സംരക്ഷകര്‍ വേട്ടക്കാരാകുമ്പോള്‍?

സംരക്ഷകര്‍ വേട്ടക്കാരാകുമ്പോള്‍?

ആനന്ദിന്‍റെ "ഗോവര്‍ദ്ധന്‍റെ യാത്രകള്‍" എന്ന നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വിവരണം ഓര്‍ത്തെടുക്കുകയാണ്. കല്ലുവിന്‍റെ മതിലുവീണ് ഒരു ആട് ചത്തു. ആടിന്‍റെ ഉടമ രാജാവിനോടു പരാതിപ്പെട്ടു. മതിലിന്‍റെ ഉടമയെ തൂ ക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിട്ടു. ആരാച്ചാര്‍ തൂക്കിക്കൊല്ലാന്‍ കൊലക്കയര്‍ ഒരുക്കി. പക്ഷേ, തയ്യാറാക്കിയിരിക്കുന്ന കയറ് മതിലിന്‍റെ ഉടമയുടെ കഴുത്തിനു ചേരുന്നില്ല. ആരാച്ചാര്‍ വിവരം രാജാവിനെ അറിയിച്ചു. തയ്യാറാക്കിയ കയറിനു ചേരുന്ന കഴുത്തുള്ള ഒരാളെ കണ്ടെത്തി തൂക്കികൊല്ലാന്‍ രാജാവു കല്‍പ്പിച്ചു. ഏതാണ്ടിതുപോലെ നമ്മുടെ മാധ്യമക്കാര്‍ ആരെയൊക്കെയോ തൂക്കിലേറ്റാന്‍ കൊലക്കയറും തയ്യാറാക്കി ഇറങ്ങി നടക്കുകയാണ്. തങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന കയറിനു ചേരുന്ന കഴുത്തുള്ള ആളുകളെ കണ്ടെത്തി തൂക്കിക്കൊല്ലാന്‍. അല്ലെങ്കില്‍ ആരെയെങ്കിലും കണ്ടെത്തി തങ്ങളുണ്ടാക്കി വച്ചിരിക്കുന്ന കയറിനു ചേരുന്ന തരത്തില്‍ കണ്ടെത്തിയ ആളുടെ കഴുത്തിനെ ശരിപ്പെടുത്തിയെടുക്കാന്‍. കുറെക്കാലമായി ഇവിടെ നടക്കുന്ന മാധ്യമ പ്രവര്‍ത്തനം ഏതാണ്ടിതുപോലെയാണ്. പണ്ടു നമുക്കിവിടെ സിനിമ എന്നു പറഞ്ഞാല്‍ മരംചുറ്റി പ്രേമമായിരുന്നു. ഈ അടുത്തകാലത്താണ് നാം മരത്തില്‍നിന്നു കൈവിട്ടത്. നമ്മുടെ മാധ്യമക്കാര്‍ ഇപ്പോഴും പണ്ടുണ്ടാക്കിയ കയറുമായി നടക്കുകയാണ്. ഇത്തരം വൈയക്തികവും നിഷേധാത്മകവുമായ അറുപഴഞ്ചന്‍ ശൈലികള്‍വഴി ആരുടെയെങ്കിലും ജീവനെ വിലകൊടുത്തു ചാനലുകളെ കൊഴുപ്പിച്ചു നിര്‍ത്തണമോ? മാധ്യമക്കാര്‍ ഓരോ കാലത്തും ഓരോരുത്തരെ കണ്ടെത്തി വിധി പ്രഖ്യാപിച്ചു വാഴുകയാണ്. തുടര്‍ന്നു വിചാരണയും തൂക്കിക്കൊല്ലലുമായി നാളുകളങ്ങു നീങ്ങും. പ്രതികള്‍ ചത്തെങ്കിലായി ചത്തില്ലെങ്കിലായി. പ്രതികള്‍ ചാകണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ല. വീണ്ടും പുതിയ കയറുണ്ടാക്കും, ആരെയെങ്കിലും കണ്ടെത്തി വിധിയും പ്രഖ്യാപിക്കും. പിന്നെ വിചാരണയും തൂക്കിക്കൊല്ലലും ഒക്കെയായി ചാനല്‍ റേറ്റ് കൂട്ടിക്കൊണ്ടിരിക്കും. ഇതിനൊക്കെ ആരാണിവര്‍ക്ക് അധികാരം കൊ ടുത്തത്?

