കുട്ടികളെ ആര്‍ക്കും വേണ്ടെന്നായോ?

കുട്ടികളെ ആര്‍ക്കും വേണ്ടെന്നായോ?

ആല്‍ബേര്‍ കമ്യൂവിന്‍റെ "നീതിമാന്‍" എന്ന നാടകം ശ്യാമപ്രസാദിന്‍റെ "ഉയിര്‍ത്തെഴുന്നേല്‍പ്" എന്ന ടെലിഫിലിമിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന ജീവിതസമസ്യകളെ ഒന്നോര്‍ത്തെടുക്കുന്നു. ജീവിതത്തിന്‍റെ ഒരു തുരുത്തില്‍ തിരുത്തലുകളുടെ സംഘകര്‍മ്മത്തിനവരെത്തുന്നു. അവര്‍ അഞ്ചുപേര്‍. നീതിയുടെയും ജീവിതത്തിന്‍റെയും സമസ്യകളില്‍ വിപ്ലവത്തിന്‍റെ വീര്യവും ആത്മാര്‍ത്ഥതയുടെ ചൂടുംപേറി ഉണര്‍ന്നിരിക്കുന്നവര്‍. ദൂരദര്‍ശന്‍റെ അഭ്രപാളികളില്‍ അവരൊരുക്കിയ സങ്കീര്‍ ണ സമസ്യകള്‍ ആരേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. വിപ്ലവകാരികളായ അവര്‍ അഞ്ചു പേര്‍ അനീതിയുടെ മൂര്‍ത്തരൂപമായ പൊലീസ് ചീഫിനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുന്നിടത്താണു കഥ തുടങ്ങുക. ജമാലിന്‍റെ കണക്കുകൂട്ടലുകള്‍ കിറുകൃത്യം. കരുതിയതുപോലെതന്നെ ചീഫിന്‍റെ കാറെത്തി. ആദ്യത്തെ ബോംബെറിയേണ്ട രവി അതു കണ്ടു. കാറില്‍ രണ്ടു കുഞ്ഞുങ്ങള്‍. രവിയുടെ കൈ തളര്‍ന്നു. ചീഫിനെ കൊല്ലാനുള്ള ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടു. അരുണ നേരത്തേ മുന്നറിയിപ്പു കൊടുത്തതാണ്. നോക്ക് അയാള്‍ നിന്‍റെ മുന്നില്‍ വരും. നീ അയാളെ കാ ണും. നമ്മളൊക്കെ മനുഷ്യരാണ്.മനുഷ്യനെ മനുഷ്യനു കൊല്ലാനാവില്ലെന്ന്. ആര്‍ദ്രതയുള്ള ഒരു നോട്ടത്തിനു മുന്നില്‍ ഏതൊരു വിപ്ലവകാരിയും തളരുമെന്ന്. കുഞ്ഞുങ്ങളെ കൊന്നാല്‍ വിപ്ലവം വിജയിക്കുമോ? ഭക്ഷണവും പാര്‍പ്പിടവുമില്ലാത്ത ആയിരം കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്ന വാദവും വിജയം കണ്ടില്ല. സങ്കീര്‍ണമായ ഒരു പ്രഹേളിക. വിപ്ലവകാരിക്കു കാരുണ്യം പാടില്ലെന്നു തീവ്രവാദിയായ സ്റ്റീഫന്‍. ഒടുവില്‍ രവി അതു ചെയ്തു. ചീഫിനെ ബോം ബെറിഞ്ഞു കൊന്നു. രവി പിടിക്കപ്പെട്ടു. കൊലക്കയറിനുള്ളില്‍ കഴുത്തു ചേര്‍ത്തുവച്ച രവി അവസാനമായി ചെയ്തത് തന്‍റെ കാലില്‍ പറ്റിയ ഒരു തുണ്ടു ചെളി തട്ടിക്കളയുക മാത്രമാണ്. മനുഷ്യനാരാണെന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു. മനുഷ്യന്‍റെ ആത്മാംശം മുഴുവന്‍ സ്നേഹമാണ്. അവനു സ്നേഹിക്കാനേ കഴിയൂ. ആരേയും കൊല്ലാന്‍ അവനു സാധിക്കില്ല. മനുഷ്യന്‍ ഒരു വിശുദ്ധ ജീവിയാണ്. അവിശുദ്ധ കാര്യങ്ങളോടു സന്ധി ചേരാന്‍ സ്വാഭാവികമായി അവനു സാധിക്കില്ല. എന്തിനേറെ ഒരു തുണ്ടു ചെളി കാല്‍പ്പുറത്തുപോലും വച്ചുകൊണ്ടിരിക്കാനാവില്ല, അന്ത്യനേരത്തുപോലും. എന്നിട്ടുമെന്തേ നമ്മുടെ സമൂഹത്തില്‍ ക്രൂരതകള്‍ വര്‍ദ്ധിച്ചു വരുന്നു. വിപ്ലവകാരികള്‍ക്കുപോലും കുഞ്ഞുങ്ങളെ കണ്ടാല്‍ കടും കൈ ചെയ്യാന്‍ സാധിക്കുന്നില്ല, കൈവിറയക്കുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്?

ഇന്നേവരെ കേട്ടിട്ടില്ലാത്ത കണക്ക് കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മിനിസ്ട്രി ഓഫ് വിമന്‍ ആന്‍റ് ചൈല്‍ഡ് ഡിവലപ്മെന്‍റ് 2007-ല്‍ പുറത്തുവിട്ട ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 15 കോടി കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. എന്തൊരു ഭയാനകമായ അവസ്ഥയാണിത്. ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍, സെമിനാറുകള്‍ ഒക്കെ നടക്കുന്നു. സോഷ്യല്‍ മേഡിയായില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമുക്കിവിടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം നിലവിലുണ്ട്. 2012- ലെ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള പോക്സോ ആക്റ്റ് നിലവിലുണ്ട്. 2000ത്തിലെ ബാലനീതി നിയമമായ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് നിലവിലുണ്ട്. ഇതെല്ലാമായിട്ടും എന്തെല്ലാം ക്രൂരതകളാണു കുട്ടികളോടു മുതിര്‍ന്ന തലമുറ കാട്ടുന്നത്! കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായുമൊക്കെ പീഡിപ്പിക്കുന്നു.അവരെ ചൂഷണം ചെയ്യുന്നു, അവരെ അനാഥരാക്കുന്നു എന്നുവേണ്ട മൃഗങ്ങളേക്കാള്‍ കഷ്ടമായി അവര്‍ ജീവിക്കേണ്ടി വരുന്നു.

ഈ പശ്ചാത്തലത്തിലാണ് ശിശുദിനാഘോഷങ്ങളും ശിശുസംരക്ഷണ വാരവുമൊക്കെ നടത്തുന്നത്. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമായ നവം ബര്‍ 14-നോടനുബന്ധിച്ചാണ് നാം ഈ ആഘോഷങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ അഞ്ചോളം ശിശുസൗഹൃദ ജെയിലുകളും സ്ഥാപിച്ചിരിക്കുന്നു. എന്തെല്ലാമായിട്ടും കുഞ്ഞുങ്ങളെ ആര്‍ക്കും വേണ്ടാതായിട്ടില്ലേ എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org