ഭൂമിയില്‍നിന്നുയരുന്ന രക്തത്തിന്‍റെ നിലവിളികള്‍

ഭൂമിയില്‍നിന്നുയരുന്ന രക്തത്തിന്‍റെ നിലവിളികള്‍

ബഹുമാന്യരായ രാഷ്ട്രീയ നേതാക്കളേ, നിങ്ങളുടെ കയ്യാലോ ഒത്താശയാലോ കൊല്ലപ്പെട്ടവരുടെ രക്തം ഭൂമിയില്‍നിന്നു നിലവിളിക്കുന്നു. ഈ നിലവിളികള്‍ നിങ്ങളെ വെറുതെ വിടുമെന്നു കരുതുന്നുണ്ടോ? ഈ ഓരോ തുള്ളിച്ചോരയ്ക്കും, പകരം ഞങ്ങള്‍ ചോദിക്കും എന്നു പണ്ടു വിളിച്ചു പറഞ്ഞതു മറന്നുപോയോ? പകരം ചോദിക്കാന്‍ കെല്പുള്ള ആരും ഇന്നു ഭൂമിമലയാളത്തിലില്ല എന്നു തോന്നുന്നുണ്ടാകാം. അതു ശരിയുമായിരിക്കാം. പക്ഷേ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ കിടത്തി ഉറക്കുമോ? വോട്ടര്‍മാര്‍ ഒന്നിച്ചാല്‍ എന്തായിരിക്കും സ്ഥിതി? നമുക്കു രാഷ്ട്രീയം വിടാം. ആളെ കൊല്ലുന്ന പാര്‍ട്ടിയെയും കൊലപാതകികളെയും ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്നു കേരളത്തിലെ വോട്ടര്‍മാര്‍ ഒന്നടങ്കം തീ രുമാനിക്കാന്‍ സമയമായില്ലേ? ഇപ്പോഴും മനുഷ്യരെ കൊല്ലാന്‍ ഒരാളും ഒരാള്‍ക്കും വോട്ടു ചെയ്തിട്ടില്ല. രക്ഷയാണ്, കൊലയല്ല നേതാക്കളില്‍നിന്നു പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം വെറും വലയിട്ടു പിടിക്കലാവരുത്. ഇവിടെ ആരാണു കൊല്ലുന്നത്, കൊല്ലപ്പെടുന്നത്? എല്ലാം ചെറുപ്പക്കാരല്ലേ, പാവങ്ങളല്ലേ. കൊലയ്ക്കു വിട്ടുകൊടുത്തിട്ടും കൊല്ലിച്ചിട്ടും സമാധാനചര്‍ച്ചയും ചാനല്‍ ചര്‍ച്ചയും നടത്താന്‍ യാതൊരുവിധ ഉളുപ്പും തോന്നാത്തതെന്താ നേതാക്കളേ. നിങ്ങള്‍ മനുഷ്യരല്ലാതായോ? ഇത്തരം നടപടികള്‍ പോയ തലമുറയിലെ നേതാക്കളില്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെങ്ങനെ യൗവ്വനം കടന്നു പോരുമായിരുന്നു? നിങ്ങള്‍ ജീവിക്കുന്ന ജീവന്‍റെയും ജീവിതത്തിന്‍റെയും ഉടമ നിങ്ങളാണോ? നിങ്ങള്‍ ഉറങ്ങി ഉണര്‍ന്ന് യാത്ര പോയി തിരിച്ചു വീട്ടില്‍ വന്നു കയറുന്നത് നിങ്ങളുടെ മാത്രം കഴിവുകൊണ്ടാണോ? ഇവിടെ ഓരോരുത്തരും ജീവിച്ചിരിക്കുന്നത് ആരുടെയൊക്കെയോ കാരുണ്യംകൊണ്ടല്ലേ? വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവകാരുണ്യവും കൂടപ്പിറപ്പുകളുടെ കാരുണ്യവും കൊണ്ടാണ് ഓരോരുത്തരും ഇവിടെ ജീവിച്ചിരിക്കുന്നത്. ജന്മം കിട്ടിയതു നമ്മുടെ കഴിവുകൊണ്ടല്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കുന്നതു നമ്മുടെ കഴിവുകൊണ്ടു മാത്രമല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ജീവനെടുക്കാന്‍ നമുക്കാര് അവകാശം തന്നുവെന്ന് ഒരു നിമിഷം സ്വയം ചോദിക്കാത്തതെന്താ? ജീവന്‍ ദൈവത്തിന്‍റേതാണ്. അതില്‍ തൊടാന്‍ ഭൂമിയിലാര്‍ക്കും അവകാശമില്ല. ദൈവത്തിന്‍റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവികജീവന്‍ സിരകളില്‍ തുടിക്കുന്ന മനുഷ്യന്‍ ദൈവികനാണ്. ജീവനെയും മനുഷ്യമഹത്ത്വത്തേയും ആദരിക്കാത്തവന്‍ മനുഷ്യനല്ല.

രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടുള്ള കളി അവസാനിപ്പിക്കാന്‍ സമയമായി. ഒരാളുടെയും ജീവനുമേല്‍ കൈവയ്ക്കാന്‍ നിങ്ങള്‍ക്കവകാശമില്ല. മനുഷ്യര്‍ ചാര്‍ത്തിത്തരുന്ന അധികാരവും ഭരണവും മനുഷ്യരുടെ സുരക്ഷയ്ക്കും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. മനുഷ്യരെ കൊല്ലാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. അതിനുള്ള അധികാരം തരാന്‍ ഇവിടെ ആര്‍ക്കും സാധിക്കുകയുമില്ല. പ്രജാക്ഷേമം മാത്രമാണ് ഭരണാധികാരിയുടെ ചുമതല. കൊല്ലാനും കൊല്ലിക്കാനുമിറങ്ങുന്നയാള്‍ ഭരണാധികാരിയല്ല, വേട്ടയാടപ്പെടേണ്ട കൊലയാളിയാണ്. പ്രകൃതി അതിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കും.

കൊല്ലരുത് എന്നതു ദൈവപ്രമാണമാണ്, മനുഷ്യനിയമവുമാണ്. പ്രമാണവും നിയമവും അതിന്‍റെ വഴിക്കു നീങ്ങുമെന്ന് അനുഭവപാഠവുമുണ്ടല്ലോ. അധികാരവും കസേരയും ആള്‍ക്കൂട്ടവും എക്കാലവും കൂടെയുണ്ടാവില്ല. വ്യക്തിയോടൊപ്പം വ്യക്തിയുടെ ചെയ്തികളും പിന്‍തുടരും. കുറ്റം ശിക്ഷയെ കൊണ്ടുവരും. അതു പ്രകൃതിനിയമമാണ്. ഭൂമിയില്‍ വീണുകിടക്കുന്ന രക്തത്തിന്‍റെ നിലവിളിക്ക് ഉത്തരം പറയേണ്ടിവരും. കൊന്നവര്‍ മാത്രമല്ല കുറ്റക്കാര്‍. ഗൂഢാലോചന നടത്തിയവര്‍, കൊലയ്ക്ക് ഒത്താശ ചെയ്തു കൊടുത്തവര്‍, കൊലപാതകികളെ സംരക്ഷിച്ചവര്‍ തുടങ്ങിയവരെല്ലാം കുറ്റക്കാരാണ്. നേരിട്ടോ അല്ലാതെയോ ജീവനുമേല്‍ തൊടുന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ ഉത്തരം പറയേണ്ടി വരും.

എന്തുകൊണ്ടു കേരളത്തില്‍ ഒരു പുതിയ സംസ്കാരത്തിനു നേതൃത്വം കൊടുത്തുകൂടാ? പാര്‍ട്ടി ഏതായാലും കൊല്ലുകയോ കൊലയ്ക്കു കൂട്ടു നില്‍ക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു തീരുമാനമെടുത്തുകൂടെ? ക്രിമിനലുകള്‍ക്കു പാര്‍ട്ടി അംഗത്വം നിഷേധിച്ചുകൂടേ? കേരളത്തിലൊട്ടാകെ എല്ലാസമൂഹങ്ങളും ഒന്നിച്ചു നിന്ന് കൊലപാതകത്തെ അം ഗീകരിക്കാത്ത ഒരു നിലപാടെടുക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org