തിരഞ്ഞെടുപ്പുകാലത്തെ വിപ്ലവ നടപടികള്‍

തിരഞ്ഞെടുപ്പു വിഷയം തുടക്കത്തില്‍ ശബരിമലയും ജാതി, മത, വര്‍ഗ, വര്‍ണങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഒരു മതേതരത്വ ജനാധിപത്യ രാജ്യത്ത് ഒട്ടും ആശാസ്യമല്ലാത്ത പ്രവണതയാണിത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസര്‍ ഠിക്കാറാം മീണ ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കരുതെന്നു പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നതുമാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ ട്ടികള്‍ ആരും അത് അനുസരിക്കാന്‍ തയ്യാറായില്ല. മത, ജാതി വികാരങ്ങളിളക്കി വിട്ട് ഏറ്റവും എളുപ്പത്തില്‍ വോട്ട് നേടാനുള്ള ശ്രമത്തിനിടയില്‍ അവര്‍ ഭരണഘടനയും മൂല്യങ്ങളും കാറ്റില്‍പ്പറത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫുല്‍വാമയും ദേശീയതയും തിരഞ്ഞെടുപ്പു വിഷയമായി മാറി. അതിനു പിന്നിലും വികാരമിളക്കി വിട്ട് വോട്ടു നേടുന്ന തന്ത്രമുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ടായി. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയില്‍ ദരിദ്ര വിഭാഗങ്ങള്‍ക്ക് മിനിമംകൂലി – ന്യായ് പദ്ധതി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് അസാധാരണമാംവിധം ഗൃഹപാഠം ചെയ്തതിന്‍റെ ഫലമാണിത്. ലോകപ്രസിദ്ധ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റി, ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാംരാജ് തുടങ്ങിയവരുടെ വിദഗ്ദ്ധോപദേശത്തോടെയാണ് ഇത്തരം വിപ്ലവാത്മകമായ നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. തോമസ് പിക്കറ്റിയുടെ "Capital in the Twentyfirst Century" എന്ന ലോകപ്രസിദ്ധ ഗ്രന്ഥം സാമ്പത്തികലോകത്തെ ആകെ പിടിച്ചുകുലുക്കിയതാണ്. അമേരിക്കയിലെ മുഴുവന്‍ കോര്‍പ്പറേറ്റുകളുടെയും വരുമാനം, ലാഭവീതം, പങ്കുവയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പഠനറിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതാണ്. കോര്‍പ്പറേറ്റുകളുടെ മൂലധനവും ലാഭവിഹിതവും ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. ഈ രീതി തുടര്‍ന്നാല്‍ ലോകത്ത് വലിയ കലാപവും പൊട്ടിത്തെറിയുമുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചു. അതിന്‍റെ ഫലമായാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന Corporate Social Responsibility (CSR) എന്ന പൊതുജന സേവനപദ്ധതി. അങ്ങനെ സാമ്പത്തികരംഗത്ത് തൊഴിലാളികളുടെ, ശബ്ദമില്ലാതാക്കപ്പെട്ടവരുടെ ശബ്ദമായിത്തീര്‍ന്ന തോമസ് പിക്കറ്റിയെപ്പോലുള്ളവരുടെ ഇടപെടലിന്‍റെ ഫലമായാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള പുത്തന്‍ നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പുരംഗത്തെ വിപ്ലവമായി മാറിയത്. അതോടെ തിരഞ്ഞെടുപ്പുരംഗം ദേശീയ തലത്തില്‍ ദരിദ്ര വിഭാഗങ്ങളുടെ സംരക്ഷണം പ്രധാന ചര്‍ച്ചയാക്കി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുറച്ചുകൂടി പണം മാസം തോറും നല്‍കുമെന്ന വാഗ്ദാനവുമായെത്തുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട യഥാര്‍ത്ഥ വിഷയത്തിലെത്തി. അപ്പോഴും കേരളത്തില്‍ കുറച്ചുകാലം കൂടി രാഹുല്‍ – വയനാടു വിഷയത്തില്‍ തട്ടിക്കിടന്നു. എന്തായാലും രാഹുല്‍ വയനാട്ടില്‍നിന്നു മത്സരിക്കാന്‍ തയ്യാറായതോടെ വീണ്ടും മനുഷ്യരുടെ യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കുമെന്നു പ്രതീക്ഷിക്കാം.

രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്നു മത്സരിക്കാന്‍ എടുത്ത രാഷ്ട്രീയ തീരുമാനമാണ് തിരഞ്ഞെടുപ്പുകാലത്തെ രണ്ടാമത്തെ വിപ്ലവം. ഇന്ത്യ ഭരിക്കേണ്ടത് ഉത്തരേന്ത്യന്‍ കരുത്തരായിരിക്കണമെന്ന സങ്കല്പത്തെയാണ് ദക്ഷിണേന്ത്യയില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ച രാഹുലിന്‍റെ തീരുമാനത്തിലൂടെ തകര്‍ക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരക്കെ അറിയപ്പെടുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നു ജയിച്ചു പ്രധാമന്ത്രിയായിത്തീര്‍ന്നാല്‍ അത് ഇന്ത്യയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കും.

കേരളത്തിലിപ്പോള്‍ കൊടുംചൂടാണ്. പത്തു മുതല്‍ നാലുവരെ പുറത്തിറങ്ങിക്കൂടെന്നായിരിക്കുന്നു. എന്നാല്‍ ഈ കൊടുംചൂടു സഹിച്ചു പണിയെടുക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന മീന്‍പിടുത്തക്കാരെപ്പോലുള്ള തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. മാത്രമല്ല ഇത്ര കൊടുംചൂടു നിലനില്‍ക്കുന്നതു കാരണം മത്സ്യം തീരക്കടലില്‍ ലഭ്യമല്ലാതായി. പാടത്തു പണിയെടുക്കുന്നവരും ചൂടുകാരണം പുറത്തിറങ്ങാന്‍ വയ്യാതായി. ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതു കാരണം ഓട്ടോറിക്ഷാക്കാര്‍ക്കും പണിയില്ല. പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ല തുടങ്ങിയ നിരവധിയായ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇവയൊന്നും കാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പു ചര്‍ച്ചയില്‍ പ്രത്യക്ഷമായിട്ടില്ല. മാത്രമല്ല തിരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതാണ്. അതും ഗൗരവമായി നടക്കുന്നില്ല. രാജ്യത്തിന്‍റെ നിലനില്‍പ്, അഖണ്ഡത, ഭരണഘടന, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. മതം പറഞ്ഞു വോട്ടു പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. മതം പറഞ്ഞ് വോട്ട് പിടിക്കുന്നതുപോലെ തന്നെ മതേതരത്വം മാത്രം പറഞ്ഞ് വോട്ടു പിടിക്കുന്നതും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നു വ്യതിചലിക്കലാണ്. ഇവിടെയാണ് കോണ്‍ഗ്രസ്സിന്‍റെ നിലപാട് വിപ്ലവാത്മകമാകുന്നത്. കോണ്‍ഗ്രസ്സു കൊണ്ടുവന്ന തിരഞ്ഞെടുപ്പുകാലത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ ഇന്ത്യയുടെ ഭാവിയെ പ്രതീക്ഷയുള്ളതാക്കിത്തീര്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org