കുട്ടനാട് മുങ്ങിത്താഴുമ്പോള്‍ അതിജീവനത്തിന്‍റെ പുഞ്ചിരിയുമായി ഒരു ജനത

കുട്ടനാട് മുങ്ങിത്താഴുമ്പോള്‍ അതിജീവനത്തിന്‍റെ പുഞ്ചിരിയുമായി ഒരു ജനത

കുറച്ചു കാലമായി കേരളം ദുരന്തങ്ങളുടെ നാടായി മാറിയിരിക്കുന്നു. കേരളത്തിന്‍റെ ഓരങ്ങളിലും തീരങ്ങളിലും കഴിയുന്നവര്‍ പേമാരിയും കടലുകയറ്റവും കൊടുങ്കാറ്റുംകൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്. ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതിജീവനത്തിന്‍റെ പുതുവഴികള്‍ തേടുകയാണു ജനം. കുട്ടനാടിപ്പോള്‍ അനുഭവിക്കുന്ന ദുരന്തം പറഞ്ഞറിയിക്കാനാവാത്തതാണ്. അക്ഷരാര്‍ത്ഥത്തില്‍ കുട്ടനാട് ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അനേകം വീടുകളില്‍ വെള്ളം കയറി. ജീവിതത്തിന്‍റെ സമസ്തമേഖലകളിലും വെള്ളം കയറി. ആളുകള്‍ക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥ. ഭക്ഷണവും ശുദ്ധജലവും കിട്ടാനില്ല. സകല മലിന്യങ്ങളും നിറഞ്ഞ വെള്ളമാണു ചുറ്റും. ഇനി വെള്ളമിറങ്ങിക്കഴിയുമ്പോഴുണ്ടാകാന്‍ പോകുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച് എല്ലാവരും ഭയക്കുന്നു. ദുരന്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാതൃഭൂമിയുടെ രണ്ടു പ്രവര്‍ത്തകര്‍ മുങ്ങിമരിക്കാനിടയായ സംഭവം തീരാദുഃഖമായി മാറിയിരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നുണ്ട്. സര്‍ക്കാരും ജില്ലാ ഭരണകൂടവും സാമൂഹിക പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും ഇപ്പോള്‍ എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. കുട്ടനാട്ടിലെ ദുരന്തനിവാരണ കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാസഭയുടെ ഇടപെടല്‍ ദൈവസാന്നിധ്യം പോലെ സൃഷ്ടിപരവും ശക്തവുമാണ്, പ്രത്യേകിച്ചും ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. എറണാകുളം അതിരൂപത സാമൂഹ്യസേവന വിഭാഗം ഡയറക്ടര്‍ പോളച്ചന്‍ സഹായഹസ്തവുമായി മിക്കവാറും ദിവസങ്ങളില്‍ കുട്ടനാട്ടെത്തുന്നുണ്ട്.

ദുരന്ത മുഖത്തെത്തിയ കേന്ദ്രമന്ത്രിയെക്കണ്ട് ആളുകള്‍ ചിരിച്ചു. ഈ ദുരന്തങ്ങള്‍ക്കു മധ്യേ നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയും എന്നദ്ദേഹം ചോദിച്ചു. കരഞ്ഞുകരഞ്ഞു കണ്ണീരു വറ്റിയിട്ടാണു സാറെ എന്ന് സ്ത്രീകള്‍ ഉത്തരം പറഞ്ഞു എന്നാണു പത്രക്കാര്‍ എഴുതിപ്പിടിപ്പിച്ചത്. അതു പത്രഭാഷ്യം മാത്രമാണ്. കുട്ടനാട്ടുകാരങ്ങനെ കരയില്ല, പറയില്ല. കുട്ടനാട്ടില്‍ ദിവസങ്ങളോളം സഞ്ചരിച്ചയാളാണു ഞാന്‍. ആളുകള്‍ ദുരിതത്തിലാണ്. പക്ഷേ അവര്‍ കരയുന്നില്ല. അവര്‍ പറയുന്നത് ഞങ്ങളുടെ മണ്ണു ഞങ്ങള്‍ക്കറിയാം. കടല്‍ നിരപ്പിനും താഴെയുള്ള പ്രദേശമാണിത്. വര്‍ഷകാലത്തു വെള്ളം പൊങ്ങും. ഇക്കുറി അല്പം കൂടുതലായെന്നേയുള്ളൂ. കുട്ടനാട്ടുകാര്‍ അതിജീവനശേഷി കൂടുതലുള്ള ആളുകളാണ്. കുട്ടന്‍റെ നാടാണു കുട്ടനാട്. കുട്ടന്‍ ബുദ്ധനാണ്. ദുഃഖദുരിതങ്ങളെ ആത്മീയ ബൗദ്ധിക ശേഷിയില്‍ നേരിടാന്‍ കുട്ടനാട്ടുകാര്‍ക്കറിയാം. കുട്ടനാടു കേരളത്തിന്‍റെ നെല്ലറയാണ്. പാടത്തു നെല്ലുവിതച്ച് എല്ലാവരും കിടന്നുറങ്ങുമ്പോഴും നെന്മണികള്‍ക്കു കാവലിരിക്കുന്നവരാണ്. ഒരു ജനതയെ തീറ്റിപ്പോറ്റാന്‍ ഉണര്‍ന്നിരിക്കുന്നവര്‍. കാര്‍ഷികവൃത്തി ജീവിതവൃത്തിയാക്കിയവര്‍. കാര്‍ഷികജീവിതം സാംസ്കാരികജീവിതമാക്കിയെടുക്കുന്നവര്‍. കേരളത്തിനു പഠിക്കാനുണ്ടു പാഠങ്ങള്‍ കുട്ടനാട്ടില്‍നിന്ന്.

