Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ‘നൊണ’യുടെ പശ്ചാത്തലത്തില്‍ വിരിയുന്ന ഭീകരത

‘നൊണ’യുടെ പശ്ചാത്തലത്തില്‍ വിരിയുന്ന ഭീകരത

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. മൃഗീയമായ ഭൂരിപക്ഷത്തോടെ മതേതര ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മത ജാതീയ ന്യൂനപക്ഷങ്ങള്‍ അല്പം ഭയത്തിലാണ്. ഉത്തരേന്ത്യയില്‍ ബി.ജെ.പി. എടുത്ത തീവ്രഹിന്ദു നിലപാടുകള്‍ തന്നെ വോട്ടാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചു. വര്‍ഗീയതയും ഹിംസാത്മകതയും പെരുപ്പിച്ച് ന്യൂനപക്ഷങ്ങളെ ഇനി നാം പേടിക്കേണ്ട, നാം ഒറ്റക്കെട്ടായി നിന്ന് ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാമെന്നുമുള്ള ചിന്തയിലേക്ക് പൊതുസ മൂഹത്തിന്‍റെ മനസ്സാക്ഷി സമരസപ്പെട്ടുപോയിരിക്കുന്നു. ഇത് അടുത്തുവരുന്ന അപകടത്തെയും അരാജകത്വത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഒരുകാലത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റുകള്‍ പോലുമില്ലാതിരുന്ന ബി.ജെ.പി. മതേതരത്വമോ സഹിഷ്ണുതയോ ന്യൂനപക്ഷപ്രീണനമോ പ്രചാരണോപാധികളാക്കാതെയാണ് തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ബി.ജെ.പി ആവിഷ്കരിച്ച ഈ വിജയതന്ത്രത്തെ ഈ സത്യാനന്തര കാലത്ത് വളരെ ആഴത്തില്‍ അപഗ്രഥിച്ചാല്‍ മാത്രമേ ജനങ്ങളുടെ വിശ്വാസത്തിന്‍റെ മറവില്‍ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഭീകരവാദത്തെയും നുണകളെ സത്യങ്ങളാക്കുന്ന ശൈലിയെയും ഗ്രഹിക്കാനാവുകയുള്ളൂ.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2019 ജൂണ്‍ 2) നൊണയുടെ നാട്ടരങ്ങ്; പ്രതീകങ്ങളുടെ രാഷ്ട്രീയം എന്ന പ്രഫ. എല്‍. തോമസ്കുട്ടിയുടെ ലേഖനം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ ജിനോ ജോസഫ് സംവിധാനം ചെയ്ത നൊണയെന്ന നാടകാവിഷ്കാരത്തിന്‍റെ അകക്കാമ്പില്‍ നിന്നു കൊണ്ട് വിമര്‍ശനത്തിന് വിധേയമാക്കുകയാണ്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനും തത്ത്വചിന്തയ്ക്കും ഉതകുന്ന പ്രതീകങ്ങളെ സൃഷ്ടിച്ച് അവയ്ക്ക് പൊതുസമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയെടുക്കുന്ന ചില ആവിഷ്കാര തന്ത്രങ്ങളാണ് തീവ്രവാദികള്‍ എന്നും തങ്ങളുടെ അസ്തിത്വത്തിനായും ആശയങ്ങളുടെ അവതരണത്തിനുമായി ഉപയോഗിക്കുന്നത്. അതുവഴി അവര്‍ ആഗ്രഹിക്കുന്ന ഒരു സമൂഹനിര്‍മിതി ഇവിടെ സാധ്യമാകുന്നു. പ്രതീകങ്ങളുടെ കാട് എന്ന കൃതിയിലൂടെ വിക്ടര്‍ ടെര്‍ണര്‍ വരച്ചു കാണിക്കുന്ന പ്രതീക സൃഷ്ടികര്‍മമാണ് ഇവിടെ അരങ്ങേറുന്നത്. മനുഷ്യവര്‍ഗത്തെ ബാധിക്കുന്ന ചില പ്രതീകങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അദ്ദേഹം കണ്ടെത്തിയത് പ്രതീകങ്ങളെ സൃഷ്ടിച്ചെടുത്ത് തങ്ങളുടെ വരുതിക്ക് പൊതുസമൂഹത്തെ വലിച്ചിഴയ്ക്കുന്നതിന്‍റെയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന്‍റെയും വേരുകളാണ്. ടെര്‍ണര്‍ തന്‍റെ പഠനത്തിനായി തെരഞ്ഞെടുത്തത് എന്‍ഡെംബു എന്ന ഗോത്രവര്‍ഗക്കാരുടെ ജീവിതശൈലിയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമാണ്. മരിച്ചവരുടെ പ്രേതങ്ങളില്‍ നിന്നുള്ള ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ അവര്‍ ചിഷിംഗ എന്നു വിളിക്കപ്പെടുന്ന കവണക്കമ്പിനെ ആരാധിക്കുന്നു. “അതിലേക്ക് വേദനാ പുര്‍ണമായ അനുഷ്ഠാനങ്ങള്‍ നടത്തുന്നു. അതോടുകൂടി, അനുഷ്ഠാനം ഒരു കള്‍ട്ടായി വികസിക്കുകയും പ്രതീകം സംസ്കാരകേന്ദ്രത്തില്‍ പ്രതിഷ്ഠാപിതമാകുകയും ചെയ്യുന്നു.”

