Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> സ്ത്രീപക്ഷത്തു നില്‍ക്കുന്ന വിപ്ലവകാരിയായ യേശു

സ്ത്രീപക്ഷത്തു നില്‍ക്കുന്ന വിപ്ലവകാരിയായ യേശു

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

ശാസ്ത്രം കുതിക്കുന്നു. മെല്‍ബണിലെ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു ഇനി ലോകത്തിലെ ഏറ്റവും പ്രശസ്തരായ മൂന്നു ടെന്നീസ് കളിക്കാര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ അവര്‍ ഉതിര്‍ക്കുന്ന ഓരോ ഷോട്ടും ഏതു വിധത്തിലുള്ളതാണെന്ന് അതിനു മുമ്പ് തന്നെ പ്രവചിക്കാന്‍ സാധിക്കുമെന്ന്. റോജര്‍ ഫെഡറിന്‍റെയും റാഫേല്‍ നാഡാലിന്‍റെയും നോവാക്കിന്‍റെയും ഓരോ ഷോട്ടും എവിടെ ഹിറ്റ് ചെയ്യുമെന്ന് പറയാവുന്ന ‘ബ്രെയ്നി അലോഗരിതം’ അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ‘അതുക്കും മേലെ’ ചൈനയില്‍ ഇരട്ടകളായി ജനിച്ച രണ്ടു പെണ്‍കുട്ടികളുടെ ഡി.എന്‍.എ.യിലും മറ്റൊരു സ്ത്രീയുടെ ഗര്‍ഭത്തിലെ ഭ്രൂണത്തിലും ജനതിക മാറ്റം വരുത്തിയെന്നു ഒരു ചൈനീസ് ഫിസിഷ്യന്‍ അവകാശപ്പെടുന്നു. സുരക്ഷയുടെ പേരില്‍ അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലോകം കുതിക്കുകയാണ്. ടെക്നോളജിയും ശാസ്ത്രവുമെല്ലാം പരീക്ഷണങ്ങളിലാണ്. പക്ഷേ നമ്മുടെ സമൂഹത്തിലെ ചില പരമ്പരാഗത ഘടനകളും വ്യവസ്ഥിതികളും ഇന്നും പരീക്ഷണങ്ങളെയും മാറ്റങ്ങളെയും ഭയപ്പെടുകയും പ്രതിരോധിക്കുകയുമാണ്.

വനിതാമതില്‍ എന്ന പരീക്ഷണത്തിലൂടെ കേരളത്തിലെ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തുവാന്‍ ഇവിടുത്തെ ഭരണകൂടം പെടാപാടു കഴിച്ചത് നമുക്കറിയാം. പക്ഷേ ആ വനിതാമതിലിന്‍റെ ഒരറ്റമായ കാസര്‍കോഡ് കുറേ വര്‍ഷങ്ങളായി അന്തസ്സും അഭിമാനവും ചവിട്ടിയരക്കപ്പെട്ട കുറേ സ്ത്രീകളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ആരു കേള്‍ക്കാന്‍. തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം അമ്മമാര്‍ സമരം ചെയ്യുന്നുണ്ടെന്നു കേള്‍ക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇന്നും നമ്മുടെ വ്യവസ്ഥിതിയില്‍ സ്ഥാനം കൊടുത്തിട്ടില്ല. അവരുടെ അന്തസ്സ് ആരു ഹനിച്ചാലും ആരും ചോദിക്കാനുമില്ല.

ക്രൈസ്തവ സഭകളിലും സ്ത്രീകളുടെ സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്ന രീതിയില്‍ അനുവദിച്ചുകൊടുക്കുന്നുണ്ടോ എന്ന ചോദ്യം കന്യാസ്ത്രീകളുടെ കാര്യത്തിലും മറ്റും ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. യേശുക്രിസ്തു തന്‍റെ കാലഘട്ടത്തിലെ എല്ലാ സ്ത്രീവിരുദ്ധ നിയമങ്ങള്‍ക്കും എതിരെ ധീരതയോടെ നിലപാടെടുത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2018 ഡിസം. 23) “അവനോടൊപ്പം അവിടെ തന്നെ നിന്നുപോയ സ്ത്രീകള്‍” എന്ന തലക്കെട്ടില്‍ റോസി തമ്പി എഴുതി യ ലേഖനത്തില്‍ ഇങ്ങനെ വായിക്കുന്നു, ലാസറിന്‍റെ സുഹൃത്തായ യേശു അവന്‍റെ വീട്ടില്‍ വന്നപ്പോഴെല്ലാം ചുറ്റുവട്ടത്തുള്ള സ്ത്രീകളും കുട്ടികളും യേശുവിനെ കാണാനും കേള്‍ക്കാനും ചുറ്റും കൂടിയിരുന്നു. “എന്തെന്നാല്‍ ഒരു യഹൂദ ഗുരുവും സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചിരുന്നില്ല. ആത്മാവില്ലാത്ത ആ ജന്മങ്ങളോട് എന്തു സംസാരിക്കാന്‍! എന്നാല്‍ യേശു അവരെ ചേര്‍ത്തുപിടിച്ചു. അവരാണ് സ്വര്‍ഗരാജ്യത്തിന്‍റെ നേരവകാശികള്‍ എന്ന് പഠിപ്പിച്ചു. അവരുടെ മുതുക് നിവര്‍ത്തി”. റോസി തമ്പിയുടേത് ഒരു പെണ്ണെഴുത്തായി തള്ളിക്കളയാനാവില്ല, സ്ത്രീയെന്ന സത്യത്തിന്‍റെ നേരെഴുത്താണത്. ഇന്നും വ്യവസ്ഥാപിത മതങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിന് ബൈബിളിലും ക്രിസ്തുവിലും യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയാണ് റോസി തമ്പി. ബൈബിളില്‍ വിശിഷ്യ പുതിയ നിയമത്തില്‍ സ്ത്രീയെ വിപ്ലവാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

