യുവതീ പ്രവേശനം ശബരിമലയില്‍

ഓരോ കാലത്തും ഓരോരോ കാര്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ ദത്തശ്രദ്ധരാണ്. ഓഖി വന്നപ്പോള്‍ നമ്മള്‍ അതിന്‍റെ പിന്നാലെയായിരുന്നു. മഹാപ്രളയം വന്നപ്പോള്‍ ശ്രദ്ധ അതിലേക്കായി. അതിനിടയില്‍ കുറച്ചുകാലം എല്ലാവരും കൂടി ബിഷപ് ഫ്രാങ്കോയുടെ പിന്നാലെ പോയി. ഇപ്പോള്‍ എല്ലാ വരും ചേര്‍ന്ന് ശബരിമല കയറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നവകേരള സൃഷ്ടി മുങ്ങിപ്പോയിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നമുക്ക് നമ്മുടെ ഫോക്കസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ദൈവസന്നിധിയില്‍ ആര്‍ക്കെങ്കിലും പ്രവേശം നിഷേധിക്കുന്നതു ശരിയല്ല. ദൈവസന്നിധിയില്‍ വിശുദ്ധര്‍ക്കും പാപികള്‍ക്കും ഒരുമിച്ചു നില്‍ക്കാം. പണ്ട് ഒരു പുരോഹിതനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ബീഡി വലിക്കാമോ എന്നു ചോദിച്ചതോര്‍ക്കുന്നു. പുരോഹിതന്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ ബീഡി വലിക്കാന്‍ പാടില്ല, പക്ഷേ ബീഡി വലിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാം. അതുപോലെ ശാരീരിക കളങ്കം ഉണ്ടെന്നു കരുതുന്ന സമയത്തുപോലും ഭക്തനു ദൈവസന്നിധിയിലായിരിക്കാം. ശബരിമലയില്‍ സ്ത്രീ പ്രവേശം നിരോധിച്ചിട്ടില്ല, നിയന്ത്രിക്കുകയാണു ചെയ്തിരിക്കുന്നത്.10 വയസ്സുമുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ നിയന്ത്രണമുണ്ടെന്നേയുള്ളൂ. ആര്‍ത്തവകാലത്തു മല കയറരുതെന്നാണു വിവക്ഷ. അതു സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയാണെന്നു വ്യാഖ്യാനിക്കുന്നതിലും അര്‍ത്ഥമില്ലാതില്ല. ശബരിമല അയ്യപ്പന്‍ നൈതിക ബ്രഹ്മചാരിയാണെന്നതിനാല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതു നിയന്ത്രിക്കപ്പെടേണ്ടതാണെന്ന വിശ്വാസവും നിലനില്‍ക്കുന്നു. ആ നിയന്ത്രണത്തെയാണ് ചില സ്ത്രീ പ്രവര്‍ത്തകര്‍തന്നെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. ഇന്‍ഡ്യന്‍ ഭരണഘടനയിലെ തുല്യതയെന്ന മൗലികാവകാശ ലംഘനമാണിതെന്നാണു വാദം. അഞ്ചു പേരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശം അനുവദിച്ചുകൊണ്ട് അതില്‍ നാലുപേര്‍ വിധി പ്രഖ്യാപിച്ചു. അഞ്ചു പേരില്‍ ആകെയുണ്ടായിരുന്ന ഏക വനിത ഇന്ദുമല്‍ഹോത്ര വിയോജനക്കുറിപ്പെഴുതി. അയ്യപ്പഭക്തരെ ഒരു പ്രത്യേക വിഭാഗമായി കാണണമെന്നും ഒരു മതവിഭാഗത്തിന്‍റെ ആരാധനക്രമത്തില്‍ കോടതി ഇടപെടുന്നതു ശരിയല്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതിയുടെ മൊത്തത്തിലുള്ള വിധി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിച്ചുകൊണ്ടുള്ളതാണ്. അതു ഭരണഘടനാനുസൃതവുമാണ്. ഈ വിധി അംഗീകരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഇന്ദുമല്‍ ഹോത്രയുടെ വിയോജനക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യം മുഴുവന്‍ ജഡ്ജസും ശ്രദ്ധിക്കേണ്ടതായിരുന്നു. സുപ്രീംകോടതി നമ്മുടെ പരമോന്നത കോടതിയാണെങ്കിലും സ്വീകരിച്ച നിലപാടില്‍ പിശകുണ്ടെന്നു പറയാതിരിക്കാനാവില്ല. സുപ്രീംകോടതിക്കു