ഒരു രാജ്യം ഒരു ഭാഷ: വേണം ഒരു വിലയിരുത്തലും വീണ്ടുവിചാരവും

'ഹിന്ദി ദിവസ്' ആചരണത്തോടനുബന്ധിച്ച് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഈ പ്രസ്താവന ദേശതാത്പര്യങ്ങള്‍ക്കു ഘടകവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ഇതര സംസ്ഥാനങ്ങളിലാണ് വ്യാപക പ്രതിഷേധം ഉരുണ്ടുകൂടുന്നത്. കര്‍ണാടകയില്‍ കന്നട സംഘടനകള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്. ഹിന്ദിയല്ല, ഇന്ത്യയാണെന്ന് ഡി.എം.കെ അദ്ധ്യ ക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് ബി.ജെ.പി സഖ്യക്ഷികളായ അണ്ണാ ഡി. എം.കെ, പി.എം.കെ എന്നീ പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മാതൃ ഭാഷയെ മറക്കരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റു ചെയ്തു. വൈക്കോ വളരെ കടുത്ത ഭാഷയില്‍ വെല്ലുവിളി ഉയര്‍ത്തി. ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ പിന്നെ ഹിന്ദി ഇന്ത്യ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അദ്ദേഹം ഭീഷണി മുഴക്കി. കേരള മുഖ്യമന്ത്രിയും എതിര്‍പ്പുമായി രംഗത്തെത്തി. സ്വന്തം ഭാഷയെ സ്നേഹിക്കുന്നവരോടുള്ള യുദ്ധപ്രഖ്യാപനമാണ് അമിത്ഷാ നടത്തിയിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിന്‍റെ നിരവധിയായ ദേശവിരുദ്ധ നടപടികളെ മൂടിവയ്ക്കാനാണ് ഏക ഭാഷാ വാദവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏക ഭാഷാവാദം ദേശത്തെ ഭിന്നിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. എന്നാല്‍ കേരള ഗവര്‍ണര്‍ അമിത് ഷായെ അനുകൂലിച്ചു ട്വീറ്റ് ചെയ്തു.

നമ്മുടെ പൈതൃകത്തിനും ചരിത്രത്തിനും നിരക്കാത്ത ഒരു നീക്കമാണിത്. ഇന്ത്യ ഒരിക്കലും ഒരു ഏകീകൃത രാജ്യമായിരുന്നിട്ടില്ല. ഇന്ത്യയെക്കുറിച്ചു പറയുമ്പോള്‍ നാനാത്വത്തിലെ ഏകത്വമാണ് ആകെ പറയാവുന്ന യാഥാര്‍ത്ഥ്യം. നമ്മളിവിടെ അനേകം നാട്ടുരാജാക്കളും അനേകം ഭാഷകളും സംസ്കാരങ്ങളുമായി വൈവിധ്യതയിലാണു ജീവിച്ചു പോന്നത്. ഹിന്ദുമതത്തില്‍പ്പോലും എണ്ണിയാലൊടുങ്ങാത്ത അവാന്തര വിഭാഗങ്ങളുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യത ഹൈന്ദവ മതാത്മകതയിലെ ആന്തര്‍ഭാവം തന്നെയാണ്. ഈ വൈവിധ്യതയില്‍ നമ്മെ ഒന്നിപ്പിക്കുന്ന ഏക വികാരവും വിചാരവുമാണ് ഇന്ത്യ. ഇന്ത്യ എന്ന വിചാരവും വികാരവും നമ്മെ നാടിനകത്തും പുറത്തും ഒന്നിപ്പിക്കുന്നു. എന്നാല്‍ നമ്മളെ ഒന്നിപ്പിക്കാന്‍ ഒരു ഭാഷയ്ക്കുമാവില്ല. ഒരേ ഭാഷ സംസാരിച്ചാല്‍ നമ്മള്‍ ഒന്നിക്കില്ല. ഒരു ഭാഷകൊണ്ടു നമ്മെ ഒന്നിപ്പിക്കാമെന്നു പറയുന്നവര്‍ നമ്മുടെ സാമൂഹിക സാംസ്കാരിക, മതാത്മക യാഥാര്‍ത്ഥ്യങ്ങളെ ധിക്കരിക്കുകയും ഇപ്പോഴുള്ള ഐക്യത്തെ തകര്‍ക്കുകയുമാണ്. ഹിന്ദി നമ്മെ ഒന്നിപ്പിക്കുമെന്നു പറയുന്നവര്‍ നാടിന്‍റെ പൈതൃകവും സംസ്കൃതിയും മനസ്സിലാക്കാതെ അന്ധമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചു പറയുന്ന ശുദ്ധ ഭോഷ്കാണ്.

