Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിന്‍റെ വഴിയില്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിന്‍റെ വഴിയില്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

യു.എസ്. വിദേശകാര്യ വകുപ്പിന്‍റെ കീഴില്‍ എല്ലാ വര്‍ഷവും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെയും, മതങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള അക്രമങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാറുണ്ട്. 2017 അന്തരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ (ഐ.ആര്‍. എഫ്.ആര്‍. റിപ്പോര്‍ട്ട്) ഇന്ത്യയിലെ മതസ്വാതന്ത്രത്തിന്‍റെ ഗ്രാഫ് വളരെ കീഴോട്ടുപോയതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി ഇടയ്ക്കിടെ മതസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമായാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്ന് പ്രഘോഷിക്കുന്നുണ്ടെങ്കിലും ആ വാക്കുകളിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണ്. ബി.ജെ.പി.യുടെ സാംസ്കാരിക ദേശീയവാദത്തിലൂന്നിക്കൊണ്ട് ബി.ജെ.പിയുടെ പോഷക സംഘടനകളായ ആര്‍.എസ്സ്.എസ്സും വി. എച്ച്.പിയും സംഘ്പരിവാര്‍ സംഘങ്ങളും മതന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെയും ക്രൈസ്തവരെയും കൊല്ലുകയും അവരുടെ ആരാധനാലയങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. ഗോവധനിരോധനത്തിന്‍റെ പേരിലും മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ പേരിലും മിക്ക സംസ്ഥാനങ്ങളിലും 2016-ല്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

29 സംസ്ഥാനങ്ങളും 7 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്ള ഇന്ത്യാ മഹാരാജ്യത്തില്‍ 126 കോടിയോളം ജനങ്ങളാണ് താമസിക്കുന്നത്, മതത്തിന്‍റെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയും ജാതിയുടെയും വര്‍ഗത്തിന്‍റെയും വൈവിധ്യങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് അമേരിക്ക മതസ്വാതന്ത്ര്യം ഇത്രമാത്രം ഹനിക്കപ്പെടുന്ന സാഹചര്യം വിവരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ റിപ്പോര്‍ട്ട് പ്രകാരം മതപരിവര്‍ത്തന ബില്ലിന്‍റെ പേരില്‍ കുറ്റം വിധിക്കപ്പെടുന്നവരും ആക്രമിക്കപ്പെടുന്നവരും ന്യൂനപക്ഷമതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ മാത്രമാണെന്ന വസ്തുതയാണ്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ അത് മതപരിവര്‍ത്തനത്തിന്‍റെ ഗണത്തില്‍ പെടുന്നില്ല. പാവപ്പെട്ട ആദിവാസികളെയും മറ്റും ഭയപ്പെടുത്തിയും അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്കിയും അവരെ ഹിന്ദു മതത്തിലേക്ക് ചേര്‍ക്കുന്നത് മത പരിവര്‍ത്തന നിരോധനബില്ലിന്‍റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതാണ് നിയമത്തിന്‍റെ ഇരട്ടത്താപ്പ്. ഗോമാംസ നിരോധനത്തിന്‍റെ പേരിലും ഇത്തരം പക്ഷഭേദപരമായ സംഭവങ്ങളാണ് ഇന്ത്യയില്‍ നടമാടുന്നത്. 2016 ആഗസ്റ്റ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍നഗറിലെ കടലി വില്ലേജിലെ മുന്നംഗ കുടുംബത്തെ ഗോമാംസ ഉപയോഗത്തിന്‍റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്തു. പക്ഷേ പൊലിസ് അറസ്റ്റ് ചെയ്തത് ഗോസംരക്ഷക ഗ്രൂപ്പ് അവരുടെ വീട് പൂര്‍ണമായും തകര്‍ത്തതിനു ശേഷമാണ്. 2016 ജൂലൈ മാസത്തില്‍ മദ്ധ്യപ്രദേശില്‍ ഗോമാംസം കൈവശം വച്ചതിന് രണ്ടു മുസ്ലീം സ്ത്രീകളെ തെരുവില്‍ പൊലീസിന്‍റെ മുമ്പില്‍ വച്ച് ജനക്കൂട്ടം ആക്ഷേപിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. പൊലീസ് ആ സ്ത്രീകള്‍ക്ക് യാതൊരു സംരക്ഷണവും നല്കിയില്ല. 2017 മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പ്രകാരം പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാരോ പൊലീസോ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അക്രമത്തിനു അവര്‍ മൗനസമ്മതം നല്കുകയും ചെയ്യുന്നു. ഇത് ഒരു ജനാധിപത്യ രാജ്യത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കുന്ന നടപടിയാണ്. ഭരണഘടനാ ലംഘനമാണ്.

