മഹാരാഷ്ട്രയിലെ മഹാനഷ്ടങ്ങള്‍

എന്താണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം. അത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന, അഴിമതിയുടെയും അധര്‍മത്തിന്‍റെയും കൂരിരുട്ടില്‍ തപ്പിതടയുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പരിഷ്കരിച്ച അസംബന്ധ പതിപ്പാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഭരിക്കേണ്ട പാര്‍ട്ടികളും എം.എല്‍.എ.മാരും സ്വന്തം പാര്‍ട്ടിക്കും സ്വന്തം താല്പര്യത്തിനുമായി ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്നതു കണ്ടിട്ടും ജനാധിപത്യത്തിന്‍റെ ഒരു സംവിധാനത്തിനും ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയാണിന്ന്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച നാളുകളില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് അന്നത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി ക്ലെമന്‍റ് ആറ്റ്ലി എഴുതിയതല്ലേ ശരിയായ കാര്യം എന്നു ചിന്തിച്ചുപോകുന്നതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം എഴുതി "ഇന്ത്യയെപ്പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യം രാജാധിപത്യമാണ്." സത്യം പറഞ്ഞതിന്‍റെ പേരിലും അധര്‍മം അനുഷ്ഠിക്കാത്തതിന്‍റെ പേരിലും സര്‍ക്കാര്‍ വധിച്ച സോക്രട്ടീസിന്‍റെ അരുമ ശിഷ്യന്‍ പ്ലേറ്റോ ഒരിക്കലും ജനാധിപത്യത്തെ അനുകൂലിച്ചയാളല്ല. പ്ലേറ്റോയുടെ അഭിപ്രായത്തില്‍ ഏറ്റവും മോശമായ ഭരണമാണ് ജനാധിപത്യത്തിലേത് എന്നായിരുന്നു. രാജാധിപത്യത്തെ (Monarchy) ഒരു നല്ല മനുഷ്യന്‍റെ ഭരണമാണെന്നും, അതിന്‍റെ വൈകൃതമായ ഭാവം സ്വേച്ഛാധിപത്യമാണെന്നും (Tyranny), കുറേയധികം നല്ല മനുഷ്യരുടെ ഭരണമാണ് പ്രഭുജനവാഴ്ചയെന്നും (Aristocracy) എന്നാല്‍ അത് ദുഷിച്ചാല്‍ പ്രഭുജനാധിപത്യമായി (Oligarchy) അധഃപതിക്കുമെന്നും പ്ലേറ്റോ കണ്ടെത്തി. മൂന്നാമതായ് അദ്ദേഹം സൂചിപ്പിച്ചത് കുറെയധികം മനുഷ്യരുടെ ഭരണമായ ജനാധിപത്യമാണ് (Democracy) പക്ഷേ അതിനു വിരുദ്ധമായ മറ്റൊന്ന് ആ തലത്തില്‍ ഇല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. അത് അനേകം പേരുടെ വാഴ്ചയാണ്, പക്ഷേ ജനക്കൂട്ടം എന്നും സ്വഭാവത്തില്‍ പ്രാകൃതമായിരിക്കുമെന്നും അതിനാല്‍ അവരുടെ ഭരണം സ്വയം കുഴിക്കുന്ന കുഴിയില്‍ തന്നെ ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുമെന്നാണ് പ്ലേറ്റോയുടെ അഭിമതം.

