സുതാര്യതയും ഫ്രാന്‍സിസ് മാര്‍പാപ്പയും

സുതാര്യതയും ഫ്രാന്‍സിസ് മാര്‍പാപ്പയും

2016 നവംബര്‍ 25-ന് ആഗോള കത്തോലിക്കാ സഭയിലെ മേജര്‍ സുപ്പിരിയേഴ്സിനോട് സംസാരിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി, "സമര്‍പ്പിതര്‍ ദരിദ്രരായിരിക്കുവാന്‍ വളരെ ശക്തമായി യേശു ആഗ്രഹിക്കുന്നു. അങ്ങനെയല്ലാതെയാകുമ്പോള്‍ കര്‍ത്താവ് ഏതെങ്കിലും ഒരു ബര്‍സാറിനെ (സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുടെ പേര്) കൊണ്ടുവരും. അവിടെ ഒരു സാമ്പത്തികതകര്‍ച്ചയുണ്ടാകും. ചില സമയങ്ങളില്‍ അഡ്മിനിസ്ട്രേറ്ററായി വരുന്നയാള്‍ ഒരു സുഹൃത്ത് ചമഞ്ഞായിരിക്കും വരുന്നത്. പക്ഷേ സാവധാനം നാശത്തിനു വഴിയൊരുക്കും" (USG) 88th Assembly Nov. 25, 2016, published in Civilta Catholica). കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ (ബെനഡിക്ട് പതിനാറാമന്‍) രാജിവച്ച സാഹചര്യത്തിലാണ് അര്‍ജീന്‍റിനാക്കാരനായ ജോര്‍ജ് ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാര്‍പാപ്പയുടെ വാക്കുകള്‍ എന്നും അഴിമതിക്കും ക്രമരാഹിത്യത്തിനും എതിരായിരുന്നു.

വത്തിക്കാനിലെ ഉദ്യോഗസ്ഥരോടുള്ള ആദ്യ കൂടികാഴ്ചയില്‍ത്തന്നെ സാമ്പത്തിക കാര്യങ്ങള്‍ വളരെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യണമെന്നും യാതൊരു കാരണവശാലും തെറ്റായ വാര്‍ത്തകള്‍ക്ക് ഇടകൊടുക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. അഴിമതിക്കെതിരെ പോരാടണമെങ്കില്‍ സഭയുടെ സാമ്പത്തികസമിതികള്‍ സത്യസന്ധതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ എടുത്തു പറഞ്ഞു. പ്രൊഫഷനലിസവും സത്യസന്ധമായ ശുശ്രൂഷയുമായിരിക്കണം സഭയുടെ ഓഫിസുകളുടെ മുഖമുദ്ര എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുകയും ചെയ്തിട്ടുണ്ട്. സഭയുടെ തലപ്പത്തുള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ആ മേഖലയില്‍ പ്രാഗത്ഭ്യം ഉള്ളവരും കാര്യങ്ങള്‍ ശരിയായി നടത്തുവാന്‍ പ്രാപ്തിയുള്ളവരും സത്യസന്ധരും കാലത്തിന്‍റെ മാറ്റങ്ങള്‍ അറിയുന്നവരുമായിരിക്കണമെന്നു മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. വത്തിക്കാനിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരസ്യമായി സമ്മതിക്കുക മാത്രമല്ല മാര്‍പാപ്പ ചെയ്തത്, മറിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ കര്‍ദിനാളന്മാരുടെ സംഘത്തെ നിയമിക്കുകയും ഒരു പ്രൊഫഷണല്‍ ഏജന്‍സിയെക്കൊണ്ട് വത്തിക്കാന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിപ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ട വിശ്വാസ്യത വത്തിക്കാന്‍ വീണ്ടെടുത്തത് കാര്യങ്ങള്‍ ഒളിച്ചുവച്ചു കൊണ്ടല്ല. പ്രത്യുത രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന്‍റെ വാര്‍ത്തകള്‍ യഥാസമയം മാധ്യമങ്ങള്‍ക്കു കൈമാറിക്കൊണ്ടായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കത്തില്‍ത്തന്നെ പറഞ്ഞ കാര്യം ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. അതായത് 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവശനായിരുന്നെങ്കിലും കൊളോസിയത്തിലെ കുരിശിന്‍റെ വഴിയില്‍ പങ്കെടുത്തിരുന്നു. പക്ഷേ അന്ന് പതിന്നാലു സ്ഥലങ്ങളിലും ധ്യാനചിന്തകള്‍ നല്കിയത് കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗറായിരുന്നു. ധ്യാന ചിന്തകള്‍ക്കിടയില്‍ തന്നെ വത്തിക്കാനിലെ ഔദ്യോഗിക രംഗത്തുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ തുറവാണ് കര്‍ദിനാള്‍ റാറ്റ്സിംഗറെ അടുത്ത മാര്‍പാപ്പയായി തെരഞ്ഞെടുക്കാന്‍ കര്‍ദിനാളന്മാരെ പ്രേരിപ്പിച്ചത്. വാസ്തവത്തില്‍ റോമന്‍ കൂരിയായുടെ അഴിച്ചുപണിക്കു വേണ്ട എല്ലാ ഘടനകളും തയ്യാറാക്കിവച്ചതിനു ശേഷമാണ് റാറ്റ്സിംഗര്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തെങ്കിലും ഫ്രാന്‍സിസ് മര്‍പാപ്പ പ്രായോഗികമാക്കിയത് ബെനഡിക്ട് മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങളാണ്. സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരു മാര്‍പാപ്പയും ധീരതയോടെ സഭയെ ശുദ്ധീകരിക്കുന്ന പ്രക്രിയ തുടരുവാന്‍ സ്ഥാനത്തുള്ള മാര്‍പാപ്പയും കൂടിയായപ്പോള്‍ വത്തിക്കാന്‍റെ നവീകരണം എളുപ്പമാകുകയും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്തു. സഭയുടെ സത്യസന്ധമല്ലാത്ത സാമ്പത്തിക ഇടപാടുകളെ യാതൊരു വിധത്തിലും പിന്തുണയ്ക്കാത്ത മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടാണ് പല പ്രതിസന്ധികളെയും തെറ്റിദ്ധാരണകളെയും മറികടന്ന് ക്രിസ്തുവിന്‍റെ സഭ മുന്നോട്ടു പോകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെ നയിക്കുന്നത് കാരുണ്യത്തിന്‍റെ മുഖമുള്ള യേശുവിനോടൊപ്പം നിന്നാണ്.

ഫുള്‍സ്റ്റോപ്പ്: യേശുവിനെയും സത്യത്തെയും മുമ്പില്‍ നിര്‍ത്തി കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയാല്‍ എറണാകുളം അതിരൂപതയിലും സീറോ മലബാര്‍ സഭയിലും ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതു വേഗത്തില്‍ സംജാതമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org