Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> സോളാര്‍-സരിതാ വിവാദങ്ങള്‍

സോളാര്‍-സരിതാ വിവാദങ്ങള്‍

ഫാ. സേവ്യര്‍ കുടിയാംശേരി

വിവാദങ്ങള്‍ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്ന സാഹചര്യമാണു നിലവിലുള്ളത്. രാഷ്ട്രീയമെന്നാല്‍ കള്ളം പറച്ചിലുകളാണെന്ന് ആരൊക്കയോ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ആഴ്ചത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിനുമേല്‍ കള്ളത്തരങ്ങളുടെ കയ്യൊപ്പു ചാര്‍ത്തി നില്‍ക്കുന്നതു സോളാര്‍ വിവാദങ്ങളാണ്. സരിത എങ്ങനെ രാഷ്ട്രീയ ആയുധമാകുമെന്ന് ഈ വിവാദങ്ങള്‍ നമ്മോടു പറയുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സരിതാ കമ്മീഷന്‍ റിപ്പോര്‍ട്ടായി മാറുന്നതിലെ ദുരന്ത ഭൂമിക നമ്മെ അലോസരപ്പെടുത്തുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറച്ചുനാള്‍കൂടി വേണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെ നേരത്തേ വാങ്ങി വാര്‍ത്തയാക്കിയത് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആയുധമാക്കാനാണെന്ന് ആര്‍ക്കാണറിയാത്തത്? തിരഞ്ഞെടുപ്പു പ്രചാരണകാലം മുഴുവന്‍ അതു ചര്‍ച്ചാവിഷയമാക്കുകയും തിരഞ്ഞെടുപ്പുദിനംതന്നെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത് അല്‍പം കടന്ന കയ്യായിപ്പോയി എന്നു പറയാതിരിക്കാനാവില്ല. അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലൈംഗികപീഡനവും കൂട്ടിക്കലര്‍ത്തിയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതു മര്യാദകേടാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീകാരോപണമുന്നയിച്ചതോടെ കേസ് മൊത്തത്തില്‍ അസത്യങ്ങളുടെ കെട്ടുകാഴ്ചയാണെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നാണു വിലയിരുത്തപ്പെടുന്നത്. കുറ്റാരോപിതര്‍ കോപ്പി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ, നിയമസഭയില്‍ സമര്‍പ്പിക്കാതെ, തരാനാവില്ല എന്നൊക്കെയുള്ള സാങ്കേതികകാര്യങ്ങള്‍ പറഞ്ഞൊഴിയുന്നതു സ്വാഭാവിക നീതിയുടെ ലംഘനമാണ്.

“തീക്കൊള്ളിയില്‍ തൊട്ടാല്‍ ആര്‍ക്കും പൊള്ളും.” ഇപ്പോള്‍ സോളാര്‍ മുഖ്യമന്ത്രിയേയും പൊള്ളിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും നിയമോപദേശം തേടുന്നത്. പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികള്‍ക്കിടയിലും സോളാര്‍ കേസ് ചര്‍ച്ചകളില്ലാതെയും ശരിയല്ലാത്ത രീതിയിലും കൈകാര്യം ചെയ്യുന്നതിനെതിരേ മുറുമുറുപ്പുകളുണ്ട്. അങ്ങനെ സോളാര്‍ എല്ലാവരേയും പൊള്ളിച്ചുകൊണ്ടിരിക്കുന്നു

മാധ്യമക്കാര്‍ പ്രത്യേകിച്ചും വിഷ്വല്‍ മീഡിയാ വളരെ ആവേശത്തോടെ വീണുകിട്ടിയ ഇരകളുടെമേല്‍ ചാടിവീഴുകയാണ്. സകല മാന്യതയും കളഞ്ഞുകുളിച്ചാണ് വിചാരണ നാടകങ്ങള്‍ അരങ്ങേറുന്നത്. മൂല്യബോധത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കുടുംബങ്ങള്‍ക്ക് പലപ്പോഴും ടി.വി. ഓഫ് ചെയ്തു വയ്ക്കേണ്ട ഗതികേടാണുള്ളത്. ഇപ്പോഴേ ഒമ്പതാം തീയതി നിയമസഭയില്‍ വയ്ക്കുന്ന പേപ്പര്‍ കിട്ടാനുള്ള ശ്രമത്തിലാണ് മാധ്യമപ്പട. ഇനി ഏതാണ്ട് ഒരു മാസക്കാലം ടി.വി. തുറക്കാതിരിക്കുകയാണു നല്ലതെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. മദ്രാസ് ഹൈക്കോടതിയില്‍നിന്നു റിട്ടയര്‍ ചെയ്ത ജഡ്ജ് പ്രഭാദേവി സ്കിസോഫ്രോനിയ ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ അവാര്‍ഡ് വിതരണം ചെയ്തുകൊണ്ടു പറഞ്ഞു, മാധ്യമങ്ങളില്‍നിന്നുള്ള ഭാവാത്മക വാര്‍ത്താ പ്രക്ഷേപണം ജനങ്ങളുടെ മാനസികാരോഗ്യത്തിന് അനിവാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെപ്പോലുള്ള മാധ്യമ പ്രവര്‍ത്തനം കുറേക്കാലംകൂടി തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആളുകളും മാനസിക രോഗികളാകും.

സോളാര്‍ വിഷയം കത്തിത്തുടങ്ങിയിട്ടേയുള്ളൂ. “പെട്ടെന്നു തീ കൊടുത്താനുള്ള ഫയര്‍ എഞ്ചിനുകളൊന്നും ഇപ്പോള്‍ ആരുടെയും കയ്യിലില്ല. ഇനി ആരെയൊക്കെ പൊള്ളിക്കാനിരിക്കുന്നു എന്നറിയില്ല. ഭരണക്കാരുടെ ഓഫീസ് മുറികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടു കാലമേറെയായി. സരിതയെ സരിതയാക്കിയ ആളുകള്‍ക്കെല്ലാം പൊള്ളുന്നുണ്ട്. ഇനി ഒരു സരിതയേയും സൃഷ്ടിക്കാതിരിക്കാന്‍ ഭരണക്കാര്‍ ജാഗ്രത പാലിക്കുമെന്നു പ്രതീക്ഷിക്കാം. പ്രതീക്ഷയ്ക്കൊരു വകയുമില്ലാത്തപ്പോഴും പ്രതീക്ഷ സൂക്ഷിക്കാന്‍ ജനം ശീലിച്ചുകഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍ നമുക്കിനിയും ബാക്കിയുണ്ടു പ്രതീക്ഷകള്‍.

Leave a Comment

*
*