Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> ബില്‍ഡ് ബാക്ക് ബെറ്റര്‍

ബില്‍ഡ് ബാക്ക് ബെറ്റര്‍

ഫാ. സേവ്യര്‍ കുടിമാംശേരി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എന്‍.ഒ. പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശത്തിലെ സുപ്രധാനമായ ഒരു ദര്‍ശനമാണ് “ബില്‍ഡ് ബാക്ക് ബെറ്റര്‍.” പുനര്‍നിര്‍മ്മിക്കുക, മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍. അതൊരു തിരിച്ചുപിടിക്കലാവണം. നഷ്ടമായതൊക്കെ തിരികെ ലഭിക്കേണ്ടതുണ്ട്. പുനര്‍നിര്‍മ്മാണം വഴി മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകുകയും വേണം. സൃഷ്ടിയുടെ മകുടമായ മനുഷ്യനെയാണ് ഭൂമിയുടെ സംരക്ഷണവും പുനര്‍നിര്‍മ്മാണവും ഏല്പിച്ചിരിക്കുന്നത്. പ്രപഞ്ചം സൃഷ്ടിച്ചൊരുക്കിയ ദൈവം ഭൂമിയിലെ സകല യാഥാര്‍ത്ഥ്യങ്ങള്‍ക്കും പേരിടാന്‍ ഏല്പിച്ചതു മനുഷ്യനെയാണ്. സൃഷ്ടി നടത്താമെങ്കില്‍ ദൈവത്തിനു പേരുംകൂടി ഇടാമായിരുന്നു. അതു മനുഷ്യനെ ഏല്പിക്കുകവഴി അവനെ ഭൂമിയുടെ നാഥനാക്കുകയായിരുന്നു. പ്രപഞ്ചത്തിന്‍റെ നാഥനായ മനുഷ്യനാണ് ദൈവം സൃഷ്ടിച്ച ഭൂമിയുടെ പുതിയ സൃഷ്ടാവും സംരക്ഷകനും. ഇതൊരു തിരിച്ചറിവും നിലപാടുമാണ്. പ്രളയം ഈയൊരു തിരിച്ചറിവിലേക്കു മനുഷ്യനെ കൊണ്ടുവരുന്നുണ്ട്. എന്‍റെ കടല്‍, എന്‍റെ പുഴ, എന്‍റെ മണ്ണ് എന്നൊക്കെ പറയാന്‍ ഇപ്പോള്‍ തോന്നുന്നില്ലേ? ഇന്നലെ വരെ അങ്ങനെയായിരുന്നില്ലല്ലോ? കടലും ഞാനും, പുഴയും ഞാനും തമ്മില്‍ ജീവനോളം വിലയുള്ള ബന്ധം നിലനിന്നിരുന്നില്ല എന്നര്‍ത്ഥം. ഇപ്പോള്‍ അതുണ്ടായിരിക്കുന്നു. പലപ്പോഴും പൊട്ടിത്തെറികളും പ്രകമ്പനങ്ങളും നമ്മെ പുതിയ ബന്ധങ്ങളിലേക്കു ചേര്‍ത്തു നിര്‍ത്തും. പല സൗഹൃദങ്ങളും പൊട്ടിവിടര്‍ന്നിട്ടുള്ളതു പിണക്കങ്ങളില്‍നിന്നാണ്. പ്രകൃതി പിണങ്ങിയപ്പോള്‍ കൂടുതല്‍ ഇണങ്ങാന്‍ നമുക്കു മനസ്സുവരുന്നു. തല്ലുകൊണ്ടാലേ പാഠം പഠിക്കൂ എന്നത് പണ്ടേ നമുക്കുള്ള ശീലമാണ്.