ഇതൊരു ഭരണഘടാനാവിരുദ്ധ നടപടിയായിട്ടാണ് പലരും കണക്കാക്കുന്നത്. നാനാത്വത്തിലെ ഏകത്വം എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ ഫെഡറല്‍ സംവിധാനമാണു നമ്മുടേത്. ഒരു ദേശീയ ഭാഷ എന്ന ഒരു പ്രയോഗമോ ഒരാശയമോ നമ്മുടെ ഭരണഘടനയിലില്ല. മാത്രമല്ല മറിച്ചുള്ള ആശയങ്ങള്‍ ഭരണഘടനയില്‍ വ്യക്തവുമാണ്. 1954-ല്‍ ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ഭരണഭാഷയായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ 2010-ല്‍ ഗുജറാത്തു ഹൈക്കോടതി ഹിന്ദിയെ രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എന്ന മഹാരാജ്യം അനേകം സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. സംസ്ഥാനങ്ങളുടെ രൂപീകരണം ഭാഷാടിസ്ഥാനത്തിലായിരുന്നു എന്നതും ഓര്‍ക്കാം. അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു ഭാഷ നമ്മളെ എങ്ങനെ ഒന്നിപ്പിക്കാനാണ്.

ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ പ്രയോഗങ്ങളുമായി ബി.ജെ.പി. സര്‍ക്കാര്‍ രംഗത്തുവരുന്നത് യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്‍റെ ഏകാധിപത്യപ്രവണതയാണ് വ്യക്തമാക്കുന്നത്. ബഹുസ്വരതയെ തകര്‍ത്ത് ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ഗൂഢലക്ഷ്യം മുന്നില്‍വച്ചുകൊണ്ടാണ് ഈ നീക്കം. സംസ്കൃതം ബ്രാഹ്മണ്യത്തിന്‍റെ ആഢ്യത്വത്തെ അടയാളപ്പെടുത്തിയിരുന്നതുപോലെ ഹിന്ദി ഹിന്ദുത്വത്തിന്‍റെ പ്രതീകമായി പ്രതിഷ്ഠിക്കാനുള്ള നീക്കമായും ചിലര്‍ ഇതിനെ കാണുന്നു. ഹൈന്ദവ മതവികാരത്തെ ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതുപോലെ ഹിന്ദി എന്ന ഭാഷയുടെ പേരിലും ഇന്ത്യയിലെ ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ശ്രമമാണിതെന്നും പറയുന്നു. നേരാണ് അമിത്ഷാ മറ്റു ഭാഷകള്‍ പാടില്ല എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച് ഇവിടത്തെ ദേശീയ പരീക്ഷകള്‍പോലും ഹിന്ദിയില്‍ മാത്രമായാല്‍ ഇന്ത്യയിലെ മറ്റനേകം ഭാഷകള്‍ കാലക്രമേണ നശിക്കും.

ഹിന്ദി പഠിക്കരുതെന്നാരും പറയുന്നില്ല. ഹിന്ദി നല്ല ഭാഷതന്നെ. പഠിക്കുന്നതു നല്ലതുമാണ്. എത്ര ഭാഷ പഠിക്കുന്നോ അത്രയും നമ്മള്‍ വളരുകതന്നെയാണ്. പക്ഷേ രാഷ്ട്രീയ സ്വാര്‍ത്ഥമോഹത്തോടെ ഹിന്ദിയെ ദേശീയഭാഷയായി കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതു നിശ്ചയമായും രാജ്യത്തിന്‍റെ നിലനില്‍പിനെയും വളര്‍ച്ചയെയും തകര്‍ക്കുമെന്നു പറയാതിരിക്കാന്‍ വയ്യ. ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റു നടപടികളോടു ചേര്‍ത്തല്ലാതെ ഏക ഭാഷാ നീക്കത്തെയും വായിച്ചെടുക്കാതിരിക്കാനാവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്‍റെ ഭരണതുടര്‍ച്ചയ്ക്കുവേണ്ടി ഭാഷയെ ആയുധമാക്കിയാല്‍ അത് ഭാഷയുടെ ധര്‍മ്മത്തെത്തന്നെ തകര്‍ക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org