Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഒരു മന്ത്രിക്കസേരയും ബിജെപിയും പിന്നെ ക്രൈസ്തവരും

ഒരു മന്ത്രിക്കസേരയും ബിജെപിയും പിന്നെ ക്രൈസ്തവരും

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

സീറോ-മലബാര്‍ കത്തോലിക്കാസഭയിലെ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായിട്ടു സഭയോ സമുദായമോ എന്തുകൊണ്ട് അത്ര സന്തോഷിക്കുന്നില്ല എന്നു ചോദിച്ചാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അന്തര്‍ധാര ക്രൈസ്തവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമല്ല എന്നു പറയേണ്ടി വരും. സുരേഷ് ഗോപി ബിജെപി ക്യാമ്പില്‍നിന്നും കേന്ദ്രമന്ത്രിയാകാന്‍ സ്വപ്നം കണ്ടെങ്കിലും അദ്ദേഹത്തിന്‍റെ സ്വപ്നം പാര്‍ട്ടിയുടെ സ്വപ്നവുമായി ഒത്തു പോകാതെ വന്നു. സുരേഷ് ഗോപിയുടെ കഷ്ടകാലം. അല്‍ഫോന്‍സ് കണ്ണന്താനം തീര്‍ച്ചയായും ബുദ്ധിയും പ്രവര്‍ത്തനപരിചയവുമുള്ള നേതാവല്ല എന്ന് ആരും പറയുകയില്ല. 1979-ലെ കേന്ദ്ര പബ്ളിക് സര്‍വീസ് കമ്മിഷന്‍റെ പരീക്ഷയില്‍ 8-ാം സ്ഥാനക്കാരനായിരുന്ന ചെറുപ്പക്കാരന്‍ അല്‍ഫോന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടത് 1989-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ സാക്ഷരതാ യജ്ഞത്തില്‍ അദ്ദേഹം കോട്ടയം പട്ടണത്തെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ നഗരമാക്കി മാറ്റിയപ്പോഴാണ്. പീന്നീട് ഡല്‍ഹിയിലെത്തിയ സിവില്‍ സര്‍വന്‍റ് കണ്ണന്താനം ഇന്ത്യയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റഴിച്ചു വിട്ടത് അനധികൃതമായി പണിതിരുന്ന കെട്ടിടങ്ങളൊക്കെ ഇടിച്ചു പൊളിച്ചുകൊണ്ടാണ്. ധീരതയുടെ പര്യായമായി അറിയപ്പെട്ട അദ്ദേഹത്തെ ഇന്ത്യയുടെ “ഡിമോളിഷന്‍ മാന്‍” എന്നാണ് അന്ന് വിശേഷിപ്പിച്ചത്. 1994-ലെ ഇന്‍റര്‍നാഷണല്‍ ടൈം വാരിക ലോകത്തിലെ 100 ചെറുപ്പക്കാരായ ലീഡേഴ്സിനെ തെരഞ്ഞെടുത്തപ്പോള്‍ മുകേഷ് അംബാനിയോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഏക ചെറുപ്പക്കാരന്‍ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു.

പക്ഷേ അദ്ദേഹത്തിന്‍റെ സിവില്‍ സര്‍വീസ് ജീവിതം അധികം നീട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കണ്ണന്താനം 2006-ല്‍ കോട്ടയത്തെ ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ.യായി ജനസേവനം ചെയ്തു. പക്ഷേ 2014 ലോക്സഭ ഇലക്ഷന്‍റെ കാലത്ത് അദ്ദേഹം അപ്രതീക്ഷിതമായി ബിജെപിയിലേയ്ക്കു മലക്കം മറിഞ്ഞു. ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അദ്ദേഹത്തിന് സ്ഥാനം നല്കുകയും ചെയ്തു. പക്ഷേ അവിടെയും അദ്ദേഹത്തിന്‍റെ പേരിനും കഴിവിനും പറ്റിയ സ്ഥാനം ലഭിച്ചില്ലെന്നതാണ് സത്യം.

