Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പച്ചപ്പുള്ള വാക്കുകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പച്ചപ്പുള്ള വാക്കുകള്‍

Sathyadeepam

വിശ്വപ്രസിദ്ധ നാടകരചയിതാവും കവിയുമായിരുന്ന ഗാര്‍ഷ്യ ലോര്‍കെ എഴുതി, “പച്ചകള്‍ തേടിയാണ് ഞാന്‍ സഞ്ചരിക്കുന്നത്. ഭുമിയില്‍ പച്ച എന്നൊരു നിറമുണ്ട് ഇടയ്ക്കിടെ ഞാനെന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്. വിത്തുകളുടെ നിറം പലതാകാം. എന്നാല്‍ അവയുടെയെല്ലാം ഉള്ളില്‍ ഒരിക്കലും അവസാനിക്കാത്ത പച്ചപ്പുണ്ട്. ഞാനവയെ സ്മൃതിനാശം വരാത്ത പച്ചപ്പുകള്‍ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.” ദൈവിക ചിന്തകള്‍കൊണ്ടും മരിക്കാത്ത വാക്കുകള്‍കൊണ്ടും സഭയുടെ പച്ചപ്പു സൂക്ഷിക്കുന്ന ഈ കാലഘട്ടത്തിന്‍റെ തന്നെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓരോ ദിവസവും സാന്താമാര്‍ത്തയിലെ കുര്‍ബാനയ്ക്കിടെ നടത്തുന്ന വചനപ്രഘോഷണവും, മാര്‍പാപ്പയുടെ മറ്റെല്ലാ സംഭാഷണവും യഥാര്‍ത്ഥത്തില്‍ ആത്മീയതയുടെ ആഴക്കടലില്‍ മുങ്ങിയെടുത്ത ദൈവികമായ ജ്ഞാനത്തിന്‍റെയും ചിന്തയുടെ നേരറിവേകുന്ന ബുദ്ധിശക്തിയുടെയും അനുഭവങ്ങളുടെ തീപാറുന്ന പ്രായോഗികതയുടെയും വചനങ്ങളാണ്. മാര്‍പാപ്പയുടെ വചനങ്ങള്‍ വിശ്വാസികളും സമര്‍പ്പിതരും വൈദികരും മെത്രാന്മാരും ഗൗരവത്തിലെടുത്താല്‍ കത്തോലിക്കാ സഭയില്‍ അവിടെയും ഇവിടെയും വമിക്കുന്ന അധാര്‍മികതയുടെയും അസത്യത്തിന്‍റെയും ചീഞ്ഞഴിഞ്ഞ ഗന്ധം മാറി സത്യത്തിന്‍റെയും സുതാര്യതയുടെയും ധാര്‍മികതയുടെയും സുഗന്ധം സഭയിലൂടനീളം സൗരഭ്യം പരത്തുമെന്നതില്‍ തര്‍ക്കമില്ല.

വി. പൗലോസ് തീത്തോത്തിസിന് എഴുതിയ ലേഖനത്തിന്‍റെ ചുവടുപിടിച്ച് നവംബര്‍ 12-ന് ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാര്‍ ഈ കാലഘട്ടത്തില്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നൊക്കെ വളരെ ലളിതമായും എല്ലാവക്കും എളുപ്പത്തില്‍ മനസ്സിലാകും വിധം വാക്കുകള്‍ ഉപയോഗിച്ചത്. യാഥാസ്തികതയുടെ കെട്ടുകളില്‍നിന്നും ഇനിയും ഉണരാത്ത കേരളത്തിലെ കത്തോലിക്കര്‍ക്ക് മെത്രാന്‍ എന്നു പറയുമ്പോള്‍ മനസ്സിലാകുന്നതും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. പൗലോസ് തീത്തോസിനെഴുതിയ ലേഖനത്തില്‍ പറയുന്നു, ‘മെത്രാന്‍ ദൈവത്തിന്‍റെ കാര്യസ്ഥനെന്ന വിധത്തില്‍ കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, ലാഭക്കൊതിയനോ ആയിരിക്കരുത്; മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്മയോടു പ്രതിപത്തിയുള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം” (1:7-8). മെത്രാന്‍പട്ടത്തിനുശേഷം ഒരാള്‍ ശ്രേഷ്ഠനായി മാറുന്നത് അദ്ദേഹം പണവും സ്വത്തുമുള്ള രൂപതയുടെ അദ്ധ്യക്ഷനാകുന്നു എന്നതിലല്ല, മറിച്ച് ദൈവത്തിന്‍റെ കാര്യസ്ഥന്‍ എന്ന നിലയിലാണ്. ദൈവത്തിന്‍റെ കാര്യസ്ഥന്‍ ആരായിരിക്കണം. അവന്‍ രാജാവോ രാജകുമാരനോ അല്ല. മറിച്ച് സേവകനാണ്. ഇന്നും മെത്രാനെക്കുറിച്ചുള്ള പദപ്രയോഗങ്ങളിലും പ്രായോഗികതയിലും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ കാണാമെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍റെ തിരുശേഷിപ്പായി കാണുന്നത് വചനം പ്രഘോഷിക്കാനുള്ള തീക്ഷ്ണതയും ദൈവജനത്തെ നയിക്കാനുള്ള വിനിയവും വിവേകവുമാണ്.

