Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> സത്യമല്ലാത്തതൊന്നും വിജയിക്കില്ല

സത്യമല്ലാത്തതൊന്നും വിജയിക്കില്ല

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

“ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല” എന്ന ലേഖനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ പറയുന്നു, “ഏതു അഗ്നിപരീക്ഷണത്തിന്‍റെ നടുവിലും വിശ്വാസിയായ മനുഷ്യന്‍ പറയും, ‘സര്‍വശക്തനായ’ എന്‍റെ ദൈവം എന്‍റെ കൂടെയുള്ളതിനാല്‍ ഏതു ജീവിത ദുരന്തത്തെയും ഞാന്‍ അതിജീവിക്കും.” ഇത് അടിയുറച്ച വിശ്വാസത്തിന്‍റെ പ്രകരണമാണ്. ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം കീറ്റ്സ് എഴുതിയതുപോലെ “ഈ ലോകത്തിന്‍റെ രാക്ഷസീയമായ വേദന” തിന്മയുടെ സാന്നിധ്യമാണ്. നന്മയുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെടുന്ന തിന്മയെന്ന യാഥാര്‍ത്ഥ്യം ഓരോ കാലഘട്ടത്തിലും വ്യത്യസ്ത രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. മാര്‍ട്ടിന്‍ ലൂഥറിന്‍റെ കാലത്തു മതവും ശാസ്ത്രവും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം” എന്നതിനു പകരം അത്യുന്നതങ്ങളില്‍ മനുഷ്യനു മഹത്ത്വം” എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ശാസ്ത്രം പുരോഗമിക്കുന്ന നാളുകളില്‍ മനുഷ്യനു സാധിക്കാത്തത് ഒന്നുമില്ല എന്ന തെറ്റിദ്ധാരണയിലായിരുന്നു ലോകത്തിന്‍റെ പോക്ക്. മനുഷ്യന്‍റെ പ്രതീക്ഷയുടെ കത്തീദ്രല്‍ ശാസ്ത്രത്തിന്‍റെ ലബോറട്ടറികളായിരുന്നു. പക്ഷേ, കാലം മനുഷ്യനെ പലതും പഠിപ്പിച്ചു. ശാസ്ത്രം എത്ര പരിശ്രമിച്ചിട്ടും ഇനിയും കണ്ടെത്താത്തതായി പലതും ലോകത്തില്‍ അവശേഷിക്കുന്നു എന്ന തിരിച്ചറിവ് മതവിശ്വാസത്തെയും ശാസ്ത്രത്തെയും പലവിധത്തിലും ഒന്നിപ്പിച്ചു. മനുഷ്യന്‍ ശൂന്യാകാശത്തേയ്ക്ക് ഉല്ലാസ യാത്ര ചെയ്യാന്‍ പോലും തയ്യാറാകുന്ന കാലഘട്ടത്തിലും പുതിയ ഗ്രഹങ്ങളെയും അനേക കോടി പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള പുതിയ പുതിയ സൗരയൂഥങ്ങളെയും ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍റെ കണ്ടെത്തലുകള്‍ക്കൊന്നും ഈ പ്രപഞ്ചത്തിന്‍റെ മഹാരഹസ്യങ്ങളുടെ സമഗ്രതയിലേക്ക് എത്തിച്ചേരാനാകില്ല.

