ശവകുടീരങ്ങളില്‍ കല്ലു വയ്ക്കുന്നവര്‍

ശവകുടീരങ്ങളില്‍ കല്ലു വയ്ക്കുന്നവര്‍

ആലപ്പുഴയിലെ റേഡിയോ നെയ്തലിന്‍റെ മുഖവാചകം ശബ്ദമില്ലാത്തവന്‍റെ ശബ്ദമെന്നാണ്. അരുന്ധതി റോയി തന്‍റെ 'The Ministry of Utmost Happiness' എന്ന പുതിയ നോവലിന്‍റെ പശ്ചാത്തലത്തില്‍ ഫ്രണ്ട്ലൈന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു, ശബ്ദമില്ലാത്തവരായി ആരുമില്ല, എല്ലാവര്‍ക്കും ശബ്ദമുണ്ട്. ഇവിടെ പലരെയും ശബ്ദമില്ലത്തവരാക്കുകയാണ്. നമ്മള്‍ പറയുന്ന ശബ്ദമില്ലാത്തവര്‍ ശബ്ദമില്ലാത്തവരാക്കപ്പെട്ടവരാണ്. ആദിവാസികളും ദളിതരും മീന്‍പിടുത്തക്കാരുമെല്ലാം ഇപ്രകാരം ഒതുക്കപ്പെട്ടവരുടെ കൂട്ടത്തിലുള്ളവരാണ്. നമ്മുടെ സാമൂഹികവ്യവസ്ഥിതിയില്‍ സംവിധാനാത്മകമായിത്തന്നെ നിശ്ശബ്ദരാക്കപ്പെട്ടവര്‍. ബൈബിളില്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ ലാസറിനെ ഉയിര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. ലാസര്‍ മരിച്ചപ്പോള്‍ യേശു അവിടെ ഉണ്ടായിരുന്നില്ല. യേശു വന്നപ്പോള്‍ മര്‍ത്താ യേശുവിനോട് അതേക്കുറിച്ച് ആവലാതിപ്പെടുന്നുണ്ട്. കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. യേശു കുഴിമാടത്തിലെത്തി. കുഴിമാടത്തിനു മുകളില്‍ ഒരു കല്ലു വച്ചിരുന്നു. ആ കല്ലു മാറ്റാന്‍ യേശു ആവശ്യപ്പെട്ടു. യേശുവിനു വേണമെങ്കില്‍ ഒരു നോട്ടംകൊണ്ട് ആ കല്ലിനെ പറപ്പിക്കാമായിരുന്നു. മരിച്ചവനെ മറവു ചെയ്തിട്ട് ഒരു കാരണവശാലും പുറത്തുവരരുതെന്നു വാശിയുള്ളവര്‍ വയ്ക്കുന്ന കല്ലുകള്‍ മനുഷ്യര്‍ തന്നെ മാറ്റിക്കൊടുക്കണം. എങ്കിലേ ദൈവത്തിന് ഉയിരേകാനാവൂ. മരിച്ചവന്‍ ഒരു കാരണവശാലും എഴുന്നേറ്റു വരരുതെന്നു വാശിപിടിച്ച് ശവക്കല്ലറകള്‍ക്കു മേല്‍ കല്ലെടുത്തു വയ്ക്കുന്നതുപോലെ വ്യക്തികളെ തകര്‍ത്തു തരിപ്പണമാക്കിയിട്ട് ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാന്‍ ഒരു കല്ലുംകൂടി എടുത്തുവയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും ക്രൈംതന്നെയാണ്. ചില സിനിമകളില്‍ വില്ലനെ നായകന്‍ കീഴടക്കിക്കഴിയുമ്പോള്‍ നോക്കിനില്ക്കുന്നവരില്‍ ഒരാളെക്കൊണ്ട് ഒരു ചവിട്ടുംകൂടി കൊടുത്തിട്ടേ പടം മടക്കൂ. എങ്കിലേ നമ്മളെപ്പോലുള്ള പ്രേക്ഷകര്‍ക്കു തൃപ്തിയാവൂ. നമ്മളങ്ങനെയായി മാറിക്കഴിഞ്ഞു. ആത്മപരിശോധന ആവശ്യമുള്ള തലമാണിത്.

