വി.റ്റി. ബല്‍റാം വിഗ്രഹഭഞ്ജകനോ? വിഗ്രഹനിര്‍മ്മാതാവോ?

വി.റ്റി. ബല്‍റാം വിഗ്രഹഭഞ്ജകനോ? വിഗ്രഹനിര്‍മ്മാതാവോ?

എ.കെ.ജി. ബാലപീഡകനാണ് എന്നാരോപിച്ച് വി.റ്റി. ബല്‍റാം സോഷ്യല്‍മീഡിയായില്‍ പോസ്റ്റിട്ടു. മാധ്യമപ്പട ബല്‍റാമിനെ പ്രതിക്കൂട്ടില്‍നിര്‍ത്തി പൊതുവിചാരണ നടത്തി പെടാപ്പാടുപെടുത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ബല്‍റാമിനെ കൈയൊഴിഞ്ഞു. കമ്യൂണിസ്റ്റുകാര്‍ വടിതടി ആയുധങ്ങളോടെ പിന്നാലെ കൂടിയിട്ടുണ്ട്. ഒരു ക്ഷമാപണക്കുറിപ്പില്‍ കാര്യങ്ങള്‍ ഒടുങ്ങിയേനെ. മാപ്പു പറയേണ്ട കാര്യമുണ്ടെന്ന് ബല്‍റാമിനു തോന്നുന്നില്ല. എന്തായാലും വിവാദം വിവാദമായിത്തന്നെ തുടരുന്നു. ഇനി വളരെപ്പെട്ടെന്നു കെട്ടടങ്ങിയേക്കുമെന്നു പ്രതീക്ഷിക്കുന്നു. വിവാദങ്ങള്‍ക്ക് അല്‍പായുസല്ലേ ഉള്ളൂ. എന്തായാലും വിവാദം വിവാദം തന്നെയാണല്ലോ. ഒരു താത്ത്വിക വിചാരണയ്ക്കാണ് ഇവിടെ കൂടുതല്‍ പ്രസക്തി.

