ട്രംപ് എല്ലാവരെയും ട്രാപ്പിലാക്കുമോ?

ട്രംപ് എല്ലാവരെയും ട്രാപ്പിലാക്കുമോ?

അമേരിക്കയുടെ പ്രസിഡന്‍റായാല്‍ ആദ്യദിവസം തന്നെ ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. അറബ് ലോകത്തെ മാത്രമല്ല, ലോകത്തില്‍ സമാധാനം പ്രതീക്ഷിക്കുന്ന എല്ലാവരെയും ട്രംപിന്‍റെ പ്രസ്താവന പ്രകോപിപ്പിക്കുകയോ, ദുഃഖിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഈ പ്രസ്താവനയെ ആദ്യമേ അപലപിച്ച ലോകരാജ്യങ്ങളില്‍ ഒന്ന് വത്തിക്കാനാണ്. "പരസ്പരം അവകാശങ്ങളെ മാനിക്കുന്ന രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളാണ് ഇസ്രായേലും പലസ്തീനും ഈ രാജ്യങ്ങളെ യുദ്ധത്തില്‍ ഏര്‍പ്പെടുത്തുന്ന ഒരു പ്രസ്താവനയേയും വത്തിക്കാന്‍ സ്വീകരിക്കുകയില്ല" എന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ പ്രതിനിധി മോണ്‍. സില്‍വാനോ മരിയ തോമാസി പറഞ്ഞു.

പിതാവായ അബ്രാഹത്തില്‍ നിന്ന് ഉത്ഭവിച്ച യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും തുല്യ അവകാശമുള്ള മണ്ണാണ് ജറുസലേമിലേത്. അത് ഒരു കൂട്ടര്‍ക്ക് മാത്രമായി കൊടുക്കുന്നത് നീതിപൂര്‍വകമോ, പ്രായോഗികമോ അല്ല. ട്രംപിന്‍റെ പ്രസ്താവന ഇതിനകം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അബ്രാഹത്തിന്‍റെ സന്തതി പരമ്പരകളില്‍ നിന്നുള്ള മൂന്നു മതങ്ങളുടെയും പുണ്യഭൂമിയാണ് ജറുസലേം. ലോകമെങ്ങും ചിതറി കിടന്നിരുന്ന ഇസ്രായേല്‍ക്കാര്‍ പടിഞ്ഞാറേ ജറുസലേം കേന്ദ്രീകരിച്ച് 1949-ല്‍ ഒരു രാഷ്ട്രമായി തീര്‍ന്നപ്പോള്‍ തുടങ്ങിയതാണ് ഇസ്രായേലിന്‍റെ തലസ്ഥാനം ജറുസലേം ആയിരിക്കണമെന്ന വാദം. പക്ഷേ പിന്നീട് പലസ്തീന്‍രാഷ്ട്രരൂപീകരണത്തിന്‍റെ വേളയിലും ജറുസലേമിനെ അവര്‍ തലസ്ഥാനമായി കണ്ടു. 1967-ല്‍ ഇസ്രായേല്‍, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധം ചെയ്ത് ഇസ്രായേല്‍, കിഴക്കന്‍ ജറുസലേമും കീഴടക്കി. വാസ്തവത്തില്‍ കിഴക്കന്‍ ജറുസലേമിനെയാണ് പലസ്തീന്‍ തങ്ങളുടെ തലസ്ഥാനമായി കരുതുന്നത്.

രണ്ടുകൂട്ടര്‍ക്കും അവകാശപ്പെട്ട ജറുസലേമിന്‍റെ കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയും മറ്റു ലോകരാഷ്ട്രങ്ങളും സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഐക്യ രാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും നിലപാടിനോടുള്ള വെല്ലുവിളിയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രസ്തവാന. കാലാകാലങ്ങളില്‍ അമേരിക്കയുടെ തലപ്പത്തുണ്ടായിരുന്ന പ്രസിഡന്‍റുമാര്‍ക്ക് ഇതു സംബന്ധിച്ച് വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

