Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> “ആറ് വിരലുകളുള്ള ഉണ്ണിയേശുവിന്‍റെ പള്ളി”

“ആറ് വിരലുകളുള്ള ഉണ്ണിയേശുവിന്‍റെ പള്ളി”

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

കഥയാണെങ്കിലും അതു വായനക്കാരന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്നെങ്കില്‍ അതു സാഹിത്യചരിത്രത്തിന്‍റെയും വായനയുടെയും ചരിത്രത്തിലെ സത്യമായി മാറും. “സത്യോ? ഡാ ബെന്ന്യേ സത്യം ന്നൊക്കെ പറേണ ഒന്ന്ണ്ടാ? എല്ലാം കഥല്ലേ, കഥ” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു. എന്തൊരു കഥയാണപ്പാ, തലക്കെട്ട് കേട്ടാ ഞെട്ടും. “ആറ് വിരലുകളുള്ള ഉണ്ണീയേശുവിന്‍റെ പള്ളി”. ആരാണ് കഥാകാരനെന്നറിയണോ? സത്യമായിട്ടും ഭാവനയ്ക്ക് യാതൊരു ക്ഷാമവുമില്ലാത്ത നമ്മുടെ സ്വന്തം ടി. ഡി. രാമകൃഷ്ണന്‍. അദ്ദേഹത്തിന്‍റെ “ഫ്രാന്‍സിസ് ഇട്ടിക്കോര” എന്ന നോവല്‍ വായി ച്ചിട്ടുള്ളവര്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാകും.

എന്തായാലും ഉണ്ണീശോയുടെ ആറാം വിരലിലെ അത്ഭുതം “ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്” പോലെ ആരെയും വേദനിപ്പിക്കില്ല. മറിച്ച് അത് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഇന്നത്തെ അത്ഭുതങ്ങളെയും ചരിത്രാഖ്യായികളെയും അല്പം പുച്ഛത്തോടെ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലെ മന്ത്രിപുംഗവന്മാര്‍ പോലും ഐതിഹ്യങ്ങളുടെ കഥകളെ പോലും ചരിത്രമാക്കുന്ന കാലഘട്ടമാണല്ലോ നമ്മുടേത്. നമ്മുടെ പ്രധാനമന്ത്രി ഗണേശവിഗ്രഹത്തെ ചൂണ്ടിക്കൊണ്ട് പറഞ്ഞത് പുരാതനഭാരതത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയുണ്ടായിരുന്നുവെന്നാണ്. അടുത്തിടെ മറ്റൊരു മന്ത്രി ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ശ്വാസമെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും ഓക്സിജന്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏക മൃഗം ഇന്ത്യന്‍ പശുവാണത്രേ.

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനോട് ചേര്‍ന്ന് ചൂളമരങ്ങള്‍ക്കിടയിലെ തോമാസിന്‍റെ ഷാപ്പിലിരുന്ന് ലാസറച്ചന്‍ (പള്ളീലച്ചനല്ലട്ടോ) പറയുന്ന കഥ കേള്‍ക്കാന്‍ ധാരാളം പേര്‍ വരാറുണ്ടത്രേ. വരുന്നതിന്‍റെ കാര്യം എന്താണെന്ന് വച്ചാല്‍ കഥ പറയുന്നത് ഹരമായ ലാസറച്ചന്‍ കഥ കേള്‍ക്കാന്‍ വരുന്നവര്‍ക്ക് കള്ളും ഫ്രീയായി വാങ്ങി നല്കും. ആ ഷാപ്പിലിരുന്നാണ് ലാസറച്ചന്‍ ആറ് വിരലുകളുള്ള ഉണ്ണിയേശുവിന്‍റെ പള്ളിയുടെ കഥ പറയുന്നത്. “കേരളത്തെപ്പോലെ തെക്കു-വടക്കായി നീണ്ടു മെലിഞ്ഞൊരു ദ്വീപ്. ആ ദ്വീപില്‍ ചെന്നു പെട്ട ശാമുവേലച്ചന്‍ പക്ഷേ ഉറച്ച വിശ്വാസിയായിരുന്നു. എവിടെ ചെന്നാലും അവിടെ ഒരു പള്ളിപണിയുക അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. നല്ല ചുവന്ന് വെളുത്ത അച്ചന്‍റെ ശരീരം തന്നെ അദ്ദേഹം ഒരു യെരുശലേംകാരനാണെതിനു മതിയായ തെളിവാണ്. പക്ഷേ അച്ചന്‍റെ കൂടെയുണ്ടായിരുന്ന സംഘം അല്പം കറുത്ത നിറമുള്ള യമന്യോളായിരുന്നു. ആ ദ്വീപില്‍ ചെന്നുപ്പെട്ട ശാമുവേലച്ചനും കൂട്ടരും അവര്‍ക്ക് താമസിക്കാന്‍ ഓല മേഞ്ഞ വീടുകളുണ്ടാക്കിയതോടൊപ്പം ദ്വീപിന്‍റെ വടക്കെ തലയ്ക്കലെ പാറക്കെട്ടീന്ന് പൊളിച്ചെടുത്ത കരിങ്കല്ലോണ്ട് തറകെട്ടി ഒരു പള്ളിയുണ്ടാക്കി. കിഴക്കോട്ട് മുഖമായിട്ടായിരുന്നു ഉണ്ണീശോയുടെ പള്ളി. ആ പള്ളിയുടെ പ്രത്യേകതയാകട്ടെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരുന്ന മൂന്നടി പൊക്കമുള്ള ഉണ്ണീശോയുടെ വെള്ളക്കല്ലിലുള്ള പ്രതിമയായിരുന്നു. ഈ ഉണ്ണീശോയുടെ കൈകളില്‍ ആറു വിരലുകളുണ്ടായിരുന്നു. ചെറുവിരല്‍ കഴിഞ്ഞുള്ള കുഞ്ഞു വിരലില്‍ ഒരത്ഭുതവും. എല്ലാ ക്രിസ്മസ് രാത്രിയിലെ പതിരാക്കുര്‍ബാന കഴിഞ്ഞാല്‍ പുലരുന്നത് വരെ ഈ കുഞ്ഞുവിരലില്‍ നിന്ന് രക്തം പൊടിയും. ഈ ചോര സൗഖ്യദായകമായിരുന്നു. കുരുടന്‍റെ കണ്ണിലൊഴിച്ചാല്‍ അവന് കാഴ്ചകിട്ടുന്ന രക്തത്തുള്ളികള്‍.