പക്ഷേ ഇപ്പോള്‍ എന്തിനാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ മോദി മന്ത്രിസഭയിലെ പ്രഥമ മലയാളി മന്ത്രിയാക്കിയതെന്നു ടൂറിസം, ഇന്‍ഫൊര്‍മേഷന്‍ സഹമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകും. പ്രധാനമന്ത്രി മോദി ഒരു നല്ല ക്രൈസ്തവന്‍ സമൂഹത്തിനു ചെയ്യേണ്ട കാര്യങ്ങളല്ലേ ചെയ്തു കൊണ്ടിരിക്കുന്നത് എന്നു കേരളത്തില്‍ വന്നു പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ ബി.ജെ.പിയുടെ ഇന്നത്തെ അവസ്ഥയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കുന്ന ഒരു നയത്തിനു അര്‍ത്ഥവും വ്യാപ്തിയുമുണ്ടെന്നു മനസ്സിലാക്കാം. കഴിഞ്ഞ മാസം കേരളത്തിലുടനീളം ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ സമുദായ നേതാക്കന്മാരെ വ്യത്യസ്ത തലങ്ങളില്‍ സന്ദര്‍ശിക്കുകയും കേരളത്തിലെ ക്രൈസ്തവരുടെ നേരെയുള്ള പാര്‍ട്ടിയുടെ അനുഭാവം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ശക്തമായ വലതുപക്ഷ, ഇടതുപക്ഷ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒരു വിള്ളലുളവാക്കാതെയോ ഏതെങ്കിലും ഒരു ന്യൂനപക്ഷ സമുദായത്തെ – മുസ്ലിമുകളെയോ ക്രൈസ്തവരെയോ – കൂ ട്ടുപിടിക്കാതെയോ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു ഇടം കണ്ടെത്താന്‍ പ്രയാസമാണ്. മുസ്ലീമുകളെ പക്ഷം ചേര്‍ക്കുക ഉത്തരേന്ത്യയിലെ സ്ഥിതിഗതികള്‍ വച്ച് അത്ര എളുപ്പമല്ല. ക്രൈസ്തവരെ കൂടെ നിര്‍ത്തണമെന്നാണ് ബി.ജെ.പി യുടെ അടുത്ത ചിന്ത. അതിനു എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് മന്ത്രിസഭാ വികസനത്തില്‍ ഒരു ക്രൈസ്തവനായ ബി.ജെ.പി ക്കാരന് സ്ഥാനം കൊടുത്ത് കേരളത്തിലെ ക്രൈസ്തവരുടെ കയ്യടി വാങ്ങുക എന്നത്.

