ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്

ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്

കത്തുന്ന തലയിണയുടെ പാട്ടുകാരനാണു ഞാന്‍. ഡി. വിനയചന്ദ്രന്‍റെ ഒരു കവിത ഇങ്ങനെയാണു തുടങ്ങുക. ഇതിന് ഉപോല്‍ബലകമായി ഒരു കഥയും അദ്ദേഹം പറയുന്നു. തെരുവില്‍ കഴിയുന്ന ഒരമ്മയും മകനും. ജീവിക്കാന്‍ വകയില്ലാതായപ്പോള്‍ മകന്‍ അമ്മയോടു പറഞ്ഞു: "ഞാന്‍ ദൂരെ എവിടെയെങ്കിലും പോകുകയാണ്. എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം." അമ്മ വേദനയോടെയാണെങ്കിലും അനുവാദം നല്‍കി. മകന് ഓര്‍മ്മയ്ക്കായി കൊടുക്കാന്‍ കയ്യിലൊന്നുമില്ല. ഒടുവില്‍ അമ്മ, താന്‍ കിടന്നുറങ്ങിയിരുന്ന തലയിണ എടുത്തുകൊടുത്തു. അമ്മയുടെ ഓര്‍മ്മ ഉറഞ്ഞുകൂടിയ ഓര്‍മ്മകള്‍ നിറയുന്ന തലയിണയുമായി മകന്‍ വളരെ ദൂരം സഞ്ചരിച്ചു. നടന്നു നടന്നു തളര്‍ന്ന മകന്‍ അമ്മ നല്‍കിയ തലയിണവച്ചു കിടന്നുറങ്ങി. പെട്ടെന്ന് തലയിണ കത്തി പൊട്ടിത്തെറിക്കുന്നതറിഞ്ഞുകൊണ്ട് മകന്‍ ഉറക്കമുണരുന്നു. ഈ മകനെപ്പോലെ അമ്മനാടിന്‍റെ ഓര്‍മ്മകള്‍ ഉറഞ്ഞുകൂടിയ തലയിണ കത്തിപ്പൊട്ടിത്തെറിക്കുന്നതറിഞ്ഞ് ഉറക്കമുണരുന്ന ഭാരതീയന്‍റെ ദാരുണാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നു സമകാലികസംഭവങ്ങള്‍. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് ഇത്തരം ഒരു ദാരുണാന്തരീക്ഷമുണ്ട്. ശരിക്കും നമ്മുടെ അമ്മനാടിന്‍റെ ഹൃദയം കത്തിപ്പൊട്ടിത്തെറിക്കുകയാണ്. രാജ്യത്തെ ഭരണഘടനപോലും കത്തിപ്പോകുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു. ഭരണഘടനയിലൂടെ നമ്മള്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം, സത്യം, നീതി, തുല്യത, സാഹോദര്യം എല്ലാം കാറ്റില്‍പ്പറത്തപ്പെടുന്നു. എന്തു ഭക്ഷിക്കണമെന്നുവരെ ആരൊക്കെയോ നിശ്ചയിക്കുന്നു. സത്യമറിയാന്‍ വഴിയില്ലാതായിരിക്കുന്നു. തുല്യനീതി ചോദ്യം ചെയ്യപ്പെടുന്നു. പശുവിന്‍റെ മൂല്യംപോലും മനുഷ്യജീവനില്ലെന്നായിരിക്കുന്നു. ഹിഡന്‍ അജണ്ട പലപ്പോഴും മറനീക്കി പുറത്തുവരുന്നു. ചരിത്രം മാറ്റിയെഴുതപ്പെടുന്നു. തെറ്റായ പലതും ആവര്‍ത്തിച്ചു പറഞ്ഞുപറഞ്ഞ് പ്രതീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. അസത്യങ്ങള്‍ പറഞ്ഞുപറഞ്ഞു സത്യങ്ങളാക്കാന്‍ ശ്രമിക്കുന്നു. ഓക്സിജന്‍ കിട്ടാതെ മരിക്കേണ്ടി വരുന്ന കുട്ടികള്‍, അവരെ വീടുകളിലെത്തിക്കാന്‍ ഓട്ടോറിക്ഷായിലും ബൈക്കിലും കൊണ്ടുപോകേണ്ടി വന്ന അവസ്ഥ, തീവണ്ടി അപകടങ്ങള്‍, ആള്‍ദൈവങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ എല്ലാം ചേര്‍ന്ന് നാടു കത്തിയമരുന്ന അവസ്ഥ സൃഷ്ടിക്കുന്നു.
ആള്‍ദൈവങ്ങള്‍ വിലസുമ്പോള്‍ മരണഭീതിയില്‍ ജനങ്ങള്‍ വലയുന്നു: ഇന്ത്യയില്‍ പലസ്ഥലങ്ങളിലും കൂടെക്കൂടെ ആള്‍ ദൈവങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുറെക്കാലമൊക്കെ അവര്‍ സമൂഹത്തില്‍ തിളങ്ങി നില്‍ക്കും. പിന്നീടവര്‍ തങ്ങളുടെ തനിരൂപം പ്രകടിപ്പിക്കും. വഞ്ചിക്കപ്പെടുന്നതു പാവം ജനം.

