ബാര്‍ബേറിയന്‍സിനെ കാത്ത്

സി.പി. കവാഫി ബാര്‍ബേറിയന്‍സിനെ കാത്ത് എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്. ബാര്‍ബേറിയന്‍സ് ഇന്ന് വരുമെന്ന വിചാരത്തില്‍ പ്രമുഖരെല്ലാം നഗരകവാടത്തില്‍ കാത്തു നില്‍ക്കുന്നു. അവര്‍ വന്നാല്‍ എല്ലാം തകിടം മറിയുമല്ലോ. പിന്നെന്തിനു നിയമസഭയില്‍ നിയമങ്ങളുണ്ടാക്കണം എന്ന ചിന്തയാല്‍ ലോര്‍ഡ്സ് ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നു. അവര്‍ വന്നാല്‍ മറ്റേതൊരുദ്യോഗസ്ഥനും എന്തു ജോലി ചെയ്തിട്ടും കാര്യമില്ല. കാരണം അവരെല്ലാം തകര്‍ക്കും. സന്ധ്യയായിട്ടും അവര്‍ വന്നില്ല. അപ്പോഴാണറിയുന്നത്, അവര്‍ വരത്തേയില്ല. കാരണം ബാര്‍ബേറിയന്‍സ് എന്നൊരു സംഘമില്ലതന്നെ. കവിത അവസാനിക്കുന്നത് ബാര്‍ബേറിയന്‍സ് എന്നൊരു ഗ്രൂപ്പില്ലെങ്കില്‍ ഞങ്ങള്‍ക്കെന്തു സംഭവിക്കുമായിരിക്കും എന്ന വ്യഥ നിറഞ്ഞ ചോദ്യത്തോടെയാണ്. ഈ കവിതയുടെ ചുവടുപിടിച്ച് ഇതേ തലക്കെട്ടില്‍ത്തന്നെ ജെ.എം. കുറ്റ് സേ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. രാജ്യാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഒളിപ്പോരാളികളെയാണ് ബാര്‍ബേരിയന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഭരണ നിര്‍വ്വഹണത്തിന് നിയുക്തനാകുന്ന ഒരു മജിസ്റ്റ്രേറ്റാണ് നോവലിലെ മുഖ്യകഥാപാത്രം. ആ അതിര്‍ത്തിക്കപ്പുറം ദൂരെ മലമുകളില്‍ പാര്‍ക്കുന്ന പ്രാകൃതരുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതും അവരെ നശിപ്പിക്കുക എന്നതും അയാളുടെ കടമയാണ്. ഇവിടെ സാമ്രാജ്യം ഒരു വേട്ടക്കാരനാണ്. പ്രാകൃതര്‍ ഇരകളും. ഇവിടെ സത്യത്തില്‍ യുദ്ധമെന്നതില്ല, പ്രാകൃതര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മര്‍ദ്ദിതവിഭാഗമാണ്. മജിസ്റ്റ്രേറ്റാവട്ടെ ഒരു ലിബറല്‍ ഹൂമനിസ്റ്റാണ്. പട്ടാള കേന്ദ്രത്തില്‍നിന്ന് ഒരു യഥാര്‍ത്ഥ സാമ്രാജ്യത്വത്തിന്‍റെ പ്രതിനിധിയായ ജോള്‍ അവിടം സന്ദര്‍ശിക്കുന്നു. അദ്ദേഹം അതിരുകടന്ന് പടനയിച്ചു കുറെ ആളുകളെ തടവുകാരാക്കുന്നു. അവര്‍ മത്സ്യബന്ധനം നടത്തുന്ന സാധാരണക്കാരാണെന്ന മജിസ്റ്റ്രേറ്റിന്‍റെ വാദം ജോള്‍ കേള്‍ക്കുന്നില്ല. എന്നാല്‍ മജിസ്റ്റ്രേറ്റ് അവരോടു കരുണ കാണിക്കുന്നു. മാത്രമല്ല അവരുടെ കൂട്ടത്തിലുള്ള അനാഥയായ പെണ്‍കുട്ടിയോട് അയാള്‍ക്ക് അടുപ്പം തോന്നുന്നു. ആ കുട്ടിയുടെ അസുഖാവസ്ഥ ചികിത്സിച്ചു ഭേദമാക്കിയശേഷം അവരുടെ ക്യാമ്പിലേക്കു കൊണ്ടുചെന്നാക്കുന്നു. തിരിച്ചുവരുമ്പോള്‍ ശത്രുക്കളുമായി സന്ധി ചെയ്തതിന് അറസ്റ്റു ചെയ്യപ്പെടുന്നു, ജയിലില്‍ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയമാകുന്നു. യഥാര്‍ത്ഥത്തില്‍ ഈ ശത്രുക്കള്‍ സാമ്രാജ്യത്വത്തിന്‍റെ ബോധപൂര്‍വ്വമായ സൃഷ്ടിയാണ്. ഈ ശത്രുക്കളുടെ പേരിലാണ് അവര്‍ രാജ്യത്തെ കഠിനമായ ചൂഷണത്തിനു വിധേയമാക്കുന്നത്. ഇങ്ങനെയൊരു ശത്രു നിരന്തരമായി ഉണ്ടായിരിക്കുക എന്നത് ആഭ്യന്തരമായ ചൂഷണങ്ങള്‍ക്ക് അനിവാര്യമാണെന്നു നോവല്‍ വ്യക്തമാക്കുന്നുണ്ട്. ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിയെടുത്ത് ഫാസിസ്റ്റ് നടപടികളുമായി മുന്നേറുക എന്നത് ഇക്കാലത്ത് ഭരണാധികാരികള്‍ ചെയ്യുന്ന ഒരു ഭരണതന്ത്രമാണ്. നമ്മുടെ നാട് അതിക്രൂരമായ രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ അതിര്‍ത്തിയിലും രാജ്യത്തിന്‍റെ തലസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്നതതാണ്. ഫുല്‍വാമ മുതല്‍ അനുച്ഛേദം 370 ഇല്ലാതാക്കിയതും പൗരത്വനിയമഭേദഗതിയും അതേത്തുടര്‍ന്നുള്ള സമരങ്ങളും അതിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളുമെല്ലാം ഇത്തരത്തിലാണു നാം മനസ്സിലാക്കേണ്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളും അതിനെത്തകര്‍ക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്പോണ്‍സേഡ് കലാപങ്ങളും അതിദാരുണമായ മരണങ്ങളുമെല്ലാം നമ്മുടെ രാജ്യത്തെ ഫാസിസ്റ്റു ക്രൂരതകള്‍ എത്ര കഠിനമാണെന്ന് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്‍റെ ഡിക്റ്റേഷനു വഴങ്ങാത്ത ആര്‍ക്കും നിലനില്‍പ്പില്ലാത്ത അവസ്ഥയായിരിക്കുന്നു. രാത്രിക്കു രാത്രി ഹൈക്കോടതി ജഡ്ജിനെത്തന്നേയും മാറ്റിക്കളഞ്ഞിട്ട് ഭരണാധികാരികള്‍ തങ്ങളുടെ ഇംഗിതം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയകലാപങ്ങളഴിച്ചുവിട്ട് ആഭ്യന്തര പ്രതിസന്ധികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് ഫാസിസ്റ്റു നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തകരുന്നത് ജനാധിപത്യമെന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രതീക്ഷയാണ്. ഭൂരിപക്ഷവാദം ജനാധിപത്യത്തെ അപകടകരമായി ഉപയോഗപ്പെടുത്തി സമഗ്രാധിപത്യം കൈവരിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ സംജാതമായിരിക്കുന്നു. ഇല്ലാത്ത ശത്രുക്കളെ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തുകൊണ്ട്. ഫാസിസ്റ്റു തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ ബലിമൃഗങ്ങളായി ഒരു ജനത മാറുന്ന അതിദാരുണമായ കാഴ്ചയാണു നമുക്കു മുന്നില്‍.

മതമേഖലയിലും ഇതൊക്കെതന്നയാണു നടക്കുക. നിയമം പറഞ്ഞും പാപബോധമുണര്‍ത്തിയും സംവിധാനാത്മകത നിലനിര്‍ത്തിപ്പോരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതിന്‍റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ യേശു സ്വാതന്ത്ര്യത്തിലേക്കു ജനങ്ങളെ ഉയര്‍ത്തുകയാണു ചെയ്തത്. പിശാചിന്‍റെ നേരിട്ടുള്ള പരീക്ഷണങ്ങള്‍ക്കു സ്വയം വിധേയനാകുകയും സാത്താനെ തകര്‍ക്കുയും ചെയ്തു. ബൈബിളില്‍ തീയുടെ വാസഗേഹമെന്നു വിചാരിക്കപ്പെടുന്ന കടലിനു മീതേ നടന്നുകൊണ്ട് തീയുടെ മേല്‍ അവന്‍ വിജയം വരിച്ചു. യേശു അങ്ങനെ തുറന്നിട്ടത് ധീരതയുടെ, സ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. യേശു ജനിച്ചപ്പോഴും ഉത്ഥാനാനന്തരവും ജനങ്ങള്‍ക്ക് ആശംസിക്കപ്പെട്ടത് ഭയപ്പെടരുത് എന്ന സന്ദേശമാണ്. അതിനാല്‍ ധീരരായിരിക്കുക, ഭയപ്പെടരുത്, മനുഷ്യന്‍ ആത്യന്തികമായും സ്വാതന്ത്ര്യത്തിലേക്കും ധീരതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org