മീന്‍പിടുത്തക്കാരുടെ കടല്‍

എന്താ ഇങ്ങനെയൊരു തലക്കെട്ടെന്നായിരിക്കും? മീന്‍പിടുത്തക്കാരുടെ കടലും അല്ലാത്തവരുടെ കടലും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ട്, വ്യത്യാസമുണ്ട്. സാധാരണക്കാരുടേതു കടല്‍. മീന്‍പിടുത്തക്കാരുടേതു കടലമ്മ. അമ്മ പിണങ്ങും ഇണങ്ങും. അമ്മ കാവല്‍നില്‍ക്കും, കരുതലോടെ തീറ്റും, പോറ്റും. കടലമ്മ കള്ളി എന്നെഴുതിയാല്‍ കലിതുള്ളി കരമാന്തും. എന്താകാര്യം? അമ്മ സത്യമാണ്. ജീവന്‍റെ സത്യമുള്ള ജലം. സത്യമില്ലാതെ ജീവിച്ചിട്ട് കടലേറിയാല്‍ പുറന്തള്ളും. സത്യമേ വാഴൂ. തിന്മയെ ജയിക്കുന്നവനേ കടലിനു മീതേ നടക്കാനാവൂ. ആരാണു മീന്‍പിടുത്തക്കാര്‍? സത്യാന്വേഷകരാണവര്‍. അപാരമായ കടല്‍ സത്യത്തിന്‍റെ പാരാവാരമാണ്. സത്യം കണ്ടെത്താന്‍ കടലില്‍ വലയെറിയുന്നവന്‍ സത്യാന്വേഷകനാണ്. തെന്നിമാറുന്ന മീന്‍, കണ്ടെത്തി എന്നു തോന്നുമ്പോഴും മാറിപ്പോകുന്ന സത്യാവസ്ഥയാണ്. എത്ര തേടിയാലാണ് കണ്‍വെട്ടത്തെത്തുക. ഇപ്പോള്‍ വലയില്‍ കുടുങ്ങുമെന്നോ ചൂണ്ടയില്‍ കൊളുത്തുമെന്നോ തോന്നുമ്പോഴും തെന്നിമാറുന്ന സത്യം ഏതൊരന്വേഷകന്‍റെയും ജീവിതഗതിയാണ്. പത്രോസും തോമസുമെല്ലാം മീന്‍പിടിക്കാന്‍ പോയതെപ്പോഴാണ്? കണ്ടെത്തിയ സത്യം കണ്‍വെട്ടത്തുനിന്നു മറഞ്ഞു എന്നു തോന്നിയപ്പോഴാണ്. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്കൊന്നും കിട്ടിയില്ല. രാത്രിയിലെ അന്വേഷണം എങ്ങനെ ഫലം കാണാനാണ്? ഉഷസ്സായപ്പോള്‍ അവന്‍ കടല്‍ക്കരയില്‍ വന്നു നിന്നു. അവന്‍ വന്നപ്പോള്‍ വെളിച്ചം വീണു. അവന്‍ പറഞ്ഞു; വലതുവശത്തു വലയെറിയുക. അവരങ്ങനെ ചെയ്തു. വലയിലകപ്പെട്ട മത്സ്യത്തിന്‍റെ ആധിക്യം നിമിത്തം വല വലിച്ചുകയറ്റാന്‍ അവര്‍ നന്നേ പണിപ്പെട്ടു. ഇത്രയധികം മത്സ്യങ്ങളുണ്ടായിട്ടും വലകീറിയില്ല. വല വിലയുള്ളതായി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയുടെ വലയമായി. അതു കീറില്ല. ലോകം മുഴുവന്‍ കൊള്ളാനുള്ളതാണ്. നീ ആരാണെന്ന് അവരാരും അവനോടു ചോദിച്ചില്ല. കാരണം ഇതിനകം അവര്‍ മനസ്സിലാക്കികഴിഞ്ഞു, അവനാരാണെന്ന്. അവനെയറിഞ്ഞപ്പോള്‍ അവരറിഞ്ഞത് അവരെത്തന്നെയായിരുന്നു. അവരങ്ങനെ മനുഷ്യരെ പിടിക്കുന്നവരായി. വാഗ്ദാനം പാലിക്കപ്പെട്ടു. സംസ്കൃതവല്‍ക്കരിക്കപ്പെട്ട അവര്‍ രക്ഷകരായി മാറി. ജീവന്‍റെ ജലമറിയാവുന്നവരാണ് രക്ഷകരാകുന്നത്. പ്രളയത്തിനു മുകളില്‍ നില്‍ക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു. മരണത്തിന്‍റെ പ്രളയത്തില്‍നിന്ന് ജീവന്‍റെ തീരങ്ങളിലേക്ക് അവര്‍ കേരളത്തെ നയിച്ചു. വെളിച്ചം കണ്ട അവര്‍ കേരളക്കരയില്‍ വിളക്കു കൊളുത്തി വച്ചു. ഒരു പുതിയ ദര്‍ശനം പകര്‍ന്നു. അവര്‍ എല്ലാവരെയും രക്ഷിച്ചു. അവര്‍ ആരുടേയും മതവും ജാതിയും ചോദിച്ചില്ല. അവര്‍ ആരോടും ഒന്നും വാങ്ങിയില്ല. ആരും പറഞ്ഞിട്ടല്ല അവരിറങ്ങിയത്. വിളിച്ചിറക്കിയവന്‍ ആജ്ഞാപിച്ചതു ചെയ്തുതീര്‍ത്തു. കടമ നിര്‍വ്വഹിക്കുക മാത്രം ചെയ്ത ദാസന്മാരാണു തങ്ങള്‍ എന്നവര്‍ വിശ്വസിച്ചു. വാങ്ങിയല്ല കൊടുത്തേ ശീലമുള്ളൂ. കൊടുക്കാന്‍ ഒരു കടല്‍ കൈവശമുള്ളവരാണവര്‍. ആകാശം വിശാലം, കടല്‍ വിശാലം, തീരം വിശാലം അവരുടെ മനസ്സും വിശാലം. മീന്‍പിടിക്കാന്‍ വഞ്ചിയിറക്കുമ്പോള്‍ ആരു വന്നാലും കൂടെക്കൂട്ടും. വഞ്ചിയടുക്കുമ്പോള്‍ കറിക്കു ചോദിച്ചു പാത്രം വച്ചാല്‍ അവര്‍ക്കു കൊടുത്തിട്ടേ വില്‍ക്കൂ. കര നില്‍ക്കുന്നവനു കരപ്പങ്കും കൂടെയുള്ള പണിയാള്‍ക്കു രോഗം വന്നാല്‍ ക്ഷീണക്കാരന്‍ പങ്കും പള്ളിക്കു നേര്‍ച്ചപ്പങ്കും കൊടുത്തു ശീലമുള്ളവരാണവര്‍. തീരത്തു പള്ളി വച്ചതും പള്ളിക്കൂടം വച്ചതും അവരാണ്. ആത്മീയതയുടെ സംസ്കൃതയില്‍ തീരത്തെ എന്നും വെളിച്ചമുള്ളതാക്കുന്നതും അവര്‍തന്നെ. എന്നിട്ടും അവര്‍ അംഗീകരിക്കപ്പെട്ടില്ല. മാന്യമായ ഇരിപ്പിടം ഇപ്പോഴും അവര്‍ക്കു നല്‍കപ്പെടുന്നില്ല. എന്നിട്ടും ആരോടും ഒരു പരിഭവവുമില്ല. മാത്രമല്ല ആദരവുകള്‍ അവര്‍ വേണ്ടെന്നു പറഞ്ഞു. പൊന്നാടകള്‍ക്കു തലകുനിച്ചു കൊടുത്തില്ല. കോളിലും കൊലകൊമ്പന്‍ കടലിലും തല ഉയര്‍ത്തിനിന്നു തോണി തുഴയാനും മീന്‍പിടിക്കാനും കഴിയുന്നവന്‍റെ ഉയരമാണു തങ്ങളുടെ ഉയരമെന്നവര്‍ ഉള്ളിലുറപ്പിക്കുന്നു. ആരുടെ മുന്നിലും തല കുനിക്കാതെ നട്ടെല്ലു വളയ്ക്കാതെ കടലാഴങ്ങളെ അറിഞ്ഞ് കടല്‍പ്പൊക്കത്തില്‍ ജീവിക്കുന്നവരുടെ പേരാണു മീന്‍പിടുത്തക്കാര്‍. അവരുടെ കടലാണു കടലമ്മ.

കടലും കടല്‍ത്തീരവും തീരവാസികളും ഉയര്‍ത്തുന്ന ജീവിത ദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് നവംമ്പര്‍ 21 ലോകമത്സ്യത്തൊഴിലാളി ദിനാഘോഷം നടന്നു. ഇക്കുറി ഈ ദിനാഘോഷവുമായി ബന്ധപ്പെട്ടു മനസ്സിലുയര്‍ന്ന നുറുങ്ങു ചിന്തയാണ് ഉള്‍പ്പൊരുളായി ഇവിടെ കുറിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org