സിനഡ് സ്വയംഭരണാധികാരം വീണ്ടെടുക്കണം

ഏറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും വിശേഷിച്ച് ഇന്ത്യയിലെയും കേരളത്തിലെയും കത്തോലിക്കാ സഭ കടന്നു പോകന്നു സമയത്താണ് എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ അഥവാ സീറോ മലബാര്‍ സഭയുടെ കൂരിയാ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസില്‍ 27-ാം സിനഡിനായി ഒത്തുകൂടിയിരിക്കുന്നത്. ഇവിടുത്തെ സാധാരണ വിശ്വാസികളും സെക്കുലര്‍ ലോകവും ഈ സഭയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറെ അസ്വസ്ഥരാണ്. സഭയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ കാലിത്തൊഴുത്തിന്‍റെയും കാല്‍വരിയുടെയും സംസ്കാരം വീണ്ടെടുക്കാനു ള്ള മാര്‍ഗമാണ് മെത്രാന്മാര്‍ തേടേണ്ടത്.

1992-ല്‍ സീറോ മലബാര്‍ സഭ ഒരു സ്വയം ഭരണാധികാരമുള്ള മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ട കാലം മുതല്‍ സഭയില്‍ ചിലരെങ്കിലും നമുക്കു ഒരു പാത്രിയാര്‍ക്കല്‍ പദവിയാണ് ലഭിക്കേണ്ടിയിരുന്നത് എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. സീറോ മലബാര്‍ സഭയോടൊപ്പം മറ്റ് 21 പൗരസ്ത്യ സഭകളും കത്തോലിക്കാ സഭയിലുണ്ട്. അവയില്‍ നാലെണ്ണമാണ് ഇപ്പോള്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. റഷ്യയിലെ ഉക്രേനിയന്‍ സഭ (1963), സീറോ മലബാര്‍ സഭ (1992), സീറോ മലങ്കര സഭ (2005), റുമേനിയന്‍ ഗ്രീക്ക് കാത്തലിക് സഭ (2005). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഉക്രേനിയന്‍ സഭയുടെ ആര്‍ച്ചുബിഷപ് ജോസിഫ് സ്ലിപ്ജിനെ പാത്രിയാര്‍ക്കീസ് ആക്കണമെന്നും ഉക്രേനിയന്‍ സഭയെ പാത്രിയാര്‍ക്കീസ് സഭയാക്കണമെന്നും ശക്തമായ ചര്‍യുണ്ടായി. പക്ഷേ പോള്‍ ആറാമാന്‍ മാര്‍പാപ്പയും കൂട്ടരും അതിനെ അംഗീകരിച്ചില്ല. ഗ്രീക്ക് ഓര്‍ത്തഡോക്സു സഭകളും മറ്റു പൗരസ്ത്യസഭകളുമായി സഭൈക്യ ചര്‍ച്ചകള്‍ക്ക് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറെ പ്രധാന്യം കൊടുത്തിരുന്നു. ആ സാഹചര്യത്തില്‍ അവരുടെ പാത്രിയാര്‍ക്കീസുമാരൊടൊപ്പം നില്ക്കു ന്ന ഒരു കത്തോലിക്കാ പാത്രിയാര്‍ക്കിസിനെ നല്കിയാല്‍ അത് സഭൈക്യ ശ്രമങ്ങള്‍ക്ക് ദോഷം വരുത്തും എന്ന ചിന്തയാണുണ്ടായിരുന്നത്. കൗണ്‍സില്‍ പാത്രിയാര്‍ക്കല്‍ പദവിയോളം വരുന്ന മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭാ പദവി ഉക്രേനിയന്‍ സഭയ്ക്ക് അംഗീകരിച്ച് കൊടുത്തു. ഇതേ കാരണത്താല്‍ ഒരു പാത്രിയാര്‍ക്കല്‍ സഭാ പദവി കേരളത്തിലെ കത്തോലിക്കാ പൗരസ്ത്യസഭകള്‍ക്കും ഏറെ ദൂരത്താണ്.

