Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> വൈദികബ്രഹ്മചര്യം – സത്യവും മിഥ്യയും

വൈദികബ്രഹ്മചര്യം – സത്യവും മിഥ്യയും

മാർ ജോസഫ് പാംപ്ലാനി

പൗരോഹിത്യ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള അനാവശ്യ ആകുലതകള്‍കൊണ്ട് ആനുകാലികങ്ങള്‍ നിറയുന്ന കാലമാണിത്. പുരോഹിതരെ വിവാഹം കഴിപ്പിക്കണമെന്നും വന്ധ്യംകരിക്കണമെന്നും ആവശ്യം ഉന്നയിച്ച കേരളത്തിലെ സാംസ്കാരികനായകരുടെ സംസ്കാരശൂന്യത കണ്ട് സാമാന്യജനം പകച്ചുനില്‍ക്കുന്നതും കലികാല കാഴ്ചയാണ്. വൈകാരിക വൈകല്യമുള്ളവരുടെ അഭയസ്ഥാനമായി വിവാഹത്തെ കരുതുന്നതു വിവേക ശൂന്യതയല്ലേ? മുഖ്യധാരാമാധ്യമങ്ങള്‍ എന്നു വിശേഷിക്കപ്പെട്ടിരുന്നവരുടെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന തനിനിറം കണ്ട് സാധാരണക്കാര്‍പോലും അമ്പരന്നു. തെറ്റിനെ തെറ്റെന്നു വിളിക്കാന്‍ ആവേശം കാട്ടുന്നവര്‍ നന്മയെ നന്മയെന്നു വിളിക്കാനുള്ള ആര്‍ജ്ജവം കാട്ടണം. കള പറിക്കാനുള്ള വ്യഗ്രതയില്‍ വിള നശിപ്പിക്കുന്നത് ന്യായീകരിക്കാനാ വുമോ?
പുരോഹിതരുടെ വീഴ്ചയെ പൊതുജനം ഗൗരവമായി കാണുകയും കഠിനമായി എതിര്‍ക്കുകയും ചെയ്യുന്നത് പൗരോഹിത്യത്തിനുവേണ്ട നന്മയെക്കുറിച്ചുള്ള സാമാന്യ ബോധംകൊണ്ടുതന്നെയാണ്. ഇത്തരം എതിര്‍പ്പുകളില്‍ തിന്മയോ വര്‍ഗ്ഗീയതയോ ഇല്ല. പൗരോഹിത്യത്തിലും ക്രിമിനല്‍ സ്വഭാവക്കാരുണ്ടെന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ക്രിസ്തുവിന്‍റെ 12 ശിഷ്യരില്‍ പോലും ഇതിന് അപവാദമില്ലെന്ന് യൂദാസ് തെളിയിച്ചതാണ്. കുറ്റകരമായതു ചെയ്യുന്നവന്‍ ക്രിമിനലാണ്. കുറ്റവാളിയുടെ ജാതിയും മതവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നതില്‍ അപക്വതയു ണ്ട്. കുറ്റവാളികള്‍ക്കെല്ലാം ഒരേ മതമാണ്. ക്രിമിനാലിറ്റി എന്നാണതിനു പേര് അല്ലാതെ ക്രിസ്ത്യാനിറ്റി എന്നല്ല. പോലീസിന്‍റെ എഫ്.ഐ.ആര്‍. വരുംമുമ്പേ സകല പുരോഹിതര്‍ക്കും തൂക്കുമരം വിധിച്ച മാധ്യമവിചാരണ മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു എന്നു പറയാതെ വയ്യ.
കുറ്റകൃത്യത്തെ അപലപിക്കാനോ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തുനിയാതെ ക്രിസ്തീയ വിശ്വാസത്തെയൊന്നാകെ ആക്ഷേപിക്കാന്‍ തുനിഞ്ഞവരുടെ ചിന്തയില്‍ മാലിന്യമുണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രം കുറിക്കാം. ‘വൈദികന്‍ സ്ത്രീകളുടെ കുമ്പസാരം കേള്‍ക്കരുത്?’, ‘വിവാഹത്തിനൊരുക്കമായ നമസ്ക്കാരം കേള്‍ക്കല്‍ ദുരുദ്ദേശ്യപരമാണ്?’, ‘നല്ലൊരു പങ്ക് വൈദികരും അശുദ്ധിയുടെ ചെളിക്കുഴിയിലാകയാല്‍ കുര്‍ബാനയര്‍പ്പിക്കുന്നതില്‍ എന്തര്‍ത്ഥം?’, ‘സഭയുടെ അനാഥാലയങ്ങള്‍ വൈദികരുടെ ജാരസന്തതികളെ പോറ്റാനുള്ളതാണ്? ‘സഭാസ്ഥാപനങ്ങള്‍ ഏതു തിന്മയുമായും സമരസപ്പെടുന്നവരാണ്’…. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ കഴിഞ്ഞവാരങ്ങളില്‍ ചര്‍ച്ച ചെയ്തവയില്‍ ചില ശീര്‍ഷകങ്ങളാണിവ. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതു മനസ്സിലാക്കാം, പക്ഷേ കഴുത്തുവെട്ടുന്നതിനു നീതീകരണമുണ്ടോ? എതിര്‍ക്കുന്നവരുടെ ലക്ഷ്യം സഭയുടെ അടിസ്ഥാനങ്ങളെ തകര്‍ക്കുക എന്നതായിരുന്നു. സഭയുടെ വിശ്വാസത്തിന്‍റെ വിഷയങ്ങളെ തെരുവില്‍ അധിക്ഷേപിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ച വാരമാണു കടന്നുപോയത്. മരങ്ങള്‍ കാണുന്നവര്‍ കാടുകാണാതെ പോകുന്നതും കാടു മാത്രം കാണുന്നവര്‍ മരങ്ങളെ മറക്കുന്നതും ഒരു പോലെ തെറ്റല്ലേ.