രാഷ്ട്രീയക്കാരാണ്, മതനേതാക്കളാണ് ആള്‍ദൈവങ്ങളെ വളര്‍ത്തുന്നത് എന്നൊക്കെ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ആള്‍ദൈവങ്ങളെ വളര്‍ത്തുന്നത് ഈ പാവം ജനങ്ങള്‍തന്നെയാണ്. ആള്‍ദൈവങ്ങള്‍ കാട്ടുന്ന മായാജാലങ്ങളില്‍ മയങ്ങി ആശ്രിതരാ യി കാല്‍ക്കല്‍ വീഴുന്ന പാവം ജനങ്ങള്‍. ആള്‍ദൈവങ്ങള്‍ ജനാധിപത്യത്തിന്‍റെ പരാജയത്തെ ഓര്‍മ്മിപ്പിക്കുന്നു. ആരുടെയും അടിമയാകാതെ ആരെയും അന്ധമായി അനുകരിക്കാതെ ജീവിക്കാനുള്ള പരിശീലനം ഇനിയും ജനങ്ങള്‍ക്കു ലഭിക്കേണ്ടിയിരിക്കുന്നു. മതമേഖലയില്‍നിന്നാണ് പലപ്പോഴും ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ മതങ്ങളിലും ഇതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. ദൈവനാമത്തിലും വിശ്വാസത്തിന്‍റെ പേരിലും ആളുകളെ കബളിപ്പിക്കുന്നവര്‍ എല്ലാ മതങ്ങളിലുമുണ്ട്. സാധാരണക്കാരെ ഭയപ്പെടുത്തിയാണ് ഇക്കൂട്ടര്‍ വാഴ്ച നടത്തുന്നത്. മതാധികാരികളും രാഷ്ട്രീയാധികാരികളും കൃത്യമായ ഇടപെടലുകള്‍ നടത്തിയാല്‍ ഒരളവുവരെ സാധാരണക്കാരെ ഇക്കൂട്ടരുടെ കെണിയില്‍ വീഴാതെ രക്ഷിക്കാം. ദൈവത്തിന്‍റെ പേരില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ട ഉത്തരവാദിത്വം മതാധികാരികള്‍ക്കുണ്ട്.

ഈ ദിവസങ്ങളില്‍ ഗുര്‍മീത് റാം റഹിം സിംഗ് ഇന്ത്യയില്‍ സൃഷ്ടിച്ച ദുരിതങ്ങളും ദുരന്തങ്ങളും പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നു പീഡനങ്ങള്‍ ഏറ്റിട്ടുള്ളവര്‍ ഓരോരുത്തരായി രംഗത്തുവരുന്നു. മുന്നു നാലു സംസ്ഥാനങ്ങളിലായി വഞ്ചിക്കപ്പെട്ടവരുടെ എണ്ണിയാലൊടുങ്ങാത്ത നീണ്ട നിര. ഈ ആള്‍ദൈവത്തെ വളര്‍ത്തിയതു രാഷ്ട്രീയക്കാരാണ്. ഒരു കാലത്ത് കോണ്‍ഗ്രസ്സ് അയാള്‍ക്കു തണലേകി. പക്ഷേ അയാളെക്കൊണ്ടു നേട്ടമുണ്ടാക്കാനുള്ള വിദ്യ കോണ്‍ഗ്രസ്സിനറിയില്ലായിരുന്നു. ബി.ജെ.പി. വേണ്ടവണ്ണം പ്രയോജനപ്പെടുത്തുകയും വേണ്ട സംരക്ഷണം നല്‍കുകയും ചെയ്തുപോന്നു. എന്നാലും ഗുര്‍മീത് പിടിക്കപ്പെട്ടു.നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തു. ഗുര്‍മീത് റാം റഹിം സിംഗിന് 20 വര്‍ഷം തടവു ശിക്ഷ. രണ്ടു മാനഭംഗ കേസുകളിലായി പത്തുവര്‍ഷം വീതം തടവാണു വിധിച്ചത്. രണ്ടു ശിക്ഷയും ഒന്നിനു പുറകെ ഒന്നായി അനുഭവിക്കണം. ഇതിനു പുറമേ 30,0000 (മുപ്പതു ലക്ഷം) രൂപാ പിഴയും വിധിച്ചു. ഇതില്‍ 14 ലക്ഷം രൂപാ വീതം കേസിലെ പരാതിക്കാരായ രണ്ടു വനിതകള്‍ക്കു നല്‍കണമെന്നു സിബിഐ കോടതി പ്രത്യേക ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചു. സര്‍ക്കാര്‍ ആദ്യം പകച്ചുനിന്നെങ്കിലും പിന്നീട് ശ്രദ്ധയോടെ വേണ്ട നടപടികളെടുത്തു. ഇനിയെങ്കിലും ഇത്തരം ആള്‍ദൈവങ്ങളെ പരിപോഷിപ്പിച്ച് രാജ്യത്തെ അപകടത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org