വേണം ആത്മപരിശോധന, ക്രിസ്ത്യാനികള്‍ക്കും

വേണം ആത്മപരിശോധന, ക്രിസ്ത്യാനികള്‍ക്കും

രക്ഷയുടെ അവകാശികളെന്നഹങ്കരിച്ചു നടന്ന യഹൂദര്‍ രക്ഷയുടെ വഴിയില്‍നിന്നെത്ര അകലെയാണു സഞ്ചരിക്കുന്നതെന്ന് യേശു അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. യഹൂദമതത്തിന്‍റെ പ്രതീകമായി മാറിയ ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷത്തെ കരിച്ചുകളഞ്ഞതവര്‍ക്കു പാഠമാകാനായിരുന്നു. ഇന്ന് ക്രിസ്ത്യാനിയെന്ന അഹങ്കാരം അവകാശമായി കൊണ്ടുനടക്കുന്ന നമ്മള്‍ രക്ഷയുടെ വഴിയില്‍നിന്നെത്ര അകലെയാണെന്നു വിളിച്ചു പറയുന്ന സംഭവങ്ങള്‍ നമുക്കു ചുറ്റും അരങ്ങേറുന്നു. ക്രിസ്തു സഭയുടെ അടിസ്ഥാന രണ്ടു ധര്‍മ്മങ്ങളാണ് സുവിശേഷ പ്രഘോഷണവും മതബോധനവും. സഭ ജന്മമെടുത്തകാലം മുതലിങ്ങോട്ടു സഭ തുടര്‍ന്നു പോരുന്ന രണ്ടു ദൗത്യ ങ്ങളാണിവ. എല്ലാ രൂപതകളിലും ഇടവകകളിലും വളരെ കാര്യക്ഷമതയോടെ നടക്കുന്ന കാര്യമാണു മതബോധനം. പളളി പ്രസംഗങ്ങളും പ്രാര്‍ത്ഥനകളും വേണ്ടുവോളം ഉണ്ട്. പള്ളി കേന്ദ്രീകരിച്ചുള്ള ആള്‍ക്കുട്ടങ്ങളും കൂടിക്കൂടിവരുന്നുണ്ട്. എന്നിട്ടുമെന്തേ നമ്മള്‍ സ്നേഹമില്ലാത്തവരാകുന്നു, സത്യസന്ധത ഇല്ലാത്തവരാകുന്നു. കരുണയും നീതിബോധവും ഇല്ലാതാകുന്നു. നമ്മളെന്തേ ജീവന്‍റെ കാവലാളന്മാരാകുന്നില്ല. രക്ഷയുടെ വഴിയില്‍നിന്നെത്ര അകലെയാണു നാം എന്നു തിരിച്ചറിയേണ്ടതുണ്ട്. വേണം ആത്മപരിശോധന ക്രിസ്ത്യാനികള്‍ക്കും.

ഈ അടുത്ത നാളുകളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ നമ്മുടെ ക്രിസ്തീയജീവതത്തെ വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്. കെവിന്‍ ജോസഫിന്‍റെ കൊലപാതകമാണ് ഒന്നാമത്തേത്. പോലീസിന്‍റെ ക്രൂരതയും അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും ഒക്കെ ചര്‍ച്ച ചെയ്യേണ്ട സംഭവമാണിതെങ്കിലും നമ്മുടെ ക്രിസതീയ ജീവതദര്‍ശനവും വിലയിരുത്തപ്പെടാന്‍ ഇതു കാരണമാകുന്നുണ്ട്. നമ്മുടെ ക്രൈസ്തവ മൂല്യബോധം എവിടെ നില്‍ക്കുന്നു എന്നു വിലയിരുത്തപ്പെടേണ്ടതുണ്ട്. നമ്മുടെ ഇടയില്‍ അസ്പര്‍ശ്യത ചിന്തിക്കാന്‍ പറ്റാത്ത കാര്യമല്ലേ? ദുരഭിമാനക്കൊല ക്രിസ്തീയ ചുറ്റുപാടുകളില്‍ അചിന്തനിയമല്ലേ? എന്തെല്ലാം കാര്യങ്ങളുണ്ടെങ്കിലും ഒരാള്‍ക്കും മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല എന്നതു വിശ്വാസത്തിന്‍റെ പാഠമല്ലേ? മാമോദീസാ നമ്മെ തുല്യരാക്കുന്നു എന്ന അടിസ്ഥാന പ്രമാണം നാം പഠിപ്പിക്കുന്നില്ലേ? ആദിവാസിയേയും ദലിതനേയും കൊന്നുകളയാം എന്ന് ആരെങ്കിലുമൊക്കെ ചിന്തിച്ചാലും ക്രിസ്ത്യാനിക്കതാവില്ലല്ലോ. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങള്‍ തമ്മില്‍ ദലിതനെന്നോ സവര്‍ണനെന്നോ വ്യത്യാസമുണ്ടോ? ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് നമ്മുടെ ക്രിസ്തീയജീവിതദര്‍ശനം എങ്ങനെ നാം പകര്‍ന്നു കൊടുക്കുന്നു എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. സത്യത്തില്‍ മതബോധനം അതിന്‍റെ ശരിയായ അര്‍ത്ഥത്തിലും തീവ്രതയിലും നടക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

