Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> അരികുജീവിതങ്ങളുടെ വിശ്വാസവിഹ്വലതകളുമായി തൊട്ടപ്പന്‍

അരികുജീവിതങ്ങളുടെ വിശ്വാസവിഹ്വലതകളുമായി തൊട്ടപ്പന്‍

ഫാ. സേവ്യര്‍ കുടിയാംശേരി

തലതൊട്ടപ്പന്‍റെ തല വെട്ടി തൊട്ടപ്പനാക്കി. ജ്ഞാനസ്നാനത്തൊട്ടിക്കരുകില്‍ കുട്ടിയെ സത്യവിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു തുണയായി പിതൃസ്ഥാനത്തെത്തുന്ന ജ്ഞാനപിതാവാണ് തലതൊട്ടപ്പന്‍. പതിരിഞ്ഞപ്പന്‍ എന്നും പറയും. പാരമ്പര്യമായി തൊട്ടപ്പന്‍റെ മകനെയും മകളെയും പീലാസുമോനെന്നും പിലാസുമോളെന്നുമാണ് വിളിക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും തലതൊട്ടപ്പനും പീലാസുമോനും തമ്മിലുള്ള ബന്ധം പിതൃപുത്ര ബന്ധംതന്നെ. ഈ തലതൊട്ടപ്പനെ ആധാരമാക്കി വിശ്വാസജീവിതത്തിന്‍റെ കാലികവും ഗ്രാമ്യവുമായ ജീവിതാവസ്ഥയുടെ കഥ പറയുകയാണ് തൊട്ടപ്പനെന്ന കഥയിലൂടെ ഫ്രാന്‍സിസ് നൊറോണ. ഫ്രാന്‍സിസിന്‍റെ ഈ മൂലകഥയെ ആധാരമാക്കി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണു തൊട്ടപ്പന്‍. കിസ്മത്തിനു ശേഷം ബാവക്കുട്ടി ചെയ്യുന്ന സിനിമയാണ് തൊട്ടപ്പന്‍. പി.എസ്. റഫീക്കാണു തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമയും മൂലകഥയും പ്രത്യേകം പ്രത്യേകം പഠിക്കേണ്ടതാണ്. നെഞ്ചുലയ്ക്കുന്ന, വിഭ്രാന്തി പകരുന്ന ഭാഷയിലാണ് തൊട്ടപ്പനെഴുതപ്പെട്ടിരിക്കുന്നത്. പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥകളാണു നൊറോണയുടേതെന്നു സക്കറിയാ പറയുന്നതു സത്യമാണ്. കുടിയന്മാരും കള്ളന്മാരും പ്രാര്‍ത്ഥനയും തമ്മില്‍ത്തല്ലും പുണ്യവാന്മാരും പിശാചുക്കളും മേലാള-കീഴാള ജീവിതഭാവങ്ങളും കൂടിക്കലരുന്ന ഒരു പച്ചത്തുരുത്തിലെ അരികുജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് ഫ്രാന്‍സിസ്. മതജീവിതങ്ങളുടെ ഇഴയടുപ്പം സങ്കീര്‍ണവും വന്യവുമായ തലങ്ങളില്‍ ആരെയും അമ്പരപ്പിക്കുന്ന തരത്തില്‍ വികസിക്കുന്നു. മതജീവിതത്തിന്‍റെ പാരമ്പര്യ സങ്കല്പ- സാംസ്കാരിക ധിഷണതകള്‍ ഇവിടെ തകര്‍ക്കപ്പെടുന്നു. അവന്‍ കലാപകാരികളോടു കൂടെ എണ്ണപ്പെട്ടു എന്ന് യേശുവിനെക്കുറിച്ചു പറയുന്നത് കഥയിലുടനീളം പറയാതെ പറയുന്നു. കഥയിലില്ലാത്ത ഒരു പുരോഹിതനെ സിനിമയില്‍ മനോജ് കെ. ജയന്‍ തന്മയത്വത്തോടെ രംഗത്തവതരിപ്പിക്കുന്നുണ്ട്. ഈ പുരോഹിതന്‍റെ പണിയെന്താണെന്നു മാത്രം സംവിധായകന്‍ മനോജ് കെ. ജയനോടു പറഞ്ഞുകൊടുത്തിട്ടില്ല. കടലോര ജീവിതത്തിന്‍റെ നാട്ടുഭാഷ നമ്മെ കഥയില്‍ പിടിച്ചിരുത്തു ന്നു. സാംസ്കാരിക പൊതുവേദികളില്‍ പറയാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഒരുളുപ്പുമില്ലാതെ ജീവിതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനങ്ങളിലേക്കു ചേര്‍ത്തു നിര്‍ത്തുന്നു. രണ്ടു കള്ളന്മാരുടെ ഇടേന്ന് രക്ഷപ്പെട്ട കര്‍ത്താവ് കുട്ടന്‍റെ ബാര്‍ബര്‍ഷോപ്പീ പോകുന്നതും, ഇസ്മായിലിന്‍റെ ചായക്കടേലിരുന്ന് പൂട്ടും കടലേം തിന്നേച്ച് താടീം മീശേമില്ലാത്ത മോറു കഴുകുന്നതുമോര്‍ത്തു ഞാന്‍ ചിരിച്ചു… ഇതൊരു ഇറക്കികൊണ്ടുവരവാണ്, ദൈവത്തെ ജീവിതത്തിന്‍റെ പച്ചത്തുരുത്തുകളിലേക്ക്. ഒരു ബാങ്കുവിളി ദൂരത്തില്‍ ദൈവകേന്ദ്രങ്ങളുണ്ട്. എന്നിട്ടും കള്ളു കുടിക്കും തെറിവിളിക്കും ഒരു കുറവുമില്ല. അതുകൊണ്ടൊന്നും ഒരു ദൈവവും ഊരു വിട്ടു പോകുന്നുമില്ല.