വൈദികബ്രഹ്മചര്യത്തിന് അപ്പസ്തോലാനന്തര കാലഘട്ടത്തോളം പഴക്കമുണ്ടെന്ന് റോമിലെ ഹിപ്പോളിറ്റസി ന്‍റെ (+235) രചനകളില്‍നിന്നും (Philoso-phoumena) വ്യക്തമാണ്. ക്രിസ്തുവര്‍ഷം 305-ലെ എല്‍വിരാ കൗണ്‍സിലിന്‍റെ കാനോനയും (C.33) 314-ലെ ഏരിസ് സൂനഹദോസിന്‍റെ കല്‍പനയും (C.29) ബ്രഹ്മചര്യവും പൗരോഹിത്യവും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. ക്രിസ്തു ബ്രഹ്മചാരിയായിരുന്നതിനാല്‍ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന പുരോഹിതനും ബ്രഹ്മചാരിയായിരിക്കണം എന്നതാണ് ബ്രഹ്മചര്യത്തിന്‍റെ ഉള്‍പ്പൊരുള്‍. ക്രിസ്തുവിനോടുള്ള സ്നേഹം അവിഭാജ്യമായി തുടരാനും ജീവിതകാലം മുഴുവനും സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്താനും ബ്രഹ്മചാരിക്ക് കൂടുതല്‍ അനുകൂലാവസ്ഥയാണുള്ളത്. വിവാഹം തെ റ്റായതുകൊണ്ടല്ല ക്രിസ്തു വിവാഹിതനാകാത്തതു കൊണ്ടാണ് പുരോഹിതന്‍ ബ്രഹ്മചാരിയാകുന്നത്.
ഫ്രാന്‍സിസ് പാപ്പ വിവാഹിതരെ പുരോഹിതരാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നു പറഞ്ഞതും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 23 പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ ബഹുഭൂരിപക്ഷവും വിവാഹിതപൗരോഹി ത്യം അനുഷ്ഠിക്കുന്നവരാണ്. വിവാഹിതര്‍ പൗരോഹിത്യം സ്വീകരിക്കുമ്പോഴും വൈദികരെ വിവാഹിതരാകാന്‍ ഈ സഭകളും അംഗീകാരം നല്‍കുന്നില്ല. പൗരോഹിത്യ പൂര്‍ണ്ണതയായ മേല്‍പട്ടസ്ഥാനം കയ്യാളുന്നവര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന നിയമം ഇന്നും പൗരസ്ത്യ സഭകളിലുണ്ട്. വിവാഹിതരുടെ പൗരോഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ ഫ്രാന്‍സിസ്പാപ്പാ ചൂണ്ടിക്കാട്ടുന്നത് ഈ പാരമ്പര്യമാണ്.
പൗരോഹിത്യ ബ്രഹ്മചര്യത്തെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം വെള്ളയുടുപ്പില്‍ ചെളിവാരി എറിയുക എന്നതാണ്. എന്നാല്‍ വെള്ളയുടുപ്പിനെ ആന്തരികമായി മലിനമാക്കാതിരിക്കാന്‍ പുരോഹിതനും ശ്രദ്ധിക്കണം. കര്‍ത്താവിലും അവിടുത്തെ നടത്തിപ്പിലും സന്തോഷിക്കാന്‍ പഠിക്കുക എന്നതാണ് ബ്രഹ്മചര്യ പാലനത്തിലുള്ള ആദ്യ വഴി. അധികാരമോഹവും സ്വാര്‍ത്ഥലക്ഷ്യങ്ങളും വഴി സ്വയം സന്തോഷിക്കാനുള്ള വഴിയാണ് മനുഷ്യന്‍ തേടുന്നത്. ആഡംബരവും സുഖലോലുപതയും ബ്രഹ്മചര്യത്തിന് ഉദകക്രിയ ചെയ്യുന്നു. രണ്ടാമത്തെ വഴി ആത്മീയതയെ ഗൗരവമായെടുക്കുക എന്നതാണ്; കാനോന നമസ്ക്കാരം, ജപമാല തുടങ്ങിയവ വിട്ടുവീഴ്ചയില്ലാതെ നിര്‍ബന്ധബുദ്ധിയോടെ ചൊല്ലണം. മൂന്നാമതായി, ശുശ്രൂഷാ മേഖലയില്‍ സഭയെയും കൂദാശകളെയും ആഴത്തില്‍ സ്നേഹിച്ച് ഐക്യപ്പെടാന്‍ പരിശ്രമിക്കാം. ദൈവവിളിയുടെ ആദ്യനാളുകള്‍ മുതല്‍ ജീവിതാന്ത്യം വരെ ക്രിസ്തുവും സഭയുമാണ് പുരോഹിതന്‍റെ ചിന്താ വിഷയം. ബ്രഹ്മചര്യം പാലിക്കാന്‍ നിതാന്ത പരിശ്രമമാണ് ആവശ്യം. കാരണം വെള്ളയുടുപ്പില്‍ ചെളിപറ്റാനും ചെളിപറ്റിക്കാനും എളുപ്പമാണ്. വെള്ളയുടുപ്പിലെ നിസ്സാരമായ അഴുക്കുപോലും വളരെ പ്രകടമാണ്.

Leave a Comment

*
*