“ദൈവമേ സ്ത്രീയും മൃഗവുമായി എന്നെ സൃഷ്ടിക്കാത്തതിന് നന്ദി” എന്ന് മൂന്നു നേരം പുരുഷന്മാര്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ട് ജീവിക്കുന്ന സ്ത്രീകളുടെ ലോകത്തിലാണ് ദൈവം നേരെ ഗബ്രിയേല്‍ മാലാഖയിലൂടെ മറിയം എന്ന കൗമാരക്കാരിയോട് ദൈവകൃപ നിറഞ്ഞവളേ സ്വസ്തി എന്നു പറഞ്ഞത്. ഒരു കാര്യത്തിനും സ്ത്രീയുടെ സമ്മതം ചോദിക്കാത്ത സമൂഹത്തിലാണ് ബൈബിളില്‍ ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന് ദൈവം മറിയത്തോട് സമ്മതം ചോദിക്കുന്നത്. മേരിയുടെ ഉദരത്തില്‍ ഉരുവായ ക്രിസ്തു ശാരീരികമായി അമ്മയുടെ മകനാണെന്ന് റോസി തമ്പി എഴുതുന്നത് എത്രയോ സത്യമാണ്. യേശുവില്‍ അമ്മയുടെ എല്ലാ ഭാവങ്ങളും അതിന്‍റെ പൂര്‍ണതയില്‍ കണ്ടെത്താന്‍ സാധിക്കും, കാരുണ്യവും വാത്സല്യവും, പരിഗണനയും, ക്ഷമയും, കരുതലും തുടങ്ങി യേശുവിന്‍റെ ഹൃദയം അമ്മഹൃദയമാണ്. അതുപോലെ തന്നെ മറിയം മഗ്ദലേനയുടെയും ബഥാനിയിലേ മേരിയുടെയും കാര്യത്തിലും ദൈവപുത്രനായ ക്രിസ്തു വിപ്ലവാത്മകമായ ചങ്ങാത്തമാണ് കാത്തുസൂക്ഷിച്ചത്. പക്ഷേ ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പിനുശേഷം ഉരുത്തിരിഞ്ഞ ദൈവശാസ്ത്രത്തില്‍ നിന്നും പുരുഷാധിപത്യത്തിന്‍റെ ഘടനകളില്‍ നിന്നും സ്ത്രീ കുടിയിറക്കപ്പെട്ടുവെന്നതാണ് കാലത്തിന്‍റെ കഷ്ടവും നഷ്ടവും.

ഫുള്‍സ്റ്റോപ്പ്: “ഭൂരിപക്ഷം വരുന്ന സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് ഭൂമിയില്‍ സമാധാനം സംജാതമാകില്ല”.

Comments

One thought on “സ്ത്രീപക്ഷത്തു നില്‍ക്കുന്ന വിപ്ലവകാരിയായ യേശു”

  1. Steephan says:

    Dear father, Jesus was at the side of not justice but righteousness. You tried to justify rosy thambi through out your writing. But please understand Jesus was never at the side of a particular gender but the people who need care and mercy from the lord. But this was totally against the law of the Jews. he perceived the things through the eyes of God. So please don’t mix it up His nature with a particular gender women. He will show the same kindness and mercy to everyone who approaches him. Your writing apparently justifying the NONSENSE actions of woman and you blindly believe Jesus will support her since she is a woman. Please understand Jesus is not with Priests or Nun, male or female but with who walks on His way….

Leave a Comment

*
*