കുറ്റക്കാരെ കണ്ടെത്താ നും വിചാരണ നടത്താനും ഇവിടെ നിയമവും കോടതികളും പൊലീസുമില്ലേ? പൊലീസിന്‍റെയും കോടതിയുടേയും പണിയെല്ലാം മാധ്യമങ്ങളെ ഏല്‍പിച്ചതാരാണ്? ഈ രാജ്യത്തെ ഭരണാധികാരികളും കോടതിയും ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. ഈ ചാനലുകാര്‍ നമ്മുടെ ഭരണഘടനയെയും നിയമവ്യവസ്ഥിതിയെയും ചോദ്യം ചെയ്യുകയും കാറ്റില്‍പ്പറത്തുകയും ചെയ്തിട്ട് ആരും ചോദിക്കുകയും പറയുകയും ചെയ്യാത്തതെന്താണ്? തെറ്റുകാരെ കണ്ടെത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യാന്‍ മാധ്യമക്കാരെ ആരാണ് ചുമതലപ്പെടുത്തിയത്? ചില വ്യക്തികളെ കണ്ടെത്തി തെളിവുകള്‍ ശേഖരിച്ച് വിചാരണ നടത്താന്‍ മാധ്യമക്കാരെ ആര് അധികാരപ്പെടുത്തി? പൊലീസിനെയും ന്യായാധിപന്മാരെയും സ്വാധീനിക്കാന്‍ പാകത്തില്‍ മാധ്യമങ്ങള്‍ക്കിഷ്ടമുള്ളതുപോലെ സംഭവങ്ങളുടെ ഗതി നിയന്ത്രിക്കാന്‍ രാജ്യത്തിന്‍റെ നിയമവ്യവസ്ഥിതി അംഗീകരിക്കുന്നുണ്ടോ? മാധ്യമക്കാരെ ഇപ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. മാധ്യമങ്ങള്‍ ഇങ്ങനെ സൂപ്പര്‍ പവ്വര്‍ ആകാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ? ഭരണസംവിധാനത്തിന്‍റെ ഫോര്‍ത്ത് എസ്റ്റേറ്റെന്നു സ്വയം പേരിട്ടു വേട്ടയ്ക്കിറങ്ങുന്ന സംവിധാനം നിയമവ്യവസ്ഥിതിക്കു ചേരുന്നതാണോ? നിയമം കയ്യിലെടുക്കാന്‍ മാധ്യമങ്ങള്‍ക്കവകാശമുണ്ടോ? സ്ഥിരമായി ആര്‍ക്കെങ്കിലും പണികൊടുത്തുകൊണ്ടിരിക്കുക മാധ്യമധര്‍മ്മമാണോ?

ഇപ്പോള്‍ മുഖ്യധാരാ മാധ്യമക്കാര്‍ സോഷ്യല്‍ മീഡിയായുമായി മത്സരിക്കുകയാണ്. തണ്ടിയല്ലാത്തവരുമായി എന്തിനു മത്സരിക്കണം? സോഷ്യല്‍ മീഡിയാ തലയും വാലുമില്ലാത്തതാണ്. എന്തിനാണ് ഇവരുമായി മത്സരിച്ച് നാട്ടില്‍ അരാജകത്വം ഉണ്ടാക്കുന്നത്? മാധ്യമപ്രവര്‍ത്തനത്തിന്‍റെ പുതുവഴികള്‍ തേടാത്തതെന്ത്? മനുഷ്യസമൂഹത്തിന്‍റെ സമ്പൂര്‍ണമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന പുതുവഴികള്‍ തേടേണ്ടതല്ലേ? രാജ്യത്തിനും സമൂഹത്തിനും മാര്‍ഗനിര്‍ദ്ദേശകമാകേണ്ടതിനു പകരം സ്വയം പരിമിതപ്പെടുത്തി നമ്മുടെ അവകാശങ്ങളെ ചുരുക്കണോ? ഭരണാധികാരികളുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും മഹത്ത്വത്തെയും സംരക്ഷിച്ചു നിര്‍ത്തേണ്ട കാവല്‍ദൗത്യം മാധ്യമങ്ങള്‍ മറന്നുപോകരുത്. സംരക്ഷകര്‍ വേട്ടക്കാരാവരുത്. മാധ്യമം ഒരു കാരണവശാലും വ്യക്തിഹത്യയ്ക്കുള്ള മാര്‍ഗമാക്കരുത്. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തികള്‍ അംഗീകരിക്കപ്പെടാതെ പോകുന്നുണ്ട്. ചര്‍ച്ചകളില്‍നിന്നുരുത്തിരിയേണ്ട തീരുമാനങ്ങളല്ല ഉണ്ടാവുന്നത്, മറിച്ച് ചാനല്‍ കരുതിക്കൂട്ടിവച്ചിരിക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഒരു കാരണവശാലും വീട്ടിനുള്ളില്‍ തുറന്നുവയ്ക്കാന്‍ കൊള്ളാത്ത ഒന്നാവരുത് വിഷ്വല്‍ മീഡിയാ. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കാണാനും കേള്‍ക്കാനും കൊള്ളാവുന്നതാകണം. ജീവിതത്തിന് കൂടുതല്‍ ചൈതന്യവും ഉത്തേജനവും ലഭിക്കുന്നതാകണം. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും പു തുവഴികള്‍ ലഭിക്കുന്നതുമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org