ദുരന്തനിവാരണം എന്നത് ഗൗരവമായിട്ടെടുക്കേണ്ട സമയം കഴിഞ്ഞു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഭക്ഷണപൊതിയുമായി ഓടുന്നതല്ല ദുരന്തനിവാരണം. സംസ്ഥാന ജില്ലാതലങ്ങളില്‍ ഇതിനു സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെങ്കിലും അവയെല്ലാം ദുരന്തത്തിലാണ് എന്നതാണു വസ്തുത. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യാതൊരുവിധ പഠനവും നടക്കുന്നില്ല. ദുരന്തനിവാരണകാര്യത്തില്‍ പദ്ധതിയും സംവിധാനങ്ങളുമില്ല. കുട്ടനാടും തീരപ്രദേശവും ഒരുമിച്ചു കണ്ട് പദ്ധതികളും സംവിധാനങ്ങളും ഉണ്ടാകണം. കുട്ടനാട്ടില്‍ നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം അശാസ്ത്രീയമാണ്. റോഡായാലും വീടായാലും കുട്ടനാടിന്‍റെ ഭൂപ്രകൃതിക്കിണങ്ങുന്ന തരത്തില്‍ ശാസ്ത്രീയമായി പഠിച്ചിട്ടാവണം. അശാസ്ത്രീയമായി സ്വാര്‍ത്ഥതയില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡുകളും കെട്ടിടങ്ങളുമാണ് കുട്ടനാടിനെ ഇപ്പോള്‍ ദുരന്തഭൂമിയാക്കുന്നത്. കുട്ടനാട്ടില്‍ ഭൂമി കൃഷിക്കൊരുക്കുന്നതിനും വെള്ളെക്കെട്ടൊഴിവാക്കുന്നതിനും മറ്റുമായി ചെയ്യുന്ന സംവിധാനങ്ങളൊക്കെ ശാസ്ത്രീയതയോടെയും നാടിന്‍റെ നിലനില്‍പിന് അനുയോജ്യമായ തരത്തിലുമാകണം. കുട്ടനാട്ടില്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞ റിസോര്‍ട്ടുകളെല്ലാം നാടിനു നാശം വിതയ്ക്കുന്നവയാണ്. ഇക്കാര്യത്തില്‍ കൃത്യമായ പദ്ധതിയും നിലപാടുകളുമുണ്ടാകണം. കടലോരത്തും കുട്ടനാടന്‍ തീരങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളില്ല. ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രക്ഷാസംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കാലാകാലങ്ങളിലുണ്ടാകുന്ന എല്ലാ സര്‍ക്കാരുകളും കുറ്റകരമായ അനാസ്ഥയാണു കാട്ടിയിട്ടുള്ളത്. ദുരന്ത നിവാരണരംഗത്തു ശാസ്ത്രീയതയും പ്ലാനിങ്ങും സമര്‍പ്പണവും ഉണ്ടാകുന്നില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും ഭാവിയില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org