ഈ പള്ളിയിലെ ആദ്യക്രിസ്മസ് രാത്രിയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും എല്ലാവരും പേടിച്ചരണ്ട് ഇരുട്ടത്ത് പള്ളിയില്‍ കൂട്ടമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാമുവേലച്ചന്‍ താക്കോല്‍ പഴുതിലൂടെ ഒരത്ഭുത കാഴ്ച കണ്ടു. ആകാശത്തുനിന്ന് ഒരു വെളുത്ത മാലാഖയുടെയും മറ്റൊരു കറുത്ത മാലാഖയുടെയും അകമ്പടിയോടുകൂടി ഭൂമിയിലേക്കിറങ്ങി വരുന്ന മാതാവും ഉണ്ണീശോയും. ഉണ്ണീശോയെ മാതാവ് കുളിപ്പിച്ച് തോര്‍ത്തിയപ്പോഴാണ് ശാമുവേലച്ചന്‍ ഉണ്ണീശോയുടെ കയ്യിലെ ആറ് വിരലുകള്‍ കണ്ടത്. ഇത് എങ്ങനെയെന്ന് മനസ്സില്‍ ചോദിച്ചപ്പോഴേയ്ക്കും ആ ദിവ്യമായ കാഴ്ച മറഞ്ഞുപോയി. പക്ഷേ പിറ്റേന്ന് രാവിലെ മുറ്റത്തേയ്ക്കിറങ്ങിയപ്പോഴാണ് അള്‍ത്താരയിലെ ഉണ്ണീശോയുടെ രൂപം പകുതി വെള്ളത്തിലും പകുതി കരയിലുമായി കിടക്കുന്നതു കണ്ടത്. അതെടുത്തുകൊണ്ടുവന്ന രൂപക്കൂട് പണിത് അള്‍ത്താരയില്‍ വീണ്ടും പ്രതിഷ്ഠിച്ചു. അടുത്ത ക്രിസ്മസിനും ശാമുവേല്‍ ഈ കാഴ്ച പ്രതീക്ഷിച്ചു പക്ഷേ കണ്ടില്ല. പക്ഷേ നിരാശയോടെ നിന്ന ശാമുവേലിന് ഒരു കറുത്ത മാലാഖ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, “നീ നെന്‍റെ ഒപ്പള്ളോരെ നെന്നെപ്പോലെ കണക്കാക്കണം. തൊലീടേ നിറത്തിലൊന്നും കാര്യോല്യാ… മനസ്സിലായോ”. അതു മനസ്സിലാക്കിയ ശാമുവേലിനാണ് ഉണ്ണീശോയുടെ ആറാം വിരലിലെ ഒരു തുള്ളി ചോരയും അത്ഭുതവും വാഗ്ദാനം ചെയ്യപ്പെട്ടത്.

ഫുള്‍സ്റ്റോപ്പ്: ഉണ്ണീശോയുടെ അത്ഭുതം ധാരാളം പണം കൊണ്ടുവരുന്നത് കണ്ട ഭാസ്കരരവിവര്‍മ രാജാവിന്‍റെ ആര്‍ത്തി ഉണ്ണീശോയുടെ പ്രതിമയെ മുസിരിസ്സിലേക്ക് എടുത്തുകൊണ്ടുപോകാന്‍ പ്രേരിപ്പിച്ചു. പക്ഷേ അതിനു ശ്രമിച്ചപ്പോള്‍ അവിടെ കാറ്റും വെള്ളപ്പൊക്കവുമുണ്ടായി പള്ളിയും പടയാളികളും വെള്ളത്തില്‍ നശിച്ചുപോയി. പക്ഷേ ഉണ്ണീശോ ഇന്നും അത്ഭുതങ്ങള്‍ ചെയ്യുന്നു.

Leave a Comment

*
*