Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> ഒരു ഗ്ളോബലൈസ്ഡ് ക്യാപ്പിറ്റലിസ്റ്റിക് ബജറ്റ്

ഒരു ഗ്ളോബലൈസ്ഡ് ക്യാപ്പിറ്റലിസ്റ്റിക് ബജറ്റ്

ഫാ. സേവ്യര്‍ കുടിയാംശേരി

കേന്ദ്ര ധനകാര്യമന്ത്രി ഇതാ തന്‍റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ആരെയും മുന്നില്‍ കാണാതെ, ആരോടും മിണ്ടാത്ത, ഒരു ദിശാബോധവുമില്ലാത്ത ഒരു ബജറ്റ് എന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ അതു ശരിയല്ല. കൃത്യമായ ദിശാബോധവും ലക്ഷ്യബോധവുമുള്ള ഒരു ബജറ്റുതന്നെയാണ്. 2025 ല്‍  മ്മള്‍ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തികേന്ദ്രമാകും എന്ന സ്വപ്നവും പങ്കവയ്ക്കപ്പെടുന്നു. കഴിഞ്ഞ കൊല്ലത്തെ ദര്‍ശനത്തെ ഈ ബജറ്റു പിമ്പറ്റുന്നുണ്ട്. ആഗോളീകരണത്തെ ഗൗരവമായി സ്വീകരിക്കുന്നുണ്ട്. ഒരു ക്യാപ്പിറ്റലൈസ്ഡ് ഇക്കോണമിയിലേക്ക് രാജ്യത്തെ മാറ്റിമറിക്കുന്നു. അതുകൊണ്ടുതന്നെ കുറെ മുതലാളിമാരുടെ കൈയില്‍ നിറയെ പണം വച്ചുകൊടുത്തിട്ട് ഇന്ത്യ വളര്‍ന്നു എന്നു പറയുകയാണ്. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമായിരുന്നല്ലൊ. അതിന്‍ പ്രകാരം ഭൂരിപക്ഷം ഭരിക്കുമെന്നാണു നാം കരുതിയത്. എന്നാല്‍ അതു വിജയിക്കണമെങ്കില്‍ ജനങ്ങളെല്ലാം പ്രബുദ്ധരും ഒരുപോലെ ആസ്തിയുള്ളവരുമാകണം. എല്ലാവരും വിദ്യാസമ്പന്നരല്ലാതിരിക്കുകയും സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്ക്കുകയും ചെയ്യുമ്പോള്‍ ഒരു മൈനോറിറ്റി മജോറിറ്റിയെ ഭരിക്കുന്ന സാഹചര്യം വന്നുചേരും. അതാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അംബാനിയെപ്പോലുള്ള സമ്പന്നവര്‍ഗം ഭരിക്കുന്ന സാഹചര്യം ഒരുക്കപ്പെടുന്നു.

ബജറ്റിനു മുമ്പ് അവതരിപ്പിച്ച ഇക്കണോമിക് സര്‍വ്വേ വസ്തുതാപരമായിരുന്നില്ല. വസ്തുതകളെ കാണാതെ, ഇന്ത്യയെ അറിയാതെ ഇന്ത്യയ്ക്കുവേണ്ടി ഒരു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു മിണ്ടാത്ത സാമ്പത്തിക സര്‍വ്വേയായിപ്പോയി. അതുകൊണ്ട് മാന്ദ്യത്തെ നേരിടുന്നതിനുള്ള ഉത്തേജക പാക്കേജുകളെക്കുറിച്ചു ചിന്ത പോലുമില്ല. താലിനോമിക്സ് എന്ന ഒരു പുതിയ പദം അവതരിപ്പിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണം സകല ഇന്ത്യക്കാര്‍ക്കും ഉറപ്പാക്കിയെന്നാണു വാദം. പക്ഷേ ബജറ്റില്‍ ആ അവകാശവാദവും ഇല്ലാതെ പോയി. സാധാരണക്കാരുടെ കൈയില്‍ പണമെത്തണമായിരുന്നു. തൊഴിലുറപ്പുപോലുള്ള പദ്ധതികള്‍ ആ ലക്ഷ്യത്തിലുള്ളതായിരുന്നു. ഈ ബജറ്റില്‍ അതേക്കുറിച്ചും മൗനം പാലിക്കുന്നു. അതുകൊണ്ടാണു ദര്‍ശനമില്ലാത്ത ബജറ്റെന്നു പ്രതിപക്ഷം പറഞ്ഞത്.

ബജറ്റ് മൂന്നു വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ്അവതരിപ്പിച്ചിരിക്കുന്നത്.
1. Aspirational India (A better life for all).
2. Economic development for all(yielding more space for the private sector).
3. Creating a caring society (boosting incomes and purchasing power)

ഈ മേഖലകള്‍ രണ്ടു കരങ്ങളില്‍ ഭദ്രമാകുമെന്നാണു പറഞ്ഞുവച്ചിരിക്കുന്നത്. (1) അഴിമതിയില്ലാത്ത സദ്ഭരണം. (2) സംശുദ്ധവും സ്വതന്ത്രവുമായ സാമ്പത്തിക മേഖല. അഴിമതി ബജറ്റിനു മുന്നേയായാല്‍ ആര്‍ക്കും ഒന്നും പറയാനാവില്ല. അഴിമതി വ്യക്തികള്‍ ചെയ്യുന്നില്ല. സംവിധാനം ചെയ്താല്‍ കുറ്റമല്ല, ശിക്ഷയുമുണ്ടാവില്ല. ഒരു ചെറിയ പറ്റം സമ്പന്നരുടെ പക്കല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അപ്പാടെ ഏല്‍പ്പിച്ചാല്‍ എങ്ങനെ സംശുദ്ധവും സ്വതന്ത്രവുമാകും. മധ്യവര്‍ഗം മുതല്‍ മുകളിലേക്കുള്ളവരെ മാത്രമേ ബജറ്റ് കാണുന്നുള്ളു.