അധികാരത്തിന്‍റെയോ അധികാരത്തിനു ചുറ്റുംനിന്ന് സ്തുതിപാടുന്ന ഉപജാപസംഘങ്ങളെയോ മാനേജു ചെയ്യുന്നയാളല്ല മെത്രാനെന്ന് മാര്‍പാപ്പ അസന്നിഗ്ദ്ധമായി പറയുന്നു. ഇന്ന് സഭയെ അതിന്‍റെ സ്വാഭാവിക ക്രമത്തിലാക്കണമെങ്കില്‍ വചനാധിഷ്ഠതമായ ഗുണങ്ങളാണ് മെത്രാനുണ്ടായിരിക്കേണ്ടത്. സഭയിലെന്നും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പക്ഷേ സഭയുടെ ചരിത്രത്തില്‍ അത് പലപ്പോഴും ആത്മാവിന്‍റെ പ്രവര്‍ത്തനമായിരുന്നിട്ടുണ്ട്. അത് കാലത്തിന്‍റെ സുന്ദരമായ ഒരടയാളമാണ്. മാര്‍പാപ്പ പറയുന്നു, “സഭ ഒരിക്കലും ഒരു വ്യവസ്ഥാപിത ക്രമത്തോടു കൂടി രൂപംകൊണ്ടതല്ല. യാതൊരു പ്രശ്നവുമില്ലാതെ, യാതൊരു ആശയക്കുഴപ്പുമില്ലാതെയല്ല സഭ പിറന്നത്. വാസ്തവത്തില്‍ സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതുതന്നെ പാപമില്ലാത്തവന്‍ കൊടുംപാപിയെ പോലെ കുരിശില്‍ മരിച്ച കാല്‍വരിയിലല്ലേ? ആദ്യത്തെ സൂനഹദോസും പിന്നീടുണ്ടായ സൂനഹദോസുകളുമെല്ലാം എന്തെങ്കിലും പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാണ് വിളിച്ചുകൂട്ടപ്പെട്ടത്. എല്ലാത്തിന്‍റെയും മൂലം യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ്. അതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാരോട് പറയുന്നു “മെത്രാന്‍ എപ്പോഴും തന്നോട് തന്നെ ചോദിക്കണം, ഞാന്‍ ദൈവത്തിന്‍റെ കാര്യസ്ഥനാണോ അതോ കച്ചവടക്കാരനാണോ?” അബ്രാഹത്തോടു ദൈവം ആവശ്യപ്പെട്ടതുപോലെ, ‘എന്‍റെ സാന്നിധ്യത്തില്‍ നീ നടക്കുക, കുറ്റമറ്റവനായിരിക്കുക.’ ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവനായിരിക്കാതെ സത്യത്തത്തെയും നീതിയേയും കാറ്റില്‍ പറത്തുന്ന മെത്രാന്‍ സഭയുടെ നാശമായിരിക്കുമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അടിവരയിട്ടു പറയുന്നത്.

ഫുള്‍സ്റ്റോപ്പ്: ലാളിത്യത്തിന്‍റെയും സഹനത്തിന്‍റെയും സാഹചര്യത്തില്‍നിന്നും മാറി കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ രാജകീയപ്രൗഢി സഭയില്‍ സംജാതമായപ്പോള്‍ കാലിത്തൊഴുത്തും കാല്‍വരിയും സഭയില്‍നിന്നും അകന്നുപോയതിന്‍റെ ഫലമാണ് ഇന്നിന്‍റെ ദുരവസ്ഥ.

Leave a Comment

*
*