പുരോഗതിയുടെ പട്ടിക നിരത്തുന്ന സര്‍ക്കാര്‍ പലപ്പോഴും പട്ടിണിപ്പാവങ്ങളെ മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന സത്യം ഇന്നും വിളക്കു തെളിക്കാന്‍ മണ്ണെണ്ണയില്ലാത്ത പാവപ്പെട്ടവരുടെ കണക്കെടുത്താല്‍ മനസ്സിലാകും. അത്തരം നിര്‍ദ്ധനര്‍ക്ക് ആശ്വാസമേകുന്ന ധാരാളം സന്നദ്ധ സംഘടനകള്‍ ഭാരതത്തിലുണ്ട്. പക്ഷേ ഏതാനും ചില സന്നദ്ധ സംഘടനകള്‍ക്ക് ചില മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ മുന്നില്‍ നിരത്തി മതപരവും മതേതരവുമായ ഏകദേശം 9000 സന്നദ്ധസംഘടനകള്‍ക്കാണ് വിദേശത്തുനിന്ന് പണം വരുത്തുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ഉന്നമനത്തിനായി ഫണ്ട് കൊണ്ടുവന്നിരുന്ന കംപാഷന്‍ ഇന്‍റര്‍നാഷണലിന്‍റെ ഫണ്ട് മരവിപ്പിച്ചത് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അതുപോലെ 2002-ലെ ഗുജറാത്തിലെ ഗോദ്ര സംഭവത്തിന്‍റെ ഇരകള്‍ക്ക് നീതി നടത്തികൊണ്ടിരുന്ന സബ്റാങ് ട്രസ്റ്റിനെയും നിരോധിച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ ധാരാളം ഹൈന്ദവ സന്നദ്ധ സംഘടനകള്‍ക്ക് വിദേശഫണ്ട് വരുന്നുണ്ട്. അതൊക്കെ ആരാണ് നിയന്ത്രിക്കുന്നത്? ഇവിടെയാണ് നാഷണലിസ്റ്റ് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.
ഐ.ആര്‍.എഫ്.ആര്‍. റിപ്പേര്‍ട്ട് ഇന്ത്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പറയുന്നു, 2015-ല്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ 751 സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളില്‍ 97 പേര്‍ മരിക്കുകയും 2,264 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ തീവ്രവാദികളുടെ അതേ വൈരത്തോടു കൂടിയല്ലെങ്കിലും ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രൈസ്തവരും ചിലപ്പോള്‍ അന്യമതക്കാര്‍ക്കു നേരെ അസഹിഷ്ണുത കാണിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫുള്‍സ്റ്റോപ്പ്: ബി.ജെ.പിക്ക് അധികാരം കയ്യില്‍ കിട്ടിയതില്‍ പിന്നെ തീവ്രഹൈന്ദവ സംഘടനകള്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള പദ്ധതി മുമ്പില്‍ വച്ചുകൊണ്ടാണ് വ്യത്യസ്തമായ അജണ്ടകള്‍ തയ്യാറാക്കുന്നതും പ്രയോഗത്തിലെത്തിക്കുന്നതും. ലോകരാഷ്ട്രങ്ങള്‍ ഇവിടെ നടക്കുന്ന ഓരോ ഹീനകൃത്യവും നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടാകണം. സംഘികളെ നിലയ്ക്കു നിര്‍ത്തുന്നതു ഭാവിയില്‍ പാര്‍ട്ടിക്കും രാജ്യത്തിനും ഗുണകരമാകുമെന്നതില്‍ തര്‍ക്കമില്ല.

Leave a Comment

*
*