര്‍മ്മിക്കണം.

എന്നാല്‍ വിദേശങ്ങളിലെ സ്ഥിതി ഇതല്ലെന്ന് അനുഭവജ്ഞാനമുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വി ദ്യാഭ്യാസവിചക്ഷണനും വൈദികശ്രേഷ്ഠനുമായ ഫാ. ചെറിയാന്‍ തലക്കുളം സിഎംഐയുടെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കുന്ന ഒരു കാര്യമുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ സൗത്ത് കരോലൈനയിലെ നോര്‍ത്ത് അഗസ്റ്റാ ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്യുന്ന തലക്കുളം അച്ചന് അവിടെവച്ചു ഹൃദയശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതേക്കുറിച്ചു ജീവചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"തിങ്കളാഴ്ച സര്‍ജറി നടത്താമെന്നു നിശ്ചയിച്ചു."Which doctor would you prefer for the surgery?" എന്ന ചോദ്യത്തിനു നഴ്സുമാര്‍ പറഞ്ഞ പേര് അച്ചനും സമ്മതിച്ചു. രാത്രി ത്രേസ്യാമ്മ കാണാന്‍ വന്നപ്പോള്‍ ഇന്ത്യന്‍ വംശജനായ ഡോ. കാമത്തിനെ കൊണ്ടു സര്‍ജറി നടത്തിക്കുന്നതാണു നല്ലതെന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ പിതാവ് ഏലിസബത്തു രാജ്ഞിയുടെ ഡോക്ടറായിരുന്നു. ത്രേസ്യാമ്മയുടെ നിര്‍ദ്ദേശപ്രകാരം സര്‍ജറി ചെയ്യേണ്ട ഡോക്ടര്‍ ഡോ. കാമത്താണെന്നു പുനര്‍നിശ്ചയിച്ചു.

പിറ്റേദിവസം ആദ്യം പേര്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍, തലക്കുളം അച്ചനെ പരിശോധിക്കാന്‍ വന്നു. അദ്ദേഹം മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു: "I was supposed to do your surgery, now since you prefer Dr. Kamath, he will do it." ഒരു പ്രതിഷേധവും പ്രകടിപ്പിക്കാതെ പറഞ്ഞ ഈ വാക്കുകള്‍ അദ്ദേഹത്തിന്‍റെ വിശാലമനസ്സാണു പ്രകടമാക്കിയത്. നേ രില്‍ കണ്ടപ്പോള്‍ ഡോ. കാമത്തിന്‍റെ പ്രതികരണവും വളരെ വിനയം നിറഞ്ഞതായിരുന്നു: "Father, I am really honoured to do you surgery.'

ഡോക്ടര്‍ സമൂഹത്തോടുള്ള സ്നേഹബഹുമാനങ്ങളോടെ ചോദിക്കട്ടെ, കേരളത്തിലെ എത്ര ഡോക്ടര്‍മാര്‍ ഇങ്ങനെ പ്രതികരിക്കും?

യേശുമിശിഹാ, ശിശുവിനെപ്പോലെയാകാന്‍ പറഞ്ഞത് ഏതു രംഗത്തു വ്യാപരിക്കുന്ന മനുഷ്യര്‍ ക്കും ബാധകമാണ്. ശിശുസഹജമായ നിഷ്കളങ്കത നഷ്ടമായ സ മൂഹമായി നമ്മള്‍ മാറിയതു കാ ണുമ്പോള്‍ അവിടുത്തേയ്ക്കു സ ങ്കടം തോന്നുന്നുണ്ടാവും.

തെറ്റുകള്‍ക്കു മാപ്പു ചോദിക്കാന്‍ പോലും നമുക്കു സമയമില്ലാതായിരിക്കുന്നു. ക്ഷമിക്കുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിച്ചുകൊണ്ട് അതിസുന്ദരമായി ഫ്രാന്‍ സിസ് മാര്‍പാപ്പ പറഞ്ഞു: "മനുഷ്യര്‍ക്കു മാപ്പു നല്കുന്നതില്‍ ദൈവത്തിന് ഒരിക്കലും ക്ഷീണം തോന്നിയിട്ടില്ല. എന്നാല്‍, മാപ്പ് അപേക്ഷിക്കുന്നതില്‍ മനുഷ്യനു ക്ഷീണം അനുഭവപ്പെടുന്നുണ്ട്."
-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org