പൗരത്വനിയമ ഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേര്‍ക്കാമോ?

കവി രാവുണ്ണിയുടെ ആറാമലര്‍ച്ച (ഏതോ ഒരു ദേശത്തെ ആളുകള്‍) എന്ന കവിതയിലെ വാക്കുകള്‍ ഇന്നത്തെ നമ്മുടെ രാജ്യത്തെ മനുഷ്യത്വരഹിതമായ അവസ്ഥയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. "ഗ്രാമത്തിന്‍റെ നടുവില്‍/ഒരു ശവക്കൂന കാണായി/അളിഞ്ഞ മാംസത്തിന്‍റെ/ അസഹ്യനാറ്റം കൊണ്ടാണ്/ മണ്‍കൂനയ്ക്കുള്ളില്‍ ശവങ്ങള്‍ എന്ന് ഉറപ്പിച്ചത്/അളിഞ്ഞത് ഗോമാംസമെന്ന് ആള്‍ക്കൂട്ടം/സ്വസ്തികാശൂലമുയര്‍ത്തി/ചീഞ്ഞത് പന്നിയവശിഷ്ടമെന്ന് ആള്‍ക്കൂട്ടം/വാരിക്കുന്തമുയര്‍ത്തി/ കുരിശ് കുത്തിക്കേറ്റിയ/കുഞ്ഞാടിന്‍ മാംസമെന്ന്/ആള്‍ക്കൂട്ടം അലറി വിളിച്ചു/അപ്പോള്‍ അവര്‍ക്കാര്‍ക്കും/മനുഷ്യരുടെ ശബ്ദമല്ലായിരുന്നു/ഹിംസ്രമൃഗത്തിന്‍റെ മുരള്‍ച്ച/എങ്ങും കേള്‍ക്കായി/അവര്‍ മുഖാമുഖം നിന്നു/അപ്പോളവര്‍ക്ക് മനുഷ്യരുടെ/ മുഖമല്ലായിരുന്നു." മനുഷ്യരുടെ മുഖം നഷ്ടപ്പെട്ട ഭരണാധികാരികളാണ് ഇന്ത്യയെ ഇന്ന് ഭരിക്കുന്നത്. ബഹുസ്വരതയില്‍ സമാധാനത്തില്‍ കഴിയേണ്ട ഒരു ജനതയുടെ ജീവന്‍ സംരക്ഷിക്കാന്‍ എത്ര ശ്രദ്ധയോടും അപഗ്രഥനത്തോടും ചരിത്രാവബോധത്തോടും കൂടിയാണ് ഡോ. അംബേദ്ക്കറും കൂട്ടരും ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉണ്ടാക്കിയത്. അംബേദ്ക്കര്‍ പറഞ്ഞു, "രാജ്യതാത്പര്യങ്ങള്‍ക്കുപരിയായി മതവിശ്വാസവും വിശ്വാസപ്രമാണങ്ങളും ഇടംപിടിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടപ്പെടും." ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിശുദ്ധമായ ഭരണഘടനയെ ഇന്നത്തെ അധികാരികള്‍ ധാര്‍ഷ്ട്യത്തിന്‍റെ അധര്‍മം കൊണ്ട് അശുദ്ധമാക്കിയിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതി മനുഷ്യരെ മതം കൊണ്ട് വേര്‍തിരിച്ച് നിര്‍ത്തി ഈ രാജ്യത്തിലെ മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെയുമെല്ലാം കടയ്ക്കല്‍ കോടാലി വച്ചിരിക്കുകയാണ്. നമ്മുടെ മതേതര സംസ്കാരത്തെ ഇല്ലായ്മ ചെയ്തതിന്‍റെ പേരില്‍ ആളിക്കത്തുന്ന രോഷം ഇനിയും അടങ്ങിയിട്ടില്ല.

അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയെയും ബഹുസ്വരതയെയും വളരെ നെഗറ്റീവായി ബാധിക്കുമെന്നതിനാല്‍ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളും മതജാതികളും കൃത്യമായ നിലപാടുകളെടുത്തു. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ നിലപാട് ഈ കാര്യത്തില്‍ വ്യക്തമായിരുന്നോ? ഈ ചോദ്യം ഏറെ പ്രസക്തമാണ്. കാരണം കേരളത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട് എന്നൊന്നുണ്ടായിട്ടില്ല. തിരുവനന്തപുരം ആര്‍ച്ചുബിഷ് ഡോ. സൂസാപാക്യവും കേരള ലാറ്റിന്‍ കാത്തലിക് സഭയും ശക്തമായി പൗരത്വനിയമ ഭേദഗതിയെ എതിര്‍ത്തപ്പോള്‍ കെ.സി.ബി.സി പ്രസിഡന്‍റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സീറോ മലബാര്‍ മെത്രാന്‍ സിനഡിന്‍റെ നിലപാട് കേന്ദ്ര സര്‍ക്കാരിനുള്ള ഒരു ഉപദേശത്തില്‍ ചുരുക്കി. "പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം." ഇതുകൂടാതെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്രമായ പി.ഒ.സി. യുടെ ഡയറക്ടറുടെ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ലേഖനം ആര്‍.എസ്.എസ്സിന്‍റെ ജിഹ്വയായ ജന്മഭൂമി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതും വളരെ ഗൗരവമായി കാണണം. ഇതേക്കുറിച്ച് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ല എന്നു ചുരുക്കം.

മതേതരത്വ മുല്യങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്ക സഭയ്ക്ക് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാധാരണ വിശ്വാസികള്‍ ചോദിക്കുന്നു. മതരാഷ്ട്രീയത്തിന്‍റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കുക എന്നത് സാമാന്യബുദ്ധിയാണ്. ലൗ ജിഹാദ് – എന്നു വച്ചാല്‍ മത പരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടു കൂടി ഒരാളെ സ്നേഹിച്ചു വിവാഹം കഴിക്കുന്നതാണ്. 2009-ല്‍ കേരളത്തില്‍ ജേക്കബ് പൂന്നൂസ് ഡി.ജി.പി. യായിരുന്ന കാലം മുതലാണ് ഇത്തരം ഒരു വാദം കേരളത്തില്‍ സംജാതമാകുന്നത്. പക്ഷേ കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനു ശേഷം അത്തരം വാദത്തെ തള്ളിക്കളഞ്ഞു. 2010 ല്‍ കര്‍ണാടക സര്‍ക്കാരും ലൗജിഹാദ് എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു. 2014 ഉത്തര്‍പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളിക്കളയുകയാണ് ഉണ്ടായത്. 2017-ല്‍ സുപ്രീംകോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മറ്റൊരു തലത്തില്‍ എത്രയോ ഹിന്ദു, മുസ്ലീം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്‍റെ പേരില്‍ ക്രൈസ്തവമതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ?

ഫുള്‍സ്റ്റോപ്പ്: ക്രിസ്തുവിന്‍റെ അനുയായികള്‍ എന്നും എല്ലാ മനുഷ്യരെയും ജാതിക്കും മതത്തിനും വര്‍ഗത്തിനും അതീതമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. പൊതുസമൂഹത്തിന്‍റെ നന്മയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുവാനുള്ള ആര്‍ജ്ജവവും ധാര്‍മിക ശക്തിയും കത്തോലിക്ക സഭയ്ക്ക് ഇന്നു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org