സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ പരിഷ്കാരത്തിന്‍റെ അന്തഃസത്ത

സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ പരിഷ്കാരത്തിന്‍റെ അന്തഃസത്ത

ദീര്‍ഘനാള്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ ലിറ്റര്‍ജി പ്രൊഫസ്സറെന്ന നിലയില്‍, ആരാധനക്രമത്തെയും സംസ്കാരികാനുരൂപണത്തെയും കുറിച്ചും സത്യസന്ധമായ ഗവേഷണം നടത്തുകയും സത്യങ്ങള്‍ മുഖം നോട്ടമില്ലാതെ പറയുകയും എഴുതുകയും ചെയ്യുന്ന ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി.എം.ഐ. വൈദികനെ സീറോ മലബാര്‍ സഭയിലെ ലിറ്റര്‍ജി പരിഷ്കര്‍ത്താക്കള്‍ വായിക്കാറുണ്ടെന്നു തോന്നിയിട്ടില്ല. ഏതായാലും തന്‍റെ വിശ്രമകാലത്തും സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി പരിഷ്കരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ എഴുതുവാന്‍ കണിച്ചിക്കാട്ടിലച്ചന്‍ തയ്യാറായിരിക്കുന്നു. അച്ചന്‍റെ ഏറ്റവും ഒടുവിലത്തെ പുസ്തകം കഴിഞ്ഞ ദിവസം പോസ്റ്റില്‍ കിട്ടിയപ്പോള്‍ ആര്‍ത്തിയോടെ ഞാന്‍ അതു മറിച്ചു നോക്കി. ഇന്ത്യയിലെ ലിറ്റര്‍ജിക്കു വേണ്ടിയുള്ള അന്വേഷണം: സഭ, ലിറ്റര്‍ജി, സംസ്കാരികാനുരൂപണം; ബുക്ക്റിവ്യു ലേഖനങ്ങള്‍ (Search for Liturgy in India: Essays on Church, Liturgy and inculutaration,- Book Review Articles) ഈ പുസ്തകം ധര്‍മ്മാരാം പബ്ളിക്കേഷന്‍സ് പ്രസിദ്ധികരിച്ചത് 2017 ഡിസംബറിലാണ്.

കത്തോലിക്കാ സഭയിലെ വ്യത്യസ്ത റീത്തുകളില്‍ ലിറ്റര്‍ജിയെക്കുറിച്ച് പുനര്‍വിചിന്തനത്തിന് വഴിയൊരുക്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "ഉറവിടങ്ങളിലേയ്ക്കു തിരിച്ചുപോകൂ" എന്ന ആഹ്വാനമാണ്. ഈ വാക്കുകളുടെ ബലത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കത്തോലിക്കാ സഭയിലെ വിവിധ ആരാധനക്രമങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചു. ഈ പഠനങ്ങളുടെ ലക്ഷ്യം ഉറവിടങ്ങളിലെത്തി ഓരോ ആരാധനക്രമത്തിന്‍റെയും സത്ത കണ്ടെത്താനും, അതു ജനങ്ങളുടെ പുതിയ ജീവിതസാഹചര്യത്തിന് ചേര്‍ന്നവിധം ഇപ്പോഴത്തെ ആരാധനക്രമത്തില്‍ ഉള്‍ച്ചേര്‍ക്കാനുമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമം എന്ന ഡിക്രിയില്‍ പറയുന്നു, "സഭയുടെ പ്രവര്‍ത്തനം തന്നെ ആരാധനക്രമമാകുന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണു തിരിഞ്ഞിരിക്കുന്നത്. അവളുടെ ശക്തി മുഴുവന്‍ നിര്‍ഗളിച്ചിരിക്കുന്നതും അവിടെ നിന്നുതന്നെ. കാരണം, പ്രേഷിതവേലയുടെ ലക്ഷ്യം വിശ്വാസവും മാമ്മോദീസായും വഴി ദൈവമക്കളാക്കപ്പെട്ടവരെല്ലാം ഒന്നുചേര്‍ന്നു ദിവ്യബലിയില്‍ സംബന്ധിച്ചും പരി. കുര്‍ബാന സ്വീകരിച്ചും സഭയിലെ ദൈവത്തെ പുകഴ്ത്തുകയെന്നതാണ്" (S.C 10). എല്ലാ ലിറ്റര്‍ജി പരിഷ്കാരത്തിലും പുനരുദ്ധാരണം (Restoration), നവീകരണം (Revision), അനുരൂപണം (Adaptation) എന്നീ വഴികളിലൂടെയാണ് സഞ്ചരിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിച്ചത് ഉറവിടങ്ങളിലേയ്ക്ക് പോയി അവിടെയുള്ളത് അങ്ങനെ തന്നെ പകര്‍ത്താനല്ല. മറിച്ച് അതിന്‍റെ സത്ത ഉള്‍ക്കൊണ്ട് കാലാനുചിതമായി ലിറ്റര്‍ജിയെ ജീവിതബന്ധിയും ജീവിതഗന്ധിയുമാക്കാനാണ്. പക്ഷേ, ഇന്നും സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി പരിഷ്കരണം ഈ സുറിയാനി ഭാഷയിലുള്ള ഏതാനും ലിറ്റര്‍ജി ടെക്സ്റ്റുകളുടെ പകര്‍ത്തലാണ്. ഇതോടൊപ്പം നടക്കേണ്ടയിരുന്ന നവീകരണവും അനുരൂപണവും ഇന്നും നടക്കുന്നില്ല. ഈ യഥാര്‍ത്ഥ്യങ്ങളാണ് കണിച്ചിക്കാട്ടിലച്ചന്‍റെ പുസ്തകത്തിലെ പത്ത് ലേഖനങ്ങളുടെയും അന്തര്‍ധാര. സീറോ മലബാര്‍ സഭയുടെ മാതൃസഭ എന്നു പറയുന്ന കല്‍ദായ സഭയില്‍ പോലും ലിറ്റര്‍ജി പുനരുദ്ധാരണത്തോടൊപ്പം നവീകരണവും അനുരൂപണവും നടത്തിയിട്ടും കത്തോലിക്കാ സഭയിലെ ഏറ്റവും സജീവമായ ഈ സഭയില്‍ ഇപ്പോഴും ലിറ്റര്‍ജി പരിഷ്കാരം ശരിയായ ദിശയില്‍ അല്ലായെന്നാണ് കണിച്ചിക്കാട്ടിലച്ചന്‍ അടിവരയിട്ട് പറയുന്നത്.

