പൗരോഹിത്യ മേധാവിത്വവും അല്മായ പങ്കാളിത്തവും

കത്തോലിക്കാ തിരുസഭയില്‍ വിപ്ലവാത്മകമായ മാറ്റം വരുത്തിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പല തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഇതുവരെ ആഗോള കത്തോലിക്കാ സഭയിലോ പ്രത്യേകിച്ച് കേരളത്തിലെ സഭയിലോ പ്രായോഗിക തലത്തില്‍ എത്തിയിട്ടില്ല. തിരുസഭ, സഭ ആധുനിക ലോകത്തില്‍ എന്നീ പ്രമാണ രേഖകളിലും അല്മായ പ്രേഷിതത്വം എന്ന ഡിക്രിയിലും സഭയിലെ ദൈവജനത്തിന്‍റെ സ്ഥാനവും ഭാഗഭാഗിത്വവും ഇത്രയും വ്യക്തമായി രേഖപ്പെടുത്തിയിട്ടും അല്മായരെ ഇപ്പോഴും പ്രാര്‍ത്ഥിക്കാനും പണം നല്കാനും മാത്രം മാറ്റിവയ്ക്കുന്ന യഥാസ്തിക മനസ്ഥിതിക്കെതിരെയാണ് ഇന്ന് പ്രതികരിക്കേണ്ടത്. പൗരോഹിത്യ മേധാവിത്വം (clericalism) അത്രമാത്രം സഭയെ കാര്‍ന്നു തിന്നുന്നു. ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചവരാണ് ആധുനിക മാര്‍പാപ്പമാര്‍. പക്ഷേ മെത്രാന്മാരെയും പുരോഹിതരെയും കേന്ദ്രത്തില്‍ നിര്‍ത്തികൊണ്ടുള്ള ഘടനയില്‍ മാറ്റം വരുത്താതെ, അല്മായര്‍ക്ക് സഭയില്‍ തീരുമാനമെടുക്കുന്ന മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം നല്കാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തിരിക്കുന്ന ദൈവജനത്തിന്‍റെ സഭ എന്ന ആശയം ഇവിടെ പ്രവാര്‍ത്തികമാകുകയില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാരുടെയും വൈദികരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും ധാര്‍മികാധഃപതനവും കണ്ടപ്പോള്‍ പൗരോഹിത്യ മേധാവിത്വത്തിന്‍റെ ശൈലിയും ഭാഷയും മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. "പൗരോഹിത്യ മേധാവിത്വം ഒരു രോഗാവസ്ഥയാണെങ്കില്‍ അതിനുള്ള മരുന്ന് കൂട്ടായ്മയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞതുപോലെ സഭ ദൈവ ജനമാണെന്ന അനന്യതയ്ക്ക് മൂര്‍ത്തഭാവം നല്കിയാലേ ഇന്നത്തെ പുഴുക്കുത്തുകളില്‍ നിന്നും സഭ രക്ഷിക്കപ്പെടുകയുള്ളു" എന്നാണ് ഫ്രന്‍സിസ് മാര്‍പാപ്പ പറയുന്നത്.