മേല്പറഞ്ഞ അര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങളുടെ അവസ്ഥ എടുത്തു നോക്കുക. ബി.ജെ.പി.യും ശിവസേനയും ഒന്നിച്ചാണ് ഇലക്ഷനെ നേരിട്ടത്. പക്ഷേ ഇലക്ഷന്‍ കഴിഞ്ഞ് ബി.ജെ.പിക്ക് തന്നെ ഭരിക്കാനുള്ള സീറ്റ് കിട്ടാതിരിക്കുകയും ശിവസേന പാര്‍ട്ടിയുടെ പ്രാദേശിക താല്പര്യങ്ങളേക്കാള്‍ ബി.ജെ.പി തങ്ങളുടെ ദേശീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തപ്പോള്‍ അധികാരം പങ്കുവയ്ക്കുന്നതില്‍ ബി.ജെ.പി. പതിവ് തന്ത്രമെടുത്തു വീശി. അവിടെയാണ് കാര്യങ്ങള്‍ കൈ വിട്ടത്. ഇതേ സമയം എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ "പവറാ" യി പ്രവര്‍ത്തിച്ചിരുന്ന ശരത് പവാറിന്‍റെ കരുത്ത് വയസ്സുകാലത്തും മാറ്റുരയ്ക്കപ്പെട്ടു. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെയും എന്‍.സി.പി.യിലെ അഴിമിതി വീരന്‍ അജിത് പവാറിന്‍റെയും കരുത്തില്ലാത്ത നീക്കങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുചേര്‍ന്നപ്പോള്‍ മഹാ രാഷ്ട്രീയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മാനക്കേടായി മാറി.

രാഷ്ട്രീയ തത്ത്വസംഹിതകള്‍ തമ്മില്‍ യാതൊരു പൊരുത്തമില്ലെങ്കിലും മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് ബാന്ധവം ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനും എന്‍.സി.പി.ക്കും ന്യായവും യുക്തവുമായ ഒരു വിശദീകരണത്തിനുളള വഴി തുറുക്കുമെന്നു തോന്നുന്നില്ല. അവസാരവാദ രാഷ്ട്രീയത്തിനു മാത്രമേ ഇന്ത്യയില്‍ ശ്വാസം വലിക്കാനാവു എന്ന തറനിലയിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം അധഃപതിക്കുന്നത്. ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ഞെട്ടിച്ച ഫഡ്നാവിസിന്‍റെയും അജിത് പവാറിന്‍റെയും സത്യപ്രതിജ്ഞ പക്ഷേ പിറ്റേ ദിവസം സുപ്രീം കോടതി വിധിയില്‍ ഒലിച്ചു പോയി. ഇന്ത്യന്‍ ഭരണഘടനയുടെ സ്പതതിയാഘോഷ ദിനത്തില്‍ തന്നെ ലോകത്തിലെ ഏറ്റവും ശക്തമായ സുപ്രീം കോടതിയുടെ വിധി ഇന്ത്യന്‍ ഭരണഘടനയ്ക്കും തങ്കചാര്‍ത്തായി മാറി.

അജിത് പവാറിന്‍റെ കൂടെ എല്ലാ എന്‍.സി.പി. എം.എല്‍.എ മാരുമുണ്ടെന്നു പറഞ്ഞുകൊണ്ടു കൊടുത്ത കത്തിന് പക്ഷേ, പ്രസക്തിയില്ലാതെ പോയി. ശരത് പവാര്‍ മൂന്നു പാര്‍ട്ടികളിലെയും കൂടി 162 എം.എല്‍.എ മാരെ അണിനിരത്തിയപ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിന്‍റേത് കൈവിട്ട കളിയായി മാറി. 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതിയുടെ വിധിയില്‍ ഫഡ്നവീസ് വിറങ്ങലിച്ചു. ഫഡ്നവീസിനും അജിത്തിനും രാജിവയ്ക്കാതെ വേറെ നിവൃത്തിയില്ലാതെയായി. പക്ഷേ അജിത് പവാറിന് ഒരൊറ്റ രാത്രി കൊണ്ട് നേട്ടമുണ്ടായി. 70,000 കോടി രൂപയുടെ അഴിമതി കേസ് ആവിയായിപ്പോയി. ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അളിഞ്ഞ അധുനിക നേട്ടവും നേതൃത്വവും.

ഫുള്‍സ്റ്റോപ്പ്: ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശാപം അസ്ഥിരതയാണ്. കൂട്ടുഭരണമാകുമ്പോള്‍ അസ്ഥിരത അതിഭീകരമാണ്. ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ജനാധിപത്യത്തിന്‍റെ അടുത്ത ഭീകരകഥയ്ക്കായി നമുക്കു കാതോര്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org