മനുഷ്യന്‍ വിഗ്രഹ നിര്‍മ്മാതാവാണ്. ഏതാണ്ടൊരു ധര്‍മ്മംപോലെ നിരന്തരമായി മനുഷ്യന്‍ വിഗ്രഹങ്ങളെ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. നിര്‍മ്മാണത്തിനുള്ള മാര്‍ഗം കെട്ടിപ്പടുക്കല്‍ മാത്രമല്ല. ഇടിച്ചു തകര്‍ക്കലും നിര്‍മ്മാണംതന്നെയാണ്. ഭയം പാടില്ലെന്നാണല്ലോ നാം പൊതുവേ പറയുക. ഭയമാണു ധീരതയെ കൊണ്ടുവരുന്നത്. ഭയമില്ലെങ്കില്‍ ധീരതയില്ല. പട്ടിണിക്കാരനാണ് ഏറ്റവും വലിയ സമ്പന്നനെന്നു ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ. വിശ്വസിക്കണം. അറപ്പുരകളില്‍ ധാന്യമണികള്‍ ശേഖരിച്ചശേഷം സ്വന്തം ആത്മാവിനോടു വിശ്രമിക്കാന്‍ പറയുന്ന ഒരാളെ ബൈബിളില്‍ ചിത്രീകരിച്ചിട്ട് ഒരു ചോദ്യം ചോദിക്കുന്നു. ഈ രാത്രി നിന്‍റെ ജീവനെടുത്താല്‍ എന്തു ചെയ്യും. വെറും ഭാവനാപൂര്‍വ്വമായ ഒരു ചോദ്യമല്ലത്. ഒരുവന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള വിഭവങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നുതന്നെയാണര്‍ത്ഥം. ഇല്ലായ്മകളുടെ സൃഷ്ടിസാധ്യതകള്‍ ഒരിക്കലും തള്ളിക്കളയരുത്. ശരിയും തെറ്റും തമ്മില്‍ താത്ത്വികമായ ചില കടമ്പകളുണ്ട്. ശരിക്കു ശരിയുടെ കാലവും തെറ്റിനു തെറ്റിന്‍റെ കാലവുമുണ്ട്. കാലംകടന്നു നില്‍ക്കുന്നവര്‍ക്കു രണ്ടും മനസ്സിലാകും. കാലത്തിനുള്ളില്‍ കിടക്കുന്നവര്‍ക്കു രണ്ടും മനസ്സിലാവില്ല. അതുകൊണ്ടാണു തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നത്. കാലംകടന്നു നില്‍ക്കുന്നവര്‍ക്കു തെറ്റുചെയ്തവരെ ശിക്ഷിക്കാനാവില്ല. അവരുടെ മുന്നില്‍ തെറ്റിനേയും ശരിയേയും വേര്‍പെടുത്തുന്ന നേര്‍ത്തപാളികള്‍ കാലാതീതസമസ്യകളില്‍ അപ്രത്യക്ഷമാകും. തെറ്റും ശരിയും കാലത്തിനുള്ളിലേയുള്ളു. അതുകൊണ്ടുതന്നെയാണ് ഇന്നലത്തെ തെറ്റ് ഇന്നത്തെ ശരിയായി പ്രത്യക്ഷപ്പെടുന്നത്. മൊത്തക്കാഴ്ചയാണു മോക്ഷം എന്നു സി. രാധാകൃഷ്ണന്‍ പറഞ്ഞതു വെറുതെയല്ല. മൊത്തക്കാഴ്ച കാലം കടന്നു നില്‍ക്കുന്നവര്‍ക്കുള്ളതാണ്. വിഗ്രഹങ്ങളെ ഉടയ്ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ നിര്‍മ്മിക്കുകയാണ്. ഒന്നോര്‍ത്തു നോക്കൂ. ഇന്നലെ തള്ളിപ്പറഞ്ഞവര്‍ ഇന്നു വിഗ്രഹമാക്കാന്‍ വെമ്പല്‍കൊള്ളുന്നു. അവരിന്നു നിര്‍മ്മിക്കുന്നതും ചിലരിന്നു തച്ചുതകര്‍ക്കുന്നതും യഥാര്‍ത്ഥത്തില്‍ നിര്‍മ്മിതി തന്നെയാണ്. നോക്കൂ, പക്ഷം പിടിക്കുന്നവരെല്ലാം സംസാരിക്കുന്നത് എ.കെ. ഗോപാലനെക്കുറിച്ചു തന്നെയാണ്. അപ്പോള്‍ വിഗ്രഹങ്ങള്‍ ഉടയുന്നോ നിര്‍മ്മിക്കപ്പെടുന്നോ? ഞാനെഴുതുന്നതു ധാര്‍മ്മിക മേഖലയില്‍ നിന്നല്ല. ജീവിതത്തില്‍ വല്ലപ്പോഴുമെങ്കിലും ഉണ്ടാകേണ്ട താത്ത്വികവിചാരത്തില്‍നിന്നാണ്. എഴുത്ത് എന്ന മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ ആനന്ദ്, ആലീസ് എന്ന ഒരു കഥാപാത്രം ഒരു കണ്ണാടിലോകത്തില്‍ എത്തിപ്പെടുന്നതിനെക്കുറിച്ചു പറയുന്നു. അവിടെ സമയവും ഓര്‍മ്മയുമൊക്കെ മറിച്ചു പ്രവര്‍ത്തിക്കുന്നു. ഒരു സംഗതി സംഭവിക്കുന്നതിനുമുമ്പേ ഓര്‍ത്തെടുക്കേണ്ടിവരുന്നു. അടുത്ത ആഴ്ച സംഭവിക്കുന്നത് ഓര്‍മ്മവരുന്നു. നോക്കൂ, രാജാവിന്‍റെ പടയാളി ഇപ്പോള്‍ തടവിലാണ്. അവന്‍റെ ശിക്ഷയും വിചാരണയും അവന്‍ കുറ്റം ചെയ്യുന്നതുമൊക്കെ വരുവാന്‍ പോകുന്നതേയുള്ളു. ഇതു ഭ്രാന്തല്ല, ഒരുതരം തലതിരിവ്. ഇത്തരം തലതിരിവുള്ളവരെയാണു നാം പ്രതിഭാധനര്‍ എന്നു പറയുക. അവരാണു സൃഷ്ടി നടത്തുന്നത്. അവര്‍ ഇടിച്ചു തകര്‍ത്താലും നിര്‍മ്മിക്കുക തന്നെയാണ്. ഒപ്പം തങ്ങളെത്തന്നെയും. ഒരു അവാസ്തവരചനാഭൂമികയില്‍നിന്നാണ് വാസ്തവചരിത്രത്തെ നോക്കി കാണാന്‍ പരിശ്രമിക്കുന്നത്. അവാസ്തവഭൂമികയില്‍ നിന്നു വാസ്തവികതയിലേക്കു സഞ്ചരിക്കുന്നതുപോലെതന്നെയാണ് ഇന്നിന്‍റെ ഭൂമികയില്‍ നിന്ന് ഇന്നലകളിലേക്കു സഞ്ചരിക്കുന്നതും. ചരിത്രത്തെ കീറിമുറിക്കാം പക്ഷേ നുണ പുരട്ടാന്‍പാടില്ല. ചരിത്രപുരുഷന്മാര്‍ക്കു വിശുദ്ധിയുടെ ഹാലോയാണുള്ളത്. ഇന്നും ആദരിക്കപ്പെടുന്ന വിശുദ്ധ ജീവിതങ്ങളെ ആദരവോടെ കാണുന്നതിനു പകരം വിഗ്രഹനിര്‍മ്മാണത്തിനുപോലും അശുദ്ധിയുടെ കറുത്തപാടുകള്‍ ചാര്‍ത്തിക്കൂടാ. അതിനാല്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ പറയാനുണ്ടെങ്കിലും ചരിത്രത്തില്‍ ഇന്നും ജീവിക്കുന്ന കേരളത്തിന്‍റെ സ്വന്തം പുത്രനെ അവഹേളിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org