മനുഷ്യന്‍റെ അല്പത്തരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഗ്രാഫ് മുന്നോട്ട് പോയ സമയത്തെല്ലാം ദൈവത്തിന്‍റെ നീതിബോധവും സത്യവും മനുഷ്യനെ പരാജയപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്‍റെ ബുദ്ധിയില്‍ മെനയുന്ന തന്ത്രങ്ങളിലൂടെയും അവന്‍റെ ശക്തികളിലൂടെയും ദൈവത്തിന്‍റെ ആത്മാവിനെ തോല്പിക്കാനാകില്ലെന്നതാണ് സത്യം. വിക്ടോര്‍ ഹ്യൂഗോയുടെ “പാവങ്ങള്‍” എന്ന നോവലില്‍ പറയുന്നു, “നെപ്പോളിയന് ഈ യുദ്ധം ജയിക്കുവാന്‍ സാധ്യമായിരുന്നോ? നമ്മുടെ ഉത്തരം ഇല്ലായെന്നാണ്. പരാജയത്തിന്‍റെ കാരണം വെല്ലിംഗ്ടണോ ബ്ലൂഗറോ അല്ല, ദൈവമാണ്. സര്‍വശക്തനായ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ നിന്ന് നെപ്പോളിയന്‍ ചക്രവര്‍ത്തി പുറത്താക്കപ്പെട്ടിരുന്നു. അതിനാല്‍ അവന്‍റെ പതനം ഉറപ്പിച്ചിരുന്നു. നെപ്പോളിയന്‍ ദൈവത്തെ പരീക്ഷിച്ചു. വാട്ടര്‍ലൂ ഒരു യുദ്ധമായിരുന്നില്ല. അത് ഈ പ്രപഞ്ചത്തിന്‍റെ ദിശാമാറ്റമായിരുന്നു.” നാം ശക്തന്മാരെന്നു നടിച്ചാലും, സ്വന്തം അഹങ്കാരത്തില്‍ അധികാരവും പണവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് സത്യത്തെയും നീതിയെയും തോല്പിക്കാന്‍ പുറപ്പാടു നടത്തുമ്പോള്‍ നാം ഓര്‍ക്കണം ദൈവത്തിന്‍റെ പേരു പറഞ്ഞുകൊണ്ട് സത്യം തന്നെയായ സര്‍വശക്തനെ പരാജയപ്പെടുത്താന്‍ തുനിയരുത്.

സത്യത്തെ കുഴിച്ചുമൂടാന്‍ യവന ചിന്തകനായ സോക്രട്ടീസിന് സര്‍ക്കാര്‍ ഹെംലോക് വിഷം നല്കി കൊന്നു. പക്ഷേ ഇന്നും അദ്ദേഹത്തിന്‍റെ വാക്കുകളും ചിന്തകളും ലോകത്തെ പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. അധികാരം നിലനിര്‍ത്താന്‍ പീലാത്തോസ് ചോദിച്ചു, എന്താണ് സത്യം? ചരിത്രത്തിന്‍റെ ഏറ്റവും വലിയ സത്യം തന്‍റെ മുമ്പില്‍ നിന്നിട്ടും പീലാത്തോസ് കണ്ണടച്ച് ഇരുട്ടാക്കി. സത്യത്തെ ക്രൂശിച്ചു. പക്ഷേ മൂന്നാം ദിവസം സത്യം ഉയിര്‍ത്തെഴുന്നേറ്റു. ചരിത്രത്തില്‍ സത്യത്തെയും നീതിയെയും ഇല്ലാതാക്കി രാജ്യത്തിന്‍റെ അധിപന്മാരായവരുടെയും രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരുടെയും എത്രയോ സാക്ഷ്യങ്ങളുണ്ട്. പക്ഷേ അതൊന്നും ശാശ്വതമായിരുന്നില്ല. സത്യത്തെ അധികനാള്‍ ഒളിപ്പിച്ചു വയ്ക്കാനാവില്ല.

ഇന്നു നമ്മുടെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ പരിസരത്തിലും പണത്തിന്‍റെ ഹുങ്കില്‍ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ഏത് സത്യത്തെയും കുഴിച്ചുമൂടാനും അല്പസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും അസത്യങ്ങളെയും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സത്യമായി ചിത്രീകരിക്കാനുമുള്ള പ്രവണത ശക്തമാണ്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും റീത്തിന്‍റെയും ചേരിതിരിവുകളെ പോലും മുതലെടുത്തുകൊണ്ട് സാധാരണ വിശ്വാസികളെ പോലും അസത്യത്തിന് ഓശാന പാടാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ ദൈവം തന്നെ തന്‍റെ ആത്മാവിന്‍റെ വാള്‍ എടുക്കുമെന്നാണ് ചരിത്രം തെളിയിക്കുന്നത്.

ഫുള്‍സ്റ്റോപ്പ്: “തിന്മയുടെ ശക്തികള്‍ താല്ക്കാലികമായി സത്യത്തെ കീഴ്പ്പെടുത്താം. പക്ഷേ ആത്യന്തികമായി സത്യം തിന്മയെ കീഴ്പ്പെടുത്തും. അതാണ് വിശ്വാസം, അതാണ് ചരിത്രം.”

Comments

One thought on “സത്യമല്ലാത്തതൊന്നും വിജയിക്കില്ല”

  1. AgnesJoseph says:

    V.True.One day the truth will be revealed .If yyour concixious says ‘Iam the guilty person’ then empty yourself.Why this contravercy in Sabha.If the wrong person goes away,thhere will be Peace and Harmony in our Sabha.

Leave a Comment

*
*