നമ്മളെ ആരു ഭരിക്കും?

നമ്മളെ ആരു ഭരിക്കും?

വേണം നമുക്കൊരു ഭരണകൂടം. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ടധികാരം നാം വിനിയോഗിച്ചു. നമ്മെ ആരു ഭരിക്കണമെന്നു നാം വിധി എഴുതിക്കഴിഞ്ഞു. എന്നാല്‍ എന്താണു നമ്മുടെ വിധിതീര്‍പ്പ്? എക്കാലത്തെക്കാളും വീറും വാശിയും ഉള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാകുന്നത്. വോട്ടിങ്ങ് ശതമാനം വളരെ കൂടിയിട്ടുണ്ട്. ആറാം ഘട്ടത്തിലെ വോട്ടിങ്ങില്‍ അതുണ്ടായില്ല എന്നതു നേരാണ്. പ്രത്യേകിച്ചും ഡല്‍ഹിയില്‍ പ്രകടമായ നിസ്സംഗത എന്തിന്‍റെ സൂചനയാണെന്നു വ്യക്തമല്ല. ഭരണക്കാരോടുള്ള അസംതൃപ്തിയാണെങ്കില്‍ അതു കോണ്‍ഗ്രസ്സിനു ഗുണം ചെയ്യും. വോട്ടിങ്ങ് ശതമാനം ചിലയിടങ്ങളില്‍ കൂടിയതും ചിലയിടങ്ങളില്‍ കുറഞ്ഞതും ആര്‍ക്കു ഗുണകരമാകും എന്നു പ്രവചിക്കാനാവാത്ത അവസ്ഥയാണുള്ളത്. എന്തായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ബി.ജെ.പി. വലിയ പ്രതീക്ഷയിലാണെങ്കിലും 2014-ലിലേതു പോലെ ഒരു വിജയം പ്രതീക്ഷിക്കുന്നില്ല. പക്ഷേ പുതിയ സമവാക്യങ്ങളും കൂട്ടുകെട്ടും സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഏറ്റവും കൂടിയ സീറ്റുകള്‍ കരസ്ഥമാക്കിയ ഒറ്റക്കക്ഷിയായേക്കാം. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ.പി. യെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ട്. അതു കുതിരക്കച്ചവടത്തിനു വഴിതെളിക്കും എന്നു പ്രതിപക്ഷ കക്ഷികള്‍ ഭയപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പു രൂപം കൊണ്ടിട്ടുള്ള സഖ്യത്തിന് ഭൂരിപക്ഷമുണ്ടെങ്കില്‍ അവരെ വിളിക്കുക എന്ന കീഴ്വഴക്കം നിലവിലുണ്ട്. അതോര്‍മ്മിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ 20-ാം തീയതി പ്രസിഡന്‍റിനെ കാണാന്‍ ധാരണയായിയിരുന്നു. എന്നാല്‍ റിസള്‍ട്ടു വന്നുകഴിഞ്ഞിട്ടു മതി എന്നാണു മമതയുടെ നിലപാട്.
കോണ്‍ഗ്രസ്സില്‍ പുതിയ ഉണര്‍വ്വുണ്ട്. രാഹുല്‍-പ്രിയങ്ക ഫാക്ടര്‍ 2014-ല്‍ മോദി നേടിയിരുന്ന തരംഗത്തോളമുണ്ട്. രാഹൂല്‍ പക്വതയാര്‍ന്ന ഒരു നേതാവിന്‍റെ കമാന്‍റിലായിട്ടുണ്ട്. പ്രകടനപത്രിക കോണ്‍ഗ്രസ്സിന്‍റേതാണു മെച്ചം. ന്യായ് പദ്ധതി വിജയമന്ത്രമാണ്. പക്ഷേ അതു വോട്ടാക്കി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നു വേണം നിരീക്ഷിക്കാന്‍. എങ്കിലും ബി.ജെ.പി.യുടെ ഉറക്കം കെടുത്താന്‍ മാത്രം ഉയരം കോണ്‍ഗ്രസ്സ് നേടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രതിപക്ഷത്തെ കക്ഷികളെ എത്രമാത്രം കൂടെനിര്‍ത്താന്‍ സാധ്യതയുണ്ട് എന്നത് ഇനിയും വ്യക്തമാകണം. പ്രതിപക്ഷനിരയില്‍ പലരും സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യതകളാലോചിക്കാന്‍ ഫീല്‍ഡിലുണ്ട്. തെലുങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹം ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം എതിര്‍പ്പായിരുന്നെങ്കിലും പിന്നീടു തമ്മില്‍ കണ്ടു. പക്ഷേ കോണ്‍ഗ്രസ്സിനെ കൂടാതെയുള്ള ഒരു മൂന്നാം മുന്നണിയുമായി സഹകരിക്കാന്‍ സ്റ്റാലിന്‍ തയ്യാറല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മുന്നണിയില്‍ പങ്കുപറ്റാന്‍ ചന്ദ്രശേഖരറാവുവും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. അഖിലേഷ് യാദവും മായാവതിയും ഒരിക്കലും കൂടാത്തവരാണെങ്കിലും ഒന്നിച്ചു വന്നിരിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി കൂടു വിട്ടിറങ്ങിയ പുലിയെപ്പോലെ രംഗത്തുണ്ട്. ബി.ജെ.പി.യെ പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുകൂടാന്‍ തീരുമാനിച്ച കൂട്ടത്തില്‍ മമതയും ഉണ്ടെങ്കിലും മമതയെ തോല്പിക്കാന്‍ ഇടതുപക്ഷം ബി.ജെ.പിയെ. രഹസ്യമായി സഹായിക്കുന്നു എന്നു പരക്കെ ആരോപണമുയര്‍ന്നിരിക്കുന്നത് പ്രതിപക്ഷ ഏകോപനത്തിനുതന്നെ വിലങ്ങുതടിയായിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ പലര്‍ക്കും പ്രധാനമന്ത്രിക്കസേരയില്‍ നോട്ടവുമുണ്ട്. പ്രതിപക്ഷ ഏകോപനത്തിനു കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്നെങ്കില്‍ അത് കോണ്‍ഗ്രസ്സിന് ഏറെ ത്യജിക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ കോണ്‍ഗ്രസ്സ് ഒരു വിട്ടു വീഴ്ചയ്ക്കു തയ്യാറാകുകയും ഒരു പുതിയ മൂന്നാം മുന്നണിക്കു രൂപം കൊടുക്കുകയും ചെയ്താല്‍ ഭരണം ഉറപ്പിക്കാന്‍ സാധിച്ചേക്കും. അപ്പോഴും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുണ്ടായ അനുഭവപാഠം മറക്കാതിരിക്കണം. മഹാരാഷ്ട്രയില്‍ വലിയ സ്വാധീനത്തില്‍ തിളങ്ങി നിന്ന ശിവസേന ബിജെപിയുമായി ചേര്‍ന്ന് ഭരണം കയ്യാളിയെങ്കിലും അതൊടുവില്‍ ശിവസേനയുടെ പരാജയത്തിനും ബി.ജെ.പിയുടെ വിജയത്തിനും കാരണമായി. അങ്ങനെയൊരു നഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. തെക്കേ ഇന്ത്യയിലെ കനത്ത പോളിങ്ങ് എന്താണു സൂചിപ്പിക്കുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. കേരളത്തില്‍ മുന്നോക്കക്കാരെ കൂടെ നിര്‍ത്താനും പിന്നാക്കക്കാരില്‍ ചിലരുടെയെങ്കിലും തല തൊട്ടപ്പനാകാനും കഴിഞ്ഞിരിക്കുന്നു എന്നത് ബി.ജെ.പിക്കു വാതില്‍ തുറന്നുകിട്ടുന്ന സാഹചര്യമൊരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
ബി.ജെ.പി. തിരഞ്ഞെടുപ്പു കഴിയുന്നതോടെ തങ്ങളുടെ പക്ഷത്തേയ്ക്ക് ആളെ കൂട്ടാന്‍ ഏതു തന്ത്രവും ഉപയോഗിക്കും. ശരിക്കുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇനിയാണു നടക്കാനിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഒറ്റക്കക്ഷി ഭരണത്തേക്കാള്‍ കൂട്ടുകക്ഷി ഭരണമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അത് ഏതെങ്കിലും സ്ഥായീഭാവമുള്ള രാഷ്ട്രീയ നേതൃത്വത്തിനു കീഴിലാണെങ്കില്‍ നിശ്ചയമായും ഗുണം ചെയ്യും. കോണ്‍ഗ്രസ്സിന് ഒരു ചാന്‍സ് കിട്ടിക്കൂടായ്കയില്ല. മാര്‍ക്സിസ്റ്റ് പിന്‍തുണ കൂടിയുണ്ടായാല്‍ കരുത്താകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org