ഇവിടെ അല്മായ പങ്കാളിത്തം എന്നു സഭയില്‍ പറയുന്നത് രൂപതയില്‍ ഒരു അജപാലന സമിതിക്ക് (pastoral council) രൂപം നല്കുന്നതും വല്ലപ്പോഴും അവരെ വിളിച്ചു കൂട്ടി ചായ കൊടുക്കുന്നതും അവരെ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഏറാന്‍ മൂളികളാക്കി മാറ്റുന്നതിലുമാണെന്ന ചിന്തയാണുള്ളത്. കേരളത്തില്‍ ഇന്നും ചില രൂപതകളിലെങ്കിലും അജപാലന സമിതിയുടെ സെക്രട്ടറിമാരെയും മറ്റു ഭാരവാഹികളെയും മെത്രാന്‍ നിയോഗിക്കുന്ന പരിതാപകരമായ അവസ്ഥയുണ്ടെന്ന് കേള്‍ക്കുന്നു. തങ്ങളുടെ സ്തുതികപാഠകരെയും ആജ്ഞാനുവര്‍ത്തികളെയും അല്മായനേതാക്കളായി അംഗീകരിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്ന രീതികള്‍ പൗരോഹിത്യ മേധാവിത്വത്തിന്‍റെ ഏറ്റവും വൃത്തികെട്ട ശൈലിയാണ്. അത്തരക്കാരായ ചിലരെയെങ്കിലും ഇന്ന് സഭാ വക്താക്കളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ കാണുമ്പോള്‍ സഭ എത്രമാത്രം സത്യത്തില്‍നിന്നും ക്രൈസ്തവ ചൈതന്യത്തില്‍ നിന്നും അകന്നിരിക്കുന്നുവെന്നു സാധാരണക്കാര്‍ക്കു പോലും ബോധ്യമാകുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തിരുസഭ എന്ന പ്രമാണ രേഖയുടെ 32-ാം പേജില്‍ ഒരു അടിക്കുറിപ്പുണ്ട് "അല്മായര്‍ എല്ലാ കാര്യങ്ങളിലും ഇടയന്മാര്‍ക്കു വിധേരായിരുന്നുകൊള്ളണമെന്ന തെറ്റായ ധാരണ നീക്കിയശേഷം അല്മായരും വൈദികരും പരസ്പരം സഹായിച്ചും ആശ്രയിച്ചും കഴിയണമെന്ന് പ്രമാണ രേഖ സിദ്ധാന്തിക്കുന്നു." മെത്രാന്മാരും വൈദികരും പറയുന്നതുപോലെ ചെയ്യുന്ന അടിമകളായിരിക്കരുത് അല്മായര്‍, അവര്‍ സത്യത്തിനും നിതിക്കും വേണ്ടി ജീവന്‍ ബലികഴിച്ച ക്രിസ്തുവിന്‍റെ സാക്ഷികളാകണം. അവര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഇടവകയിലോ രൂപതയിലോ പ്രവര്‍ത്തിക്കുന്നവരാകരുത്. അന്ധകാരമയമായ ഈ ലോകത്തിന്‍റെ ശക്തികള്‍ക്കും തിന്മയുടെ അരൂപിക്കും എതിരായി തങ്ങളുടെ പ്രവാചക ദൗത്യം നിര്‍വഹിക്കേണ്ട സത്യസന്ധരുമായിരിക്കണം. പാപത്തിനു പ്രേരിപ്പിക്കുന്ന ലോകത്തിന്‍റെ പ്രസ്ഥാനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ അല്മായര്‍ സംഘടിതമായി പരിശ്രമിക്കേണ്ടതുണ്ട്. അല്മായര്‍ മാനവസംസ്കാരത്തെയും പ്രവര്‍ത്തനങ്ങളെയും ധാര്‍മികമൂല്യങ്ങളാല്‍ പൂരിതമാക്കണം.

അല്മായരുടെ വിവേകപൂര്‍വമായ ഉപദേശം മഹാമനസ്കതയോടെ മെത്രാന്മാരും വൈദികരും ഉപയോഗപ്പെടുത്തണം. അവര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കണമെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം. 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവജനത്തിനായി എഴുതിയ കത്തില്‍ പറയുന്ന ഭാഗമാകട്ടെ,

ഫുള്‍സ്റ്റോപ്പ്: പൗരോഹിത്യ മേധാവിത്വം, അതു വൈദികര്‍ വളര്‍ത്തിയാലും അല്മായര്‍ വളര്‍ത്തിയാലും സഭയില്‍ ഒരു മുറിവായി മാറും. അതിലൂടെ ഇന്നു നാം നിരാകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ തിന്മകളും സഭാ ഗാത്രത്തെ ബാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org