നീതി നിര്‍വ്വഹണമാണ് നിലനില്പിനും സംരക്ഷണത്തിനും ആധാരം. നീതി ക്രമപാലനത്തില്‍ നിന്നുല്‍ഭൂതമാകുന്ന പ്രശാന്തതയാണ്. പ്രപഞ്ചത്തില്‍ ഓരോന്നിനും അതാതിന്‍റെ സ്ഥാനം അനുവദിച്ചു നല്‍കുന്നതാണ് പുനഃസൃഷ്ടിയുടെയും സംരക്ഷണത്തിന്‍റെയുമായ നീതിനിര്‍വ്വഹണം. പുഴയെ പുഴയായിരിക്കാന്‍ അനുവദിക്കുക. പുഴയുടെ ഗതി തിരിച്ചു വിടാന്‍ എനിക്കവകാശമില്ല. ഞാന്‍ ഞാനായിരിക്കുക, പുഴ പുഴയായിരിക്കട്ടെ. വീടിരിക്കുന്നിടത്തേക്കു പുഴ കയറിവന്നതല്ല പ്രളയം. പുഴയിരിക്കുന്നിടത്തേയ്ക്കു വീടു ചെന്നതാണു പ്രളയം. പ്രളയം അങ്ങനെയാണ് എന്‍റെ നേര്‍ക്കും പുഴയുടെ നേര്‍ക്കും പിടിച്ച കണ്ണാടിയാകുന്നത്. പരസ്പരം ആദരവും നീതിനിര്‍വ്വഹണവും ഉണ്ടായാല്‍ തല്ലിയാലേ നന്നാവൂ എന്ന അവസ്ഥയുണ്ടാവില്ല. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടാണെങ്കില്‍ ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നീ എന്ന അവസ്ഥയിലേക്കു വരും. നാളെയെ മാറ്റിനിര്‍ത്തി ഇന്നലെയുടെ തണലില്‍ കഴിയാമെന്നു വിചാരിക്കരുത്. ഇന്നലെയും നാളേയും ഒരുമിച്ചാണു തണലേകേണ്ടതും നില നിര്‍ത്തേണ്ടതും. നീതി നിര്‍വ്വഹണത്തില്‍ അപാകതകളുണ്ടായിട്ടുണ്ട്. കടലിലേക്കു കല്ലെറിഞ്ഞാല്‍ കടല്‍ തിരിച്ചെറിയും. പുഴയെ തടഞ്ഞുനിര്‍ത്തിയാല്‍ പുഴ ഗതിമാറി ഒഴുകും. പ്രളയം പെട്ടെന്നു വരള്‍ച്ചയായി മാറിയതെങ്ങനെയെന്നു പുതിയ പഠനം നാം തുടങ്ങി. കാലാവസ്ഥ പിടിതരാതെ ഒളിച്ചുകളിക്കുന്നു. കടലിന് ഉയരംകൂടുന്നു. ആഗോളതാപനമാണു കാരണമെന്നു പറയുന്നു. അങ്ങനെ ചിന്തിച്ചാല്‍ കേരളം മുങ്ങിപ്പോയതു കേരളജനതയുടെ കുറ്റംകൊണ്ടു മാത്രമല്ല. ലോകമെമ്പാടുമുള്ള മനുഷ്യരുടെ വീഴ്ചകൊണ്ടു കൂടിയാണ്. കാര്യങ്ങള്‍ നേരേയാക്കേണ്ടത് മനുഷ്യരാശിമൊത്തത്തിലാണ്. കേരളത്തെ പുനഃസൃഷ്ടി ക്കാന്‍ മറ്റൊരു രാജ്യവും വരരുത് എന്നു പറയരുത്. ഇവിടെ പ്രളയമുണ്ടായതിനു പിന്നില്‍ ലോകജനത മുഴുവന്‍ ഉണ്ട്. ഇവിടെ പുനഃസൃഷ്ടി നടത്തേണ്ടത് ലോകജനതമുഴുവനും കൂടിയാണ്. ഞങ്ങളിലൂടെ മാത്രം വികസനം വന്നാല്‍മതി എന്ന് ആര്‍ക്കും പറയാനാവില്ല, അതു സാധ്യവുമല്ല. നഷ്ടം വന്നതു മനുഷ്യരാശിക്കു മൊത്തത്തിലാണ്. നികത്തേണ്ടതും മനുഷ്യരാശി മൊത്തത്തില്‍തന്നെ. അവനവനര്‍ഹമായത് എല്ലാവരും വിട്ടുകൊടുക്കുന്നതാണു നിതി. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നത് സേവനം ചെയ്യുന്ന പോലെയാവരുത്. അവരവര്‍ക്കവകാശമായതു വിട്ടുകൊടുക്കുന്നതു പോലാവണം. പ്രകൃതിദുരന്തത്തില്‍ ഒരാള്‍ക്കു നഷ്ടമുണ്ടാകുന്നത് അയാളുടെ കുറ്റംകൊണ്ടല്ല, ഒരാള്‍ക്കു നഷ്ടമുണ്ടാകാതിരിക്കുന്നത് അയാളുടെ നേട്ടംകൊണ്ടുമല്ല. നഷ്ടമുണ്ടാകാതിരിക്കുന്നവര്‍ നഷ്ടമുണ്ടായവര്‍ക്കു സേവനം ചെയ്യുകയല്ല, മിറച്ച് അവര്‍ക്കവകാശപ്പെട്ടതു വിട്ടുകൊടുക്കുകയാണ്. നഷ്ടങ്ങള്‍ നികത്തേണ്ടത് പലിശ സഹിതമാവണം. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിലൂടെയാവണം. അപ്പോഴാണ് പുനഃസൃഷ്ടി സൃഷ്ടിപരമാകുന്നത്.

ഹൈറേഞ്ച് കേരളത്തിന്‍റെ മേല്‍ക്കൂരയാണ്. കുട്ടനാട് കേരളത്തിന്‍റെ ഭക്ഷ്യഅറയാണ്. തീരദേശം കേരളത്തിന്‍റെ കാലാവസ്ഥാ നിയന്ത്രണമേഖലയും. എല്ലാം സംരക്ഷിക്കപ്പെടണം. എല്ലാം പുനഃനിര്‍മ്മിക്കപ്പെടണം. പുതിയ കേരളം രൂപപ്പെടുന്നത് എല്ലാം ഒരുമിച്ചു പുനഃനിര്‍മ്മിക്കപ്പെടുമ്പോഴാണ്. കിട്ടുന്ന ഭക്ഷണമെല്ലാം ശരീരം കൈമാത്രം വളരാന്‍ പ്രയോജനപ്പെടുത്തിയാല്‍ ശരീരം വൈകൃതമായിപ്പോകുന്നതു പോലെയാണ് ലഭ്യമാകുന്ന വിഭവങ്ങള്‍ ഒരിടത്തുമാത്രം പ്രയോജനപ്പെടുത്തുന്നത്. എല്ലാ പ്രദേശങ്ങളും ഒരുമിച്ചു സംരക്ഷിക്കപ്പെടണം, വളര്‍ത്തി, ഉയര്‍ത്തിയെടുക്കണം. അപ്പോഴാണ് പുനഃനിര്‍മ്മാണം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതാകുന്നത്. പ്രളയകാലത്തു നാം പ്രകടിപ്പിച്ച ഐക്യവും കൂട്ടായ്മയും നില നിര്‍ത്തുകയും പുനഃസൃഷ്ടിയില്‍ ഒരുമിച്ചു പങ്കാളികളാകുകയും ചെയ്യാം. നമുക്കൊരുമിച്ചു പുനഃസൃഷ്ടിക്കാം, ബില്‍ഡ് ബാക്ക് ബെറ്റര്‍.

Leave a Comment

*
*