കത്തോലിക്കാ സഭയില്‍ 6 ലിറ്റര്‍ജിക്കല്‍ പാരമ്പര്യമുള്ള 23 റീത്തുകളുണ്ട്. ഇതില്‍ ലത്തിന്‍ റീത്ത് പാരമ്പര്യമൊഴികെ ബാക്കി 22 എണ്ണവും പൗരസ്ത്യ റീത്തുകളുടേതാണ്. സീറോ മലബാര്‍സഭ പൗരസ്ത്യ സിറിയന്‍ പാരമ്പര്യത്തിലുള്ള കല്‍ദായ സഭയുടെ കൂടെയാണ്. കണിച്ചിക്കാട്ടിലച്ചന്‍ ഈ പുസ്തകത്തിന്‍റെ ആമുഖത്തിലും പിന്നീട് ലേഖനങ്ങളിലും വ്യക്തമാക്കുന്ന സത്യം ഇന്ത്യയിലെ സീറോ മലബാര്‍ സഭയ്ക്കു പറ്റിയ വലിയ അമളിയെക്കുറിച്ചാണ്. ഉറവിടങ്ങളിലേക്കു തിരിച്ചു പോകണമെന്ന ആഹ്വാനം ശരിയായി സീറോ മലബാര്‍ സഭ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. പേര്‍ഷ്യന്‍ സഭ ഇവിടെ വരുന്നത് നാലാം നൂറ്റാണ്ടിലാണ്. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തോടെ ലത്തീന്‍ സഭയും ഇവിടെയെത്തി. അപ്പോള്‍ കല്‍ദായ സഭയുടെ ലിറ്റര്‍ജിക്കു മുമ്പുണ്ടായ 400 വര്‍ഷത്തെ ലിറ്റര്‍ജിക്കല്‍ പാരമ്പര്യവും, കല്‍ദായ ലിറ്റര്‍ജിക്കല്‍ പാരമ്പര്യവും, 400 വര്‍ഷത്തോളം ലത്തീന്‍ സഭയുടെ സ്വാധീനത്തിലായിരുന്നതിനാല്‍ ലഭിച്ച പാരമ്പര്യങ്ങളും ചേര്‍ത്തുവച്ച് ഇന്നത്തെ ഇന്ത്യയുടെ സംസ്കാരവും വിശ്വാസികളുടെ ജീവിതസാഹചര്യവുമായി കോര്‍ത്തിണിക്കിയായിരിക്കണം സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ പരിഷ്കാരം നടത്തേണ്ടതെന്ന് ഈ ലേഖനങ്ങളിലൂടെ ആധികാരികമായി പറഞ്ഞുവയ്ക്കുന്നു.

ഫുള്‍സ്റ്റോപ്പ്: കാലഹരണപ്പെട്ട സംസ്കാരത്തിലും ഭാഷയിലുമുള്ളവ അപ്പാടെ പകര്‍ത്തിവയ്ക്കുന്നതല്ല പരിഷ്കാരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org