വിനായകന്‍ മുഴുനീള മുഖ്യകഥാപാത്രമായെത്തുന്ന ആദ്യചിത്രമാണിത്. ഉയരേ എന്ന സിനിമയിലേതുപോലെ നമ്മുടെ ലാവണ്യസങ്കല്പങ്ങളെ തകിടം മറിക്കാന്‍ വിനായകന്‍ എന്ന മുഖ്യകഥാപാത്രത്തിന്‍റെ അഭിനയമികവു മാത്രം മതി. ഗ്രാമഭാഷയുടെ നാട്ടുഗന്ധം ഒരു വിപ്ലവത്തിന്‍റെ പടഹധ്വനി ഉയര്‍ത്തുന്നുണ്ട്. അരികുജീവിതങ്ങളെ അവതരിപ്പിക്കുന്നു.

തൊട്ടപ്പനില്‍ ഒരുപാടു കഥകളുണ്ട്. പ്രണയം, വിരഹം, സൗഹൃദം, കാമം, പ്രതികാരം എന്നിങ്ങനെ അനേകം കൈവഴികളിലൂടെ തൊട്ടപ്പന്‍ യാത്ര ചെയ്യുന്നു. ഇത്താക്ക് എന്ന കള്ളന്‍റെ മനസ്സില്‍ ഒരുപാടാകുലതകളുണ്ട്. എന്നാല്‍ ഇത്താക്കിനു സ്വന്തം എന്നു പറയാന്‍ സാറ എന്ന പീലാസുമോളെയുള്ളൂ. ഇത്താക്കു സാറായ്ക്കുവേണ്ടിയും സാറാ ഇത്താക്കിനുവേണ്ടിയും ജീവിക്കുന്നു. തൊട്ടപ്പനെന്ന സിനിമയില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അരികുജീവിതങ്ങളുടെ സാധാരണത്വത്തിലൂടെ നിലനിന്നുപോന്ന അഹങ്കാരത്തിന്‍റെ പൊങ്ങച്ചങ്ങളെ തച്ചുതകര്‍ത്തു തരിപ്പണമാക്കുക. കൊച്ചിയുടെ തുരുത്തുകളിലെ ജീവിതതാളങ്ങള്‍ക്ക് ഇത്രയ്ക്കു വിപ്ലവാത്മകമായ ചടുലതയുണ്ടെന്ന് തൊട്ടപ്പനെന്ന സിനിമ കണ്ടാല്‍ മനസ്സിലാകും. മനോഹരമായ ക്യാമറാകാഴ്ചകളിലൂടെയും ഇമ്പമാര്‍ന്ന പാരമ്പര്യസംഗീതത്തിലൂടെയും അവ കാഴ്ചക്കാരനു മുന്നില്‍ എത്തുന്നു. എത്രമാത്രം എന്‍റര്‍ടെയിന്‍മെന്‍റ് ഇലമെന്‍റുണ്ട് എന്നത് സിനിമ കാണുന്ന ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. കഥാകൃത്തും സംവിധായകനും അവരവരുടെ വഴികളിലൂടെ സഞ്ചരിക്കുന്നു. വായനക്കാരനും കാഴ്ചക്കാരനും വേണ്ടുവോളം വായിച്ചെടുക്കാനും കണ്ടെടുക്കാനും ബാക്കിയുണ്ട്. മലയാളത്തിന്‍റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് രഘുനാഥ് പലേരി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ചിത്രം കൂടിയാണിത്. അദ്ദേഹം അവതരിപ്പിക്കുന്ന അദ്രുമാന്‍ ഔന്നത്യം പുലര്‍ത്തുന്നു. പി.എസ്. റഫീക്കും മറ്റൊരു സുപ്രധാന വേഷത്തില്‍ തൊട്ടപ്പനില്‍ എത്തുന്നുണ്ട്. റോഷന്‍ തുടക്കത്തില്‍ അഭിനയിച്ചുതുടങ്ങുകയും പിന്നീടു ജീവിതത്തിന്‍റെ പച്ചപ്പിലേക്കു പടര്‍ന്നു പന്തലിക്കുന്നുണ്ട്. പുതുമുഖങ്ങളുടെ അഭിനയ മികവും അംഗീകരിക്കപ്പെടേണ്ടതാണ്. വേദനയായും വിങ്ങലായും ഇത്താക്കും സാറായും പ്രേക്ഷകരുടെ മനം നിറയ്ക്കുന്നു.

മുന്നിലും ഉയരങ്ങളിലും നിന്നവര്‍ പറഞ്ഞു തന്നതു മാത്രമല്ല വിശ്വാസജീവിതമെന്നും ഇരുട്ടിലും മറവിലും ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇടങ്ങളിലുമുള്ള കീഴാള ജീവിത പരിസരങ്ങളിലും വിശ്വാസജീവിതത്തിന്‍റെ വെളിച്ചമുണ്ടെന്ന് തൊട്ടപ്പന്‍ നമ്മെ പഠിപ്പിക്കുന്നു.

Leave a Comment

*
*