യാത്രയിലെ സുരക്ഷിതത്വം

Published on

ജീവിതം ഒരു യാത്രയാണ്. യാത്രയില്ലാത്ത ജീവിതമില്ലെന്നു പറയാവുന്ന കാലമാണിത്. യാത്ര സുരക്ഷിതമായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുരക്ഷിതവും സന്തോഷപ്രദവുമായ യാത്ര ഒരുക്കുക എന്നത് ഇക്കാലത്ത് ഒരു ബിസിനസ്സ് മേഖല യായിത്തന്നെ വളര്‍ന്നിട്ടുണ്ട്. ട്രാവല്‍ ആന്‍റ് ടൂറിസം ഏറ്റവും പുതിയ ബിസിനസ്സ് രംഗമാണ്. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്റ്റ്രി ഈ മേഖലയുമായി ബന്ധപ്പെട്ടുതന്നെ വളര്‍ന്നുവരുന്നുണ്ട്. ഈ മേഖലയിലെല്ലാം ഇപ്പോള്‍ ഡിഗ്രി, പോസ്റ്റ് ഗ്രാഡ്യുവേഷന്‍ കോഴ്സുകളുമുണ്ട്. പരിശീലനം അനിവാര്യമായ മേഖലതന്നെയാണിത്. യാത്ര ഒരുക്കുന്ന എല്ലാവരും ഇപ്പോള്‍ പരിശീലനം കിട്ടിയവരായിരിക്കണമെന്നാണ്. വണ്ടി ഓടിക്കാനുള്ള സാങ്കേതിക പരിജ്ഞാനത്തിന്‍റെ പരിശീലനം മാത്രം പോരാ. യാത്രക്കാരെ സുരക്ഷിതമായും സുഖപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന കാര്യത്തിന് അനിവാര്യമായ സാമൂഹികാവബോധത്തിന്‍റേതായ പരിശീലനം ആവശ്യമാണ്. വിമാനയാത്രയില്‍ നല്ല പരിശീലനം ലഭിച്ച എയര്‍ഹാസ്റ്റസ്മാരുടെ ശുശ്രൂഷ ലഭിക്കുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാരും തങ്ങളുടെ തൊഴില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാകയാല്‍ സ്വയം ആര്‍ജ്ജിച്ച സാമൂഹികബോധവും മാന്യമായ പെരുമാറ്റവും പ്രകടിപ്പിക്കുന്നുണ്ട്. ട്രെയ്നില്‍ ടിക്കറ്റു പരിശോധകര്‍ യാത്രക്കാരുടെ ക്ഷേമവും അന്വേഷിച്ചു തുടങ്ങി. നല്ല ടോയ്ലറ്റു സൗകര്യവും എ.സി. കമ്പാര്‍ട്ടുമെന്‍റുകളിലെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളും ശുശ്രൂഷയും ലഭ്യമാണ്. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ ഇത്തരത്തിലുള്ള പരിശീലനം കിട്ടിയവരല്ലാത്തതിനാല്‍ അതിന്‍റേതായ പരുക്കന്‍ അവസ്ഥ നിലവിലുണ്ട്. ബസ്യാത്ര ഒട്ടും സുഖപ്രദമല്ല എന്നുവേണം പറയാന്‍. കല്ലട ബസ്സുയാത്രയുമായി ബന്ധപ്പെട്ട് ഈ അടുത്തനാളുകളില്‍ നാം വായിച്ചറിഞ്ഞ ദുരന്തം നമ്മെ ആകുലപ്പെടുത്തുന്നു. ഗുണ്ടകളുമായി ബസ്സ്സര്‍വ്വീസ് നടത്തുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കാര്യമാണ്. നൈയാമികമായി ചിന്തിച്ചാല്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന ഒരു വ്യക്തി ബസ്സ്സര്‍വ്വീസ് നടത്തുന്നവരുമായി ഒരു കോണ്‍ട്രാക്റ്റിലേര്‍പ്പെടുകയാണ്. യാത്രക്കാരെ സുരക്ഷിതമായും സുഖപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നു ബസ് ഉടമകളും അതിനാവശ്യമായ ഫീസ് തരാമെന്ന് യാത്രക്കാരും ഉടമ്പടിയിലെര്‍പ്പെടുകയാണ്. ആ നിലയ്ക്ക് ബസ്സുടമകളുടെ കടമയും ഉത്തരവാദിത്വവുമാണ് ഉടമ്പടിപ്രകാരം യാത്രക്കാരെ സുരക്ഷിതമായും സുഖപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കുകയെന്നത്. വേലിതന്നെ വിളവുതിന്നാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും. ഇത്തരം പിഴവുകള്‍ ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. മാത്രമല്ല അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന ബസ്സുകള്‍ പലതും നിയമപരമായി പാലിക്കേണ്ട പല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് സഞ്ചരിക്കുന്നതെന്നാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ തെളിയിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്‍റും പോലീസും നിയമം നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവം കുറ്റകരമാണ്.

