കുടുംബങ്ങളോടുള്ള പുതിയ അജപാലന സമീപനങ്ങള്‍

2016-ല്‍ മാര്‍പാപ്പ 'കുടുംബം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മെത്രാന്‍ സിനഡുകള്‍ക്കുശേഷം പുറത്തിറക്കിയ "സ്നേഹത്തിന്‍റെ സന്തോഷം" എന്ന അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് അമേരിക്കന്‍ മെത്രാന്മാര്‍ക്കായി 2018 ഫെബ്രുവരി ആദ്യദിനങ്ങളില്‍ സെമിനാര്‍ നടത്തിയെന്നു കേട്ടപ്പോള്‍ അത്ഭുതമായി. വിപ്ലവകരവും ഫലദായകവും കുടുംബങ്ങളോടുള്ള അജപാലന സമീപനത്തില്‍ പുതിയ മാനങ്ങളുള്ളതുമായ ഈ പ്രബോധനം എല്ലാ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. കുടുംബങ്ങളെക്കുറിച്ചും വിവാഹജീവിതം നയിക്കുന്നവരെക്കുറിച്ചും അജപാലനപരമായി ചിന്തിക്കുമ്പോള്‍ ഇതുവരെ ചിന്തിക്കാത്ത തലത്തിലേക്ക് ഈ പ്രബോധനം ഇറങ്ങിച്ചെല്ലുന്നു എന്നതാണ് സത്യം. കേരളത്തിലെ സഭയില്‍ ഈ പ്രബോധനം ആഴത്തില്‍ പഠിക്കാന്‍ ഇനിയും സാധിച്ചിട്ടുണ്ടോയെന്നു സംശയിക്കുന്നു.

"സ്നേഹത്തിന്‍റെ സന്തോഷം" എന്ന അപ്പസ്തോലിക പ്രബോധനത്തെ ഏറെ വിപ്ളവങ്ങള്‍ നിറഞ്ഞതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ശ്രമിച്ചവരും സഭയ്ക്കകത്തുണ്ട്. ചിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേസ് കുപ്പിക് "ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാരുണ്യത്തിന്‍റെ വിപ്ളവം – "സ്നേഹത്തിന്‍റെ സന്തോഷം" – കത്തോലിക്കാ ജീവിതത്തിനു പുതിയ മാതൃക" എന്ന പേപ്പര്‍ അവതരിപ്പി ച്ചുകൊണ്ടാണ് മെത്രാന്മാര്‍ക്കു വേണ്ടിയുള്ള സെമിനാര്‍ തുടങ്ങി യത്. കുടുംബങ്ങളോടുള്ള അജപാലന സമീപനത്തില്‍ ഇത്രയും നാള്‍ കത്തോലിക്കാ സഭയില്‍ അനുവര്‍ത്തിച്ചുവന്നിരുന്ന രീതിയില്‍ കാതലായ മാറ്റം ഈ പ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്തിട്ടുണ്ട്. അതു മനസ്സിലാക്കിയാല്‍ കുടുംബങ്ങളോടുള്ള നെഗറ്റീവായ സമീപനത്തില്‍ നിന്ന് വളരെ പോസിറ്റീവായ സമീപനത്തിലേക്ക് അജപാലകര്‍ മാറുമെന്നതാണ് വാസ്തവം. ചവിട്ടി ജീവിക്കുന്ന ഭൂമിയിലെ മണ്ണിനെയും ജീവിത സാഹചര്യത്തെയും കണക്കിലെടുത്തു വേണം കുടുംബങ്ങളെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളെ സമീപിക്കാനും. അതിനുതകുന്ന ഒത്തിരി കാര്യങ്ങള്‍ സ്നേഹത്തിന്‍റെ സന്തോഷത്തില്‍ പറഞ്ഞുവച്ചിട്ടുണ്ട്.