ചെയ്യാമായിരുന്നത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കുകയും തുടര്‍നടപടികള്‍ ശബരിമലയുമായി ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുകയുമായിരുന്നു വേണ്ടത്. ക്രിസ്ത്യന്‍ മതത്തിലെ പോലെ അധികാരശ്രേണിയൊന്നും ഹിന്ദുമതത്തിലില്ലെങ്കിലും ശബരിമലവിഷയത്തില്‍ ദേവസ്വം ബോര്‍ഡുണ്ട്, തന്ത്രി കുടുംബമുണ്ട്, പന്തളം കൊട്ടാരാധികാരികളുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന മൗലികാവകാശംപോലെ മതസ്വാതന്ത്ര്യവും മൗലികം തന്നെ. ഇവിടെ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാന്‍ മതസ്വാതന്ത്ര്യത്തെ ധിക്കരിക്കുന്നതു ശരിയല്ല. ശബരിമലയിലെ സ്ത്രീ പ്രവേശം കോടതി കേറി അനുവദിച്ചത് അധികാരപരിധിക്കും അപ്പുറത്തെ തീരുമാനമായില്ലേ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുമതത്തിലെപോലെ ഏകമാനസ്വഭാവമുള്ളതല്ല ഹൈന്ദവമതമേഖല. വൈവിധ്യമാര്‍ന്ന ഉറവകളില്‍നിന്ന് ഊറിക്കൂടി വന്ന് രൂപം കൊണ്ടിട്ടുള്ള ക്ഷേത്രാചാരങ്ങള്‍ നല്ലപോലെ പഠിച്ചിട്ടു വേണമായിരുന്നു വിധി പറയാന്‍. ഹൈന്ദവമതത്തില്‍ നിലനില്‍ക്കുന്ന ബഹുസ്വരത മനസ്സിലാക്കാതെ ആര്‍ക്കും ഒരു തീരുമാനവും പറയാനാവില്ല. കോടതിക്ക് കമ്മീഷന്‍ വച്ചോ അമീക്കസ് ക്യൂറിയേയുടെ സഹായത്താലോ പഠിക്കാമായിരുന്നു. വിശ്വാസികളുടെ വിശ്വാസത്തെ പരിഗണിക്കാതെ എടുത്ത തീരുമാനമെന്നാണ് ഇപ്പോഴുള്ള ആക്ഷേപം. ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി കൊടുക്കേണ്ടതായിരുന്നു. ഇപ്പോള്‍ വിവിധ വിശ്വാസ സംഘടനകളാണ് റിവ്യൂഹര്‍ജി നല്‍കിയിരിക്കുന്നത്. അതുടന്‍ പരിഗണിക്കാനും കോടതി തയ്യാറല്ല എന്നാണ് വാര്‍ത്തകളില്‍നിന്നറിയുന്നത്. ഒരു ഹര്‍ജി എപ്പോള്‍ സ്വീകരിക്കണമെന്നുള്ളത് കോടതിയുടെ സ്വതന്ത്ര തീരുമാനത്തിനു വിധേയമാണ്. അതംഗീകരിക്കുകയും വേണം. എന്നാല്‍ ഈ വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു എന്നത് മതദ്രോഹവും രാജ്യ ദ്രോഹവുമാണ്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കപ്പുറം വിശ്വാസികള്‍ നടത്തുന്ന സമരപരിപാടികള്‍ ശ്രദ്ധിക്കേണ്ടതുതന്നെ. സമരരംഗത്തുള്ളതു മുഴുവന്‍ സ്ത്രീകളുമാണ്. അവര്‍ വിളിച്ചുപറയുന്നതു മുഴുവന്‍ അവര്‍ക്കു ശബരിമലയില്‍ പ്രവേശിക്കണ്ട എന്നാണ്. അവര്‍ക്കു വേണ്ടെങ്കില്‍പ്പിന്നെ ആര്‍ക്കു വേണ്ടിയാണീ വിധി എന്നതു പ്രസക്തമായ ചോദ്യമാണ്. സമരം പക്ഷേ പ്രാര്‍ത്ഥനയോടുകൂടെയാകുന്നതിലെ ഔചിത്യം സംഘാടകര്‍ പരിശോധിക്കേണ്ടതാണ്. ക്രിസ്ത്യാനികളും ചില നേരത്ത് പ്രാര്‍ത്ഥനയെ സമരമുറയായി സ്വീകരിക്കാറുണ്ട്. അതു ശരിയോ എന്ന് സംഘാടകര്‍ പരിശോധിക്കണം.

ശബരിമല അയ്യപ്പനെ കാണാന്‍ പോകുന്ന ഭക്തരുടെ വിശ്വാസം ഗൗരവമായിട്ടുതന്നെ എടുക്കണം. അയ്യപ്പനെ കാണാന്‍ പോകുന്നയാളും അയ്യപ്പന്‍ എന്നുതന്നെയാണ് വിളിക്കപ്പെടുന്നത്. അയ്യപ്പന്‍ അയ്യപ്പനെ ദര്‍ശിക്കാനെത്തുന്നു. ആ ദര്‍ശന ഭക്തനും ഈശ്വരനും തമ്മിലുള്ള പരിപൂര്‍ണമായ ഐക്യമാകയാല്‍ വേര്‍തിരിവുകളില്ലാത്ത ഒരു സ്വര്‍ഗീയാനുഭവം ഭക്തര്‍ക്കു ലഭിക്കാന്‍ എല്ലാവരും സഹകരിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org