ദയയും കാരുണ്യവുമില്ലാത്തവരായിത്തീര്‍ന്നില്ലേ നമ്മള്‍? സഭയുടെ കാരുണ്യവര്‍ഷം കാരുണ്യകവാടങ്ങളില്‍ ഒതുങ്ങിയില്ലേ? പുതുതലമുറയ്ക്കു കാരുണ്യത്തേക്കാള്‍ അവകാശങ്ങളാണു പ്രാമൂഖ്യം. വേട്ടക്കാരുടെ ശൈലി നമ്മുടെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും എങ്ങനെയോ വന്നുചേര്‍ന്നിരിക്കുന്നു. ആരെയെങ്കിലും കൈയില്‍ക്കിട്ടിയാല്‍ ജീവിതകാലത്തു രക്ഷപ്പെടരുതെന്ന വിചാരത്തോടെ ഇരകളുടെമേല്‍ എന്നപോലെ ആക്രമിക്കുന്ന രീതി ഭ്രമാത്മകവും ഭ്രാന്തവുമായി ഭാവപ്പകര്‍ച്ചയാര്‍ന്നിട്ടുണ്ട്. കോടതികളെപ്പോലും നോക്കുകുത്തികളാക്കികൊണ്ട് മാധ്യമ വിചാരണ നടത്തി കൊന്നു കുഴിച്ചുമൂടി അതിനുമേല്‍ ഒരു കല്ലുംകൂടി എടുത്തവച്ചേ പോകൂ എന്നു വാശിയാണിവിടെ. പിടിക്കപ്പെടുന്നവരെ തകര്‍ക്കാന്‍ വലിയ വാശിയാണ്. ഈ വാശി പിടിക്കപ്പെടാത്ത കുറ്റക്കാര്‍ക്കുതന്നെയാണെന്നതാണ് വിരോധാഭാസം. പിടിക്കപ്പെട്ട പാപിനിക്കു യേശു മാപ്പുകൊടുത്തു മേലില്‍ പാപം ചെയ്യരുതെന്നു താക്കീതും നല്‍കി. നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ എന്നു പറഞ്ഞത് ഇന്നെല്ലാവരും സൗകര്യപൂര്‍വ്വം മറക്കുകയാണ്. കണ്ണിലെ തടി കാണാതെ സഹോദരന്‍റെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിക്കുന്നു. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കണം. തെറ്റിനോടു കാര്‍ക്കശ്യനിലപാടുതന്നെ എടുക്കണം. പക്ഷേ തെറ്റല്ലേ വെറുക്കപ്പെടേണ്ടത്, വ്യക്തിയല്ലല്ലോ. നാം എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? ഒരാള്‍ കുറ്റക്കാരനെന്നു കോടതി പ്രഖ്യാപിക്കുന്നതിനു മുമ്പേ കോടതിയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് മാധ്യമവിചാരണ ചെയ്യുന്നതു ശരിയല്ല. തെറ്റുകാരനു മാനസാന്തരപ്പെട്ടു ജീവിക്കാന്‍ സമ്മതിക്കാത്തവരായിരിക്കുന്നു നാം. പൊതുരംഗത്തുള്ളവരില്‍ ചിലരെയൊക്കെപ്പിടിച്ചു മാധ്യമവിചാരണ നടത്തി കൊന്നു കുഴിച്ചുമൂടി കുഴിമാടത്തിനു മേല്‍ ഒരു കല്ലും വച്ചാലേ അടങ്ങു എന്നു വാശി പിടിക്കുന്ന പോലുണ്ട്. ഇതു നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ്. എന്തെല്ലാം ന്യായം പറഞ്ഞാ ലും കോടതിവിധിക്കു മുമ്പു മാധ്യമവിചാരണ പാടില്ല എന്നു നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രവണത പക്വതയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല, കുട്ടികള്‍ക്കു ദുര്‍മാതൃകയാണ്, സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതുമാണ്. എന്തായാലും നമ്മുടെ ഇടയില്‍ വളര്‍ന്നുവരുന്ന സാമൂഹിക ജീവിതശൈലി ഗൗരവമായ വിലയിരുത്തലിനു വിധേയമാക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ആരോടോ ഒക്കെ ഒരു യുദ്ധപ്രഖ്യാപനം നടത്തിയപോലുണ്ട്. ഈ യുദ്ധമില്ലെങ്കില്‍ ഞങ്ങള്‍ക്കു ജീവിതമില്ല എന്നായിട്ടുണ്ട് മാധ്യമശൈലി. നമ്മുടെ നാട് ഒരിക്കലും ഒരു കലാപഭൂമിയായിരുന്നില്ലല്ലോ. നമ്മുടെ ഗ്രാമ്യവും ശാദ്വലവുമായ പ്രശാന്തത എങ്ങുപോയ് മറഞ്ഞു? ഇവിടെയാണു ഭരണകൂടങ്ങളും കോടതിയും പരാജയപ്പെടുന്നത്. ജനങ്ങള്‍ക്കു സ്വൈര്യജീവിതം ഉറപ്പാക്കാന്‍ പരാജയപ്പെടുന്നു.

ഒരു സ്നേഹത്തിന്‍റെ വീണ്ടെടുപ്പു നമുക്കു വേണ്ടേ? നമുക്കു വളരുകയും ഉയരുകയും വേണ്ടേ? നമുക്കു കല്ലു മാറ്റിക്കൊടുക്കാം. അവന്‍ ഉയിര്‍പ്പിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org