പൗരസ്ത്യ സഭയുടെ കാനോന്‍ നിയമ പ്രകാരം പാത്രിയാര്‍ക്കല്‍ സഭകള്‍ക്കുള്ള മിക്കവാറും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും മേജര്‍ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയ്ക്കുണ്ട്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ തലവന്‍ സിനഡിലെ മെത്രാന്മാര്‍ തെരഞ്ഞെടുക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പാണ്. റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ സിനഡ് പിതാക്കന്മാരുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. പൗരസ്ത്യ സഭാനിയമ പ്രകാരം സിനഡിലാണ് അധികാരം കുടികൊള്ളുന്നത്. ആ സിനഡിനെ നയിക്കാനുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിനെ സിനഡ് പിതാക്കാന്മാര്‍ തെരെഞ്ഞടുക്കുന്നു. അതിനാല്‍ തന്നെ സഭയിലെ ഏതൊരു മേജര്‍ തീരുമാനവും മേജര്‍ ആര്‍ച്ചുബിഷപ്പ് എടുക്കുന്നത് സിനഡ് പിതാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ്. പൗരസത്യ കാനോന്‍ നിയമപ്രകാരം തന്‍റെ സഭയെ ആകമാനം ബാധിക്കുന്ന ഒരു തീരുമാനം എടുക്കുമ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥിരം സിനഡംഗങ്ങളെയും മറ്റു സിനഡ് പിതാക്കന്മാരെയും മേജര്‍ ആര്‍ക്കി എപ്പേിസ്കോപ്പല്‍ അംസബ്ളി അംഗങ്ങളെയും കേള്‍ക്കാതെ എടുക്കാന്‍ പാടില്ല (കാനോന്‍ 82).

1992 എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന ആന്‍റണി പടിയറ പിതാവിനെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു. അതിനു ശേഷം കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവും റോമില്‍ നിന്നും നിയമിക്കപ്പെട്ടു. പക്ഷേ ഒരു സ്വയംഭരണാധികാര സഭ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വര്‍ഷങ്ങളായി പ്രയത്നിച്ച സീറോ മലബാര്‍ സഭയ്ക്ക് അതിനുള്ള അവസരം ലഭിച്ചത് 2011-ല്‍ തക്കല രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തപ്പോഴാണ്. പക്ഷേ 2016-ലെ എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ ഒരു ആഭ്യന്തര പ്രശ്നം യഥാസമയം കൃത്യതയോടെ പരിഹരിക്കാതെ പോയതിന്‍റെയും സിനഡ് പിതാക്കന്മാര്‍ തക്കസമയത്ത് ഇടപെട്ട് സഭയിലെ പ്രശ്നം തീര്‍ക്കാതിരുന്നതിന്‍റെയും ഫലമായി സ്വയം ഭരണധികാരം ലഭിച്ച സീറോ മലബാര്‍ സഭയില്‍ വീണ്ടും റോമിന്‍റെ ഇടപെടലുണ്ടായി. അതാണ് ഇപ്പോള്‍ എറണാകുളം അതിരൂപതയ്ക്ക് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടത്തിനെ ലഭിച്ചത്. ഈ അവസ്ഥയ്ക്ക് എത്രയും വേഗം മാറ്റം വരുത്തി പ്രശ്നങ്ങള്‍ സത്യവും നീതിയുമനുസരിച്ച് പരിഹരിച്ച് സഭയുടെ സ്വയംഭരണാധികാരം വീണ്ടെടുക്കണമെന്നാണ് സിനഡ് പിതാക്കന്മാരോടുള്ള വിശ്വാസികളുടെ അഭ്യര്‍ത്ഥന.

ഫുള്‍സ്റ്റോപ്പ്: തുറന്നു പറച്ചിലുകളും സത്യസന്ധമായ ഇടപെടലുകളും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീരുമാനങ്ങളുമാണ് ഒരു സംവിധാനത്തെ ഉറകെട്ടുപോകാതെ സൂക്ഷിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org