തിരഞ്ഞെടുപ്പുകാലം എങ്ങനെ കടന്നുകൂടും?

പണ്ടുകാലത്ത് തിരഞ്ഞെടുപ്പവസരങ്ങളില്‍ ഗ്രാമങ്ങള്‍ തോറും ചെറിയ ഗ്രാമയാത്രകളും സമ്മേളനങ്ങളും ഉണ്ടായിരുന്നു. കുട്ടികളും പ്രായമുള്ളവരും ഈ സമ്മേളനങ്ങളില്‍ പങ്കുചേരും. പാട്ടും പ്രസംഗവും നൃത്തവുമൊക്കെയായി ജാഥകളും സിന്ദാബാദ് വിളികളും. എങ്ങും ആഹ്ലാദവും ആഘോഷവും. ഒരു ഉത്സവ പ്രതീതി. അങ്ങനെ തിരഞ്ഞെടുപ്പു വന്നാല്‍ അതൊരു സാമൂഹികസാംസ്കാരിക ഔന്നത്യത്തിന്‍റെ അവസരമായിത്തീരുമായിരുന്നു.

ഈ അടുത്ത നാളുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലെ ഒരു ചിത്രം എല്ലാ പത്രങ്ങളിലും വാര്‍ത്തയായി വന്നു. കായംകുളം നഗരസഭ 12-ാം വാര്‍ഡിലെ ബി.ജെ. പി. സ്ഥാനാര്‍ത്ഥി ജി. രാധാകൃഷ്ണന്‍, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.ജെ. സിന്ധുകുമാരി, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സുഷമ അജയന്‍ എന്നിവര്‍ തിരഞ്ഞെടുപ്പുകേന്ദ്രത്തിനു സമീപം തിരഞ്ഞെടുപ്പുദിനം ഭക്ഷണം പങ്കിട്ടു കഴിക്കുന്ന ഒരു ചിത്രമായിരുന്നു അത്. ഇവര്‍ മത്സരരംഗത്തുള്ളവരായിരുന്നെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു പത്രക്കാര്‍ക്കു കൗതുകമുള്ള വാര്‍ത്തയായി. അസാധാരണമായ കാര്യങ്ങളാണല്ലോ വാര്‍ത്തയായിത്തീരുന്നത്. ഇതും തിരഞ്ഞെടപ്പുകാലത്തെ ഒരു സാംസ്കാരിക ഔന്നത്യത്തിന്‍റെ ഉദാഹരണമായി നമുക്കു സ്വീകരിക്കാം.

എന്നാല്‍ ഇന്നു പൊതുവേ തിരഞ്ഞെടുപ്പുരംഗം കലാപഭൂമിയായിക്കൊണ്ടിരിക്കുന്നു. പരസ്പരം പഴി ചാരലുകളും കുറ്റപ്പെടുത്തലുകളും കൊല്ലും കൊലവിളികളുംകൊണ്ട് അന്തീക്ഷമാകെ ചാവേറിടങ്ങളായിത്തീരുന്നു. രാഷ്ട്രീയമായി ചേരി തിരിഞ്ഞുള്ള പോര്‍വിളികള്‍ക്കൊപ്പം ജാതിമതവര്‍ഗവര്‍ണ വേര്‍തിരിവുകളും വന്നുചേരുന്നു. ഇതിനെല്ലാം കുട പിടിക്കുന്ന സര്‍ക്കാര്‍ സൃഷ്ടിക്കുന്ന കലാപാന്തരീക്ഷത്തിന്‍റെ പേരാണ് നവോത്ഥാനം. എന്തായാലും ഭരണക്കാര്‍ക്കിതു കലികാലംതന്നെ. പ്രളയം കഴിഞ്ഞ് നാടിനെ പുനര്‍നിര്‍മ്മിക്കാനിറങ്ങിയവരെ പിന്നെ കാണുന്നതു ശബരിമലയിലാണ്. ശബരിമലയില്‍നിന്നു നിര്‍മ്മിച്ച നവോത്ഥാനമതില്‍ ഉറയ്ക്കുന്നതിനുമുമ്പേ കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തിനും ഉത്തരം പറയേണ്ടിവന്നിരിക്കുന്നു. കലാപകലുഷിതമായ അന്തരീക്ഷങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്ന മാധ്യമങ്ങളുടെ പോര്‍വിളികള്‍ നിറഞ്ഞ ചാനല്‍ചര്‍ച്ചകള്‍ കേരളത്തിനു ശാപമായി മാറിയിരിക്കുന്നു. കൊല്ലാനും കൊലവിളിക്കാനും രക്ഷിക്കാനും രക്ഷപെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാരാണ് അനുവാദം നല്‍കിയിരിക്കുന്നത്.