അമേരിക്കയുടെ വിദേശ നയത്തില്‍ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു അമേരിക്കയുടെ ഇസ്രായേലി എംബസി ടെല്‍ അവിവില്‍ നിന്നും ജറുസലേമിലേയ്ക്കു മാറ്റണമെന്നത്. 1995-ല്‍ ഇതിനായി "ജറുസലേം നയതന്ത്ര കാര്യാലയം നിയമം തന്നെ പാസ്സാക്കി. പക്ഷേ അതു നടപ്പാക്കുന്നത് ഇതുവരെയുള്ള പ്രസിഡന്‍റുമാര്‍ മാറ്റിവയ്ക്കുകയായിരുന്നു. എങ്കിലും എല്ലാ ആറുമാസങ്ങളിലും ഇതിനുള്ള നടപടികളില്‍ പ്രസിഡന്‍റ് ഒപ്പു വച്ചിരുന്നു. ട്രംപും കഴി ഞ്ഞ ജൂണില്‍ ഇതില്‍ ഒപ്പു വച്ചിരുന്നു. ഇത് നടപ്പാക്കാതിരുന്നത് അറബ് ലോകത്തെ അസ്വസ്ഥതകളെക്കുറിച്ച് ഭയന്നിട്ടാണ്.

ഇന്നത്തെ ലോകത്തിന്‍റെ പോക്കനുസരിച്ച് സമാധാനവും സന്തോഷവും പ്രതിക്ഷീക്കുന്ന പ്രസിഡന്‍റില്‍ നിന്നു മാത്രമേ നല്ല നിലപാടുകള്‍ ഉണ്ടാകൂ. ലോകത്തെ മുഴുവന്‍ യുദ്ധത്തിന്‍റെ കെടുതികളിലേയ്ക്കു നയിക്കുന്ന ഇത്തരം കാര്യങ്ങളില്‍ അമേരിക്കയുടെ മുന്‍പ്രസിഡന്‍റുമാര്‍ സൂക്ഷിച്ചു മാത്രമേ നിലപാടുകള്‍ എടുത്തിട്ടുള്ളു. അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന നീക്കങ്ങള്‍ അറബ് ലോകത്തിലും മറ്റു ഇസ്ലാമിക ലോകത്തിലും കലാപത്തിന്‍റെ വെടിയൊച്ചകള്‍ ഉണ്ടാക്കുമെന്ന ഭയമുണ്ടായിരുന്നു. ട്രംപിന്‍റെ കാര്യത്തില്‍ സമാധാനം ഒരു പ്രശ്നമല്ല. ധാര്‍ഷ്ട്യത്തിന്‍റെയും വെറുപ്പിന്‍റെയും രീതിയാണ് അദ്ദേഹത്തിന്‍റേതെന്ന് പ്രസിഡന്‍റായതിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ ചില പ്രവൃ ത്തികളും വാക്കുകളും വ്യക്തമാക്കിയിരുന്നു. ചില മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം നിഷേധിച്ചതും രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തിലേയ്ക്ക് തിരിച്ചയച്ചതും ഉള്‍പ്പെടെ പല കാര്യങ്ങളിലും ട്രംപ് ഏകാധിപത്യത്തിന്‍റെ പ്രവണതയാണ് കാണിച്ചിട്ടുള്ളത്.

രാജ്യങ്ങള്‍ തമ്മില്‍ പാലം പണിയാനും സംവാദത്തിലൂടെ സമാധാനം സ്ഥാപിക്കാനുമാണ് ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായ അമേരിക്ക ശ്രമിക്കേണ്ടത്. യുദ്ധത്തിനെതിരെ സമാധാനത്തിനുവേണ്ടി എന്തും ത്യജിക്കുവാന്‍ സന്മനസ്സു കാണിക്കേണ്ടവരാണ് ലോക നേതാക്കന്മാര്‍.

ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, വിശുദ്ധ സ്ഥലം ദൈവം മനുഷ്യ വര്‍ഗത്തോടു സംഭാഷണം നടത്തിയ ഇടമാണ്. അവിടെ സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും രീതിയാണ് മനുഷ്യര്‍ ആഗ്രഹിക്കേണ്ടതും നടപ്പിലാക്കേണ്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org