ദീര്‍ഘദൂര ബസ് യാത്രയില്‍ യാത്രക്കാര്‍ ഒരുപാടു ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്, പ്രത്യേകിച്ചും പ്രായംചെന്ന ആളുകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ സാധിക്കുന്നതിനാവശ്യയ സൗകര്യങ്ങള്‍ ലഭ്യമല്ല. വിദേശരാജ്യങ്ങളില്‍ ടോയ്ലറ്റുഫെസിലിറ്റിയുള്ള ബസ്സുകളാണ് ദീര്‍ഘദൂരയാത്ര നടത്തുന്നത്. നമ്മുടെ നാട് ഏതെല്ലാം തരത്തില്‍ വളര്‍ന്നിട്ടും ഈ കാര്യത്തില്‍ ഒരു പരീക്ഷണംപോലും നടത്തുന്നില്ല. പലപ്പോഴും യാത്രക്കാര്‍ പ്രതികരിക്കാതെ സഹിക്കുകയാണു ചെയ്യുക. ഈ ദുരവസ്ഥയ്ക്കു മാറ്റം വരേണ്ടതുണ്ട്. ബസ്സുകളില്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും കര്‍ശനമായ നിയമങ്ങളും നിബന്ധനകളും വഴി യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തു കയും ചെയ്യണം.

യാത്ര സുരക്ഷിതവും ക്ഷേമകരവുമാകാന്‍ നമ്മള്‍തന്നെ ജാഗ്രത പുലര്‍ത്തണം. യാത്ര നടന്നായാലും വാഹനത്തിലായാലും ശ്രദ്ധ വേണം. കാല്‍നടയായി പോകുമ്പോഴും പൊതുവഴി യാത്രയാണെങ്കില്‍ ജാഗ്രത വേണം. നമ്മുടെ നാട്ടില്‍ കാല്‍നട യാത്രക്കാര്‍ വലതുവശം ചേര്‍ന്നു നടക്കണമെന്നാണു നിയമം. വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്നും. മുന്നില്‍നിന്നു വരുന്നവരെ നമുക്കു കണ്ടു സഞ്ചരിക്കാം. വിദേശത്തൊക്കെ ഒരു കാല്‍ നടക്കാരന്‍ സീബ്രാലൈനില്‍ കാലെടുത്തുവച്ചാല്‍ വാഹനങ്ങള്‍ അപ്പോള്‍ നിര്‍ത്തും. ഇവിടെ കാല്‍നടക്കാരനെ പ്രവേശിപ്പിക്കാതിരിക്കാനാണു ശ്രമിക്കുക. ആ രീതി അവസാനിപ്പിക്കണം. സ്കൂട്ടറിലും ബൈക്കിലും യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റു ധരിക്കുന്നതാണ് സുരക്ഷയ്ക്കു നല്ലത്. കാറില്‍ സഞ്ചരിക്കുന്നവര്‍ സീറ്റുബെല്‍റ്റു ധരിക്കണം. ഇതു ഡ്രൈവറുടെ സുരക്ഷയ്ക്കുതന്നെയാണ്. വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും പാലിക്കണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നമ്മള്‍തന്നെ ശ്രദ്ധിക്കണം. മറ്റുള്ളവരോടുള്ള ബഹുമാനവും ആദരവും വാഹന യാത്രയിലും പാലിക്കണം. ഒരാള്‍ ഒന്നുവണ്ടി തിരിക്കാന്‍ ശ്രമിച്ചാല്‍ അതിനോടു സഹകരിക്കാത്ത അനേകം ഡ്രൈവര്‍മാര്‍ ഉണ്ട്. അതു നമ്മുടെ സാധാരണസ്വഭാവത്തെ അടയാളപ്പെടുത്തുന്നു എന്നു തിരിച്ചറിയുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org