അഞ്ചു വര്‍ഷക്കാലം ജനസേവനത്തിനു കിട്ടിയ അവസരത്തിന് പരസ്പരം നന്ദി പറയുകയും സന്തോഷിക്കുകയും ചെയ്യേണ്ട സമയമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണവിലയിരുത്തലുകള്‍ സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയും നടക്കേണ്ടതുണ്ട്. ഭരണം എന്തുമാത്രം ജനോപകാരപ്രദമായിരുന്നു എന്ന് വിലയിരുത്തപ്പെടണം. സത്ഭരണമായിരുന്നോ ദുര്‍ഭരണമായിരുന്നോ എന്നൊക്കെ ജനപങ്കാളിത്തത്തോടെ വിലയിരുത്തപ്പെടണം. ഇനിയുള്ള കാലം ജനസേവനം എങ്ങനെയായിരിക്കണം, നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയും വളര്‍ച്ചയും എങ്ങനെയായിരിക്കണം തുടങ്ങി നിരവധിയായ വിഷയങ്ങള്‍ പക്വതയോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട സാംസ്കാരിക ഇടങ്ങളെയാണ് ഇപ്പോള്‍ ഭരണക്കാരും പ്രതിപക്ഷക്കാരും ചേര്‍ന്ന് തകര്‍ക്കുന്നത്.

ഈ അടുത്തനാളുകളില്‍ ബി.എസ്. വാര്യര്‍, ലെമിങ്ങിനെ ഗുരുവാക്കണോ എന്നൊരു ചോദ്യം കലാകൗമുദിയിലൂടെ ചോദിച്ചിരുന്നു. യൂറോപ്പിനടുത്തുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്ന ചെറുജീവിയാണ് ലെമിങ്ങ്. മിക്കവരും ചെയ്യുന്നതു ഞാനും ചെയ്യുന്നു എന്നതാണ് ലെമിങ്ങിന്‍റെ സ്വഭാവം. അത്തരം സ്വഭാവമുള്ള ആളുകളെ നമുക്കു ലെമിങ്ങുകള്‍ എന്നു വിളിക്കാം. വൈറ്റ് വൈല്‍ഡര്‍നസ്സ് എന്ന ഡോക്കുമെന്‍ററി സിനിമയില്‍ അസംഖ്യം ലെമിങ്ങുകള്‍ ആള്‍ട്ടിക് സമുദ്രത്തിലേക്ക് ചാടി കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ഒരു രംഗം ചിത്രീകരിക്കുന്നുണ്ടത്രേ. കൂട്ടത്തിലുള്ളവര്‍ ചെയ്യുന്നതു മറ്റുള്ളവരും ചെയ്തതാണു ദുരന്തത്തിനു കാരണം. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ലെമിങ്ങുകളുടെ രോഗം പിടിപെട്ടിരിക്കുകയാണ്. കൊലക്കയറും കത്തിയും രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ആരൊക്കെയോ അവതരിപ്പിച്ചു. അതിപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നു. ഒടുവില്‍ എല്ലാവരും മരണക്കയത്തില്‍ ചാടി ജീവനൊടുക്കുന്ന രാഷ്ട്രീയ അരാജത്വത്തിലേക്കാണു നീങ്ങുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org