പക്ഷേ ബി.ജെ.പി അധികാരത്തില്‍ വന്നതില്‍ പിന്നെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമങ്ങളും ഗോമാംസ നിരോധനവും അതിനെ ചുറ്റിപ്പറ്റിയുള്ള അതിക്രമങ്ങളും കൊലപാതകവും മറ്റും സാധാരണ ക്രൈസ്തവരുടെ മനസ്സില്‍ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വഭാവം ജ്വലിച്ചു നില്‍ക്കുകയാണ്. സംഘപരിവാര്‍ സംഘങ്ങള്‍ തരം കിട്ടുന്നതനുസരിച്ച് ക്രൈസ്തവരെ ഉപദ്രവിക്കുന്ന ചിത്രങ്ങള്‍ ജനമനസ്സുകളില്‍ നിന്നു മായ്ച്ചുകളയാന്‍ സൂത്രവിദ്യകള്‍ക്കാവില്ല. ഒരു പക്ഷേ, കേരളത്തിലെ ചുരുക്കം ചില ക്രൈസ്തവ നേതാക്കള്‍ കണ്ണന്താനത്തിന്‍റെ മന്ത്രിസ്ഥാനത്തിന് ബി.ജെ.പിക്ക് രഹസ്യത്തില്‍ നന്ദി പറയുകയും ക്രൈസ്തവരെ ബി.ജെ.പിക്ക് അനുകൂലമായി മാറ്റിയെടുക്കാമെന്ന് വാഗ്ദാനവും നല്കിയേക്കാം. പക്ഷേ രാഷ്ട്രീയ ബോധധാരയില്‍ നിന്നും കേരളത്തിലെ ജനാധിപത്യ സ്നേഹികളെ അടര്‍ത്തിയെടുക്കുക ബി.ജെ.പിക്ക് അത്ര എളപ്പമല്ലായിരിക്കും. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതാനും ക്രൈസ്തവരൊക്കെ ബി.ജെ.പിക്ക് ഓശാന പാടിയാലും ബി.ജെ.പിയുടെ കാവിവത്കരണ പദ്ധതിയെ ഉള്ളിന്‍റെ ഉള്ളില്‍ പാര്‍ട്ടിയിലുള്ള ന്യൂനപക്ഷങ്ങള്‍ പോലും പിന്തുണയ്ക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിലെ ക്രൈസ്തവര്‍ പണ്ടു മുതലേ തികച്ചും രാഷ്ട്രീയ ബോധമുള്ളവരും തെറ്റും ശരിയും തിരിച്ചറിയാന്‍ സ്വയം പ്രാപ്തരുമാണ്. പക്ഷേ, പ്രായോഗിക രാഷ്ട്രീയത്തില്‍ പലപ്പോഴും തത്ത്വങ്ങളും നിലപാടുകളും ബലികഴിക്കുന്നവരും താത്ക്കാലിക നേട്ടങ്ങളില്‍ കണ്ണുവയ്ക്കുന്നവരും ഇവിടെയും ഉണ്ട്. ആ അര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് എന്തെങ്കിലും കിട്ടിയാല്‍ പറയാം കിട്ടിയെന്ന്. ചിലപ്പോള്‍ അതും ഒരു വ്യാമോഹമായി മാറാനും സാധ്യതയുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനും മായ്ച്ചുകളയാനാവാത്ത വിധം നിഷ്കളങ്കരായ ക്രൈസ്തവരുടെ രക്തക്കറ ബി.ജെ.പി കൂടെക്കൊണ്ടു നടക്കുന്ന സംഘപരിവാറിന്‍റെ കരങ്ങളിലുണ്ട് എന്ന നഗ്നയാഥാര്‍ത്ഥ്യം ബി.ജെ.പി. നേതാക്കള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

ഫുള്‍സ്റ്റോപ്പ്: സ്വന്തം പാര്‍ട്ടിയുടെയും സ്വന്തം കസേരയുടെയും ഉറപ്പിനായി എന്തു നുണയും പറയുന്നിടത്ത് സത്യം പറയുന്ന ഗൗരി ലങ്കേഷുമാര്‍ ഇനിയും ക്രൂശിക്കപ്പെടാം. പക്ഷേ അവരുടെ രക്തത്തിന്‍റെ നിലവിളി വിപ്ളവമായി ഇന്ത്യയുടെ തെരുവുകളില്‍ എന്നും മുഴങ്ങി കേള്‍ക്കും.

Comments

3 thoughts on “ഒരു മന്ത്രിക്കസേരയും ബിജെപിയും പിന്നെ ക്രൈസ്തവരും”

 1. Joseph Kainikkara / Germany says:

  It is too early to be either pesimistic or optimistic about Kannanthanam s ministerial
  appointment. Extremism in the name of religion is a reality around the world. When it comes to the Indian context it happend to be among Hindus and Muslims and the Christians are a too small minority to act any extremism. Agressive ideologies comes out from the criminal minds and it is to be seen from the criminal law and order perspective.
  I hope the present Govt is fully capable to deal with such criminal tats.

 2. ഷാജു says:

  സഭ ഒരിക്കലും ബീജെപ്പിക്ക് വേണ്ടി സംസാരിക്കരുത് …. പല സ്ഥലങ്ങളിലും ക്രൈസ്തവര്‍ക്ക്നേ രെയുള്ള സംഗപരിവാരിന്റെ ആക്രമണങ്ങള്‍ സഭ മറക്കരുത്…..
  കണ്ണന്താനം മന്ത്രി ആയതിനുശേഷം ഉള്ള പ്രകടനം കണ്ടില്ലേ…. ശരിക്കും കോമാളി കളിക്കുകയാണ്… ക്രൈസ്തവ ന്‍ എന്നാ പേരില്‍ ഉള്ള മന്ത്രി സ്ഥാനം വേണ്ടായിരുന്നു….

  1. Liju Augusty says:

   Yes, you said it!

Leave a Comment

*
*