കര്‍ദിനാള്‍ കുപ്പിക് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. ദൈവവചനം അപഗ്രഥനം ചെയ്തു വിശദീകരിക്കുന്ന അതേ മാതൃകയിലാണ് കുടുംബത്തെക്കുറിച്ച് അപ്പസ്തോലിക പ്രബോധനത്തില്‍ വിശദീകരിച്ചിരിക്കു ന്നത്. കുടുംബങ്ങളെ ഇതുവരെ അജപാലകര്‍ സമീപിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായി സമീപിക്കണം. തീര്‍ച്ചയായും ദൈവവചനത്തിന്‍റെയും കത്തോലിക്കാ സഭയിലെ പാരമ്പര്യത്തിന്‍റെയും ചുവടുപിടിച്ചാണ് കുടുംബത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും രീതികളെയും നമുക്കു കണ്ടില്ലെന്നു വയ്ക്കാന്‍ സാധി ക്കുകയില്ല. യാഥാര്‍ത്ഥ്യബോധത്തോടെ ഈ വിഷയത്തെ സമീപിച്ചാല്‍ കുടുംബങ്ങള്‍ക്കും കുടുംബ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള ക്രിയാത്മകമായ മാനങ്ങള്‍ എന്നു നമുക്കു കാണാം.

കര്‍ദിനാള്‍ കുപ്പിക് മെത്രാന്മാരോട് ഈ പ്രബോധനത്തിലെ പുതിയ മാതൃകാ മാറ്റത്തെ വിപ്ളവകരമായാണ് അവതരിപ്പിച്ചത്. ദൈവത്തിന്‍റെ വെളിപാട് ലഭിക്കുന്ന ഏറ്റവും സുന്ദരമായ ഇടമാണ് കുടുംബം. ഇതുവരെയും നാം നമ്മുടെ മുമ്പിലുള്ള മാതൃകാപരമായ കുടുംബങ്ങളെക്കുറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്നത്തെ ഓരോ കുടുംബത്തിന്‍റെയും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടുന്ന ദൈവത്തെയാണ് കാണിച്ചുകൊടുക്കേണ്ടത്. പരിപൂര്‍ണമായ കുടുംബത്തെ, ഒരുപക്ഷേ കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതിനാല്‍ ലോകത്തിലുള്ള ഓരൊറ്റ കുടുംബത്തെയും ദൈവത്തിന്‍റെ കൃപയില്‍ നിന്ന് നമുക്കു ഒഴിവാക്കാന്‍ സാധിക്കുകയില്ല. കുടുംബങ്ങളെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി കാണാതെ ദൈവത്തിന്‍റെ കൃപയുടെ ഇടപെടല്‍ ഉണ്ടാകുന്ന ഇടങ്ങള്‍ എന്ന നിലയില്‍ വേണം സമീപിക്കാന്‍. എല്ലാം സുഖകരമായിരിക്കുന്ന ഒരു ജീവിതാവസ്ഥയിലെന്നതിനേക്കാള്‍ സ്നേഹത്തിനും കാരുണ്യത്തിനും അനുകമ്പയ്ക്കും ഇടം കൊടുക്കുവാന്‍ കുടുംബാംഗങ്ങള്‍ പരിശ്രമിക്കുമ്പോഴാണ് ദൈവം അവിടെ അവരെ സഹായിക്കാന്‍ എത്തുന്നത്.

അജപാലകരും സഭയും കുടുംബങ്ങളെ പഠിപ്പിക്കുക മാത്രമല്ല അവരെ ശ്രദ്ധാപൂര്‍വം ശ്രവിച്ച് അവരില്‍ നിന്ന് പഠിക്കുകയും വേണം. 'ആദിമമായ ക്രിസ്തുവിന്‍റെ വികാരി' മനഃസാക്ഷിയാണ്. അതിനാല്‍ ദമ്പതികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ദൈവത്തിന്‍റെ ശബ്ദമായ മനസ്സാക്ഷിയുടെ ശബ്ദത്തിന് ഇടം നല്കേണ്ടതുണ്ട്. അവരുടെ എല്ലാ സന്തോഷത്തോടും ദുഃഖത്തോടും കൂടി സഭ കുടുംബങ്ങളെ അനുഗമിക്കണം.

ഫുള്‍സ്റ്റോപ്പ്: കുടുംബങ്ങളുടെ പ്രശ്നങ്ങളില്‍ അജപാലകര്‍ ഇടപെടുമ്പോള്‍ സുവിശേഷത്തിലെ ഏറ്റവും വിലയേറിയ കാരുണ്യം അവരോടു കാണിക്കുന്നതില്‍ പിശുക്കു കാണിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org