സത്യവും മിഥ്യയും നീതിയും

വര്‍ത്തമാനകാലത്തു വിലയിരുത്തപ്പെടേണ്ട ഒരു വിഷയമാണ് സത്യവും മിഥ്യയും നീതിയും. ആരുടെ പക്ഷത്താണു നീതിയും സത്യവും, മതപക്ഷത്തോ മതേതര, രാഷ്ട്രീയ പക്ഷത്തോ? സമകാലീന കോടതിവിധികളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണ്. ട്രിപ്പിള്‍ തലാക്ക് നിയമവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചു. അതിനനുസൃതമായ നിയമനിര്‍മ്മാണവും നടന്നുവരുന്നു. കോടതിവിധി മുസ്ലീം സ്ത്രീകളുടെ മാന്യതയും സ്വാതന്ത്ര്യവും നീതിയും ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നു. വിശ്വാസവും വിശ്വാസികളും വിശ്വാസത്തിനു മുകളില്‍ യുക്തിയും നീതിയും സത്യവും ഒന്നും പരിഗണിക്കപ്പെടേണ്ടതില്ലെന്ന നിലപാടെടുത്തു പുറത്തു നില്‍ക്കുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി കൊടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ തെളിവുകളോ അറസ്റ്റു നിര്‍ബന്ധമാക്കുന്ന സാഹചര്യങ്ങളോ കണ്ടെത്താനായില്ല. പിന്നീടുണ്ടായ കോലാഹലങ്ങള്‍ നമുക്കറിയാം. കന്യാസ്ത്രീകളും പുരോഹിതരും ആക്റ്റിവിസ്റ്റുകളും സമരകോലാഹലങ്ങളുമായി രംഗത്തെത്തി. ബിഷപ്പിന്‍റെ അറസ്റ്റ് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ബിഷപ് അറസ്റ്റു ചെയ്യപ്പെട്ടു. ജെയിലിലായി. ആദ്യം ജാമ്യം നിഷേധിച്ചു. പിന്നീടു ജാമ്യം അനുവദിച്ചു. ഇവിടെ നീതി, സത്യം മൂല്യങ്ങള്‍ എന്നിവ ആരുടെ പക്ഷത്താണ്? ബിഷപ്പിന്‍റെ പക്ഷത്തോ കന്യാസ്ത്രീകളുടെ പക്ഷത്തോ? ഇപ്പോഴും സത്യം എന്തെന്നറിയാറായിട്ടില്ല. എന്നാലും സത്യവും നീതിയും കോടതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും പക്ഷത്താണെന്നാണു വന്നുചേര്‍ന്നിരിക്കുന്നത്. സഭയും മതമേഖലയും സത്യത്തെ മറച്ചുവയ്ക്കുന്നു എന്നും കരുതപ്പെടുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് വിധി വന്നു. യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് നീതി, തുല്യത തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണ്. ആകയാല്‍ ഭരണഘടനാലംഘനവുമാണ്. അതിനാല്‍ യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ഭരണ ഘടനതന്നെ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ലേ എന്ന് ചോദ്യമുയരുന്നുണ്ട്. എന്നാലും സത്യവും നീതിയും മതത്തിനു പുറത്താണെന്നു വിചാരിക്കാന്‍ ഇടയായിരിക്കുന്നു. കാരണം വിശ്വാസികള്‍ യുക്തികൊണ്ടു വിശ്വാസത്തെയും ആചാരങ്ങളെയും വിലയിരുത്താനാവില്ല എന്ന നിലപാടോടെ പുറത്തു നില്‍ക്കുന്നു.

ആധുനിക മതേതരലോകം post truth realities-െനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സത്യം കഴിഞ്ഞു പോയിരിക്കുന്നു. സത്യമല്ല സൗകര്യമാണു ജീവിതത്തിനാവശ്യം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. സത്യവും നീതിയും ആര്‍ക്കും വേണ്ടാത്ത വിഷയമായിത്തീര്‍ന്നിരിക്കുന്നു. സത്യം നിര്‍മ്മിച്ചു നല്‍കാനും ഇപ്പോള്‍ ആളുകള്‍ സന്നദ്ധമാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും സൗകര്യപ്രദമാകുന്ന സത്യസൃഷ്ടിയുടെ ഇരുണ്ടകാലം സംജാതമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ സത്യത്തെ അനാവരണം ചെയ്യേണ്ടതും സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളേണ്ടതും മതമല്ലേ? വിമര്‍ശനാത്മകമായ വിലയിരുത്തലുകള്‍ മതജീവിതത്തില്‍ അനിവാര്യമായിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org