ടെര്‍ണറിന്‍റെ പഠനങ്ങളുടെ വെളിച്ചത്തില്‍ കൊടുവള്ളി ബ്ലാക് തിയ്യറ്റേഴ്സിന്‍റെ ബാനറില്‍ ജിനോ ജോസഫും സംഘവും ഒരുക്കിയ നൊണ എന്ന നാടകത്തിന്‍റെ ഇതിവൃത്തം ഇന്ത്യയില്‍ ഇന്ന് കള്‍ട്ടായി മാറ്റിയിരിക്കുന്ന വിശുദ്ധ പശുവിന്‍റെ പേരില്‍ കുരുതിക്കൊടുക്കപ്പെടുന്ന മനുഷ്യജീവനെക്കുറിച്ചാണ്. സാമൂഹിക സംസ്കാരിക നാടകങ്ങളെന്ന് ടെര്‍ണര്‍ വിശേഷിപ്പിക്കുന്ന സാഹചര്യത്തില്‍ വിഘാതം, സംഘര്‍ഷം, പരിഹാരം, തീരുമാനം എന്നിവയുണ്ട്. നൊണ എന്ന നാടകത്തില്‍ ഒരു പരസ്യചിത്രത്തിനു വേണ്ടി സമാധാനത്തില്‍ പുലര്‍ന്ന നാട്ടിന്‍പുറത്തെ വീടിന്‍റെ മുറ്റത്ത് ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്നു. അങ്ങനെ അവിടെ ഒരു വിഘാതം സൃഷ്ടിക്കപ്പെ ടുന്നു. ആരും ആ ഭൂപടത്തില്‍ കയറിയിറങ്ങാതിരിക്കാന്‍ ഒരു ചെറുപ്പക്കാരനെ കാവലിരുത്തുന്നു. അവനിലൂടെ പുതിയ പുതിയ അനുശാസനങ്ങളെത്തുന്നു. ക്രമേണ അവിടെ സംഘര്‍ഷം ഉടലെടുക്കുന്നു. ഗ്രാമവാസികള്‍ തമ്മില്‍ കലഹമുണ്ടാകുന്നു. കലഹത്തിനിടയില്‍ ഭൂപടത്തിന്‍റെ നടുവിലേക്ക് നാട്ടിന്‍ പുറത്തെ കോഴി പറന്നിറങ്ങിയപ്പോള്‍, അതിരു ലംഘിച്ച കോഴിയെ ആരോ കൊല്ലുന്നു. സംഘര്‍ഷം മുര്‍ദ്ധന്യത്തിലെത്തി. കൊല്ലപ്പെട്ട വിശുദ്ധ കോഴിയെ ചൊല്ലി ജനങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നു. അതിനിടെ കുറച്ചുപേര്‍ക്ക് വിവേകം ഉണ്ടാകുന്നു. അവര്‍ പരിഹാരത്തിനായി ചിന്തിക്കുന്നു. വാസ്തവത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥയെയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. മനുഷ്യജീവനേക്കാള്‍ പ്രധാനം വിശ്വാസത്തിനാണ് ഇവിടെ പ്രധാന്യം. അതിനായി ഒരു ജന്തുവിനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച് കൂട്ടക്കുരുതി നല്കുന്ന ഇന്ത്യയിലെ സമകാലിക സംസ്കാരത്തെ സംവാദാത്മകമാക്കുകയാണ് ഈ നാടകത്തിലൂടെ.

Leave a Comment

*
*