വിദേശ നിക്ഷേപം പ്രതീക്ഷിച്ചാണ് ആഗോളീകരണത്തില്‍ വട്ടം കറങ്ങുന്നത്. അതിനൊരു താത്കാലികവും പ്രാതിഭാസികവുമായ സാധ്യതയെ ഉള്ളൂ എന്നതു മറന്നിട്ടാണ് ഈ ചാട്ടം. അമേരിക്ക ആഗോളീകരണ നടപടികള്‍ വിട്ടു. പ്രാദേശികതയുടെ വക്താവായതുകൊണ്ടാണു ട്രംപു ജയിച്ചതുപോലും. ബ്രിട്ടണ്‍ ബ്രെക്സിറ്റു പൂര്‍ത്തായാക്കി യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുചാടി. വമ്പന്‍മാര്‍ ആഗോളീകരണത്തില്‍നിന്നു പുറത്തു ചാടുമ്പോഴാണ് നമ്മള്‍ ആഗോളീകരണം തലക്കടിച്ചതുപോലെ നെഞ്ചിലേറ്റുന്നത്. രാജ്യത്തെ പൊതുവിടങ്ങള്‍ ഇല്ലാതാക്കുന്നതുപോലെതന്നെ പൊതുസ്ഥാപനങ്ങളും വിറ്റുതുലയ്ക്കുകയാണ്. ബി.എസ്.എന്‍.എല്‍ പൂട്ടി താക്കോലെടുത്തു. എല്‍.ഐ.സി.യെ കൊല്ലാന്‍തന്നെ തീരുമാനിച്ചിരിക്കുന്നു. സഹകരണ ബാങ്കുകള്‍ തകര്‍ക്കപ്പെടുകയാണ്. സാധാരണക്കാരന്‍റെ അഭയകേന്ദ്രങ്ങളെല്ലാം തകര്‍ക്കുകയാണ്. ഇവിടത്തെ പൊതുമുതല്‍ മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാരിന് ആര് അനുവാദം കൊടുത്തു? കാര്‍ഷിക മേഖലയെ പരിപൂര്‍ണമായി തകര്‍ത്തിട്ടില്ല. കാര്‍ഷി കവായ്പയ്ക്ക് 15 ലക്ഷം കോടി അനുവദിച്ചിരിക്കുന്നതു നല്ലതുതന്നെ. മത്സ്യമേഖലയ്ക്ക് ചില പ്രഖ്യാപനങ്ങളുണ്ട്. അവയെല്ലാം സി.എം.എഫ്.ആര്‍.ഐ.പോലുള്ള സ്ഥാപനങ്ങളുടെ ഉയര്‍ച്ചയക്കു മാത്രമേ സഹായിക്കൂ. സാധാരണ മത്സ്യത്തൊഴിലാളിക്ക് ഒന്നുമില്ല. 2024-256 വര്‍ഷത്തോടെ ഒരു ലക്ഷം കോടി രൂപയുടെ മത്സ്യോല്‍പന്ന കയറ്റുമതി ലക്ഷ്യം വയ്ക്കുന്നതു നല്ലതുതന്നെ. അതിനുള്ള ഒരു കര്‍മ്മപദ്ധതിയുമില്ല. മത്സ്യസംസ്കരണത്തിന് ഊന്നല്‍ നല്‍കാന്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന വിഭാവന ചെയ്തിട്ടുണ്ട്. മത്സ്യം ഉണ്ടായിട്ടു വേണ്ടെ സംസ്കരണം. കടലിലെ മത്സ്യസമ്പത്തു സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക ചട്ടക്കൂട് എന്നു പറഞ്ഞിരിക്കുന്നതല്ലാതെ അലോക്കേഷനില്ല. മത്സ്യബന്ധന മേഖലയിലെ 1.4 കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിടുന്നു എന്നതു പറച്ചില്‍മാത്രം. എന്‍ജിന്‍ ഇറക്കുമതി തീരുവ എടുത്തുകളയണമെന്ന് മത്സ്യത്തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. പരിഗണിക്കപ്പെടുന്നില്ല. മുമ്പ് കേന്ദ്രത്തില്‍ മന്ത്രിയോ മന്ത്രാലയമോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത്തരം സംവിധാനങ്ങളുണ്ടായിട്ടും മത്സ്യമേഖല തഴയപ്പെട്ടു. ഈ ബജറ്റില്‍ സത്യം പറഞ്ഞാല്‍ ഒന്നുമില്ല. അസംഘടിതമേഖല അപ്പാടെ തഴയപ്പെട്ടു. അമേരിക്കന്‍ രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങളെ അപ്പാടെ ഒഴിവാക്കുമ്പോള്‍ നമ്മള്‍ തലതിരിഞ്ഞ യാത്രയിലാണെന്നേ പറയാനാവൂ. ആയതിനാല്‍ ഈ ബജറ്റ് വെറും പൊളിറ്റിക്കല്‍ ഗിമ്മിക്കു മാത്രമാണ്.

Leave a Comment

*
*