വെടിയുണ്ടകള്‍ക്കു സ്വാതന്ത്ര്യത്തിന്‍റെ നാവടക്കാനാകുമോ?

വെടിയുണ്ടകള്‍ക്കു സ്വാതന്ത്ര്യത്തിന്‍റെ നാവടക്കാനാകുമോ?

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. ബംഗ്ളൂരുവിലുള്ള വീട്ടില്‍ സ്കൂട്ടറിലെത്തിയ മൂന്നു പേര്‍ അവരുടെ നേര്‍ക്കു നിറയൊഴിക്കുകയായിരുന്നു. സ്വതന്ത്രമനസ്സുകളെയും സത്യവും, നീതിയും പ്രഘോഷിക്കുന്നവരെയും ബുദ്ധിജീവികളെയും സഹിക്കനാവാത്തവര്‍ ഇത്തരം നരനായാട്ട് നേരത്തെയും നടത്തിയിട്ടുണ്ട്. എം.എഫ്. ഹുസൈന്‍റെ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, ഒടുവില്‍ അദ്ദേഹത്തിനു നാടുവിടേണ്ടി വന്നു. യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ഇക്കൂട്ടര്‍ ലഡു വിതരണം ചെയ്യുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്തു. അരുന്ധതി റോയി ആക്രമിക്കപ്പെട്ടിരുന്നു. കന്നഡ എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളി, തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എന്നിവരും അസഹിഷ്ണുതയുടെ ഇരകളാണ്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, എം.എം. കല്‍ബുര്‍ഗി എന്നിവര്‍ക്കു നേരിട്ട അതേ ദുരന്തമാണ് ഗൗരി ലങ്കേഷിനും ഉണ്ടായത്. ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ച്ചെന്നാണ് വെടിവെച്ചു കൊന്നത്. നിരായുധയായി നില്‍ക്കുന്ന ഒരു ഇന്ത്യന്‍ വനിതയെ വെടിവെച്ചുകൊല്ലാന്‍ എങ്ങനെ ഇവിടത്തെ പൗരന്മാര്‍ക്കു മനസ്സുവന്നു? ആരാണ് ഈ ക്രൂരത കാട്ടിയതെന്നു വ്യക്തമായിട്ടില്ല.പക്ഷേ കര്‍ണാടകയിലെ ഒരു എം.എല്‍.എ. വിളിച്ചു പറഞ്ഞു, ആര്‍. എസ്. എസ്സിനെ എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് മരിക്കില്ലായിരുന്നു എന്ന്. ഒരു ഭരണാധികാരിയാണ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ഒരു മഹതി വിളിച്ചു പറഞ്ഞത് മതേതരത്വം പറഞ്ഞു നടക്കുന്ന നേതാക്കള്‍ ആയുസ്സു നീട്ടിക്കിട്ടാന്‍ മൃത്യുഞ്ജയ ഹോമം നടത്തുന്നതു നല്ലതായിരിക്കുമെന്ന്. എത്ര ഭീകരവും പരിതാപകരവുമാണ് ഇന്ത്യയുടെ അവസ്ഥ. എന്തു ഭക്ഷിക്കണമെന്നു ഭരണാധികാരി തീരുമാനിക്കുന്നു. എന്തു വസ്ത്രം ധരിക്കണമെന്നും എന്തു ജോലി ചെയ്യണമെന്നും അവര്‍ നിശ്ചയിക്കുന്നു. എന്തു ചിന്തിക്കണമെന്നും എന്തു സംസാരിക്കണമെന്നും ഭരണാധികാരി തീരുമാനിക്കും. ഇത്രയ്ക്കും ക്രൂരമായ ഒരു ഫാസിസ്റ്റു വ്യവസ്ഥിതി ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല.

സത്യവും നീതിയും തുല്യതയും സ്വാതന്ത്ര്യവുമെല്ലാം വാഗ്ദാനം ചെയ്യുന്ന ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനയിന്‍ കീഴിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഭരണഘടനയെ ഇത്തരത്തില്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരു ഭരണകൂടത്തിനു മുന്നോട്ടു പോകാനാവില്ല. ഇന്ത്യയിലെ പൗരന്മാരുടെ മനസ്സാക്ഷിയായി നിലകൊള്ളുന്ന ഭരണഘടനയെ കാത്തുസൂക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഇവിടത്തെ പൗരന്മാരാണ്. ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധരായ ഒരു പുതുതലമുറ വളര്‍ന്നു വരുന്ന കാഴ്ചയാണ് ഈ അടുത്തകാലത്തായി ജെ.എന്‍.യു.പോലുള്ള കലാലയങ്ങള്‍ നമ്മെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പം ഇന്ത്യയിലെ ആദിവാസികളും ദളിതരും പിന്നാക്കസമൂഹങ്ങളുമെല്ലാം രാജ്യത്തിന്‍റെയും ഭരണഘടനയുടെയും കാവലാളന്മാരാകുന്ന കാലം ഒട്ടും വിദൂരത്തല്ല.