നാലാമതൊരു കുട്ടി ജനിച്ചു എന്നത് നാണക്കേടായി അനുഭവപ്പെടുകയും ആളുകളുടെ പരിഹാസം ഭയന്ന് കുട്ടിയെ ഇടപ്പള്ളി പള്ളിയിലെ കുമ്പസാരക്കൂടിനരികില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവവും നമ്മുടെ മതജീവിതത്തിന്‍റെ നിലവാരത്തകര്‍ച്ചയെ അടയാളപ്പെടുത്തുന്നു. പള്ളിക്കുള്ളില്‍ ഉപേക്ഷിച്ചതു കുട്ടിയുടെ രക്ഷയെ പ്രതിയാകാം. പക്ഷേ, കുട്ടിയുണ്ടാകുന്നതു നാണക്കേടാണെന്നു കരുതുന്ന മാതാപിതാക്കളുടെ മതമൂല്യബോധത്തെ എങ്ങനെ ഉള്‍ക്കൊള്ളും, വ്യാഖ്യാനിക്കും? ഇക്കാര്യത്തിലുള്ള ആളുകളുടെ പരിഹാസങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ ക്രിസ്ത്യാനികളാണോ? ദൈവത്തിന്‍റെ രൂപത്തിലും ഭാവത്തിലും സൃഷ്ടിക്കപ്പെട്ടുവെന്നും ദൈവമാണു നമ്മെ തന്‍റെ ജീവനില്‍ പങ്കാളികളാക്കിക്കൊണ്ടു നമ്മെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും എന്നും നാം മറന്നോ?

ലോകമെമ്പാടും ജീവന്‍റെ പ്രഘോഷകരാണു നാം. ജീവനോടുള്ള ആദരവ്, വ്യക്തികളുടെ മഹത്ത്വം, സ്നേഹം, കരുണ, സ്വാതന്ത്ര്യം എന്നിവയെല്ലാം നമ്മുടെ സ്വന്തം മൂല്യസങ്കല്പങ്ങളല്ലേ? മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിക്കാന്‍കൂടി തയ്യാറാകുന്ന ക്രിസ്തുസന്ദേശത്തിനു ജീവിതം കൊണ്ടു സാക്ഷികളാവേണ്ടവരല്ലേ നാം? ഭാരതത്തില്‍ത്തന്നെ തുല്യതയും നീതിയും സ്നേഹവും കൊണ്ട് ഒരു പുതിയ സാംസ്കാരികമുന്നേറ്റത്തിനു രാസത്വരകമാകാന്‍ കഴിഞ്ഞവരാണു നാം. ഇന്നത്തെ നമ്മുടെ അവസ്ഥ എന്താണ്? തളരുന്നോ ഉറങ്ങുന്നോ എന്നു പരിശോധിക്കുക. നമുക്കിവിടെ നമ്മുടെ മൂല്യങ്ങളല്ലാതെ മറ്റൊന്നുമില്ല എന്ന് ഓര്‍ത്തു വയ്ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org