എന്താണ് ഗൗരി ലങ്കേഷ് ചെയ്ത കുറ്റം? സത്യം വിളിച്ചുപറഞ്ഞു. മതത്തെ ഫാസിസ്റ്റു നടപടികള്‍ക്കുള്ള ചട്ടുകമാക്കുന്നവരെ പരസ്യമായിട്ടെതിര്‍ത്തു. നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചു. സമൂഹത്തിന്‍റെ പുറംപോക്കുകളിലേക്കു വലിച്ചെറിയപ്പെട്ടവര്‍ക്ക് അഭയമായി. രോഹിത് വെമുലയ്ക്കുവേണ്ടി നിലകൊണ്ടു. ജിഗ്നേഷ് വേമാനി, കനയ്യ കുമാര്‍, ഷഹ്ലാ റെഷീദ് ഉമര്‍ ഖാലിദ് തുടങ്ങിയവരുമായി ചങ്ങാത്തംകൂടി. നക്സലൈറ്റുകള്‍ അക്രമം വെടിഞ്ഞ് മുഖ്യധാരയിലെത്താനും രാജ്യനിര്‍മ്മിതിയില്‍ പങ്കാളികളാകാനും അവര്‍ പരിശ്രമിച്ചു വരികയായിരുന്നു. ഏറ്റവും ഒടുവില്‍ രോഹിങ്ക്യാ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയും അവര്‍ ശബ്ദിച്ചു. സ്വന്തം പേരില്‍ പത്രമിറക്കാന്‍ ധൈര്യപ്പെട്ട ഒരേയൊരു പത്രപ്രവര്‍ത്തകയാണവര്‍. പത്രപ്രവര്‍ത്തനം അവര്‍ക്കു നിലപാടുകളെടുക്കാനും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുമുള്ള വേദിയായിരുന്നു. "ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഞാന്‍ ബി.ജെ.പി.യുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു. ഹിന്ദുധര്‍മ്മത്തിന്‍റെ ഭാഗമായി ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഹിന്ദുമതത്തെ തെറ്റായി വ്യാഖ്യാനം ചെയ്യുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു" എന്ന് അവര്‍ നിര്‍ഭയം കുറിച്ചിട്ടു. യഥാര്‍ത്ഥത്തില്‍ ആരൊക്കെയോ അവരുടെ ശബ്ദത്തെ ഭയപ്പെട്ടു. ആരൊക്കെയോ അവര്‍ ശബ്ദിക്കരുതെന്ന് ആഗ്രഹിച്ചു. അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കരുതെന്നാഗ്രഹിച്ചവര്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് അവരുടെ വിട്ടിലെത്തി നടത്തിയ അരുംകൊലയാണിത്. ഇതു വരെ കുറ്റവാളികളെ കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഇതെത്രമാത്രം ഗൗരവമായിട്ടെടുക്കുമെന്നോ നടപടികളുണ്ടാകുമോ എന്നൊന്നും പറയാനാവാത്തവിധം ഭരണാധികാരികളുടെ ഒത്താശയുണ്ടെന്നു വേണം അനുമാനിക്കാന്‍. എന്തൊക്കെ ക്രൂരത കാട്ടിയാലും സത്യത്തെ ഉന്മൂലനം ചെയ്യാന്‍ വെടിയുണ്ടകള്‍ക്കാവില്ല. ഗൗരി ലങ്കേഷിനെ നിശ്ശബ്ദയാക്കാനുമാവില്ല. ബംഗ്ളൂരുവില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ ഗൗരി ലങ്കേഷിന്‍റെ അമ്മ പറഞ്ഞു: "അവള്‍ നടത്തിയത് അസാമാന്യപോരാട്ടം. എനിക്ക് നിങ്ങളെല്ലാവരും എന്‍റെ ഗൗരിയാണ്." ഉടനെ ആയിരങ്ങള്‍ ഏറ്റുവിളിച്ചു. "ഞാന്‍ ഗൗരി, ഞങ്ങളും ഗൗരി." ഗൗരി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ആര്‍ക്കും ഇനി മേല്‍ തകര്‍ക്കാനാവാത്തവിധം അവര്‍ സത്യത്തിന്‍റെ നാവായിരിക്കുന്നു. ഇനിയതു ശബ്ദിച്ചുകൊണ്ടേയിരിക്കും. ശബ്ദമില്ലാത്തവന്‍റെ ശബ്ദമായിത്തീര്‍ന്നിരിക്കുന്നു. വെടിയുണ്ടകള്‍ക്കു തകര്‍ക്കാനാവാത്ത ധീരതയുടെ പേരാണ് ഇനി ഗൗരി ലങ്കേഷ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org